വീടിനു പുറത്ത് ഒരു കട്ടിലിൽ 40-കാരിയായ മാലൻ അമ്മ വരുന്നതും കാത്തിരിക്കുകയാണ്. അവർ തനിക്ക് പ്രിയപ്പെട്ട ഫ്ലോറൽ ബ്ലൗസും കണങ്കാൽ വരെയെത്തുന്ന പാവാടയുമാണ് ധരിച്ചിരുന്നത്. അവർ എന്നെ നോക്കി. അവരുടെ മുഖം വിടർന്നു. എന്‍റെ മുൻ സന്ദർശനത്തിൽ നിന്നും അവർ എന്നെ മനസ്സിലാക്കി. "ആയി നാഹി ഘരി” [അമ്മ വീട്ടിൽ ഇല്ല], ഇഷ്ടികയും കല്ലും മണ്ണും ചേർത്തുണ്ടാക്കിയ കുടുംബത്തിന്‍റെ ഇരട്ടമുറി വീടിന്‍റെ വാതിൽപ്പടിയിൽ ഇരിക്കുമ്പോൾ അവർ പറഞ്ഞു.
മാലൻ മോരെ 63-കാരിയായ അമ്മ രാഹിബായിയോടും 83-കാരനായ അച്ഛൻ നാനയോടുമൊപ്പം പൂനെ ജില്ലയിലെ മുൽശി താലൂക്കിലെ വാഡി ഗ്രാമത്തിലാണ് താമസിക്കുന്നത് (അവരുടെ പേരുകളും ഗ്രാമത്തിന്‍റെ പേരും മാറ്റിയിരിക്കുന്നു). ഏകദേശം മൂന്നേക്കർ വരുന്ന ഭൂമിയിൽ ഈ കുടുംബം നെല്ല്, ഗോതമ്പ്, പച്ചക്കറികൾ എന്നിവ കൃഷി ചെയ്യുന്നു.
മാലന് ‘ബോർഡർലൈൻ മെന്‍റൽ റീറ്റാർഡേഷൻ’ ആണെന്ന് അവർക്ക് 18 വയസ്സുള്ളപ്പോൾ പൂനെയിലെ സസൂൻ ജനറൽ ആശുപത്രി സ്ഥിരീകരിച്ചു.
അതിനു 12 വർഷങ്ങൾക്കു മുൻപ് അവർ പ്രദേശത്തെ സംസ്ഥാന ഉടമസ്ഥതയിലുള്ള പ്രാഥമിക വിദ്യാലയത്തിൽ പോയിരുന്നു. "അവളുടെ ക്ലാസിൽ പഠിച്ചവരെല്ലാം നാലാംക്ലാസ് കടന്നു മുന്നോട്ടുപോയി. പക്ഷെ മണ്ണിൽ കുത്തിക്കുറിക്കുന്നതിനപ്പുറം പോകാൻ അവൾക്കു കഴിഞ്ഞില്ല”, രാഹിബായ് പറഞ്ഞു. "അവസാനം അവളെ സ്കൂളിൽ നിന്നും മാറ്റാന്‍ ക്ലാസ് അദ്ധ്യാപിക എന്നോട് പറഞ്ഞു.” മാലന് അപ്പോൾ 15 വയസ്സായിരുന്നു.
അപ്പോൾ മുതൽ തന്‍റെ അമ്മയോടൊപ്പം ചെറിയ വീട്ടുജോലികൾ ചെയ്തുകൊണ്ട് മാലൻ വീട്ടിൽ താമസിക്കുന്നു, പക്ഷെ താല്പര്യമുള്ളപ്പോൾ മാത്രം. അവർ അപൂർവമായേ സംസാരിക്കാറുള്ളൂ. സംസാരിക്കുകയാണെങ്കിൽ അത് രാഹിബായിയോടും മറ്റു ചിലരോടും മാത്രം. പക്ഷേ അവർക്ക് മനസ്സിലാക്കാനും വിനിമയം ചെയ്യാനും സാധിക്കും. ഞാൻ അവരോട് സംസാരിച്ചപ്പോൾ അവർ തലയാട്ടുകയും പുഞ്ചിരിക്കുകയും കുറച്ചുനേരത്തേക്ക് മാത്രം സംസാരിക്കുകയും ചെയ്തു.
