“കുറേക്കൊല്ലമായല്ലോ നിങ്ങളെന്റെ ഫോട്ടോ എടുത്തുകൊണ്ടിരിക്കുന്നു. നിങ്ങളതെന്താണ് ചെയ്യാൻ പോവുന്നത്” കരഞ്ഞുകൊണ്ട് ഗോവിന്ദമ്മ വേലു എന്നോട് ചോദിക്കുന്നു. ഇക്കഴിഞ്ഞ മാർച്ചിൽ മകൻ സെല്ലയ്യൻ മരിച്ചത് അവരെ ആകെ തളർത്തിക്കളഞ്ഞിരുന്നു. “എന്റെ കാഴ്ചശക്തി മുഴുവൻ പോയി. എനിക്ക് നിങ്ങളെ കാണാൻ പറ്റുന്നില്ല. ആരാണ് എന്നെയും എന്റെ അമ്മയേയും സംരക്ഷിക്കുക?”.
കൈയ്യിലെ മുറിവുകളും പാടുകളും അവർ എനിക്ക് കാണിച്ചുതരുന്നു. “വീട്ടിലേക്ക് 200 രൂപ സമ്പാദിക്കാൻ എത്ര വേദന അനുഭവിക്കുന്നുണ്ട് ഞാൻ എന്ന് അറിയാമോ?. കൊഞ്ചിനെ പിടിക്കാൻ വലവീശാനൊക്കെ ഈ പ്രായത്തിൽ പറ്റുമോ? ഇല്ല. പറ്റില്ല. അതുകൊണ്ട് ഞാൻ കൈകളുപയോഗിക്കുന്നു”, ഗോവിന്ദമ്മ പറയുന്നു. 70-കൾ പിന്നിട്ട ഈ ശോഷിച്ച സ്ത്രീ, ഈ കൊഞ്ചുപിടുത്തക്കാരി, തനിക്ക് 77 വയസ്സായെന്നാണ് വിശ്വസിക്കുന്നത്. “അങ്ങിനെയാണ് ആളുകൾ എന്നോട് പറയുന്നത്. മണ്ണിലൂടെ കൈയ്യിട്ട് കൊഞ്ചിനെ പിടിക്കുമ്പോൾ നല്ല ആഴത്തിലുള്ള മുറിവുണ്ടാകും. വെള്ളത്തിൽ കൈകൾ മുങ്ങിക്കിടക്കുമ്പോൾ ചോര പോവുന്നത് അറിയാൻ പറ്റില്ല”.
2019-ൽ ബക്കിംഗാം കനാലിലൂടെ സഞ്ചരിക്കുമ്പോഴാണ് ഞാനവരെ ആദ്യം ശ്രദ്ധിച്ചത്. തിരുവള്ളൂർ ജില്ലവരെ നീണ്ടുകിടക്കുന്ന എന്നൂർ എന്ന സ്ഥലത്തെ കൊസസ്ഥലൈയാറിന് സമാന്തരമായാണ് ഈ കനാൽ പോവുന്നത്. ഒരു മുങ്ങാംകോഴിയെപ്പോലെയുള്ള അവരുടെ കൂപ്പുകുത്തലും വെള്ളത്തിനടിയിലൂടെയുള്ള നീന്തലുമാണ് എന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. അവിടെയുള്ള മറ്റുള്ളവരേക്കാൾ വേഗത്തിൽ അവർ ജലത്തിനടിയിലുള്ള മണ്ണിലേക്ക് കൈയ്യിട്ട് കൊഞ്ചുകളെ പിടിക്കുന്നുണ്ടായിരുന്നു അരയിൽ കെട്ടിയിട്ട ഒരു കൊട്ടയിലേക്ക് അവയെ നിക്ഷേപിച്ച്, അരയ്ക്കൊപ്പം വെള്ളത്തിൽ നിൽക്കുന്ന അവരുടെ തൊലിയുടെ നിറം കനാൽവെള്ളത്തിന്റെ നിറവുമായി യോജിക്കുന്നതുപോലെ തോന്നി.
