സുനില്‍ ഗുപ്തയ്ക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ കഴിയില്ല. തന്‍റെ ‘ഓഫീസാ’യ ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലേക്ക് 15 മാസങ്ങളിലധികമായി ലോക്ക്ഡൗണ്‍ മൂലം പ്രവേശിക്കാനും അദ്ദേഹത്തിന് സാധിക്കുന്നില്ല.
“ഇത് ഞങ്ങള്‍ക്ക് ദഫ്തര്‍ [ഓഫീസ്] പോലെയാണ്. ഇപ്പോള്‍ ഞങ്ങള്‍ എവിടെ പോകാന്‍?”, ദക്ഷിണ മുംബൈയിലെ സ്മാരകസമുച്ചയത്തെ ചൂണ്ടിക്കാണിച്ചുകൊണ്ട് അദ്ദേഹം ചോദിച്ചു.
ലോക്ക്ഡൗണുകള്‍ തുടങ്ങുന്നതിനു മുമ്പുവരെ സുനില്‍ രാവിലെ 9 മണിമുതല്‍ രാത്രി 9 മണിവരെ ഈ ജനകീയ വിനോദസഞ്ചാര സ്ഥലത്ത് കാത്തുനില്‍ക്കുമായിരുന്നു. പരിശോധനസ്ഥലം കടന്ന് ആളുകള്‍ ഗേറ്റ്‌വേയിലേക്ക് നീങ്ങുമ്പോള്‍ അദ്ദേഹവും മറ്റു ഫോട്ടോഗ്രാഫര്‍മാരും ‘ക്ലിക്ക് ചെയ്ത് ഉടന്‍തന്നെ പ്രിന്‍റെടുക്കുന്ന ആല്‍ബം ഫോട്ടോ’കളുമായി അവരെ അഭിവാദനം ചെയ്തുകൊണ്ട് ഇങ്ങനെ ചോദിക്കുമായിരുന്നു: ‘ ഏക് മിനിറ്റ് മേം ഫുള്‍ ഫാമിലി ഫോട്ടോ’ അല്ലെങ്കില്‍ ‘വണ്‍ ഫോട്ടോ പ്ലീസ്. ഒണ്‍ലി 30 റുപീസ്’
വര്‍ദ്ധിതമായ കോവിഡ്-19 കേസുകളെത്തുടര്‍ന്ന് മുംബൈയില്‍ ഈ വര്‍ഷം ഏപ്രില്‍ പകുതിമുതല്‍ ഏര്‍പ്പെടുത്തിയ പുതുക്കിയ നിയന്ത്രണങ്ങള്‍ വീണ്ടും അവരെയെല്ലാം കാര്യമായ പണിയൊന്നുമില്ലാത്തവരാക്കി തീര്‍ത്തിരിക്കുന്നു. “‘പ്രവേശനമില്ല’ എന്ന് കാണുന്നതിനു മാത്രമായി രാവിലെ ഞാന്‍ ഇതുവഴി നടന്നു”, 39-കാരനായ സുനില്‍ ഏപ്രിലില്‍ എന്നോടു പറഞ്ഞു. “നേരത്തെതന്നെ ഞങ്ങള്‍ പണമുണ്ടാക്കാന്‍ ബുദ്ധിട്ടുന്നു. ഇപ്പോള്‍ ഞങ്ങള്‍ നെഗറ്റീവ് [വരുമാനം] ആയിക്കൊണ്ടിരിക്കുന്നു. കൂടുതല്‍ നഷ്ടങ്ങള്‍ താങ്ങാനുള്ള ശേഷിയെനിക്കില്ല.”
ജോലി ലഭ്യമായിരുന്ന സമയത്ത് തങ്ങളുടെ ‘ഒഫീസി’നുവേണ്ടി സുനിലും മറ്റ് ഗേറ്റ്‌വേ ഫോട്ടോഗ്രാഫര്‍മാരും (എല്ലാവരും പുരുഷന്മാര്‍) ‘ഔപചാരിക’ വേഷം - നന്നായി ഇസ്തിരിയിട്ട വെളുത്ത ഷര്‍ട്ടും കറുത്ത പാന്‍റും കറുത്ത ഷൂവും - ധരിക്കുമായിരുന്നു. എല്ലാവരുടെയും കഴുത്തില്‍ ഒരു ക്യാമറയും പിന്നില്‍ ഒരു ബാഗും തൂങ്ങിക്കിടക്കുമായിരുന്നു. ചിലരുടെ ഷര്‍ട്ടുകളില്‍ വര്‍ണ്ണശബളമായ സണ്‍ഗ്ലാസ്സുകളും തൂക്കിയിടുമായിരുന്നു. പുതുമയാര്‍ന്ന ശൈലികളിലുള്ള കണ്ണടകള്‍ ധരിച്ചുകൊണ്ട് ഫോട്ടോ എടുക്കാന്‍ ഇഷ്ടപ്പെടുന്ന വിനോദസഞ്ചാരികളെ ആകര്‍ഷിക്കാനായിരുന്നു ഇത്. സ്മാരകം സന്ദര്‍ശിക്കുന്നവരുടെ പുഞ്ചിരിക്കുന്ന മുഖങ്ങള്‍ നിറഞ്ഞ ആല്‍ബങ്ങള്‍ അവര്‍ കൈകളില്‍ കരുതിയിരുന്നു.