ഏതാണ്ട് 12 വയസ്സുള്ളപ്പോഴാണ് മാലന് ആദ്യമായി മാസമുറ ആകുന്നത്. "ഇതാ രക്തം” എന്നാണ് ആദ്യമായി രക്തം കണ്ടപ്പോൾ അവർ രാഹിബായിയോട് വിശദീകരിച്ചത്. തുണികൊണ്ടുള്ള പാഡുകള്‍ എങ്ങനെ ഉപയോഗിക്കണമെന്ന് അവരുടെ അമ്മ അവരെ പഠിപ്പിച്ചു. "പക്ഷെ എന്‍റെ മകൻ വിവാഹിതനായി വീട്ടിൽ വിവാഹത്തിന്‍റെ ചടങ്ങുകൾ നടക്കുകയായിരുന്നു. അങ്ങനെ, എന്നെപ്പോലെ, അവളും പുറത്തിരിക്കാൻ തുടങ്ങി [അവളുടെ മാസമുറ സമയത്ത്].” അടുക്കളയിൽ പ്രവേശിക്കാതിരിക്കുകയും മുറിയിൽ ഒരു മൂലയിൽ ഒതുങ്ങിക്കൂടുകയും ചെയ്യുന്നതുപോലെയുള്ള നിയന്ത്രണങ്ങളെപ്പറ്റി പരാമർശിച്ചുകൊണ്ട് രാഹിബായ് പറഞ്ഞു. മാസമുറ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി അറിയാനുള്ള മാലന്‍റെ ഒരേയൊരു സ്രോതസ്സ് അവരുടെ അമ്മയാണ്. അതുകൊണ്ട് അവർ രാഹിബായ് പറയുന്നത് പിന്തുടരുക മാത്രം ചെയ്തു.
കാലങ്ങൾ കഴിഞ്ഞപ്പോൾ മകൾക്ക് ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയ നടത്താൻ രാഹിബായിക്ക് ഉപദേശം ലഭിച്ചു. “ചിലസമയത്ത് മാലന് അഞ്ചോ ആറോ മാസങ്ങൾവരെ മാസമുറയാവില്ല. ഞാനപ്പോൾ ആശങ്കാകുലയാവും [ഗർഭധാരണം ഭയന്ന്]. അവള്‍ അധികം സംസാരിക്കില്ല. എന്തെങ്കിലും സംഭവിച്ചിട്ടുണ്ടോയെന്ന് ഞാനെങ്ങനെ അറിയും?" രാഹിബായ് വിശദീകരിച്ചു. "ഞാനവളെ പൂനെയിലെ കുടുംബാസൂത്രണ [ഫാമിലി പ്ലാനിംഗ് അസോസിയേഷൻ ഓഫ് ഇൻഡ്യ] ക്ലിനിക്കിൽ [വാഡി ഗ്രാമത്തിൽ നിന്നും ഏതാണ്ട് 50 കിലോമീറ്റർ മാറി] കൊണ്ടു പോയി രണ്ടുതവണ പരിശോധിച്ചു. രണ്ടാംതവണ പരിശോധിച്ചത് 2018-ൽ ആയിരുന്നു.” കെമിസ്റ്റുകളുടെ പക്കൽ നിന്നും ഗർഭധാരണ പരിശോധന കിറ്റ് എളുപ്പത്തിൽ ലഭ്യമാവും. പക്ഷെ രാഹിബായിക്ക് മാലനുവേണ്ടി അത് സംഘടിപ്പിക്കുക ബുദ്ധിമുട്ടായിരുന്നു.
ആർത്തവം ഒരു പ്രശ്നമാണെന്ന തരത്തിലുള്ള വ്യാപകമായ സാമൂഹ്യ നിലപാടുകള്‍, അതോടൊപ്പം ലൈംഗികതയെപ്പറ്റിയുള്ള പരിശീലനത്തിന്‍റെ കുറവ്, ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും സ്ഥാപനപരമായ പിന്തുണ ഇല്ലാത്തത് എന്നിവയുടെ പരിണത ഫലങ്ങളിലൊന്നാണ് ബുദ്ധിമാന്ദ്യമുള്ള പെൺകുട്ടികളുടെ പ്രത്യുല്‍പാദനപരമായ അവയവങ്ങൾ നീക്കം ചെയ്യുന്ന ശസ്ത്രക്രിയ അഥവാ ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയ [hysterectomy].