ഗതാഗതത്തിനായി 19-ആം നൂറ്റാണ്ടിൽ നിർമ്മിച്ച ബക്കിംഗാം കനാലും, എന്നൂരിലൂടെ ഒഴുകുന്ന കൊസസ്ഥലൈയാറും ആരണ്യാർ നദിയുമാണ് ചെന്നൈ നഗരത്തിനാവശ്യമായ ജലത്തിന്റെ മുഖ്യഭാഗവും നൽകുന്നത്.
എന്നൂരിൽനിന്ന് തിരിഞ്ഞ് പഴവേർകാടിലെ (പുലികാട് എന്നും പേരുണ്ട്) തടാകത്തിലെത്തുമ്പോഴേക്കും കൊസസ്ഥലൈയാറിൽ കണ്ടൽക്കാടുകൾ കാണാൻ കഴിയും. പുഴയുടെ ഈ 27 കിലോമീറ്റർ തീരത്ത് താമസിക്കുന്ന ജനങ്ങൾക്ക് ജലത്തിനോടും ഭൂമിയോടും വല്ലാത്തൊരു ആത്മബന്ധമാണുള്ളത്. സ്ത്രീകളുടേയും പുരുഷന്മാരുടേയും മുഖ്യവരുമാനം മീൻപിടിത്തമാണ്. ഈ ഭാഗത്ത് കാണുന്ന വൈവിദ്ധ്യമുള്ള കൊഞ്ചുകൾ നല്ല വിലയുള്ളതാണ്.
“എനിക്ക് രണ്ട് മക്കളുണ്ട്. മകന് 10-ഉം മകൾക്ക് 8-ഉം വയസ്സുള്ളപ്പോൾ ഭർത്താവ് മരിച്ചു”, 2019-ൽ ആദ്യമായി കണ്ടപ്പോൾ ഗോവിന്ദമ്മ എന്നോട് പറഞ്ഞു. “24 കൊല്ലമായി. മകൻ വിവാഹം കഴിച്ച് നാല് പെണ്മക്കളുണ്ട്. മകൾക്ക് രണ്ട് പെണ്മക്കളും. ഇതിലപ്പുറം എനിക്കെന്താണ് വേണ്ടത്? വീട്ടിലേക്ക് വരൂ, നമുക്ക് സംസാരിക്കാം”, വീട്ടിലേക്ക് ക്ഷണിച്ചുകൊണ്ട്, അവർ അത്തിപറ്റ് പുതുനഗറിലേക്ക് (അത്തിപറ്റ് ന്യൂ ടൌൺ) നടക്കാൻ തുടങ്ങി. ഏഴ് കിലോമീറ്റർ ദൂരമുണ്ടായിരുന്നു അവിടേക്ക്. അവിടെ പാതയോരത്തിരുന്നാണ് അവർ കൈയ്യിലെ കൊഞ്ചുകൾ വിൽക്കുക. കോവിഡ്-19 ലോക്ക്ഡൌൺ മൂലം രണ്ടുകൊല്ലത്തിനുശേഷമായിരുന്നു അവരെ വീണ്ടും കാണുന്നത്.
തമിഴ്നാട്ടിൽ പട്ടികവർഗ്ഗമായി രേഖപ്പെടുത്തപ്പെട്ട ഇരുള വിഭാഗക്കാരിയാണ് ഗോവിന്ദമ്മ. പതിവായി അവർ കൊഞ്ച് പിടിക്കുന്ന കൊസസ്ഥലൈയാറിനടുത്തുള്ള ചെന്നൈയിലെ കാമരാജർ പോർട്ടിന്റെ (പണ്ട് ഇത് എന്നൂർ പോർട്ട് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) സമീപത്താണ് അവർ താമസിച്ചിരുന്നത്. എന്നാൽ 2004-ലെ സുനാമിയിൽ അവരുടെ കുടിൽ തകർന്നു. ഒരുവർഷം കഴിഞ്ഞ്, അവർ 10 കിലോമീറ്റർ അപ്പുറത്തുള്ള തിരുവള്ളൂർ ജില്ലയിലെ അത്തിപറ്റ് പട്ടണത്തിലേക്ക് മാറി. സുനാമി മൂലം വീടുകൾ നഷ്ടപെട്ട ഇരുളവിഭാഗത്തിലെ ഭൂരിപക്ഷമാളുകളേയും മാറ്റിപ്പാർപ്പിച്ചത്, ഇവിടെയുള്ള അരുണോദയം നഗർ, നേസാ നഗർ, മറിയാമ്മ നഗർ എന്നീ മൂന്ന് കോളനികളിലായിരുന്നു.
