കോവിഡ്-19 പരിശോധനാഫലം പോസിറ്റീവായി എട്ട് ദിവസങ്ങള്‍ക്കുശേഷം ചികിത്സയിലായിരുന്ന ആശുപത്രിയില്‍ വച്ച് രാംലിംഗ് സനാപ് മരിച്ചു. പക്ഷെ അദ്ദേഹത്തെ കൊന്നത് വൈറസ് ആയിരുന്നില്ല.
40-കാരനായിരുന്ന രാംലിംഗ് മരിക്കുന്നതിന് കുറച്ചു മണിക്കൂറുകള്‍ക്ക് മുന്‍പ് ഭാര്യ രാജുബായിയെ ഫോണ്‍ ചെയ്തിരുന്നു. “ചികിത്സയ്ക്ക് എത്രയാണ് ചിലവാകുന്നത് എന്നറിഞ്ഞു കഴിഞ്ഞതിനുശേഷം അദ്ദേഹം കരയുകയായിരുന്നു”, 23-കാരനായ ബന്ധു രവി മൊറാലെ പറഞ്ഞു. “ആശുപത്രി ബില്‍ അടയ്ക്കാന്‍ തന്റെ രണ്ടേക്കര്‍ കൃഷിസ്ഥലം വില്‍ക്കേണ്ടി വരുമെന്നാണ് അദ്ദേഹം കരുതിയത്.”
മെയ് 13 മുതല്‍ രാംലിംഗിനെ പ്രവേശിപ്പിച്ചിരുന്ന മഹാരാഷ്ട്രയിലെ ബീഡ് നഗരത്തിലെ ദീപ് ആശുപത്രി ചികിത്സയ്ക്കായി 1.6 ലക്ഷം രൂപ ഈടാക്കിയിരുന്നുവെന്ന് രാജുബായിയുടെ സഹോദരനായ പ്രമോദ് മൊറാലെ പറഞ്ഞു. “രണ്ട് ഗഡുക്കളായി എങ്ങനെയോക്കെയോ അത് ഞങ്ങള്‍ അടച്ചു. പക്ഷെ ആശുപത്രി രണ്ടുലക്ഷം രൂപകൂടി ആവശ്യപ്പെട്ടു”, അദ്ദേഹം പറഞ്ഞു. “കുടുംബത്തോട് പറയുന്നതിനു പകരം അവരത് രോഗിയോട് പറഞ്ഞു. അദ്ദേഹത്തെ ഭാരപ്പെടുത്തേണ്ട ആവശ്യം എന്തായിരുന്നു?”
കുടുംബത്തിന്റെ വാര്‍ഷിക വരുമാനത്തിന്റെ ഏതാണ്ടിരട്ടിയായ ആശുപത്രി ബില്ലിനെക്കുറിച്ചുള്ള ചിന്ത രാംലിംഗിനെ വല്ലാതെ വിഷമിപ്പിച്ചു. മെയ് 21-ന് കുറച്ച് മണിക്കൂറുകള്‍ക്കകം അദ്ദേഹം കോവിഡ് വാര്‍ഡിന് പുറത്തുകടക്കുകയും ആശുപത്രി ഇടനാഴിയില്‍ തൂങ്ങിമരിക്കുകയും ചെയ്തു.
മെയ് 21-ന് രാത്രി ഭര്‍ത്താവ് വിളിച്ചപ്പോള്‍ ദുഃഖിതനായ അദ്ദേഹത്തെ ആശ്വസിപ്പിക്കാന്‍ 35-കാരിയായ രാജുബായ് ശ്രമിച്ചു. തങ്ങളുടെ മോട്ടോര്‍സൈക്കിള്‍ വില്ക്കുകയോ ഇരുവരും ജോലി ചെയ്തിരുന്ന പശ്ചിമ മഹാരാഷ്ട്രയിലെ പഞ്ചസാര ഫാക്ടറിയില്‍ നിന്നും പണം കടം വാങ്ങുകയോ ചെയ്യാമെന്ന് അവര്‍ അദ്ദേഹത്തോടു പറയുകയും ചെയ്തു. അദ്ദേഹത്തിന്റെ അസുഖം ഭേദമാവുകയായിരുന്നു അവരെ സംബന്ധിച്ച് ഏറ്റവും പ്രധാന കാര്യമെന്ന് അവര്‍ പറഞ്ഞു. ഒരുപക്ഷെ, പണം കണ്ടെത്താന്‍ പറ്റുമോയെന്ന് രാംലിംഗ് സംശയിച്ചിരിക്കാം.
ബീഡ് ജില്ലയിലെ കേജ് താലൂക്കിലെ ഒരു ചെറുഗ്രാമത്തില്‍ നിന്നുള്ള രാംലിംഗും രാജുബായിയും പശ്ചിമ മഹാരാഷ്ട്രയിലെ കരിമ്പ് പാടങ്ങളില്‍ എല്ലാവര്‍ഷവും പണിക്ക് പോകുമായിരുന്നു. നവംബര്‍ മുതല്‍ ഏപ്രില്‍ വരെയുള്ള 180 ദിവസങ്ങളില്‍ കഠിനമായി ജോലി ചെയ്തുകൊണ്ട് രണ്ടുപേരും കൂടി 60,000 രൂപ സമ്പാദിക്കുമായിരുന്നു. അവരുടെ അഭാവത്തില്‍ 8 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള മൂന്ന് കുട്ടികളെ രാംലിംഗിന്റെ വിഭാര്യനായ അച്ഛനാണ് നോക്കിയിരുന്നത്.
ബീഡ് നഗരത്തില്‍ നിന്നും 50 കിലോമീറ്റര്‍ മാറി സ്ഥിതിചെയ്യുന്ന താംദലചിവാഡി എന്ന തങ്ങളുടെ ചെറുഗ്രാമത്തില്‍ രാംലിംഗും രാജുബായിയും അരിച്ചോളവും ബജ്രയും സോയാബീനും കൃഷി ചെയ്തിരുന്നു. ഇതുകൂടാതെ വലിയ കൃഷിയിടങ്ങളില്‍ ട്രാക്ടറുകള്‍ ഓടിക്കുന്ന രാംലിംഗിന് ആയിനത്തില്‍ ആഴ്ചയില്‍ മൂന്ന് ദിവസത്തെ ജോലിക്ക് പ്രതിദിനം 300 രൂപവീതം ലഭിക്കുമായിരുന്നു.
