ഒക്ടോബർ തുടക്കത്തിലെ ആ രാത്രിയിൽ ലൈറ്റുകൾ അണത്ത നിമിഷം എന്തോ കുഴപ്പമുണ്ടെന്ന് ശോഭാ ചവാന്‍റെ കുടുംബത്തിന് തോന്നി. പക്ഷെ എന്താണെന്ന് നോക്കാൻ കഴിയുന്നതിനു മുൻപ് കുറച്ചു പുരുഷന്മാർ തള്ളിക്കയറി ഇരുമ്പു കമ്പികൾ കൊണ്ടും വടികൾ കൊണ്ടും 8 അംഗ കുടുംബത്തെ നിർദ്ദയം മർദ്ദിക്കാൻ തുടങ്ങി. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ കുടുംബാംഗങ്ങളുടെ എണ്ണം ഏഴായി തീർന്നു - ശോഭയുടെ 2 വയസ്സുകാരനായ കൊച്ചുമകൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശോഭയുടെ പരിക്കേറ്റ ഭർത്താവ് അടുത്ത ദിവസം ആശുപത്രിയിൽ വച്ച് മരിച്ചതോടെ അവർ 6 പേരായി തീർന്നു.
അർദ്ധരാത്രിക്ക് തൊട്ടുമുൻപ് ആക്രമികൾ വീട്ടിൽ കയറുകയും കുടുംബാംഗങ്ങളെ മുഴുവൻ അടിക്കുകയും തൊഴിക്കുകയും ഇടിക്കുകയും ചെയ്തു. 65-കാരിയായ ശോഭ, ഭർത്താവ് 70-കാരനായ മാരുതി, മകൻ, മരുമകൾ, കൊച്ചുമകൻ, കൊച്ചുമകൾ, നാത്തൂൻ, മറ്റൊരു ബന്ധു എന്നിവരാണ് ആക്രമത്തിനിരയായത്. മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഗ്രാമത്തിന്‍റെ ഓരത്തായി സ്ഥിതി ചെയ്തിരുന്ന കുടുംബത്തിന്‍റെ കുടിലും ആട്ടിൻ തൊഴുത്തും കത്തിച്ചു കളഞ്ഞു. പോലീസിൽ നൽകിയ പ്രഥമ വിവര റിപ്പോർട്ടിൽ (എഫ്.ഐ.ആർ.) അന്നത്തെ രാത്രിയിലെ സംഭവങ്ങൾ ശോഭ വിശദീകരിച്ചു.
"ഞങ്ങളിൽ മൂന്ന് പേർ അന്നത്തെ രാത്രി ബലാത്സംഗം ചെയ്യപ്പെട്ടു”, ശോഭയുടെ 30 വയസ്സുള്ള വിവാഹിതയായ മകൾ അനിത കൂട്ടിച്ചേർത്തു. ആക്രമണകാരികൾ അവരേയും 23-കാരിയായ മരുമകളെയും 17 വയസ്സുള്ള ബന്ധുവായ പെൺകുട്ടിയെയും ബലാൽസംഗം ചെയ്തു.
ആക്രമാസക്തരായ ആൾക്കൂട്ടം അനിതയുടെ അമ്മയുടെ കുടിലിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന അനിതയുടെ കുടിലിലേക്ക് കൂട്ടമായി നീങ്ങുകയും അർദ്ധരാത്രിയിൽ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. "ഏകദേശം 2 (എ.എം.) ആയപ്പോൾ അവർ ഞങ്ങളുടെ കുടിലിലെത്തി”, അനിത പറഞ്ഞു. "അവർക്ക് ഞങ്ങളെ ഗ്രാമത്തിൽനിന്നും ഓടിക്കണം. ഞങ്ങൾക്ക് ഒരു മോട്ടോർബൈക്ക് ഉണ്ടായിരുന്നു അത് തീവെച്ച് നശിപ്പിച്ചു. ഞങ്ങളുടെ വളർത്തു ജീവികളെയൊക്കെ മോഷ്ടിച്ചു.” അവർ അനിതയുടെ കുടിലും ആക്രമിച്ചു.
"നിങ്ങൾ കള്ളന്മാരാണ്. നിങ്ങൾ പാർധികൾ ഗ്രാമത്തിൽ താമസിക്കണമെന്ന് ഞങ്ങൾക്കില്ല”, ചവാൻ കുടുംബത്തെ ആക്രമിച്ചു കൊണ്ടിരുന്നപ്പോൾ കുറ്റാരോപിതരായവർ പറഞ്ഞു ഇങ്ങനെ കൊണ്ടിരുന്നുവെന്ന് ശോഭ എഫ്.ഐ.ആറിൽ ചൂണ്ടിക്കാണിച്ചു.
ചവാന്മാർ പാർധി സമുദായത്തിലാണ് പെടുന്നത്. മഹാരാഷ്ട്രയിൽ ഇവർ പട്ടിക വർഗ്ഗത്തിൽ പെടുന്നു. പാർധികൾ ഒരിക്കൽ വേട്ടക്കാരായിരുന്നു. പക്ഷെ കൊളോണിയൽ കാലഘട്ടത്തിൽ സമുദായത്തെ 1871-ലെ കുറ്റവാളി ഗോത്ര നിയമത്തിൻ (Criminal Tribes Act of 1871 - CTA) കീഴിൽ ‘കുറ്റവാളി ഗോത്രം’ (criminal tribe) ആയി പ്രഖ്യാപിച്ചു. അവർ എല്ലായ്പ്പോഴും നിരീക്ഷിക്കപ്പെട്ടു, ‘ജന്മനാ കുറ്റവാളികൾ’ എന്നു വിളിക്കപ്പെട്ടു, അവരുടെ ചലനങ്ങൾ പോലും നിയന്ത്രിക്കപ്പെട്ടു. ഇന്ത്യൻ ഭരണകൂടം കുറ്റവാളി ഗോത്ര നിയമം (സി.റ്റി.എ.) റദ്ദാക്കുകയും പാർധികൾ ഉൾപ്പെടെയുള്ള 198 ‘കുറ്റവാളി ഗോത്ര’ങ്ങളെ കുറ്റവാളികളല്ലാത്തവരായി പ്രഖ്യാപിക്കുകയും (de-notify) ചെയ്തു. പക്ഷെ സി.റ്റി.എ.യെ ഇല്ലാതാക്കിയ നിയമനിർമ്മാണം (Habitual Offenders Act of 1952) സമുദായത്തിന്‍റെ 'കുറ്റവാളി’ വാൽ ഇല്ലാതാക്കാൻ സഹായകമായില്ല.