സുനാമിക്കുശേഷം അരുണോദയം നഗറിൽ നിർമ്മിച്ച നിരനിരയായ വീടുകൾ ഇപ്പോൾ മങ്ങിത്തുടങ്ങിയിരിക്കുന്നു. ഗോവിന്ദമ്മ താമസിക്കുന്നത് ഇവിടെയാണ്. രണ്ടുവർഷം മുമ്പ് പേരക്കുട്ടി വിവാഹിതയായപ്പോൾ ഗോവിന്ദമ്മ ആ വീട് അവർക്ക് ഒഴിഞ്ഞുകൊടുത്ത്, സമീപത്തുള്ള ഒരു വേപ്പുമരത്തിന്റെ ചുവട്ടിലേക്ക് താമസം മാറ്റി.
എല്ലാദിവസവും രാവിലെ 5 മണിക്ക് എഴുന്നേൽക്കുന്ന ഗോവിന്ദമ്മ അധികം വൈകാതെ രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള അത്തിപ്പറ്റ് റെയിൽവേ സ്റ്റേഷനിലെത്തി, രണ്ട് സ്റ്റോപ്പ് അപ്പുറത്തുള്ള അത്തിപ്പറ്റ് പുതുനഗരത്തേക്ക് തീവണ്ടിയിൽ യാത്ര ചെയ്യും. അവിടെനിന്ന് കാമരാജർ പോർട്ടിനടുത്തുള്ള മാതാ പള്ളിയിലേക്ക് (സെന്റ് മേരീസ് ചർച്ച്) ഏഴ് കിലോമീറ്റർ ദൂരം നടക്കും. ചിലപ്പോൾ മറ്റുള്ളവരുമായി ചേർന്ന് ഓട്ടോയിലാവും യാത്ര. പോർട്ട് ഭാഗത്ത് നിറയെ താത്ക്കാലിക കുടിലുകളാണ്. ഉപജീവനത്തിനായി കൊഞ്ചിനെ പിടിക്കുന്ന ഇരുളർ താമസിക്കുന്ന കുടിലുകൾ. ഗോവിന്ദമ്മ അവരുടെ കൂടെ ചേർന്ന് അന്നത്തെ പണിക്കായി വെള്ളത്തിലിറങ്ങും.
കുറഞ്ഞുവരുന്ന കാഴ്ചശക്തി യാത്രയെ ക്ലേശകരമാക്കുന്നു. “തീവണ്ടിയിൽ കയറാനും ഓട്ടോയിൽ കയറാനും പരസഹായം വേണം. പണ്ടത്തെപ്പോലെ കാണാൻ പറ്റില്ല”, ഗോവിന്ദമ്മ പറയുന്നു. യാത്രയ്ക്കുതന്നെ ദിവസവും 50 രൂപ വേണം. “കൊഞ്ച് വിറ്റ് കിട്ടുന്ന 200 രൂപയിൽനിന്ന് ഇത്രയും രൂപ യാത്രയ്ക്ക് ചിലവാക്കിയാൽ എങ്ങിനെ ജീവിക്കാനാകും?” അവർ ചോദിക്കുന്നു. ചിലപ്പോൾ അവർ 500 രൂപവരെ സമ്പാദിക്കാറുണ്ട്. പക്ഷേ മിക്ക ദിവസവും 100 രൂപ തികയില്ല. ചിലപ്പോൾ ഒന്നും കിട്ടിയില്ലെന്നും വരും.