ഇത്തരമൊരു നടപടി ആദ്യമായി വാർത്താ തലക്കെട്ടുകളിൽ വന്നത് 18 മുതൽ 35 വയസ്സുവരെ പ്രായമുള്ള ബുദ്ധിമാന്ദ്യം നേരിടുന്ന സത്രീകളിൽ പൂനെയിലെ സസൂൻ ജനറൽ ആശുപത്രിയിൽ വച്ച് 1994-ൽ ഗര്‍ഭപാത്രം നീക്കംചെയ്യല്‍ ശസ്ത്രക്രിയകള്‍ നടത്തിയപ്പോഴാണ്. പൂനെ ജില്ലയിലെ ശിരൂർ താലൂക്കിലെ താമസ സൗകര്യങ്ങളോടു കൂടിയ ഗവൺമെ ന്‍റ് സർട്ടിഫൈഡ് സ്ക്കൂൾ ഫോർ മെന്‍റലി ഡെഫിഷ്യ ന്‍റ് ഗേൾസ് എന്ന ഒരു സ്ഥാപനത്തിൽ നിന്നുമാണ് അവരെ അവിടെത്തിച്ചത്. അധികാരികൾ പറഞ്ഞത് ആർത്തവത്തെയും സ്ത്രീകൾക്കെതിരെ നടക്കുന്ന ലൈംഗിക ദുരുപയോഗങ്ങളുടെ പരിണത ഫലങ്ങളെയും നിയന്ത്രിക്കുന്നതിനായിരുന്നു ഇതെന്നാണ്.
'പൂനെ ക്ലിനിക്കിലെ ഡോക്ടർമാർ [മാലന്] ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്താന്‍ ഉദേശിച്ചു', രാഹിബായ് എന്നോടു പറഞ്ഞു. 'പക്ഷെ ഞാനവരോട് ചോദിച്ചു ഗർഭപാത്രം മുഴുവനായി മാറ്റി വയ്ക്കുന്നതിനു പകരം നസ്ബന്ദി [ട്യൂബക്ടമി] ചെയ്യാമോയെന്ന്'
എന്നാൽ, സമ്മതമില്ലാതെയായിരുന്നു ശസ്ത്രക്രിയകൾ നടത്തിയതെന്നും 10 വയസ്സുപോലും തികയാത്ത കുട്ടികളിലായിരുന്നു അവയെന്നും ആരോപിച്ചുകൊണ്ട് പൂനെയിൽ നിന്നുള്ള പൊതു ആരോഗ്യ പ്രവർത്തകനായ ഡോ. അനന്ത് ഫഡ്ഗെ ബോംബെ ഹൈക്കോടതിയിൽ ഒരു റിട്ട് പെറ്റീഷൻ നൽകി. നിരവധി സ്ഥലങ്ങളിൽ ബുദ്ധിമാന്ദ്യമുള്ള സ്ത്രീകളുമായി ബന്ധപ്പെട്ട് നടക്കുന്ന വ്യാപകമായ ലൈംഗിക ദുരുപയോഗം, അവഗണന, നിർബന്ധിത ഗർഭധാരണങ്ങൾ, ഗർഭഛിദ്രങ്ങൾ എന്നിവ പരാതിക്കാർ ഉയർത്തിക്കാട്ടിയിരുന്നു. വാദം പൂർത്തിയാക്കിയെന്നും വിധി പുറപ്പെടുവിക്കാന്‍ താമസമുണ്ടെന്നും പറഞ്ഞ് കഴിഞ്ഞ വർഷം, പരാതി നൽകിയതിന് 25 വർഷങ്ങൾക്കുശേഷം, 2019 ഒക്ടോബർ 27-ന് ബോംബെ ഹൈക്കോടതി ഒരുത്തരവ് പാസാക്കി.
“പൂനെ ക്ലിനിക്കിലെ ഡോക്ടർമാർ [മാലന്] ഗർഭപാത്രം നീക്കംചെയ്യാനുള്ള ശസ്ത്രക്രിയ നടത്താന്‍ ഉദേശിച്ചു”, രാഹിബായ് എന്നോടു പറഞ്ഞു. “പക്ഷെ ഞാനവരോട് ചോദിച്ചു ഗർഭപാത്രം മുഴുവനായി മാറ്റി വയ്ക്കുന്നതിനു പകരം നസ്ബന്ദി [ട്യൂബക്ടമി] ചെയ്യാമോയെന്ന്”
ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകൾക്കുവേണ്ടിയുള്ള ഗർഭനിരോധന മാർഗ്ഗങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുമായും സുസ്ഥിര ജനന നിയന്ത്രണ മാർഗ്ഗങ്ങളുമായും ബന്ധപ്പെട്ട് അന്താരാഷ്ട്രാ വേദികളിൽ ചർച്ചകൾ നടക്കുമ്പോൾ ഇങ്ങകലെ വാഡി ഗ്രാമത്തിൽ മകളുടെ ആവശ്യങ്ങൾ ഉള്ളാലെ ഗ്രഹിക്കാൻ രാഹിബായിക്ക് ശേഷിയുണ്ട്. മാലന്‍റെ ഇളയ സഹോദരിയും (വിവാഹിതയായി പൂനെയിൽ ജീവിക്കുന്നു) സ്ത്രീകളായിട്ടുള്ള മറ്റ് ബന്ധുക്കളും ഇക്കാര്യത്തിന് പിന്തുണ നൽകുന്നു. "അവളുടെ ചെറുപ്പത്തിൽ ഒന്നും സംഭവിച്ചില്ല. ഇപ്പോൾ എന്തിന് വേദന നൽകണം? അതങ്ങനെ പോട്ടെ”, അവർ പറഞ്ഞു. അങ്ങനെ മാലന് വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കോ ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയയ്ക്കോ വിധേയയാകേണ്ടി വന്നില്ല.