“ഇപ്പോള്‍ നിങ്ങള്‍ കൂടുതലായി കാണുക ഞങ്ങളെയാണ് [ഫോട്ടോഗ്രഫര്‍മാരെ], പൊതുജനങ്ങള്‍ കുറവാണ്”, സുനില്‍ പറഞ്ഞു. 2020 മാര്‍ച്ചിലെ ആദ്യത്തെ ലോക്ക്ഡൗണിനു മുന്‍പ് ഗേറ്റ്‌വേയില്‍ 300 ഫോട്ടോഗ്രഫര്‍മാര്‍ ജോലി ചെയ്തിരുന്നുവെന്ന് അദ്ദേഹവും മറ്റ് ഫോട്ടോഗ്രഫര്‍മാരും കണക്കുകൂട്ടി പറഞ്ഞു. പലരും മറ്റുജോലി നോക്കിയതുകൊണ്ടും സ്വന്തം പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും തിരിച്ചുപോയതുകൊണ്ടും അവരുടെ സംഖ്യ അന്നുമുതല്‍ 100-ല്‍ താഴെയായി മാറി.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റോടെ സുനില്‍ ജോലി പുനരാരംഭിച്ചു. “രാത്രിയിലും പകലും, മഴയത്തുപോലും, വെറുമൊരു ഇടപാടുകാരനെ/രിയെ കാത്ത് ഞങ്ങള്‍ നില്‍ക്കുമായിരുന്നു. ദീപാവലിക്ക് [വവംബറില്‍] എന്‍റെ കുഞ്ഞുങ്ങള്‍ക്ക് മധുരം വാങ്ങാനുള്ള പണംപോലും ഇല്ലായിരുന്നു”, അദ്ദേഹം പറഞ്ഞു. പിന്നീട് ആ ഉത്സവദിവസം 130 രൂപ കിട്ടാന്‍ ‘ഭാഗ്യം’ ഉണ്ടായെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു. സാന്ദര്‍ഭികമായ സാമ്പത്തിക സഹായങ്ങള്‍ വ്യക്തിഗത ദാദാക്കളുടെ ഭാഗത്തുനിന്നും സംഘടനകളുടെ ഭാഗത്തുനിന്നും ആ സമയത്ത് ഉണ്ടാവുകയും അവര്‍ ഫോട്ടോഗ്രഫര്‍മാര്‍ക്ക് റേഷന്‍ വിതരണം ചെയ്യുകയും ചെയ്തു.
സുനിലിന്‍റെ വരുമാനം 2008-ല്‍ ഈ ജോലി തുടങ്ങിയപ്പോള്‍ മുതല്‍ കുറയാന്‍ തുടങ്ങിയിരുന്നു: പ്രതിദിനവരുമാനം 400-1,000 രൂപയാണ് പ്രതിഫലമായി നേരത്തെ ലഭിച്ചിരുന്നത് (അല്ലെങ്കില്‍ ഇത്തരം പ്രധാനപ്പെട്ട ഉത്സവങ്ങളുടെ സമയത്ത് ഏകദേശം 10 ഫോട്ടോ ഇടപാടുകാരില്‍നിന്നും 1,500 രൂപവരെ കിട്ടിയിരുന്നു). ക്യാമറകളോടുകൂടിയ സ്മാര്‍ട്ട്ഫോണുകളുടെ വ്യാപനത്തോടുകൂടി വരുമാനം ഏകദേശം 200-600 രൂപയായി കുറഞ്ഞു.
ലോക്ക്ഡൗണുകള്‍ക്കുശേഷം കഴിഞ്ഞ വര്‍ഷംമുതല്‍ ഇത് പ്രതിദിനം കഷ്ടിച്ച് 60-100 രൂപവരെയെത്തി.
“ഒരു ബോണി [ആദ്യവില്‍പ്പനയും അതില്‍നിന്നു ലഭിക്കുന്നതും] പോലും ലഭിക്കാതെ തിരികെ പോവുന്നത് ഞങ്ങളുടെ ദൈനംദിന വിധിയായി മാറുകയാണ്. കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ഞങ്ങള്‍ക്കു കിട്ടുന്ന പണം കുറഞ്ഞുകൊണ്ടിരിക്കുന്നു. പക്ഷെ അന്ന് ഇത് [പണമില്ലാത്ത ദിനങ്ങള്‍] ഇന്നത്തെപ്പോലെ തുടര്‍ച്ചയായി ഉണ്ടാകില്ലായിരുന്നു”, സുനില്‍ പറഞ്ഞു. വീട്ടമ്മയും ഇടയ്ക്ക് തയ്യല്‍ പഠിപ്പിക്കുകയും ചെയ്യുന്ന ഭാര്യ സിന്ധുവിനും മൂന്ന് മക്കള്‍ക്കുമൊപ്പം ദക്ഷിണ മുംബൈയിലെ കഫ് പരേഡ് പ്രദേശത്തെ ചേരികോളനിയിലാണ് അദ്ദേഹം താമസിക്കുന്നത്.
ഉത്തര്‍പ്രദേശിലെ ഫര്‍സാന ഖുര്‍ദ് ഗ്രാമത്തില്‍നിന്നുമാണ് 1991-ല്‍ തന്‍റെ മാമനോടൊപ്പം (അമ്മാവന്‍) സുനില്‍ ഈ നഗരത്തില്‍ എത്തിയത്. കാന്ദു സമുദായത്തില്‍ (ഓ.ബി.സി.യായി പെടുത്തിയിരിക്കുന്ന) നിന്നുള്ളവരാണവര്‍. മൗ ജില്ലയിലെ അവരുടെ ഗ്രാമത്തില്‍ അദ്ദേഹത്തിന്‍റെ അച്ഛന്‍ മഞ്ഞളും ഗരംമസാലയും മറ്റ് സുഗന്ധവ്യഞ്ജനങ്ങളും വില്‍ക്കുമായിരുന്നു. എന്‍റെ മാമനും ഞാനും ഒരു ട്രോളി സംഘടിപ്പിച്ച് ഗേറ്റ്‌വേയില്‍ ഭേല്‍പൂരി , അല്ലെങ്കില്‍ മറ്റെന്തെകിലും - ചോളം, ഐസ്ക്രീം, നാരങ്ങാവെള്ളം - വില്‍ക്കുമായിരുന്നു. കുറച്ച് ഫോട്ടോഗ്രഫര്‍മാര്‍ അവിടെ പണിയെടുക്കുന്നത് ഞാന്‍ കണ്ടു. എനിക്കും അത്തരം ജോലിയില്‍ താത്പര്യം ഉണ്ടായി”, സുനില്‍ പറഞ്ഞു.