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ പാടുപെടുന്ന കുടുംബത്തെ സംബന്ധിച്ചിടത്തോളം രാംലിംഗിന് അസുഖം പിടിപെട്ടപ്പോള്‍ ആദ്യത്തെ മാര്‍ഗ്ഗം ബീഡിലെ സിവില്‍ ആശുപത്രിയില്‍ പോവുകയായിരുന്നു. “പക്ഷെ അവിടെ കിടക്കകള്‍ ഉണ്ടായിരുന്നില്ല”, രവി പറഞ്ഞു. “അങ്ങനെ ഞങ്ങള്‍ക്ക് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകേണ്ടിവന്നു.
കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ അതിന്റെ ദ്രുത വ്യാപനം ഗ്രാമീണ ഇന്ത്യയിലെ പരിതാപകരമായ ആരോഗ്യ സുരക്ഷാ സംവിധാനങ്ങളെ വെളിവാക്കി. ജില്ലയിലെ 26 ലക്ഷം ആളുകള്‍ക്കുവേണ്ടി ബീഡില്‍ പ്രമുഖ സര്‍ക്കാര്‍ ആശുപത്രികളായി രണ്ടെണ്ണം മാത്രമാണുള്ളത്.
പൊതു ആശുപത്രികള്‍ കോവിഡ് രോഗികളെക്കൊണ്ടു നിറഞ്ഞതിനാല്‍ ആളുകള്‍ക്ക് സ്വകാര്യ ആശുപത്രികളിലേക്ക് തിരിയേണ്ടിവന്നു, അവിടുത്തെ ചിലവ് അവര്‍ക്ക് താങ്ങാന്‍ പറ്റില്ലെങ്കില്പോലും.
നിരവധി പേര്‍ക്കും ഒരു തവണത്തെ അടിയന്തിരാവശ്യം നീണ്ടകാലത്തെ കടബാധ്യതയായിത്തീര്ന്നു.
യു.എസ്. കേന്ദ്രമാക്കിയ പ്യൂ റിസര്‍ച്ച് സെന്റര്‍ 2021 മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം “ഇന്ത്യയിലെ പാവപ്പെട്ടവരുടെ എണ്ണം (പ്രതിദിനം രണ്ടു ഡോളറോ അതില്‍ താഴെയോ വരുമാനമുള്ളവര്‍) കോവിഡ്-19 തകര്‍ച്ചയ്ക്കുശേഷം 75 ദശലക്ഷമായി ഉയര്‍ന്നിരിക്കുന്നു.” ഇതോടൊപ്പം ഇന്ത്യയിലെ മദ്ധ്യവര്‍ഗ്ഗം 2020-ല്‍ കണക്കാക്കിയ പ്രകാരം 32 ദശലക്ഷമായി ചുരുങ്ങിയതും ആഗോളതലത്തില്‍ ദാരിദ്ര്യം 60 ശതമാനം വര്‍ദ്ധിച്ചതിന് കാരണമാകുന്നുവെന്നും റിപ്പോര്‍ട്ട് പറയുന്നു.
മഹാരാഷ്ട്രയിലെ മറാത്ത്വാഡ പ്രദേശത്തെ സമീപ ജില്ലകളായ ബീഡിലും ഉസ്മാനാബാദിലും മഹാമാരിയുടെ ആഘാതം പ്രത്യേകിച്ച് ദൃശ്യമാണ്. കാലാവസ്ഥാ വ്യതിയാനം, ജലക്ഷാമം, കാര്‍ഷികത്തകര്‍ച്ച എന്നിവമൂലം ബുദ്ധിമുട്ടിയിരുന്ന പ്രദേശത്തെ കോവിഡും ബാധിച്ചു. 2021 ജൂണ്‍ 20 വരെയുള്ള കണക്ക് പ്രകാരം ബീഡ് ജില്ലയില്‍ 91,600 കോവിഡ് കേസുകളും 2,450 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഉസ്മാനാബാദ് ജില്ലയില്‍ 61,000 കോവിഡ് കേസുകളും 1,500 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
കടലാസിലെങ്കിലും പാവപ്പെട്ടവരെ നന്നായി പരിചരിക്കുന്നുണ്ട്.
കോവിഡ് രോഗികള്‍ക്ക് അവരുടെ എല്ലാ സമ്പാദ്യങ്ങളും നഷ്ടപ്പെടാതിരിക്കാന്‍ മഹാരാഷ്ട്രാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികളിലെ നിരക്ക് കുറച്ചിട്ടുണ്ട്. പൊതു വാര്‍ഡുകളിലെ കിടക്കയ്ക്ക് ഒരു ദിവസം 4,000, തീവ്ര പരിചരണ വിഭാഗത്തിലെ (ഐ.സി.യു.) കിടക്കയ്ക്ക് ഒരുദിവസം 7,500, ഐ.സി.യു. കിടക്കയ്ക്കും വെന്റിലേറ്ററിനും ചേര്‍ത്ത് ഒരു ദിവസം 9,000 – ആശുപത്രികള്‍ക്ക് ഇതിലധികം ഈടാക്കാന്‍ അനുവാദമില്ല.