എന്നിരിക്കിലും നിരവധി മാതാപിതാക്കൾ തങ്ങളുടെ ബുദ്ധിമാന്ദ്യമുള്ള പെൺമക്കൾക്കുവേണ്ടി ഇത്തരം ശസ്ത്രക്രിയകൾ നടത്തുന്നു. ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകൾക്കു താമസ സൗകര്യങ്ങൾ നൽകുന്ന നിരവധി സ്ഥാനങ്ങളുടെയും (residential institutions) പ്രവേശനത്തിനുള്ള ഒരു മുന്നുപാധി ഗർഭപാത്രം നീക്കംചെയ്യൽ ശസ്ത്രക്രിയ നടത്തിയിരിക്കണമെന്നുള്ളതാണ്. ഇവർ ഒരിക്കലും വിവാഹിതരാവില്ലെന്നും പ്രസവിക്കില്ലെന്നും അതിനാൽ അവരുടെ ഗർഭപാത്രത്തിന് ഒരുപയോഗവും ഇല്ലെന്നുമുള്ളതാണ് ഇങ്ങനെ കരുതാനുള്ള കാരണം. ഈ നടപടിക്രമം ആർത്തവത്തെ നിയന്ത്രിക്കാൻ പെൺകുട്ടികളെ സഹായിക്കുക എന്ന പ്രശ്നത്തിന് പരിഹാരമാകുന്നു. ഈ തീരുമാനം പൊതുവെ ലൈംഗിക ദുരുപയോഗത്തെക്കുറിച്ചും തല്‍ഫലമായുണ്ടാകാവുന്ന ഗർഭധാരണത്തെക്കുറിച്ചുള്ള ഭയത്തിൽ നിന്നുകൂടിയാണ് ഉണ്ടാകുന്നത്.
ഈ ആശങ്കകളിൽ പലതും അസ്ഥാനത്താണ്. "ബോർഡർലൈൻ ബുദ്ധിമാന്ദ്യം നേരിടുന്ന മിക്ക പെൺകുട്ടികൾക്കും എന്താണ് ആർത്തവാരംഭത്തിൽ സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ പറ്റും. മാസമുറ സമയത്ത് വേണ്ട സ്വയംപരിചരണത്തിന് അവരെ പരിശീലിപ്പിക്കാനും കഴിയും”, പൂനെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന തഥാപി ട്രസ്റ്റിന്‍റെ മുൻ കോഓർഡിനേറ്ററായ അച്യുത് ബോർഗാവ്കർ പറഞ്ഞു. പ്രസ്തുത ട്രസ്റ്റ് രക്ഷാകർത്താക്കൾ, അദ്ധ്യാപകർ, കൗൺസെലർമാർ, പരിചരണം നൽകുന്നവർ എന്നിവര്‍ക്കിടയിൽ ബുദ്ധിമാന്ദ്യത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചും ബോധവത്കരണവും പരിശീലനവും നൽകുന്നു. “പക്ഷെ നമ്മുടെ പൊതു ആരോഗ്യ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒരു പദ്ധതിയുമില്ല [ബുദ്ധിമാന്ദ്യമുള്ളവർക്കു വേണ്ടിയുള്ള ജീവിത നൈപുണികളെക്കുറിച്ചും ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചും].
പൊതുജനാരോഗ്യ സുരക്ഷയ്ക്കും ക്ഷേമത്തിനുമുള്ള ശക്തമായ സംവിധാനങ്ങളില്ലാതെയും, കുടുംബത്തിന്‍റെയും സമുദായത്തിന്‍റെയും സ്ഥിരമായ പിന്തുണയില്ലാതെയും, ബുദ്ധിമാന്ദ്യം അനുഭവിക്കുന്ന വ്യക്തികളുടെ ലൈംഗിക പ്രത്യുല്‍പാദന ആരോഗ്യവും അവകാശങ്ങളും സംരക്ഷിക്കുക വളരെ ബുദ്ധിമുട്ടാണെന്ന് മേധാ ടേംഗ്ശെ പറഞ്ഞു.