രാവിലെ വേലിയേറ്റമുള്ള ദിവസമാണെങ്കിൽ, വെള്ളമിറങ്ങുന്ന രാത്രിയിൽത്തന്നെ ഗോവിന്ദമ്മ തന്റെ സ്ഥലത്ത് പോവും. കാഴ്ച കുറഞ്ഞെങ്കിലും രാത്രി മീൻ പിടിക്കുന്നത് അവർക്ക് എളുപ്പമായി തോന്നുന്നു. പക്ഷേ ജലസർപ്പങ്ങളും പ്രത്യേകിച്ച് ആരലുമാണ് (ഈൽ കാറ്റ്ഫിഷ്) അവരെ ഭയപ്പെടുത്തുന്നത്. “ശരിക്കും കാണാൻ കഴിയുന്നില്ല. എന്താണ് എന്റെ കാലിൽ തടയുന്നതെന്ന്..പാമ്പാണോ അതോ വലയോ എന്ന്”, അവർ പറയുന്നു.
“ഇതൊന്നും കടിക്കാതെ വീട്ടിലെത്തണമല്ലോ. ഈ ആരൽ കൈയ്യിൽ ഉരഞ്ഞാൽ പിന്നെ ഏഴെട്ട് ദിവസം നമുക്ക് രാവിലെ എഴുന്നേൽക്കാൻ പറ്റില്ല”. ആരൽ മത്സ്യത്തിന്റെ ചെതുമ്പലുകൾക്ക് വിഷമുണ്ടെന്ന് കരുതപ്പെടുന്നു. വലിയ മുറിവുണ്ടാക്കുകയും ചെയ്യും. “മരുന്നുകൾകൊണ്ടൊന്നും വേദന മാറില്ല. ചെറുപ്പക്കാരുടെ കൈയ്യിന് അത്രയൊന്നും വേദന തോന്നിയില്ലെന്ന് വരും. എനിക്ക് പറ്റുമോ? പറ”.
എന്നൂരിലെ താപവൈദ്യുത പ്ലാന്റുകളിൽനിന്നുള്ള മാലിന്യവും ധൂളിയും കനാലിൽ കുന്നുകൂടിക്കിടക്കുകയും കേടുപാടുകളുണ്ടാക്കുകയും ചെയ്യുന്നത് ഗോവിന്ദമ്മയ്ക്ക് കൂടുതൽ പ്രശ്നങ്ങളുണ്ടാക്കുന്നു. “ഈ ചേറ് നോക്കൂ. ഇതിൽക്കൂടി നടന്നുനടന്ന് എന്റെ കാലുകൾക്ക് ബലം കുറഞ്ഞുതുടങ്ങി”, ഫോട്ടോ എടുക്കാൻ വെള്ളത്തിലേക്കിറങ്ങിയ എന്നോട് അവർ പറഞ്ഞു.
ബക്കിംഗാം കനാലിന്റെ ചുറ്റുവട്ടത്തുള്ള എന്നൂർ-മണലി വ്യാവസായികമേഖലയിൽ, താപവൈദ്യുത പ്ലാന്റുകളും പെട്രോ-കെമിക്കൽ, വളനിർമ്മാണശാലകളുമടക്കം വലിയ അപകടസാധ്യതകളുള്ള 34 വ്യവസായങ്ങളുണ്ട്. 3 വലിയ തുറമുഖങ്ങളും ഇവിടെ സ്ഥിതി ചെയ്യുന്നു. വ്യവസായശാലകളിൽനിന്നുള്ള മാലിന്യം ജലാശയങ്ങളിലെ ജലവിഭവങ്ങളെ ഇല്ലാതാക്കുകയും ചെയ്യുന്നുണ്ട്. രണ്ട് പതിറ്റാണ്ട് മുമ്പ്, 6-7 ഇനം കൊഞ്ചുകൾ കിട്ടിയിരുന്ന സ്ഥലത്തുനിന്ന് ഇന്ന് 2-3 ഇനങ്ങൾ മാത്രമേ കിട്ടുന്നുള്ളു എന്ന് പ്രദേശത്തെ മുക്കുവന്മാർ സൂചിപ്പിക്കുന്നു.