സംസ്ഥാനത്തിന്റെ പ്രധാന ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ മഹാരാഷ്ട്രാ ജ്യോതിറാവു ഫൂലെ ജന്‍ ആരോഗ്യ യോജന എം.ജെ.പി.ജെ.എ.വൈ. 2.5 ലക്ഷം രൂപവരെയുള്ള ആശുപത്രി ചിലവുകള്‍ വഹിക്കും. ഒരുലക്ഷം രൂപയില്‍ താഴെ വരുമാനമുള്ള കുടുംബംങ്ങളെയും കാര്‍ഷികത്തകര്‍ച്ച നേരിടുന്ന ബീഡും ഉസ്മാനബാദും ഉള്‍പ്പെടെ 14 ജില്ലകളില്‍ നിന്നുള്ള കാര്‍ഷിക കുടുംബംങ്ങളെയുമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. എം.ജെ.പി.ജെ.എ.വൈ. നെറ്റ്വർക്കില് ചേര്‍ത്തിരിക്കുന്ന 447 പൊതു, സ്വകാര്യ ആശുപത്രികള്‍ പദ്ധതിയില്‍ ചേര്‍ത്തിരിക്കുന്ന അസുഖങ്ങള്‍ക്കും ശസ്ത്രക്രിയാ നടപടികള്‍ക്കും സൗജന്യമായി ചികിത്സ നല്‍കേണ്ടതാണ്.
പക്ഷെ ഏപ്രിലില്‍ ഉസ്മാനാബാദ് ജില്ലയിലെ ചിരായു ആശുപത്രി 48-കാരനായ വിനോദ് ഗംഗവനെക്ക് എം.ജെ.പി.ജെ.എ.വൈ. പദ്ധതിക്ക് കീഴില്‍ ചികിത്സ നിഷേധിച്ചു. “ഇത് ഏപ്രില്‍ ആദ്യവാരമായിരുന്നു, ഉസ്മാനാബാദ് ജില്ലയിയില്‍ രോഗബാധിതരും കൂടുതലായിരുന്നു. കിടക്കകള്‍ കണ്ടെത്താന്‍ എവിടെയും ബുദ്ധിമുട്ടായിരുന്നു”, അദ്ദേഹത്തിന്റെ സഹോദരന് 50-കാരനായ സുരേഷ് ഗംഗവനെ പറഞ്ഞു. “ചിരായു ആശുപത്രിയിലെ ഒരു ഡോക്ടര്‍ പറഞ്ഞത് ‘ഞങ്ങള്‍ക്ക് ആ പദ്ധതിയില്ല, അതുകൊണ്ട് നിങ്ങള്‍ക്ക് കിടക്ക വേണോ വേണ്ടയോ എന്ന് പറയുക’ എന്നാണ്. ആ സമയത്ത് ഞങ്ങള്‍ ഭയചകിതര്‍ ആയിരുന്നു, അതുകൊണ്ട് ഞങ്ങള്‍ ചികിത്സ തുടങ്ങാന്‍ പറഞ്ഞു.”
ഉസ്മാനാബാദ് സിലാ പരിഷദിലെ ആരോഗ്യ വകുപ്പില്‍ ജോലി നോക്കുന്ന സുരേഷ് ഒരു സ്വകാര്യ അന്വേഷണം നടത്തിയപ്പോള്‍ എം.ജെ.പി.ജെ.എ.വൈ. പദ്ധതിയ്ക്കുള്ള പട്ടികയില്‍ ആശുപത്രിയെ ചേര്‍ത്തിട്ടുണ്ടെന്ന് മനസ്സിലായി. “ഞാനിത് ആശുപത്രിയില്‍ അന്വേഷിച്ചു, അപ്പോള്‍ അവര്‍ എന്നോട് ചോദിച്ചു എനിക്ക് സഹോദരനെ വേണോ അതോ പദ്ധതി വേണോ എന്ന്”, അദ്ദേഹം പറഞ്ഞു. “കൃത്യമായി പണം അടച്ചില്ലെങ്കില്‍ സഹോദരന് നല്കുന്ന ചികിത്സ അവസാനിപ്പിക്കുമെന്നും അവര്‍ പറഞ്ഞു.”
ഉസ്മാനാബാദ് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് നാലേക്കര്‍ കൃഷി സ്ഥലമുള്ള ഗംഗവനെ കുടുംബം 3.5 ലക്ഷം രൂപ വിനോദ് ചികിത്സയിലായിരുന്ന 20 ദിവസത്തേക്ക് മരുന്നുകള്‍ക്കും ലാബ് പരിശോധനകള്‍ക്കും കിടക്കയ്ക്കുമായി ആശുപത്രിയില്‍ അടച്ചു. ഏപ്രില്‍ 26-ന് അദ്ദേഹം മരിച്ചപ്പോള്‍ 2 ലക്ഷം രൂപകൂടി ആശുപത്രി ആവശ്യപ്പെട്ടെന്നും പണമടയ്ക്കാന്‍ തങ്ങള്‍ വിസമ്മതിച്ചെന്നും സുരേഷ് പറഞ്ഞു. അദ്ദേഹവും ആശുപത്രി അധികൃതരുമായി വാക്കേറ്റവും ഉണ്ടായി. “ശരീരം എടുക്കില്ലെന്ന് ഞാന്‍ പറഞ്ഞു”, അദ്ദേഹം പറഞ്ഞു. കൂടുതല്‍ ആവശ്യപ്പെട്ട പണം ആശുപത്രി അധികൃതര്‍ പിന്‍വലിക്കുന്നതുവരെ, ഒരുദിവസം മുഴുവന്‍, ശരീരം അവിടെക്കിടന്നു.
ചിരായു ആശുപത്രിയുടെ ഉടമയായ ഡോ. വിജേന്ദ്ര ഗാവ്ലി പറഞ്ഞത് വിനോദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി പ്രകാരമല്ലെന്നും അദ്ദേഹം ആധാര്‍ കാര്‍ഡ് സമര്‍പ്പിച്ചില്ല എന്നുമാണ്. അത് ശരിയല്ല, സുരേഷ് പ്രതികരിക്കുന്നു: “എം.ജെ.പി.ജെ.എ.വൈ.യെപ്പറ്റി ഒരു ചോദ്യവും ആശുപത്രി പ്രോത്സാഹിപ്പിച്ചില്ല.”