"ഞങ്ങളും നിസ്സഹായരാണ്", ബുദ്ധിമാന്ദ്യം നേരിടുന്ന പ്രായപൂർത്തിയായവരുടെ താമസത്തിനു വേണ്ടിയുള്ള സാധന വില്ലേജ് എന്ന സ്ഥാപനത്തിന്‍റെ സ്ഥാപകാംഗമായ മേധാ ടേംഗ്ശെ പറഞ്ഞു. വാഡിയിൽനിന്നും 10 കിലോമീറ്റർ മാറി കോൽവൺ താഴ്വരയിൽ 1994-ൽ (രജിസ്റ്റർ ചെയ്ത ഒരു സംഘം എന്ന നിലയിൽ) ആണ് ഇത് സ്ഥാപിച്ചിട്ടുള്ളത് (കഴിഞ്ഞ 20 വർഷമായി ചെറിയൊരു പാരിതോഷികം പറ്റിക്കൊണ്ട് രാഹിബായ് സാധന വില്ലേജിൽ കമ്മ്യൂണിറ്റി പ്രവർത്തകയാണ്). "ഞങ്ങളുടെ സ്ത്രീ നിവാസികളെ പരിചരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമായിരുന്ന സമർപ്പിതരായ സ്ത്രീകളെ ഏതാണ്ട് 15 വർഷങ്ങൾക്കു മുൻപ് ഞങ്ങൾക്ക് ലഭിക്കുമായിരുന്നു. അവസ്ഥകൾ ഇപ്പോൾ മാറി. അടിസ്ഥാനപരമായ സ്വയം പരിചരണത്തിന്‍റെ കാര്യത്തിൽ ഇവിടെ ജീവിക്കുന്ന സ്ത്രീകളെ ഞങ്ങൾ പരിശീലിപ്പിച്ചെടുക്കുന്നു. പക്ഷെ ചിലപ്പോൾ ഞങ്ങൾക്കും കൈകാര്യം ചെയ്യാൻ കഴിയില്ല. അങ്ങനെ വരുമ്പോൾ ഞങ്ങൾക്കും ശസ്ത്രക്രിയ നിർദ്ദേശിക്കേണ്ടിവരും.”
കോൽവൺ ഗ്രാമത്തിനടുത്ത്, വാഡിയോട് ചേർന്നു കിടക്കുന്ന ആരോഗ്യ ഉപകേന്ദ്രത്തിൽ, ശക്തമായ പൊതു ആരോഗ്യ സമ്പ്രദായത്തിന്‍റെ അഭാവം പ്രകടമാണ്. ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകളുടെ പ്രത്യുല്‍പാദനപരമായ ആരോഗ്യത്തെക്കുറിച്ചു ചോദിച്ചപ്പോൾ രണ്ട് പുരുഷ ആരോഗ്യ പ്രവർത്തകരും ഒരു പുരുഷ മെഡിക്കൽ ഓഫീസറും രണ്ട് സ്ത്രീ ആരോഗ്യ പ്രവർത്തകരും മുഖം തിരിച്ചു. “കൗമാര പ്രായത്തിലുള്ള പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഞങ്ങൾ സാനിറ്ററി പാഡുകൾ വിതരണം ചെയ്യുന്നു”, ഒരു പ്രസവ സഹായ ശുശ്രൂഷക (Auxiliary Nurse Midwife) പറഞ്ഞു. അല്ലാതെ നിങ്ങളെന്ത് ചെയ്യുമെന്ന് ഞാൻ ചോദിച്ചു. പത്യേകിച്ചൊന്നും പറയാനില്ലാതെ അവർ പരസ്പരം നോക്കി.
കുലെ ഗ്രാമത്തിൽ വാഡിക്ക് ഏറ്റവുമടുത്തുള്ള (ഏകദേശം 11 കിലോമീറ്റർ ദൂരം) പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലും ഇതു തന്നെയാണ് അവസ്ഥ. ആശ പ്രവർത്തകയായ അല്ലെങ്കില്‍ അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തകയായ ആശ പ്രവര്‍ത്തകയായ(ASHA - Accredited Social HealthActivist) സുവർണ സോനാർ പറഞ്ഞത് ‘പതിയെ പഠിക്കുന്നവരായ’ രണ്ട് പെൺകുട്ടികൾ കുലെയിലും നാലോ അഞ്ചോ പേർ കോൽവണിലും ഉണ്ടെന്നാണ്. പക്ഷെ അവർക്കായി പ്രത്യേക ആരോഗ്യ സേവനങ്ങളൊന്നുമില്ലെന്ന് സുവർണ കൂട്ടിച്ചേർത്തു. "ആർത്തവമാകുമ്പോൾ അവരുടെ പെരുമാറ്റങ്ങൾ മാറുന്നു. ഞങ്ങൾക്കറിയില്ല എങ്ങനെ, എന്ത് അവരോട് പറയുമെന്ന്.”