കാലങ്ങള്‍കൊണ്ട് സമ്പാദിച്ചുവച്ചതും സുഹൃത്തുക്കളോടും കുടുംബക്കാരോടും കടം വാങ്ങിയതുമായ പണം ഉപയോഗിച്ച് 2008-ല്‍ അദ്ദേഹം ഒരു സാധാരണ എസ്.എല്‍.ആര്‍. ക്യാമറയും പ്രിന്‍ററും അടുത്തുള്ള ബോറാ ബസാര്‍ ചന്തയില്‍നിന്നും വാങ്ങി. (ഏകദേശം 2019-ന്‍റെ അവസാനത്തോടുകൂടി വീണ്ടും വായ്പയെടുത്ത് അദ്ദേഹം കുറച്ചുകൂടി വിലപിടിപ്പുള്ള നിക്കോണ്‍ ഡി.7200 വാങ്ങി. ഇപ്പോഴും വായ്പ തിരിച്ചടച്ചുകൊണ്ടിരിക്കുന്നു).
ആദ്യത്തെ ക്യാമറ വാങ്ങിയപ്പോള്‍ ബിസിനസ്സ് മെച്ചപ്പെടുമെന്ന് അദ്ദേഹം കണക്കുകൂട്ടിയിരുന്നു, എന്തുകൊണ്ടെന്നാല്‍ കൊണ്ടുനടക്കാവുന്ന പ്രിന്‍ററുകള്‍ ഉപയോഗിച്ച് പെട്ടെന്നുതന്നെ ഫോട്ടോകള്‍ നല്‍കാന്‍ കഴിയുമായിരുന്നു. പക്ഷെ അപ്പോഴേക്കും സ്മാര്‍ട്ട്ഫോണുകള്‍ എളുപ്പത്തില്‍ ലഭ്യമായിത്തുടങ്ങി - അദ്ദേഹം തയ്യാറാക്കുന ഫോട്ടോകള്‍ക്കുള്ള ആവശ്യം കുത്തനെകുറഞ്ഞു. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ ഈ ജോലിയിലേക്ക് പുതിയതായി ആരും കടന്നുവന്നിട്ടില്ല. അവസാന ഗണത്തിലെ ഫോട്ടോഗ്രഫര്‍മാരില്‍ ഉള്‍പ്പെടുന്നയാളാണ് അദ്ദേഹം.
ഇപ്പോള്‍, സ്മാര്‍ട്ട്ഫോണുകളില്‍ നിന്നുള്ള മത്സരങ്ങള്‍ നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കുന്നതിനായി കുറച്ച് ഫോട്ടോഗ്രാഫര്‍മാര്‍ കൊണ്ടുനടക്കാവുന്ന പ്രിന്‍ററുകള്‍ക്കൊപ്പം യു.എസ്.ബി. സംവിധാനങ്ങളും കൂടെകരുതുന്നു. അങ്ങനെയെങ്കില്‍ അവരുടെ ക്യാമറകളില്‍നിന്നും വളരെവേഗംതന്നെ ഇടപാടുകാരുടെ ഫോണുകളിലേക്ക് ഫോട്ടോകള്‍ മാറ്റാന്‍കഴിയും. ഈ സേവനത്തിന് 15 രൂപയാണ് അവര്‍ വാങ്ങുന്നത്. ചില ഇടപാടുകാര്‍ക്ക് രണ്ടും ആവശ്യമുണ്ട് – സോഫ്റ്റ്കോപ്പിയും അതുപോലെതന്നെ ഉടന്‍തന്നെ ലഭിക്കുന്ന ഹാർഡ്‌കോപ്പിയും (ഒരു പ്രിന്‍റിന് 30 രൂപവീതം).
സുനില്‍ ഈ ജോലി തുടങ്ങുന്നതിനുമുന്‍പ് ഗേറ്റ്‌വേയിലുണ്ടായിരുന്ന ഫോട്ടോഗ്രഫര്‍മാര്‍ പോളറോയ്‌ഡ് ആണ് ഉപയോഗിച്ചിരുന്നതെന്നും, പക്ഷെ ഇത് അച്ചടിക്കുന്നതിനും പരിപാലിക്കുന്നതിനും വലിയ ചെലവായിരുന്നുവെന്നും അവര്‍ പറഞ്ഞു. പോയിന്‍റ് ചെയ്ത് ഷൂട്ട് ചെയ്യുന്ന ക്യാമറയിലേക്ക് മാറിയപ്പോള്‍ ഫോട്ടോകളുടെ ഹാർഡ്‌കോപ്പികള്‍ ഇടപാടുകാര്‍ക്ക് തപാലില്‍ അയച്ചുകൊടുക്കാന്‍ തുടങ്ങി.
നിലവില്‍ ഗേറ്റ്‌വേയിലുള്ള ഫോട്ടോഗ്രഫര്‍മാരില്‍ കുറച്ചുകാലം (ദശകങ്ങള്‍ക്കുമുന്‍പ്) പോളറോയ്‌ഡ് ഉപയോഗിച്ചവരില്‍ ഒരാളാണ് ഗംഗാറാം ചൗധരി. “ഫോട്ടോ എടുത്തുതരുമോ എന്ന് ആളുകള്‍ ഞങ്ങളുടെ അടുത്തുവന്ന് ചോദിക്കുന്ന ഒരുകാലം ഉണ്ടായിരുന്നു”, അദ്ദേഹം ഓര്‍മ്മിച്ചു. “ഇപ്പോള്‍ ആരും ഞങ്ങളെ നോക്കുന്നില്ല, ഞങ്ങള്‍ ജീവിച്ചിരിക്കുന്നില്ല എന്നതുപോലെ.”