അടിസ്ഥാന സൗകര്യങ്ങള്‍മാത്രമാണ് ചിരായു ആശുപത്രിയില്‍ ഉള്ളതെന്ന് ഡോ. ഗാവ്ലി പറഞ്ഞു. “പക്ഷെ കേസുകള്‍ വര്‍ദ്ധിക്കാന്‍ തുടങ്ങിയപ്പോള്‍ [ജില്ല] ഭരണകൂടം ഞങ്ങളോട് കോവിഡ് രോഗികളെ പവേശിപ്പിക്കാമോയെന്ന് അപേക്ഷിച്ചു. അവരെ നോക്കാന്‍ എന്നോട് വാക്കാല്‍ ആവശ്യപ്പെട്ടതേയുള്ളൂ, ബുദ്ധിമുട്ടായാല്‍ അടുത്ത ആശുപത്രിയിലേക്ക് പറഞ്ഞുവിടാനും പറഞ്ഞു”, അദേഹം പറഞ്ഞു.
ആശുപത്രിയില്‍ പ്രവേശിപ്പിച്ച് 12-15 ദിവസങ്ങള്‍ക്കുശേഷം വിനോദിന് ശ്വസന പ്രശ്നങ്ങള്‍ ആരംഭിച്ചപ്പോള്‍ മറ്റൊരാശുപത്രിയിലേക്ക് മാറ്റിക്കൊള്ളാന്‍ കുടുംബത്തോട് പറഞ്ഞതാണെന്നും ഡോ. ഗാവ്ലി പറഞ്ഞു. “അവര്‍ വിസമ്മതിച്ചു. അദ്ദേഹത്തെ രക്ഷിക്കാന്‍ കഴിയുന്നത് ഞങ്ങള്‍ ചെയ്തു. പക്ഷെ ഏപ്രില്‍ 25-ന് ഹൃദയ സ്തംഭനം ഉണ്ടായി. അടുത്ത ദിവസം മരിക്കുകയും ചെയ്തു.”
മറ്റൊരാശുപത്രിയിലേക്ക് വിനോദിനെ മാറ്റുക എന്നുപറഞ്ഞാല്‍ അതിനര്‍ത്ഥം ഓക്സിജന്‍ സൗകര്യങ്ങളോടു കൂടിയ മറ്റൊരു കിടക്ക ഉസ്മാനാബാദില്‍ കണ്ടെത്തണമെന്നാണ് എന്ന് സുരേഷ് പറഞ്ഞു. കുടുംബം നേരത്തെ തന്നെ ക്ലേശകരമായ ഒരാഴ്ചയിലൂടെയാണ് കടന്നുപോയത്. സുരേഷിന്റെ 75-കാരനായ അച്ഛന് വിത്തല്‍ ഗംഗവനെ കോവിഡ്-19 മൂലം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് മരിച്ചുപോയത്. പക്ഷെ കുടുംബം അത് വിനോദിനോട് പറഞ്ഞില്ല. “അദ്ദേഹം നേരത്തെതന്നെ ഭയചകിതനായിരുന്നു”, വിനോദിന്റെ ഭാര്യ 40-കാരിയായ സുവര്‍ണ പറഞ്ഞു. “വാര്‍ഡില്‍ ഏതൊരു രോഗി മരിക്കുമ്പോഴും അദ്ദേഹം ആശങ്കാകുലനാകുമായിരുന്നു.”
അച്ഛനെ കാണണമെന്ന് വിനോദ് ആവശ്യപ്പെട്ടുകൊണ്ടേയിരുന്നു എന്ന് 15-കാരിയായ മകള്‍ കല്യാണി പറഞ്ഞു. “പക്ഷെ ഓരോ സമയവും ഞങ്ങള്‍ ഓരോ ഒഴിവുകള്‍ പറഞ്ഞുകൊണ്ടിരുന്നു. മരിക്കുന്നതിന് രണ്ട് ദിവസം മുന്‍പ് മുത്തശ്ശിയെ [വിനോദിന്റെ അമ്മ ലീലാവതി] ഞങ്ങള്‍ ആശുപത്രിയില്‍ എത്തിച്ചു. അതുകൊണ്ട് അദ്ദേഹത്തിന് അവരെ കാണാന്‍ കഴിഞ്ഞു.”
സന്ദര്‍ശിച്ചപ്പോള്‍ ലീലാവതി തിരുനെറ്റിയില്‍ സിന്ദൂരക്കുറി ചാര്ത്തുകപോലും ചെയ്തിരുന്നു – ഒരു ഹിന്ദുസ്തീ ചെയ്തുകൂടാത്തത്. “അവന് ഒരുതരത്തിലും സംശയിക്കരുതായിരുന്നു”, ഭര്‍ത്താവിനെയും മകനെയും കുറച്ചു ദിസങ്ങള്‍ക്കുള്ളില്‍ നഷ്ടപ്പെട്ട വേദനയില്‍ തകര്‍ന്ന അവര്‍ പറഞ്ഞു.
സാമ്പത്തിക പ്രശ്നത്തില്‍ നിന്നും കരകയറാന്‍ കുടുംബം ബുദ്ധിമുട്ടേണ്ടി വരുമെന്ന് വീട്ടമ്മയായ സുവര്‍ണ പറഞ്ഞു. “എന്റെ ആഭരണങ്ങളൊക്കെ ഞാന്‍ പണയം വച്ചിരിക്കുകയാണ്. കുടുംബത്തിന്റെ സമ്പാദ്യമൊക്കെ ആശുപത്രി ചിലവിനായി തീര്‍ത്തു.” കല്യാണിക്ക് ഒരു ഡോക്ടര്‍ ആകണമെന്നാണ് ആഗ്രഹം, അവര്‍ കൂട്ടിച്ചേര്‍ത്തു. “ഞാന്‍ എങ്ങനെ അവളുടെ ആഗ്രഹം സഫലീകരിക്കും? ആശുപതി ഞങ്ങള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം നല്കിയിരുന്നെങ്കില് എന്റെ മകളുടെ ഭാവിക്ക് ഭീഷണി ഉണ്ടാകില്ലായിരുന്നു.”