ഭിന്നശേഷിയുള്ള വ്യക്തികളുടെ അവകാശങ്ങൾക്കുവേണ്ടി 2008 മെയ് 3-ന് നിലവിൽ വന്ന യു.എൻ. കൺവൻഷന്‍റെ 25 (എ) വകുപ്പ് അനുശാസിക്കുന്നത് മറ്റു വ്യക്തികൾക്ക് നൽകുന്ന അതേ പരിധിയിലും ഗുണമേന്മയിലും നിലവാരത്തിലുമുള്ള സൗജന്യമായ, അല്ലെങ്കിൽ താങ്ങാൻ പറ്റുന്ന, ആരോഗ്യ സുരക്ഷയും പദ്ധതികളും ഭിന്നശേഷിയുള്ള വ്യക്തികൾക്കും നൽകണമെന്നാണ് - ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യ മേഖലകളിലുള്ളവയും ജനസംഖ്യാടിസ്ഥാനത്തിലുള്ള പൊതു ആരോഗ്യ പദ്ധതികളും ഉൾപ്പെടെ.
ഇന്ത്യ കൺവൻഷന് അംഗീകാരം നൽകിയിട്ടുണ്ട്. പക്ഷെ 2016-ൽ മാത്രമാണ് ‘വികലാംഗരുടെ അവകാശ നിയമം’ (Rights of Persons with Disabilities Act) ഭിന്നശേഷിയുള്ളവരുടെ സമ്മതമില്ലാതെയുള്ള വന്ധ്യംകരണം നിരോധിച്ചത്. ‘ലൈംഗികവും പ്രത്യുല്‍പാദനപരവുമായ ആരോഗ്യ സുരക്ഷ, പ്രത്യേകിച്ച് ഭിന്നശേഷിയുള്ള സ്ത്രീകളുടെ കാര്യത്തിൽ’ സംസഥാനം ഉറപ്പാക്കണമെന്ന് നിയമം അനുശാസിക്കുന്നു. കൂടാതെ, 'പ്രത്യുല്‍പാദനപരമായ ആരോഗ്യവും, കുടുംബാസൂത്രണവുമായി ബന്ധപ്പെട്ട വിവരങ്ങളും ഭിന്നശേഷിക്കാർക്ക് പ്രാപ്യമാണെന്ന കാര്യം ഉറപ്പാക്കണമെന്നും’ നിയമം അനുശാസിക്കുന്നു.
എന്നിരിക്കിലും ഈ നിയമത്തില്‍പ്പോലും ബുദ്ധിമാന്ദ്യം നേരിടുന്ന സ്ത്രീകളുടെ - അല്ലെങ്കിൽ ‘ബുദ്ധിമാന്ദ്യം’ ഉള്ളവരുടെ - ലൈംഗികവും പ്രത്യുല്‍പാദനപരവുമായ അവകാശങ്ങളെക്കുറിച്ചുള്ള പത്യേക വകുപ്പുകൾ ഇല്ല. ‘ബുദ്ധിമാന്ദ്യം’ ഉള്ളവർ ഇന്ത്യയിൽ 6 ലക്ഷത്തിലധികം വരുമെന്നാണ് സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പറയുന്നത്. അവരിൽ 4 ലക്ഷത്തിലധികംപേർ ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്.
മിക്ക കേസുകളിലും ബുദ്ധിമാന്ദ്യം നേരിടുന്നവരെ കാണുന്നത് അലൈംഗികരായോ അമിതലൈംഗിക താൽപര്യമുള്ളവരായോ ആണ്. പ്രത്യുല്‍പാദനപരമായ ആരോഗ്യാവശ്യങ്ങൾ ‘കൈകാര്യം’ ചെയ്യുന്നതിനായുള്ള അന്വേഷണത്തിനിടയിൽ സ്നേഹo, പങ്കാളിത്തം, ലൈംഗികത, പ്രണയം എന്നിവയുമായി ബന്ധപ്പെട്ട അവരുടെ ആവശ്യങ്ങളെ, മാതൃത്വത്തിനായുള്ള അവരുടെ അവകാശങ്ങളോടൊപ്പം, കാണാതെപോകുന്ന ഒരു പ്രവണതയുണ്ടെന്ന് ഭിന്നശേഷിയും ലൈംഗികതയുമായി ബന്ധപ്പെട്ട 2017-ലെ ഒരു പ്രബന്ധം ചൂണ്ടിക്കാണിക്കുന്നു.