ബീഹാറിലെ മധുബനി ജില്ലയിലെ ഡുംരി ഗ്രാമത്തില്‍നിന്ന് മുംബൈയിലെത്തി ഗേറ്റ്‌വേയില്‍ ജോലി ചെയ്ത് തുടങ്ങുമ്പോള്‍ ഗംഗാറാം കൗമാരത്തിലേക്ക് കടന്നതേ ഉണ്ടായിരുന്നുള്ളൂ. കേവട് സമുദായത്തില്‍ (ഓ.ബി.സി. പട്ടികയില്‍ ഉള്ളത്) പിറന്ന ആളാണ് അദ്ദേഹം. പിതാവ് റിക്ഷാവലിക്കാരനായി ജോലിനോക്കിയിരുന്ന കോല്‍ക്കത്തയ്ക്കാണ് അദ്ദേഹം ആദ്യം നീങ്ങിയത്. അവിടെ 50 രൂപ ശമ്പളത്തില്‍ ഒരു പാചകക്കാരന്‍റെ സഹായിയായി ജോലി ചെയ്തു. ഒരുവര്‍ഷത്തിനകം അദ്ദേഹത്തെ തന്‍റെ തൊഴില്‍ദാദാവ് മുംബൈയില്‍ ഒരു ബന്ധുവിന്‍റെ സ്ഥലത്തേക്ക് അയച്ചു.
ഗേറ്റ്‌വേ ഫോട്ടോഗ്രാഫര്‍ ആയിരുന്ന തന്‍റെ ഒരകന്ന ബന്ധുവിനെ കുറച്ചുകാലങ്ങള്‍ക്കുശേഷം, ഇപ്പോള്‍ പ്രായം 50-കളില്‍ എത്തിനില്‍ക്കുന്ന, ഗംഗാറാം കണ്ടുമുട്ടി. “എന്തുകൊണ്ട് ഈ രംഗത്ത് കൈവച്ചുകൂടാ എന്ന് ഞാനും ചിന്തിച്ചു”, അദ്ദേഹം പറഞ്ഞു. ആ സമയത്ത് (1980-കളില്‍) സ്മാരക സ്ഥലത്ത് ഏകദേശം 10-15 ആളുകളെ ഉണ്ടായിരുന്നുള്ളൂ എന്ന് അദ്ദേഹം പറഞ്ഞു. ചില മുതിര്‍ന്ന ഫോട്ടോഗ്രാഫര്‍മാര്‍ അവരുടെ പക്കല്‍ അധികമുള്ള പോളറോയ്‌ഡുകളോ പോയിന്‍റ് ചെയ്ത് ഷൂട്ട് ചെയ്യുന്ന ക്യാമറകളോ പുതുതായി എത്തുന്നവര്‍ക്ക് കമ്മീഷന്‍ വ്യവസ്ഥയില്‍ വായ്പയായി നല്‍കുമായിരുന്നു. ഗംഗാറാമിനോട് ഫോട്ടോ ആല്‍ബം പിടിക്കാനും ഇടപാടുകാരോട് സംസാരിക്കാനും ആവശ്യപ്പെടുമായിരുന്നു. ക്രമേണ അദ്ദേഹത്തിന് ഒരു ക്യാമറ നല്‍കി. അന്ന് ഇടപാടുകാരില്‍നിന്നും ഒരു ഫോട്ടോക്ക് 20 രൂപ എന്ന നിലയില്‍ ഈടാക്കിയിരുന്നതില്‍നിന്നും അദ്ദേഹത്തിന് 2 അല്ലെങ്കില്‍ 3 രൂപ ലഭിക്കുമായിരുന്നു. അദ്ദേഹവും മറ്റുചിലരും കൊളാബ നടപ്പാതകളില്‍ രാത്രിയില്‍ ഉറങ്ങുകയും പകല്‍ ഫോട്ടോഗ്രാഫ് വേണ്ട ആളുകളെ അന്വേഷിക്കുകയും ചെയ്യുമായിരുന്നു.
“ആ പ്രായത്തില്‍ പണം കൈയില്‍ വരുന്നതിനായി നിങ്ങള്‍ ചുറ്റിക്കറങ്ങാന്‍ ആവേശം കാണിക്കും”, ഗംഗാറാം പുഞ്ചിരിയോടെ പറഞ്ഞു. “തുടക്കത്തില്‍ ഞാന്‍ എടുത്ത ഫോട്ടോകളൊന്നും കൃത്യമായിരുന്നില്ല, പക്ഷെ മുന്നോട്ടു പോകുന്തോറും നിങ്ങള്‍ പണി പഠിക്കുന്നു.”
ഓരോ ചുരുളും (reel) മൂല്യവത്തായിരുന്നു. 36 ഫോട്ടോയുടെ ഒരു ചുരുളിന് 35-40 രൂപയാകുമായിരുന്നു. “വെറുതെ ഞങ്ങള്‍ക്ക് ക്ലിക്ക് ചെയ്തുകൊണ്ടിരിക്കാന്‍ പറ്റില്ലായിരുന്നു. ഇപ്പോഴുള്ളതില്‍നിന്നും വ്യത്യസ്തമായി ഓരോ ഫോട്ടോയും ശ്രദ്ധയോടെയും ചിന്തയോടെയും എടുക്കണമായിരുന്നു. ഇപ്പോള്‍ നിങ്ങള്‍ക്കാവശ്യമുള്ളത്ര, ഇഷ്ടംപോലെ [ഡിജിറ്റല്‍] ഫോട്ടോകള്‍ എടുക്കാന്‍ കഴിയും”, ഗംഗാറാം പറഞ്ഞു. ക്യാമറകളില്‍ ഫ്ലാഷ് വെളിച്ചം ഇല്ലാതെ സൂര്യാസ്തമയത്തിനുശേഷം ഫോട്ടോ എടുക്കാന്‍ കഴിയുമായിരുന്നില്ല എന്നകാര്യം അദ്ദേഹം ഓര്‍മ്മിക്കുകയും ചെയ്യുന്നു.