ഏപ്രില്‍ 1 മുതല്‍ 12 വരെയുള്ള ദിവസങ്ങളില്‍ 82 കോവിഡ്-19 രോഗികള്‍ മാത്രമാണ് എം.ജെ.പി.ജെ.എ.വൈ. പദ്ധതിയുടെ കീഴില്‍ ഉസ്മാനാബാദ് സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയതെന്ന് പദ്ധതിയുടെ ജില്ലാ കോഓര്‍ഡിനേറ്റര്‍ വിജയ് ഭുടേക്കര് പറഞ്ഞു. ബീഡ് ജില്ലയിലെ കോഓര്‍ഡിനേറ്ററായ അശോക് ഗായക്വാദ് പറഞ്ഞത് ഏപ്രില്‍ 17 മുതല്‍ 27 വരെയുള്ള തീയതികളില്‍ 179 രോഗികള്‍ക്ക് പദ്ധതി ആനുകൂല്യങ്ങള്‍ ലഭിച്ചു എന്നാണ്. ആശുപത്രിയില്‍ ആകെ പ്രവേശിപ്പിച്ചവരുടെ എണ്ണത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഈ കണക്കുകള്‍.
പൊതു ആരോഗ്യസുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും ശാക്തീകരിക്കുകയുമാണെങ്കില് ജനങ്ങള്‍ക്ക് സ്വകാര്യ ആശുപത്രികളിലേക്ക് പോകേണ്ടി വരില്ലെന്ന് ബീഡ് ജില്ലയിലെ അംബേജോഗായി പട്ടണത്തിലെ ഗ്രാമീണ വികസന സംഘടനയായ മാനവ്ലോകിന്റെ സെക്രട്ടറിയായ അനികേത് ലോഹ്യ പറഞ്ഞു. “നമ്മുടെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ഗ്രാമ ഉപകേന്ദ്രങ്ങളിലും ജീവനക്കാരുടെ എണ്ണം തീര്‍ത്തും കുറവാണ്, അതുകൊണ്ട് ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ സേവനങ്ങള്‍ ലഭിക്കുന്നില്ല”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട 2020 മാര്‍ച്ച് മുതല്‍ മഹാരാഷ്ട്രയുടെ എല്ലാ ഭാഗത്തുനിന്നുമായി 813 പരാതികളാണ് മുംബൈയിലെ എം.ജെ.പി.ജെ.എ.വൈ. ഓഫീസില്‍ ലഭിച്ചിട്ടുള്ളത് - മിക്കതും സ്വകാര്യ ആശുപത്രികള്‍ക്ക് എതിരായുള്ളതാണ്. ഇതുവരെ 186 പരാതികള്‍ പരിഹരിച്ചു കഴിഞ്ഞു. ആശുപത്രികള്‍ 15 ലക്ഷം രൂപ രോഗികള്‍ക്ക് തിരികെ നല്കി.
“പ്രമുഖ പൊതു ആശുപത്രികളില്‍ പോലും ജീവനക്കാരുടെ എണ്ണം കുറവാണ്. രോഗികള്‍ക്ക് അവര്‍ അര്‍ഹിക്കുന്ന ശ്രദ്ധ കൊടുക്കാന്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പറ്റുന്നില്ല”, ലോഹ്യ പറഞ്ഞു. “സാമ്പത്തികമായി താങ്ങാന്‍ പറ്റില്ലെങ്കില്‍ പോലും നിരവധി ആളുകള്‍ സ്വകാര്യ ആശുപത്രികളിലേക്ക് പോകുന്നു. എന്തുകൊണ്ടെന്നാല്‍ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിയുന്നില്ല.”
അതുകൊണ്ടായിരുന്നു കോവിഡ് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടപ്പോള്‍ വിത്തല്‍ ഫാദ്കെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ കിടക്ക നോക്കാന്‍ ശ്രമിക്കാതിരുന്നത്. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അതേ ആശുപത്രിയില്‍ അദ്ദേഹത്തിന്റെ സഹോദരന് ലക്ഷ്മണന് കോവിഡ് ന്യുമോണിയയെത്തുടര്‍ന്ന് മരണമടഞ്ഞത്.
2021 ഏപ്രില്‍ അവസാന വാരത്തിലാണ് ലക്ഷ്മണന് രോഗലക്ഷണങ്ങള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. ആരോഗ്യം വളരെ പെട്ടെന്ന് വഷളാകാന്‍ തുടങ്ങിയപ്പോള്‍ വിത്തല്‍ അദ്ദേഹത്തെ അംബേജോഗായിയിലുള്ള സ്വാമി രാമാനന്ദ് തീര്‍ത്ഥ് ഗ്രാമീണ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്ക് (എസ്.ആര്.റ്റി.ആര്.എം.സി.എ.) കൊണ്ടുപോയി. അവരുടെ പട്ടണമായ പാര്‍ളിയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെയാണ് പ്രസ്തുത ആശുപത്രി. ലക്ഷ്മണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ട് രണ്ടുദിവസമേ ആയിരുന്നുള്ളൂ.
സര്‍ക്കാര്‍ ആശുപത്രിയില്‍ തന്റെ സഹോദരന് മരിച്ചതില്‍ ഭയന്ന് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടയുടനെ വിത്തല്‍ ഒരു സ്വകാര്യ ആശുപത്രിയിലേക്കു പോയി. “ആ ആശുപത്രി [എസ്.ആര്.റ്റി.ആര്.എം.സി.എ.] എല്ലാ ദിവസവും ഓക്സിജനുവേണ്ടി നടക്കുകയാണ്. നിങ്ങള്‍ പലതവണ ഉച്ചത്തില്‍ സംസാരിച്ചില്ലെങ്കില്‍ ഡോക്ടര്‍മാരും നഴ്സുമാരും ശ്രദ്ധിക്കില്ല. ഒരേസമയത്ത് ഒരുപാട് രോഗികളെയാണ് അവര്‍ പരിചരിക്കുന്നത്”, ലക്ഷ്മണന്റെ 28-കാരിയായ ഭാര്യ രാഗിണി പറഞ്ഞു. “ആളുകളൊക്കെ ഈ വൈറസിനെ ഭയന്ന് ഇരിക്കുകയാണ്, അവര്‍ക്ക് ശ്രദ്ധ വേണം. അതുറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ വേണം. അതുകൊണ്ട് വിത്തല്‍ പണത്തെക്കുറിച്ച് ചിന്തിച്ചില്ല [സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുന്നതിന്].”