കഴിഞ്ഞ ചില വർഷങ്ങളായി കൊഞ്ചുകളുടെ ലഭ്യത കുറഞ്ഞുവരുന്നത് ഗോവിന്ദമ്മയെ ആശങ്കയിലാക്കിയിട്ടുണ്ട്. “നല്ല മഴ കിട്ടിയിരുന്നപ്പോൾ ധാരാളം കൊഞ്ചുകളെ കിട്ടിയിരുന്നു. എല്ലാം ശേഖരിച്ച് രാവിലെ 10 മണിയോടെ ഞങ്ങൾ വിൽക്കാൻ പോയിരുന്നു. ഇപ്പോൾ പഴയതുപോലെ കിട്ടുന്നില്ല. മറ്റ് സമയങ്ങളിൽ, ഒരു കിലോഗ്രാം കൊഞ്ച് പിടിക്കാൻ ഉച്ചയ്ക്ക് 2 മണിവരെ പണിയെടുക്കണം”, അവർ പറയുന്നു. അതിനാൽ അതുകഴിഞ്ഞേ മീൻ വിൽക്കാനാവൂ.
കൊഞ്ചുകളെ വിൽക്കാൻ മിക്കദിവസവും രാത്രി 9, 10 മണിവരെ കാത്തിരിക്കേണ്ടിവരും “വാങ്ങാൻ വരുന്നവർ വളരെയധികം താഴ്ത്തി വിലപേശും. ഞാനെന്ത് ചെയ്യാനാണ്? ചുട്ടുപഴുത്ത വെയിലത്തിരുന്നുവേണം വിൽക്കാൻ. ആളുകൾക്ക് ഇതൊന്നും മനസ്സിലാവില്ല. നിങ്ങളും കാണുന്നില്ലേ – നോക്ക്, രണ്ട് കൂന കൊഞ്ച് വിൽക്കാൻ എത്രനേരം ഞങ്ങൾ അദ്ധ്വാനിക്കണമെന്ന്. വേറെ പണിയൊന്നും എനിക്കറിയില്ല. ഇതുമാത്രമാണ് എന്റെ ഉപജീവനമാർഗ്ഗം”, ഒരു ദീർഘനിശ്വാസം വിട്ട്, അവർ പറയുന്നു. 20 മുതൽ 25 കൊഞ്ചുകൾവരെയുള്ള ഓരോ കൂനയ്ക്കും 100 മുതൽ 150 രൂപവരെയാണ് വില.
ഗോവിന്ദമ്മ കൊഞ്ചുകളെ ഐസിലൊന്നും ഇട്ടുവെക്കാറില്ല. ചീത്തയാവാതിരിക്കാൻ മണ്ണുകൊണ്ട് പുരട്ടിവെക്കുന്നു. “ആളുകൾ വന്ന് വീട്ടിലേക്ക് കൊണ്ടുപോയി പാകം ചെയ്യുന്നതുവരെ ഇത് കേടാവില്ല. പാചകം ചെയ്താൽ എന്ത് രുചിയായിരിക്കുമെന്ന് അറിയാമോ?”, അവരെന്നോട് ചോദിക്കുന്നു. “പിടിച്ച ദിവസംതന്നെ വിൽക്കണം. എന്നാലേ കഞ്ഞി കുടിക്കാനും പേരക്കുട്ടികൾക്ക് എന്തെങ്കിലും വാങ്ങാനും കഴിയൂ. ഇല്ലെങ്കിൽ പട്ടിണി കിടക്കേണ്ടിവരും”.