കടകളിലും സമീപത്തെ കോട്ട മേഖലയിലെ ചെറുഫോട്ടോ സ്റ്റുഡിയോകളിലും ഫോട്ടോകള്‍ അച്ചടിച്ചു ലഭിക്കുന്നതിന് 1980-കളില്‍ ഒരുദിവസം എടുക്കുമായിരുന്നു. ഓരോ 4x5 ഇഞ്ച് വര്‍ണ്ണ ഫോട്ടോകളും ചുരുളില്‍ നിന്നും വികസിപ്പിക്കുന്നതിനായി 15 രൂപയും പ്രിന്‍റ് ചെയ്യുന്നതിന് 1.50 രൂപയും ആകുമായിരുന്നു.
“ഇപ്പോള്‍ ഇതെല്ലാം ചുറ്റുംകരുതിയാലെ അതിജീവിക്കാന്‍ കഴിയൂ”, ഗംഗാറാം പറഞ്ഞു. ഫോട്ടോഗ്രാഫര്‍മാര്‍ 6-7 കിലോയും ചുമന്നുകൊണ്ടാണ് നടക്കുന്നത് - ക്യാമറ, പ്രിന്‍റര്‍, ആല്‍ബം, കടലാസുകള്‍ (50 എണ്ണത്തിന്‍റെ ഒരു പാക്കറ്റിന് 110 രൂപ വിലവരും. കൂടാതെ കാട്രിഡ്ജ് ചിലവുകളും). “ഫോട്ടോ എടുക്കുന്നകാര്യം ആളുകളെ മനസ്സിലാക്കിക്കാന്‍ ശ്രമിച്ചുകൊണ്ട് ദിവസം മുഴുവന്‍ ഞങ്ങള്‍ നില്‍ക്കുന്നു. എന്‍റെ പുറം വേദനിക്കുന്നു”, ഗംഗാറാം കൂട്ടിച്ചേര്‍ത്തു. വീട്ടമ്മയായ ഭാര്യ കുസുമും മൂന്ന് മക്കളുമൊത്ത് അദ്ദേഹം ഇപ്പോള്‍ നരിമാന്‍ പോയിന്‍റിലുള്ള ചേരികോളനിയിലാണ് താമസിക്കുന്നത്.
ഗേറ്റ്‌വേയിലെ തന്‍റെ ആദ്യവര്‍ഷങ്ങളില്‍ മുംബൈ ദര്‍ശന്‍ വിനോദയാത്രയ്ക്കെത്തുന്ന കുടുംബങ്ങള്‍ മറ്റുസ്ഥലങ്ങളില്‍ ഫോട്ടോ എടുക്കുന്നതിനായി ചിലപ്പോള്‍ ഫോട്ടോഗ്രാഫര്‍മാരെ ഒപ്പംകൂട്ടുകപോലും ചെയ്യുമായിരുന്നു. ഫോട്ടോകള്‍ പിന്നീട് ഇടപാടുകാര്‍ക്ക് തപാലില്‍ അല്ലെങ്കില്‍ കൊറിയര്‍ ചെയ്ത് അയയ്ക്കുമായിരുന്നു. ചിത്രങ്ങള്‍ അവ്യക്തമാകുന്നപക്ഷം ഫോട്ടോഗ്രഫര്‍മാര്‍ പണം കവറിലാക്കി ഒരു ക്ഷമാപണക്കുറിപ്പോടെ തിരിച്ചയയ്ക്കുമായിരുന്നു.
“ഇതെല്ലാം വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു, അതൊരു നല്ല സമയമായിരുന്നു. എല്ലാ സംസ്ഥാനങ്ങളില്‍നിന്നും ആളുകള്‍ എത്തുമായിരുന്നു, അവര്‍ ഫോട്ടോ വിലമതിക്കുകയും ചെയ്യുമായിരുന്നു. ഇത് അവരെസംബന്ധിച്ച് തിരികെ വീട്ടിലെത്തുമ്പോള്‍ കുടുംബക്കാരെ കാണിക്കുന്നതിനുള്ള ഒരു ഓര്‍മ്മയായിരുന്നു. അവര്‍ ഞങ്ങളിലും ഞങ്ങളുടെ ഫോട്ടോഗ്രഫിയിലും വിശ്വാസം അര്‍പ്പിച്ചു. ഗേറ്റ്‌വേയെ അല്ലെങ്കില്‍ താജ് ഹോട്ടലിനെ നിങ്ങള്‍ തൊടുന്നതുപോലെ [അവയുടെ മുകള്‍ഭാഗത്ത്] ചിത്രങ്ങളില്‍ തോന്നിക്കുന്ന രീതിയില്‍ ഫോട്ടോകള്‍ എടുക്കുന്നതാണ് ഞങ്ങളുടെ പ്രത്യേകത”, ഗംഗാറാം പറഞ്ഞു.
പക്ഷെ ജോലി ചെയ്തിരുന്ന ഏറ്റവും മികച്ച വര്‍ഷങ്ങളില്‍പോലും പ്രശ്നങ്ങള്‍ ഉണ്ടായിരുന്നു എന്ന് അദ്ദേഹം ഓര്‍മ്മിക്കുന്നു. ക്ഷുഭിതരായ ഇടപാടുകാര്‍ തങ്ങള്‍ക്കെതിരെ പരാതി കൊടുക്കുകയാണെങ്കില്‍, അല്ലെങ്കില്‍ ആളുകള്‍ ഗേറ്റ്‌വേയിലേക്ക് ദേഷ്യത്തോടെ തിരിച്ചെത്തി തങ്ങള്‍ വഞ്ചിതരായെന്നും ഫോട്ടോകള്‍ കിട്ടിയില്ലെന്നും പറയുകയാണെങ്കില്‍, അത്തരം സമയങ്ങളില്‍ ഫോട്ടോഗ്രഫര്‍മാരെ കൊളാബ പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുമായിരുന്നു. “ക്രമേണ ഞങ്ങള്‍ തെളിവിനായി അടുത്തുള്ള പോസ്റ്റ് ഓഫീസില്‍ നിന്നും സ്റ്റാമ്പ് പതിപ്പിച്ച ഒരു രജിസ്റ്റര്‍ സൂക്ഷിക്കാന്‍ തുടങ്ങി”, ഗംഗാറാം പറഞ്ഞു.