മാലനു വേണ്ടി എപ്പോഴെങ്കിലും വിവാഹത്തിന്‍റെ കാര്യം ആലോചിച്ചിരുന്നോയെന്ന് ഞാൻ രാഹിബായിയോടു ചോദിച്ചു. "ചില ആളുകൾ അങ്ങനെ നിർദ്ദേശിക്കുകയും ആലോചനകൾ കൊണ്ടുവരിക പോലും ചെയ്തു. പക്ഷേ അവളെ വിവാഹം കഴിപ്പിക്കേണ്ടെന്ന് ഞങ്ങൾ തീരുമാനിച്ചു”, അവർ പറഞ്ഞു. "അവൾക്ക് ഒരു സാരി പോലും ധരിക്കാൻ കഴിയില്ല, പിന്നെ അവൾ എങ്ങനെ സ്വന്തം കുടുംബം നോക്കും? അവളുടെ [രണ്ട്] സഹോദരന്മാരും പറഞ്ഞു, ‘നമ്മുടെ സ്വന്തം വീട്ടിൽ വച്ചുതന്നെ അവൾ മരിക്കട്ടെ’.” മാലനെപ്പോലുള്ള നിരവധി സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരുടെ വീട്ടിലെ പുതിയ ജീവിതവുമായി പൊരുത്തപ്പെടാനാവാതെ അവസാനം സ്വന്തം മാതാപിതാക്കളുടെ വീട്ടിലേക്ക് തിരിച്ചുവരുന്ന കാര്യവും രാഹിബായിക്ക് അറിയാം.
എന്നിരിക്കിലും, പൂനെ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന വിദ്യാഭ്യാസ വിചക്ഷണയും കൗൺസെലറും പത്യേക ആവശ്യങ്ങളുള്ള ഒരു വ്യക്തിയുടെ അമ്മയുമായ ഡോ. സുനീത കുൽക്കർണി പറയുന്നത് പ്രായപൂർത്തിയായ പ്രത്യേക ആവശ്യങ്ങളോടുകൂടിയ സ്ത്രീകൾക്കും പുരുഷന്മാർക്കും ലൈംഗികമായ അവകാശങ്ങൾ ഉണ്ടെന്ന് അംഗീകരിക്കേണ്ടത് പധാനമാണെന്നാണ്. "ലൈംഗികത എന്നു പറയുന്നത് എല്ലായ്പ്പോഴും ലൈംഗിക ബന്ധമല്ല”, അവർ പറഞ്ഞു. "ലൈംഗികതയ്ക്ക് നിരവധി മാനങ്ങളുണ്ട്. അവിടെ സൗഹൃദമുണ്ട്, പ്രണയമുണ്ട്, കുറച്ചൊക്കെ ശൃംഗാരമുണ്ട്, ഒരു കപ്പ് ചായ പങ്ക് വയ്ക്കുന്നതുമുണ്ട്. പക്ഷെ ആ ഇടങ്ങൾപോലും നിഷേധിക്കപ്പെടുന്നു.”
ബുദ്ധിമാന്ദ്യമുള്ള കൗമാര പ്രായത്തിലുള്ള പെൺകുട്ടികളും ആൺകുട്ടികളും തങ്ങളുടെ ലൈംഗിക വികാരങ്ങൾ പ്രകടിപ്പിക്കുമ്പോൾ മിക്ക കുടുംബങ്ങളും പരിചരണം നൽകുന്നവരും അവയെ എതിർക്കുകയാണ് പകരം ചെയ്യുന്നത്. നിരവധിപേർ ലൈംഗിക ഹോർമോണുകളെ നിയന്ത്രിക്കുന്ന മരുന്നുകളും ഉപയോഗിക്കുന്നു. ചിലർ എന്തു തരത്തിലുമുള്ള ലൈംഗിക പെരുമാറ്റങ്ങൾക്ക് കടുത്ത ശിക്ഷ നൽകുന്നു. "ഈ വികാരങ്ങൾ നിഷേധിച്ചുകൊണ്ട് നമ്മൾ എന്താണ് നേടുന്നത്?", ഡോ. സച്ചിൻ നഗർകർ ചോദിക്കുന്നു. പ്രത്യേക ആവശ്യങ്ങളുള്ള പ്രായപൂർത്തിയായവര്‍ക്കുവേണ്ടി മുൽശി താലൂക്കിലുള്ള പൗഡ് ഗ്രാമത്തിൽ 15 വർഷങ്ങളായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണദ്ദേഹം. "ലൈംഗിക ത്വര സ്വാഭാവികവും ആരോഗ്യകരവുമായ ഒരു പ്രകടനമാണ്. നിങ്ങൾക്കത് നിർത്താനും അടിച്ചമർത്താനും നിഷേധിക്കാനും കഴിയില്ല.”