കുട്ടിക്കാലത്തുതന്നെ ഈ ‘കല’ അവർ അഭ്യസിച്ചു. “എന്റെ അച്ഛനമ്മമാർ എന്നെ സ്കൂളിലേക്കയച്ച് എഴുത്തും വായനയുമൊന്നും പഠിപ്പിച്ചില്ല. പകരം, പുഴയിലേക്ക് കൊണ്ടുപോയി, കൊഞ്ചിനെ പിടിക്കാൻ പഠിപ്പിച്ചു”, ഗോവിന്ദമ്മ ഓർത്തെടുക്കുന്നു. “ജീവിതകാലം മുഴുവൻ വെള്ളത്തിൽ ജീവിച്ചു. ഈ പുഴയാണ് എനിക്കെല്ലാം. ഇതില്ലെങ്കിൽ എനിക്കൊന്നുമില്ല. ഭർത്താവ് മരിച്ചതിനുശേഷം കുട്ടികളെ പോറ്റാൻ ഞാനെത്ര കഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദൈവത്തിനുമാത്രം അറിയാം. ഈ പുഴയിൽനിന്ന് മീൻ പിടിക്കാൻ കഴിഞ്ഞിരുന്നില്ലെങ്കിൽ ഞാൻ ജീവനോടെ ഇരിക്കുമായിരുന്നില്ല”
പുഴയിൽനിന്ന് കൊഞ്ചിനെ പിടിച്ചും മറ്റ് ചെറിയ മത്സ്യയിനങ്ങൾ വാങ്ങിയും വിറ്റുമാണ് ഗോവിന്ദമ്മയേയും നാല് സഹോദരങ്ങളേയും അവരുടെ അമ്മ വളർത്തിയത്. ഗോവിന്ദമ്മയ്ക്ക് 10 വയസ്സുള്ളപ്പോൾ അച്ഛൻ മരിച്ചു. “അമ്മ രണ്ടാമത് വിവാഹം കഴിച്ചില്ല. ജീവിതകാലം മുഴുവൻ ഞങ്ങളെ വളർത്താൻ അമ്മ കഷ്ടപ്പെട്ടു. ഇപ്പോൾ 100 വയസ്സ് കഴിഞ്ഞു. കോളനിയിൽ ജീവിച്ചിരിക്കുന്ന ഏറ്റവും പ്രായമായ ആളാണെന്നാണ് എല്ലാവരും പറയുന്നത്”.
ഗോവിന്ദമ്മയുടെ കുട്ടികളുടെ ജീവിതവും പുഴയെ ആശ്രയിച്ചാണ്. “എന്റെ മകൾ കല്യാണം കഴിച്ചത് ഒരു മദ്യപാനിയെയാണ്. അവൻ പ്രത്യേകിച്ചൊരു തൊഴിലും ചെയ്യുന്നില്ല. അവളുടെ ഭർത്തൃമാതാവാണ് കൊഞ്ച് പിടിച്ചും വിറ്റും ഭക്ഷണത്തിനുള്ള വകയുണ്ടാക്കുന്നത്”, ഗോവിന്ദമ്മ പറയുന്നു.
ഗോവിന്ദമ്മയുടെ മകൻ സെല്ലയ്യയ്ക്ക് മരിക്കുമ്പോൾ 45 വയസ്സായിരുന്നു പ്രായം. കൊഞ്ചിനെ പിടിച്ചാണ് അയാളും കുടുംബത്തെ പോറ്റിയിരുന്നത്. 2021-ൽ ഞാൻ അയാളെ കണ്ടുമുട്ടിയപ്പോൾ അയാൾ പറയുകയുണ്ടായി: “എന്റെ കുട്ടിക്കാലത്ത് അച്ഛനമ്മമാർ രാവിലെ 5 മണിക്ക് പുഴയിലേക്ക് പോവുമായിരുന്നു. രാത്രി 9 – 10 മണിയാവും തിരിച്ചെത്താൻ. അപ്പോഴേക്കും ഞാനും അനിയത്തിയും വിശന്ന് ക്ഷീണിച്ച് ഉറങ്ങിയിട്ടുണ്ടാവും. അച്ഛനമ്മമാർ അരി കൊണ്ടുവന്ന് ഭക്ഷണമുണ്ടാക്കി ഞങ്ങളെ വിളിച്ചുണർത്തി കഴിപ്പിക്കും”.