പ്രിന്‍റ് എടുക്കാന്‍ ആളുകള്‍ക്ക് പണമില്ലാത്ത സമയം ഉണ്ടായിരുന്നു. അപ്പോള്‍ പണം തപാലില്‍ എത്തുന്നതിനായി ഫോട്ടോഗ്രാഫര്‍മാര്‍ കാത്തിരിക്കേണ്ടതുണ്ടായിരുന്നു.
2008 നവംബര്‍ 26-ന് ഭീകരാക്രമണം ഉണ്ടായശേഷം ജോലി കുറച്ചുദിവസത്തേക്ക് നിര്‍ത്തിവയ്ക്കേണ്ടിവന്നുവെന്ന് ഗംഗാറാം ഓര്‍മ്മിച്ചു, പക്ഷെ ആവശ്യം വീണ്ടും വര്‍ദ്ധിച്ചു. “താജ് ഹോട്ടലിന്‍റെയും [ഗേറ്റ്‌വേ ഓഫ് ഇന്ത്യയുടെ എതിര്‍വശം] ഒബറോയ് ഹോട്ടലിന്‍റെയും [ആക്രമണത്തിന്‍റെ രണ്ട് കേന്ദ്രങ്ങള്‍] സമീപത്തുനിന്ന് ഫോട്ടോ എടുക്കാന്‍ ആളുകള്‍ വരുന്നു. ഇപ്പോള്‍ കെട്ടിടങ്ങള്‍ക്ക് ഒരു കഥ പറയാനുണ്ട്”, അദ്ദേഹം പറഞ്ഞു.
ബൈജ്നാഥ് ചൗധരിയും ഈ കഥകള്‍ പറഞ്ഞ് ആളുകളെ ആകര്‍ഷിക്കുന്ന വ്യക്തിയാണ്. ഗേറ്റ്‌വേയില്‍നിന്നും ഏകദേശം ഒരു കിലോമീറ്റര്‍മാറി നരിമാന്‍ പോയിന്‍റിലെ ഒബറോയ് (ട്രിഡന്‍റ്) ഹോട്ടലിന് പുറത്തെ നടപ്പാതകളില്‍ ജോലി ചെയ്യുകയാണ് അദ്ദേഹം. പല സഹപ്രവര്‍ത്തകരും മറ്റ് ജീവിതമാര്‍ഗ്ഗങ്ങള്‍ തേടിപോയെങ്കിലും ഇപ്പോള്‍ ഏകദേശം 57 വയസ്സുള്ള ബൈജ്നാഥ് കഴിഞ്ഞ 4 ദശകങ്ങളായി ഫോട്ടോഗ്രാഫര്‍ തന്നെയാണ്.
കൊളാബയിലെ നടപ്പാതകളില്‍ ബൈനോക്കുലറുകള്‍ വില്‍ക്കുകയായിരുന്ന അമ്മാവനോടൊപ്പം തന്‍റെ 15-ാമത്തെ വയസ്സിലാണ് അദ്ദേഹം ബീഹാറിലെ മധുബനി ജില്ലയിലെ ഡുംരി ഗ്രാമത്തില്‍നിന്നും മുംബൈയില്‍ എത്തിച്ചേര്‍ന്നത്. മാതാപിതാക്കള്‍ ഗ്രാമത്തില്‍ ദിവസവേതന കര്‍ഷക തൊഴിലാളികള്‍ ആയിരുന്നു.
ഗംഗാറാമിന്‍റെ ഒരകന്ന ബന്ധുവായ ബൈജ്നാഥും തുടക്കത്തില്‍ പോളറോയ്‌ഡ് ഉപയോഗിക്കുകയും പിന്നീട് പോയിന്‍റ് ചെയ്ത് ഷൂട്ട് ചെയ്യുന്ന ക്യാമറയിലേക്ക് മാറുകയും ചെയ്ത വ്യക്തിയാണ്. അദ്ദേഹവും നരിമാന്‍ പോയിന്‍റില്‍ അന്നുണ്ടായിരുന്ന മറ്റുചില ഫോട്ടോഗ്രാഫര്‍മാരും അടുത്തുള്ള നടപ്പാതകളില്‍ ഉറങ്ങാന്‍ പോകുമ്പോള്‍ തങ്ങളുടെ ക്യാമറ സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി താജ് ഹോട്ടലിന് അടുത്തുള്ള ഒരു കടക്കാരനെ എല്പ്പിക്കുമായിരുന്നു.
ഏകദേശം 6 മുതല്‍ 8 വരെ ഇടപാടുകാരില്‍നിന്നും പ്രതിദിനം 100-200 രൂപവരെ മുന്‍വര്‍ഷങ്ങളില്‍ അദ്ദേഹത്തിന് ലഭിക്കുമായിരുന്നു. കാലങ്ങള്‍കൊണ്ട് ഇത് 300-900 രൂപയായി വര്‍ദ്ധിച്ചു - പക്ഷെ സ്മാര്‍ട്ട്ഫോണിന്‍റെ വരവോടെ 100-300 രൂപയായി താഴ്ന്നു. ലോക്ക്ഡൗണിന്‍റെ സമയംമുതല്‍ ഇത് വെറും 100 അല്ലെങ്കില്‍ 30 രൂപയിലേക്ക് താഴ്ന്നു - അല്ലെങ്കില്‍ ഒന്നുംതന്നെ ലഭിക്കാതിരിക്കുന്നു.