വിത്തല്‍ സുഖം പ്രാപിച്ച് ഒരാഴ്ചയ്ക്കകം ആശുപത്രി വിട്ടു. പക്ഷെ ആശ്വാസം അധികനാള്‍ നിന്നില്ല.
ആശുപത്രി 41,000 രൂപയാണ് ചിലവ് ആവശ്യപ്പെട്ടത്. അതിനുംപുറമെ മരുന്നുകള്‍ക്കായി 56,000 രൂപകൂടി അദ്ദേഹം ചിലവാക്കി – അദ്ദേഹം അല്ലെങ്കില്‍ ലക്ഷ്മണന് 280 ദിവസങ്ങള്‍ പണിയെടുത്താല്‍ മാത്രം കിട്ടുന്ന തുകയാണിത്. തുകയില്‍ ഇളവ് നല്‍കാമോയെന്ന് അദ്ദേഹം ചോദിച്ചുനോക്കി, പക്ഷെ ലഭിച്ചില്ല. “ബില്‍ അടയ്ക്കാന്‍ ഞങ്ങള്‍ പണം വായ്പ വാങ്ങി”, രാഗിണി പറഞ്ഞു.
പാര്‍ളിയില്‍ ഓട്ടോറിക്ഷ ഓടിച്ചായിരുന്നു വിത്തലും ലക്ഷ്മണനും ജീവിച്ചിരുന്നത്. “ലക്ഷ്മണന് പകല്‍ ഓട്ടോ ഓടിക്കുമായിരുന്നു. വിത്തല്‍ രാത്രിയിലും”, രാഗിണി പറഞ്ഞു. “ദിവസ്സേന 300-350 രൂപ വീതം ഓരോരുത്തരും ഉണ്ടാക്കുമായിരുന്നു. പക്ഷെ 2020 മാര്‍ച്ചില്‍ ലോക്ക്ഡൗണ്‍ തുടങ്ങിയതില്‍പ്പിന്നെ അവര്‍ കാര്യമായി ഒന്നും ഉണ്ടാക്കിയിട്ടില്ല. വല്ലപ്പോഴുമാണ് ആളുകള്‍ ഓട്ടോറിക്ഷ വിളിക്കുന്നത്. ഞങ്ങള്‍ എങ്ങനെ കഴിഞ്ഞുകൂടിയെന്ന് ഞങ്ങള്‍ക്കു മാത്രമേ അറിയൂ.”
വീട്ടമ്മയായ രാഗിണി എം.എ. ബിരുദ ധാരിണിയാണ്. പക്ഷെ തന്റെ രണ്ടുമക്കളെ - ഏഴ് വയസ്സുകാരി കാര്ത്തികിയേയും ശിശുവായ മുകുന്ദ് രാജിനേയും - എങ്ങനെ വളര്‍ത്തുമെന്ന് അവര്‍ക്കറിയില്ല. “ലക്ഷ്മണന് ഇല്ലാതെ അവരെ വളര്‍ത്താന്‍ ഞാന്‍ ഭയപ്പെടുന്നു. ഞങ്ങള്‍ക്ക് പണമില്ല. അദേഹത്തിന്റെ മരണാനന്തര ചടങ്ങുകള്‍ക്കുപോലും എനിക്ക് പണം കടം വാങ്ങേണ്ടി വന്നു.”
വായ്പ തിരിച്ചടയ്ക്കാനുള്ള പണം സമ്പാദിക്കാന്‍ കുടുംബത്തിനുള്ള ഏക മാര്‍ഗ്ഗം ഇപ്പോള്‍ ഒറ്റമുറി വീടിനടുത്തുള്ള മരത്തിനു കീഴില്‍ കിടക്കുന്ന സഹോദരന്മാരുടെ ഓട്ടോറിക്ഷ ആണ്. ആ വീട്ടിലാണ് മാതാപിതാക്കളോടൊപ്പം അവര്‍ താമസിച്ചത്. പക്ഷെ കടബാദ്ധ്യതയില്‍ നിന്നുള്ള മോചനം വളരെ അകലെയാണ്. സാമ്പത്തികാവസ്ഥ തകര്‍ന്നിരിക്കുകയാണ്. പാര്‍ളിയിലെ ഇടുങ്ങിയ തെരുവുകളില്‍ നിന്നും മുന്നോട്ടു നീങ്ങാന്‍ ഇപ്പോള്‍ ഒരു ഡ്രൈവര്‍ കുറവാണ്.
ഇതിനിടയ്ക്ക് ഉസ്മാനാബാദിലെ ജില്ലാ മജിസ്ട്രേറ്റ് കൗസ്തുഭ് ദിവെഗാംവ്കര്‍ സ്വകാര്യ ആശുപത്രികള്‍ അമിതമായി പണം ഈടാക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു. ഉസ്മാനാബാദ് നഗരത്തിലെ സഹ്യാദ്രി മള്‍ട്ടിസ്പെഷ്യാലിറ്റി ആശുപത്രിക്ക് മെയ് 9-ന് അദ്ദേഹം ഒരു നോട്ടീസ് അയച്ചു. നോട്ടീസില്‍ ചൂണ്ടിക്കാണിച്ചതു പ്രകാരം ഏപ്രില്‍ 1 മുതല്‍ മെയ് 6 വരെയുള്ള ദിവങ്ങളില്‍ 486 ആളുകളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും എം.ജെ.പി.ജെ.എ.വൈ. പദ്ധതിപ്രകാരം 19 കോവിഡ് രോഗികളെ മാത്രമെ ചികിത്സിച്ചിട്ടുള്ളൂ.
വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ വിസമ്മതിച്ചുകൊണ്ട് സഹ്യാദ്രി ആശുപത്രിയുടെ ഡയറക്ടര്‍ ഡോ. ഡിഗ്ഗാജ് ദപ്കെ ദേശ്മുഖ് എന്നോട് പറഞ്ഞത് അദ്ദേഹത്തിന്റെ നിയമ സംഘം മജിസ്ട്രേറ്റിന്റെ നോട്ടീസ് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ്.
ദിവെഗാംവ്കര്‍ 2020 ഡിസംബറില്‍ എം.ജെ.പി.ജെ.എ.വൈ. പദ്ധതി നടപ്പാക്കുന്ന സ്റ്റേറ്റ് ഹെല്‍ത്ത് അഷുറന്‍സ് സൊസൈറ്റിയോട് ശെന്ദ്ഗെ ഹോസ്പിറ്റല്‍ ആന്‍ഡ് റിസര്‍ച് സെന്ററിനെ പട്ടികയില്‍ നിന്നും ഒഴിവാക്കാന്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ കത്തിനോടൊപ്പം ആശുപത്രിക്കെതിരെ ഒരു കൂട്ടം രോഗികളുടെ പരാതികളും ഉള്‍പ്പെടുത്തിയിരുന്നു. ഉസ്മാനാബാദ് നഗരത്തില്‍ നിന്നും ഏകദേശം 100 കിലോമീറ്റര്‍ മാറിയാണ് ആശുപത്രി സ്ഥിതി ചെയ്യുന്നത്.
നിരവധി രോഗികളില്‍ വ്യാജമായി ധമനീ രക്ത വാതക പരിശോധന (രക്തത്തില്‍ ഓക്സിജന്റെയും കാര്‍ബണ്‍ ഡൈ ഒക്സൈഡിന്റെയും അളവ് പരിശോധിക്കുന്നത്) നടത്തിയതായി ശെന്ദ്ഗെ ആശുപത്രിക്കെതിരായ പരാതികളില്‍ ഉണ്ടായിരുന്നു. ഒരു രോഗിയെ വെന്റിലേറ്ററില്‍ കിടത്തിയതായി ആശുപത്രി വ്യജബില് തയ്യാറാക്കി എന്നും ആരോപിക്കപ്പെടുന്നു.
മജിസ്ട്രേറ്റിന്റെ നടപടിയുടെ ഫലമായി ആശുപത്രി നിലവില്‍ എം.ജെ.പി.ജെ.എ.വൈ. നെറ്റ്വർക്കില് ഇല്ല. പ്രായാധിക്യത്താല്‍ രണ്ടാം തരംഗത്തിന്റെ സമയത്ത് താന്‍ ഒഴിവാകാന്‍ നോക്കിയിരുന്നു എന്ന് ഉടമ ആര്.ഡി. ശെന്ദ്ഗെ പറഞ്ഞു. “എനിക്ക് പ്രമേഹവും ഉണ്ട്”, ആശുപതിക്കെതിരായ പരാതികളുടെ കാര്യം നിഷേധിച്ചുകൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എം.ജെ.പി.ജെ.എ.വൈ. സാമ്പത്തികമായി മെച്ചപ്പെട്ട പദ്ധതിയല്ലെന്ന് സ്വകാര്യ ആശുപത്രി ഉടമകള്‍ പറഞ്ഞു. “നടപ്പിലാക്കുന്ന എല്ലാ പദ്ധതികളും കാലത്തിനനുസരിച്ച് പരിഷ്കരിക്കപ്പെടണം. ഇത് നടപ്പിലാക്കിയിട്ട് 9 വര്‍ഷമായി. സംസ്ഥാന സര്‍ക്കാര്‍ ഇത് ആദ്യം നടപ്പാക്കിയതില്പ്പിന്നെ [2012-ല്‍] പാക്കേജിലെ ചിലവുകള്‍ കാര്യമായി പുതുക്കിയിട്ടില്ല”, നാന്ദേഡില്‍ നിന്നുള്ള പ്ലാസ്റ്റിക് സര്‍ജ്ജനായ ഡോ. സഞ്ജയ് കാദം പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളെ പ്രതിനിധീകരിച്ചുകൊണ്ട് അടുത്തിടെ രൂപീകരിച്ച ഹോസ്പിറ്റല്‍ വെല്‍ഫെയര്‍ അസോസിയേഷനില്‍ അംഗമാണ് അദ്ദേഹം. “2012 മുതലുള്ള പണപ്പെരുപ്പം പരിഗണിക്കുമ്പോള്‍ എം.ജെ.പി.ജെ.എ.വൈ. പാക്കേജുകള്‍ പ്രകാരം ഈടാക്കാന്‍ പറ്റുന്നപണം വളരെ കുറവാണ് - സാധാരണ ഈടാക്കാന്‍ പറ്റുന്നതതിന്റെ പകുതിയില്‍ താഴെയാണിത്”, അദ്ദേഹം പറഞ്ഞു.
പട്ടിക പ്രകാരമുള്ള ആശുപത്രികള്‍ കിടക്കകളുടെ 25 ശതമാനം എം.ജെ.പി.ജെ.എ.വൈ. പ്രകാരം ചികിത്സ തേടുന്ന രോഗികള്‍ക്കായി മാറ്റിവയ്ക്കണം. “25 ശതമാനം വിഹിതം തികഞ്ഞു കഴിഞ്ഞാല്‍ ആശുപത്രികള്‍ക്ക് പദ്ധതിയിന്‍കീഴില്‍ രോഗികളെ പ്രവേശിപ്പിക്കാന്‍ കഴിയില്ല”, ഡോ. കാദം കൂട്ടിച്ചേര്‍ത്തു.
“സ്വകാര്യ ആശുപത്രികള്‍ നടത്തിയിട്ടുള്ള നിരവധി അന്യായങ്ങളും ക്രമക്കേടുകളും കണ്ടെത്തിയിട്ടുണ്ട്. അക്കാര്യം ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു”, എം.ജെ.പി.ജെ.എ.വൈ.യുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസറായ സുധാകര്‍ ഷിന്‍ഡെ പറഞ്ഞു.