10 വയസ്സായപ്പോൾ ഒരു കരിമ്പുകമ്പനിയിൽ ജോലി ചെയ്യാൻ സെല്ലയ്യ ആന്ധ്രാപ്രദേശിലേക്ക് കുടിയേറി. “ഞാൻ അവിടെയായിരുന്നപ്പോൾ അച്ഛൻ ഒരപകടത്തിൽ മരിച്ചു. കൊഞ്ച് പിടിച്ച് തിരിച്ചുവരുമ്പോഴായിരുന്നു അത്. അച്ഛന്റെ മുഖം കാണാൻപോലും എനിക്കന്ന് സാധിച്ചില്ല”, അയാൾ പറയുന്നു. “അച്ഛന്റെ മരണശേഷം അമ്മയായിരുന്നു എല്ലാം ചെയ്തത്. കൂടുതൽ സമയം അവർ പുഴയിൽ ചിലവഴിക്കും”.
കമ്പനിയിൽനിന്ന് കൃത്യമായി ശമ്പളമൊന്നും കിട്ടാതിരുന്നതിനാൽ സെല്ലയ്യ വീട്ടിലേക്ക് മടങ്ങിവന്ന് അമ്മയുടെ കൂടെ കൂടി. എന്നാൽ, അമ്മയിൽനിന്ന് വ്യത്യസ്തമായി, അയാളും ഭാര്യയും വല ഉപയോഗിച്ചായിരുന്നു മീൻ പിടിച്ചിരുന്നത്. അവർക്ക് നാല് പെണ്മക്കളാണ്. മൂത്തയാളെ കല്യാണം കഴിപ്പിച്ചയച്ചു. ഒരാൾ ബി.എ.(ഇംഗ്ലീഷ്) പഠിക്കുന്നു. മറ്റ് രണ്ടുപേരും സ്കൂളിലും. “മീൻ പിടിച്ച് കിട്ടുന്ന പണം അവരുടെ വിദ്യാഭ്യാസത്തിന് ചിലവാവും. ബിരുദമെടുത്തതിനുസേഷം മകൾക്ക് നിയമം പഠിക്കണമെന്നാണ് ആഗ്രഹം. അതിന് അവളെ സഹായിക്കണം”, അയാൾ പറഞ്ഞു.
പക്ഷേ ആ സ്വപ്നം സാക്ഷാത്ക്കരിക്കാൻ അയാൾക്കായില്ല. 2022 മാർച്ചിൽ, ഒരു കുടുംബവഴക്കിനെത്തുടർന്ന് സെല്ലയ്യ ആത്മഹത്യ ചെയ്തു. “ചെറുപ്പത്തിലേ ഭർത്താവിനെ നഷ്ടമായി. ഇപ്പോൾ മകനും. ഞാൻ മരിച്ചാൽ ചിതയ്ക്ക് തീ കൊളുത്താൻ ആരുമില്ല. മകൻ നോക്കിയപോലെ എന്നെ ആർക്ക് നോക്കാനാകും”, ആകെ തകർന്ന ഗോവിന്ദമ്മ ചോദിക്കുന്നു.
ഈ കഥ തമിഴിൽ റിപ്പോർട്ട് ചെയ്ത് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയൽ എസ്. സെന്തളിരാണ്. തമിഴ് ടെക്സ്റ്റ് എഡിറ്റ് ചെയ്യാൻ സഹായിച്ച പാരി ട്രാൻസ്ലേഷന്റെ തമിഴ് ഭാഷാ എഡിറ്ററായ രാജസംഗീതത്തിനോടുള്ള റിപ്പോർട്ടറുടെ നിസ്സീമമായ നന്ദി ഇവിടെ രേഖപ്പെടുത്തുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്