ഏകദേശം 2009 വരെ ഉത്തര മുംബൈയിലെ സാന്താക്രൂസ് പ്രദേശത്തെ പബ്ബുകളിലും അദ്ദേഹം ഫോട്ടോഗ്രഫറായി ജോലി ചെയ്തിട്ടുണ്ട് - ഓരോ ഫോട്ടോക്കും 50 രൂപ ഈടാക്കിക്കൊണ്ട്. “രാവിലെമുതല്‍ രാത്രി ഏകദേശം 9 മണിയോ 10 മണിയോ വരെ ഞാന്‍ ഇതുവഴി [നരിമാന്‍ പോയിന്‍റില്‍] തിരക്കിട്ടു നടന്നിട്ടുണ്ട്. രാത്രിഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ക്ലബ്ബില്‍ പോകുമായിരുന്നു”, ബൈജ്നാഥ് പറഞ്ഞു. അദ്ദേഹത്തിന്‍റെ മൂത്തമകനായ വിജയിയും ഗേറ്റ്‌വേയില്‍ ഫോട്ടോഗ്രഫറായി പ്രവര്‍ത്തിക്കുന്നു.
ബൈജ്നാഥും മറ്റ് ഫോട്ടോഗ്രാഫര്‍മാരും പറഞ്ഞത് തങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനായി അനുവാദം ആവശ്യമില്ലായിരുന്നുവെന്നും, പക്ഷെ 2014 മുതല്‍ മുംബൈ തുറമുഖ ട്രസ്റ്റും മഹാരാഷ്ട്ര വിനോദസഞ്ചാര വികസന കോര്‍പ്പറേഷനും ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ തങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കിയിട്ടുണ്ടെന്നുമാണ്. ഈ ക്രമീകരണം ഒരു ഡ്രസ്സ്കോഡും പെരുമാറ്റച്ചട്ടങ്ങളും ഏര്‍പ്പെടുത്തി. ശ്രദ്ധിക്കപ്പെടാത്ത ബാഗുകള്‍ സ്മാരകത്തില്‍ കണ്ടാല്‍ ജാഗരൂകരാവുക, സ്ത്രീകളെ ഉപദ്രവിക്കുന്ന സംഭവങ്ങള്‍ കണ്ടാല്‍ ഇടപെടുകയും റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്യുക എന്നിവയൊക്കെയായിരുന്നു അവയില്‍ ഉള്‍പ്പെട്ടിരുന്നത്. (പ്രസ്തുത വിശദാംശങ്ങള്‍ ശരിയാണെന്നുറപ്പിക്കാന്‍ ഈ റിപ്പോര്‍ട്ടര്‍ക്ക് കഴിഞ്ഞിട്ടില്ല.)
മുന്‍പ് മുനിസിപ്പല്‍ കോര്‍പ്പറേഷനും പോലീസും അവരില്‍നിന്നും പിഴയീടാക്കുകയും അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുകയും ചെയ്ത അവസരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരുമിച്ച് തങ്ങളുടെ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാനായി 1990-കളുടെ തുടക്കത്തില്‍ ഫോട്ടോഗ്രഫര്‍മാര്‍ ഒരു ക്ഷേമസംഘടന രൂപീകരിച്ചു. “ഞങ്ങളുടെ ജോലികള്‍ക്ക് അംഗീകാരം ലഭിക്കുകയും ഞങ്ങളുടെ അവകാശങ്ങള്‍ക്കുവേണ്ടി പൊരുതുകയും ചെയ്യണമായിരുന്നു”, ബൈജ്നാഥ് പറഞ്ഞു. അനാവശ്യ നിയന്ത്രണങ്ങള്‍ കൂടാതെ ജോലി ചെയ്യാന്‍ അനുവദിക്കുക, സമയം വര്‍ദ്ധിപ്പിച്ചു നല്‍കുക എന്നിവയുള്‍പ്പെടെ മറ്റുപല ആവശ്യങ്ങളും ഉന്നയിച്ചുകൊണ്ട് ഏകദേശം 60-70 ഫോട്ടോഗ്രാഫര്‍മാര്‍ ഒരുമിച്ചുചേര്‍ന്ന് 2001-ല്‍ ആസാദ് മൈതാനത്ത് പ്രതിഷേധം നടത്തിയിരുന്നു. 2000-ല്‍ അവരില്‍ ചിലര്‍ചേര്‍ന്ന് ഗേറ്റ്‌വേ ഓഫ് ഇന്ത്യ ഫോട്ടോഗ്രാഫേഴ്സ് യൂണിയന്‍ രൂപീകരിക്കുകയും അവരുടെ ആവശ്യങ്ങള്‍ ഉന്നയിച്ച് സ്ഥലം എം.എല്‍.എ.യെ കാണുകയും ചെയ്തു. ഇത് ചില താത്കാലിക ഇളവുകളും മുനിസിപ്പല്‍ കോര്‍പ്പറേഷന്‍റെയൊ പ്രാദേശിക പൊലീസിന്‍റെയൊ ഇടപെടല്‍കൂടാതെ ജോലിചെയ്യാനുള്ള ഇടവും ലഭിക്കുന്നതിന് കാരണമായി.