കോവിഡ്-19 പൊട്ടിപ്പുറപ്പെട്ട 2020 മാര്‍ച്ച് മുതല്‍ മഹാരാഷ്ട്രയുടെ എല്ലാ ഭാഗത്തുനിന്നുമായി 813 പരാതികളാണ് മുംബൈയിലെ എം.ജെ.പി.ജെ.എ.വൈ. ഓഫീസില്‍ ലഭിച്ചിട്ടുള്ളത് - മിക്കതും സ്വകാര്യ ആശുപത്രികള്‍ക്ക് എതിരായുള്ളതാണ്. ഇതുവരെ 186 പരാതികള്‍ പരിഹരിച്ചു കഴിഞ്ഞു. ആശുപത്രികള്‍ 15 ലക്ഷം രൂപ രോഗികള്‍ക്ക് തിരികെ നല്കി.
ക്രമക്കേടുകള്‍ കാണിക്കുകയും അമിതമായി പണം ഈടാക്കുകയും ചെയ്യുന്ന സ്വകാര്യ ആശുപത്രികള്‍ക്ക് എല്ലായ്പ്പോഴും സ്വാധീനശക്തി കാണുമെന്ന് മാനവ്ലോകിന്റെ ലോഹ്യ പറഞ്ഞു. “അതാണ് അവരെ നേരിടാന്‍ സാധാരണക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത്.”
രാംലിംഗ് സനാപ് ആത്മഹത്യ ചെയ്ത അന്ന് രാവിലെ അദ്ദേഹത്തിന്റെ കുപിതരായ കുടുംബാംഗങ്ങള്‍ക്ക് ആശുപത്രിയെ പ്രശ്നത്തില്‍ ഉത്തരവാദി ആക്കണമെന്നുണ്ടായിരുന്നു. അവര്‍ അന്ന് എത്തിയപ്പോള്‍ അവിടെ ഒരു ഡോക്ടര്‍ പോലും ഉണ്ടായിരുന്നില്ല. “മൃതദേഹം പോലീസിനയച്ചിട്ടുണ്ടെന്ന് ജീവനക്കാര്‍ ഞങ്ങളോട് പറഞ്ഞു”, രവി പറഞ്ഞു.
രാംലിംഗിനോട് പണം ചോദിച്ചുകൊണ്ട് ആശുപത്രിയാണ് അദ്ദേഹത്തെ മരണത്തിലേക്ക് തള്ളിവിട്ടതെന്ന് പറഞ്ഞുകൊണ്ട് കുടുംബം നേരിട്ട് പോലീസ് സൂപ്രണ്ടിന് പരാതി നല്കി. ആ സമയത്ത് ആശുപത്രി വാര്‍ഡില്‍ ജീവനക്കാര്‍ ആരും ഇല്ലാതിരുന്നതിനാല്‍ അദ്ദേഹത്തിന്റെ മരണം ആശുപത്രിയുടെ അശ്രദ്ധ മൂലമായിരുന്നു എന്ന് അവര്‍ പറഞ്ഞു.
ദീപ് ആശുപത്രി ഒരു പത്ര പ്രസ്താവനയില്‍ പറഞ്ഞത് ആശുപത്രി ജീവനക്കാര്‍ക്ക് കാണാന്‍ കഴിയാത്ത സ്ഥലത്തേക്കാണ് രാംലിംഗ് പോയത് എന്നാണ്. “ആശുപത്രി തുടര്‍ച്ചയായി പണം ചോദിച്ചു എന്നുള്ള കുറ്റാരോപണം അസത്യമാണ്. ആശുപത്രി 10,000 രൂപ മാത്രമാണ് വീട്ടുകാരില്‍ നിന്നും ഈടാക്കിയത്. അദ്ദേഹത്തിന്റെ ആത്മഹത്യ ഒരു ദുരന്തമാണ്. അദ്ദേഹത്തിന്റെ മാനസികാവസ്ഥ ഞങ്ങള്‍ക്ക് അളക്കാന്‍ പറ്റിയില്ല”, പ്രസ്താവന പറഞ്ഞു.
ആശുപത്രി 10,000 രൂപയുടെ ബില്ലാണ് നല്‍കിയതെന്ന് പ്രമോദ് മൊറാലെ സമ്മതിക്കുന്നു. “പക്ഷെ അവര്‍ ഞങ്ങളില്‍ നിന്നും 1.6 ലക്ഷം വാങ്ങി.”
രാംലിംഗ് നല്ല മാനസികാവസ്ഥയിലായിരുന്നു എന്ന് രാജുബായ് പറഞ്ഞു. “മുട്ടയും ആട്ടിറച്ചിയും കഴിച്ചതായി മരിക്കുന്നതിന് ഒന്നോ രണ്ടോ ദിവസം മുന്‍പ് അദ്ദേഹം എന്നോട് ഫോണിലൂടെ പറഞ്ഞു. കുട്ടികളുടെ കാര്യവും അദ്ദേഹം ചോദിച്ചു.” പിന്നീടദ്ദേഹം ആശുപത്രി ചിലവിനെക്കുറിച്ച് കേട്ടു. അവസാനം ഫോണ്‍ വിളിക്കുമ്പോള്‍ തന്റെ പരിഭ്രാന്തി അദ്ദേഹം അവരെ അറിയിച്ചിരുന്നു.
“വിഷയം എന്താണെന്ന് നോക്കാമെന്ന് പോലീസ് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇതുവരെ ആശുപത്രിക്കെതിരെ നടപടിയൊന്നും എടുത്തിട്ടില്ല”, പ്രമോദ് പറഞ്ഞു. “പാവപ്പെട്ടവര്‍ക്ക് ആരോഗ്യ സുരക്ഷാ അവകാശങ്ങളൊന്നും ഇല്ലാത്തതുപോലെ.”
പരിഭാഷ: റെന്നിമോന്‍ കെ. സി.