"നക്ഷത്രങ്ങൾക്ക് നിങ്ങൾ കൊടുക്കുന്ന പേരുകളല്ല ഞങ്ങൾ റാബറികൾ ഉപയോഗിക്കുന്നത്," മശ്രുഭായ് നിരീക്ഷിക്കുന്നു. "തുമാര ധ്രുവ് താര, ഹമാരാ പരോടിയ [നിങ്ങളുടെ ധ്രുവ നക്ഷത്രം ഞങ്ങൾക്ക് പരോടിയയാണ്]"
വാർധ ജില്ലയിൽ ഉൾപ്പെടുന്ന ദെനോദ ഗ്രാമത്തിലെ, മശ്രുഭായിയുടെ ദേരയിലാണ് ഞങ്ങൾ. താത്കാലിക താമസസ്ഥലങ്ങളെയാണ് ദേര എന്ന് വിളിക്കുന്നത്. നാഗ്പൂരിൽനിന്ന് 60 കിലോമീറ്ററും മശ്രുഭായ് വീടെന്ന് വിശേഷിപ്പിക്കുന്ന കച്ചിൽനിന്ന് 1,300 കിലോമീറ്ററും അകലെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ദേര.
ഈ റാബറി ദേരയിൽ സന്ധ്യ മയങ്ങിത്തുടങ്ങിയിരിക്കുന്നു. ശൈത്യകാലം വേനൽക്കാലത്തിന് വഴിമാറുന്ന, അസ്തമയസൂര്യന്റെ ചുവപ്പുരാശി ആകാശത്തിൽ തെല്ലുനേരംകൂടി പടർന്നുനിൽക്കുന്ന, മാർച്ച് മാസത്തിലെ ഒരു സന്ധ്യ. പ്ലാശ് മരത്തിന്റെ (ബ്യുട്ടിയ മോണോസ്‌പെർമ എന്ന് ശാസ്ത്രീയനാമമുള്ള ഈ മരം ഹിന്ദിയിൽ പലാഷ്, കേസുഡോ എന്നീ പേരുകളിൽ അറിയപ്പെടുന്നു) ജ്വലിക്കുന്ന പൂക്കൾ ഭൂമിയിൽ കാവിയുടെ നിറഭേദങ്ങൾ തീർക്കുന്നു. നിറങ്ങളുടെ ഉത്സവമായ ഹോളി ഇങ്ങെത്താറായി.
അടുപ്പക്കാർ മശ്രു മാമ എന്ന് സ്നേഹത്തോടെ വിളിക്കുന്ന മശ്രുഭായിയും ഞാനും വിദർഭയിലെ ഈ പ്രദേശത്ത്, വൈകുന്നേരത്തെ തെളിഞ്ഞ മാനം നോക്കിയിരിക്കുകയാണ്. ഒരു പരുത്തിപ്പാടത്തിന്റെ നടുക്കിട്ടിരിക്കുന്ന, അദ്ദേഹത്തിന്റെ കട്ടിലിലിരുന്ന് സൂര്യന് കീഴിലുള്ള എല്ലാത്തിനെക്കുറിച്ചും ഞങ്ങൾ സംസാരിക്കുന്നു: നക്ഷത്രങ്ങൾ, നക്ഷത്രസമൂഹങ്ങൾ, മാറുന്ന കാലാവസ്ഥയും പരിസ്ഥിതിയും, അദ്ദേഹത്തിന്റെ ആളുകളുടെയും മൃഗങ്ങളുടെയും അസംഖ്യം മനോവിചാരങ്ങൾ, എപ്പോഴും സഞ്ചരിച്ചുകൊണ്ടിരിക്കുന്ന ഒരു നാടോടിയുടെ കഠിനമായ, പരുക്കൻ ജീവിതം, അദ്ദേഹത്തിന് അറിയുന്ന നാടോടികഥകളും ഇതിഹാസങ്ങളും തുടങ്ങി വേറെയും പല വിഷയങ്ങൾ.
നക്ഷത്രങ്ങൾക്ക് ഏറെ പ്രാധാന്യം നൽകുന്നവരാണ് റാബറികൾ. യാത്ര ചെയ്യേണ്ട വഴി നിർണ്ണയിക്കാൻ, പ്രത്യേകിച്ചും രാത്രികാലങ്ങളിൽ, അവർ നക്ഷത്രങ്ങളെ ആശ്രയിക്കുന്നതിനാലാണിത്. "ഏഴ് നക്ഷത്രങ്ങളുടെ കൂട്ടമായ സപ്തർഷി ഞങ്ങൾക്ക് ഹരൺ [മാൻ] ആണ്," അദ്ദേഹം വിശദീകരിക്കുന്നു. "ഏഴ് നക്ഷത്രങ്ങൾ പുലർകാലത്ത് മാഞ്ഞുപോകുമെങ്കിലും ഇരുട്ടുള്ള സമയത്ത്, അവ പുതിയ പ്രഭാതത്തിന്റെ, പുതിയ വെല്ലുവിളികളുടെ, ഒട്ടനേകം സാധ്യതകളുടെ വരവറിയിക്കുന്നു," അല്പം തത്വചിന്ത കലർത്തി അദ്ദേഹം പറയുന്നു.