തന്‍റെ ഫോട്ടോഗ്രഫി വിലമതിക്കപ്പെട്ട മുന്‍വര്‍ഷങ്ങള്‍ ബൈജ്നാഥിന് നഷ്ടപ്പെടുന്നതായി തോന്നുന്നു. “ഇന്ന് എല്ലാവരും ഫോട്ടോഗ്രഫി ചെയ്യുന്നത് ഞാന്‍ കാണുന്നു”, അദ്ദേഹം പറഞ്ഞു. “പക്ഷെ ഞാനെന്‍റെ കഴിവുകള്‍ വര്‍ദ്ധിപ്പിച്ചത് വര്‍ഷങ്ങളോളം ഇവിടെനിന്നുകൊണ്ട് ഓരോ ഫോട്ടോയും ക്ലിക്ക് ചെയ്തിട്ടാണ്. ഒരെണ്ണം ശരിയായിക്കിട്ടാന്‍ നിങ്ങള്‍ ചെറുപ്പക്കാര്‍ ഒരുപാട് ഫോട്ടോകളെടുത്ത് അവയെ കൂടുതല്‍ മനോഹരമാക്കുമ്പോള്‍ [എഡിറ്റ്‌ചെയ്ത്] ഞങ്ങള്‍ക്ക് ഒരുക്ലിക്ക് മതി”, നടപ്പാതയിലൂടെ ഒരുകൂട്ടം ആളുകള്‍ നടന്നുവരുന്നതുകണ്ട് എഴുന്നേറ്റുകൊണ്ട് അദ്ദേഹം പറഞ്ഞു.” അദ്ദേഹം അവരെ ഫോട്ടോയെടുക്കാന്‍ പ്രേരിപ്പിക്കാന്‍ ശ്രമിച്ചു, പക്ഷെ അവര്‍ക്ക് താത്പര്യം ഇല്ലായിരുന്നു. അവരിലൊരാള്‍ കീശയില്‍നിന്നും ഫോണ്‍ എടുത്ത് സെല്‍ഫികള്‍ എടുക്കാന്‍ ആരംഭിച്ചു.
സുനിലും മറ്റുചില ഫോട്ടോഗ്രാഫര്‍മാരും ഗേറ്റ്‌വേ ഓഫ് ഇന്ത്യയിലെ അവരുടെ ‘ഒഫീസി’ലേക്ക് ജൂണ്‍ പകുതിമുതല്‍ വീണ്ടും പോകാന്‍ തുടങ്ങി. സ്മാരക സമുച്ചയത്തിനകത്ത് പ്രവര്‍ത്തിക്കാന്‍ ഇപ്പോഴും അവരെ അനുവദിക്കുന്നില്ല. അതുകൊണ്ട് പുറത്തുവച്ചാണ്, താജ് ഹോട്ടല്‍ പ്രദേശത്തിന് ചുറ്റുവട്ടത്തുവച്ച്, അവര്‍ ഇടപാടുകാരുമായി ബന്ധപ്പെടുന്നത്. “മഴപെയ്യുമ്പോഴും നിങ്ങള്‍ക്ക് ഞങ്ങളെ കാണാം”, സുനില്‍ പറഞ്ഞു. “ക്യാമറ, പ്രിന്‍റര്‍, [കടലാസ്] ഷീറ്റുകള്‍ എല്ലാം ഞങ്ങള്‍ക്ക് സംരക്ഷിക്കണം. ഇതിനെല്ലാംപുറമെ ഞങ്ങള്‍ ഒരു കുടയും കരുതുന്നു. ശരിയായ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കുന്നതിനിടയില്‍ എല്ലാ സാധങ്ങളും വഹിച്ചുകൊണ്ട് ഞങ്ങള്‍ ശാരീരിക സംതുലനം പാലിക്കണം.
പക്ഷെ പണം ഉണ്ടാക്കുന്നതിലുള്ള അദ്ദേഹത്തിന്‍റെ തുലനാവസ്ഥ വര്‍ദ്ധിതമാംവണ്ണം അസന്ദിഗ്ദ്ധമായിക്കൊണ്ടിരിക്കുന്നു. എന്തുകൊണ്ടെന്നാല്‍ സ്മാര്‍ട്ട്ഫോണ്‍ സെല്‍ഫിതരംഗവും ലോക്ക്ഡൗണുകളും മൂലം ഫോട്ടോഗ്രാഫര്‍മാരുടെ ‘ ഏക് മിനിറ്റ് മേം ഫുള്‍ ഫാമിലി ഫോട്ടൊ’ എന്ന അപേക്ഷ സ്വീകരിക്കാന്‍ കുറച്ചുപേര്‍ മാത്രം അവശേഷിക്കുന്ന ഒരവസ്ഥ സംജാതമായിരിക്കുന്നു.
സുനില്‍ തന്‍റെ ബാക്ക്പാക്കില്‍ കുട്ടികള്‍ക്കുവേണ്ടി അടച്ച ഫീസിന്‍റെ രസീത്ബുക്കും സൂക്ഷിച്ചാണ് നടക്കുന്നത് (മൂന്നുപേരും പഠിക്കുന്നത് കൊളാബയിലെ സ്വകാര്യ സ്ക്കൂളിലാണ്). “എനിക്ക് കുറച്ച് സമയം തരാമോയെന്നു [ഫീസടയ്ക്കാന്‍] സ്ക്കൂളിനോട് ഞാന്‍ ചോദിച്ചുകൊണ്ടിരിക്കുന്നു”, അദ്ദേഹം പറഞ്ഞു. കഴിഞ്ഞവര്‍ഷം സുനില്‍ ഒരു ചെറിയ ഫോണ്‍ വാങ്ങി. അതുകൊണ്ട് മക്കള്‍ക്ക് അദ്ദേഹത്തിന്‍റെ സ്മാര്‍ട്ട്‌ഫോണ്‍ ഉപയോഗിച്ചുകൊണ്ട് ഓണ്‍ലൈനായി പഠനം നടത്താന്‍ സാധിക്കും. “ഞങ്ങളുടെ ജീവിതം തീര്‍ന്നു. പക്ഷെ അവരെങ്കിലും എന്നെപ്പോലെ വെയില്‍ കൊള്ളരുത്. അവര്‍ എ.സി. ഒഫീസിലിരുന്ന് ജോലി ചെയ്യണം”, അദ്ദേഹം പറഞ്ഞു. “എല്ലാദിവസവും ആര്‍ക്കെങ്കിലുംവേണ്ടി ഓര്‍മ്മകള്‍ സൃഷ്ടിക്കാമെന്നും തിരിച്ച് മക്കള്‍ക്ക് ഒരുനല്ല ജീവിതം കൊടുക്കാമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.”
പരിഭാഷ: റെന്നിമോന്‍ കെ. സി.