സ്വന്തം ലൈംഗിക ത്വരകൾ അവഗണിക്കപ്പെടുമ്പോൾ പോലും ബുദ്ധിമാന്ദ്യമുള്ള സ്ത്രീകളും പെൺകുട്ടികളും പലപ്പോഴും ലൈംഗിക ദുരുപയോഗങ്ങൾക്കും അതിക്രമത്തിനും വിധേയരാകുന്നു. മാലനും അവരുടെ ബന്ധുവായ രൂപാലിയും സ്വന്തം ഗ്രാമത്തിലുള്ള ആൺകുട്ടികളുടെ പീഡനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയരായിട്ടുണ്ട്
സ്വന്തം ലൈംഗിക ത്വരകൾ അവഗണിക്കപ്പെടുമ്പോൾ പോലും ബുദ്ധിമാന്ദ്യമുള്ള സ്ത്രീകളും പെൺകുട്ടികളും പലപ്പോഴും ലൈംഗിക ദുരുപയോഗങ്ങൾക്കും അതിക്രമത്തിനും വിധേയരാകുന്നു. മാലനും അവരുടെ ബന്ധുവും ബുദ്ധിമാന്ദ്യമുള്ള സ്ത്രീയുമായ 38-കാരി രൂപാലിയും (പേര് മാറ്റിയിരിക്കുന്നു) അവരുടെ ചെറുപ്പത്തിൽ സ്വന്തം ഗ്രാമത്തിലുള്ള ആൺകുട്ടികളുടെ പീഡനങ്ങൾക്കും ദുരുപയോഗങ്ങൾക്കും വിധേയരായിട്ടുണ്ട്. "ചില ആൺകുട്ടികൾ ചൂളം വിളിക്കും, മുട്ടാൻ ശ്രമിക്കും, അല്ലെങ്കിൽ ആരുമില്ലാത്തപ്പോൾ വീട്ടിൽ വരും", രാഹിബായ് എന്നോടു പറഞ്ഞു. അത്തരത്തിലുള്ള ദുരുപയോഗത്തെക്കുറിച്ചും അവയുടെ പരിണത ഫലങ്ങളെക്കുറിച്ചും നിരന്തരമായി ഭയപ്പെട്ടുകൊണ്ടാണ് അവർ ജീവിച്ചത്.
പക്ഷെ രാഹിബായ് തന്‍റെ ആശങ്കകൾ തന്നിലേക്കൊതുക്കിയില്ല. വാഡിയിലെ 940 ആളുകളിൽ 6 പേർക്ക് - മാലൻ ഉൾപ്പെടെ രണ്ട് സ്ത്രീകൾക്കും നാല് പുരുഷന്മാർക്കും - ചില തരത്തിലുള്ള ബുദ്ധിമാന്ദ്യമുണ്ട്. രാഹിബായ് അംഗമായിട്ടുള്ള സ്വയം സഹായ സംഘത്തിലെ സ്ത്രീകൾ ഒത്തുചേർന്ന് ഗ്രാമത്തിലെ അംഗൻവാഡിയുടെ മുറിയിൽ 2019 നവംബറിൽ ദേവ്റായ് സെന്‍റർ ഫോർ സ്പെഷ്യൽ ഫ്രണ്ട്സ് എന്നൊരു പ്രസ്ഥാനം ആരംഭിച്ചു. ഇവിടെ, സന്നദ്ധ പ്രവർത്തകരായ വാഡിയിൽ നിന്നുള്ള മയൂരി ഗായക്വാഡും സംഗീത കാലേക്കറും സാധന വില്ലേജിൽ നിന്നുള്ള ശാലൻ കാംബ്ലെയും, ആഴ്ചയിൽ രണ്ടുതവണ വിനോദ പരിപാടികളും പരിശീലനങ്ങളും (സ്വയം പരിചരണത്തെക്കുറിച്ചുള്ളവ ഉൾപ്പെടെ) ഈ ആറ് ‘പ്രത്യേക സുഹൃത്തുക്കൾ’ക്കുമായി സംഘടിപ്പിക്കുന്നു. "ഈ ‘ഭ്രാന്ത്’ പിടിച്ച കുട്ടികളെ പഠിപ്പിച്ചതു കൊണ്ട് ഒരു കാര്യവുമില്ല എന്ന അർത്ഥത്തിൽ ചില ഗ്രാമവാസികൾ ഞങ്ങളെ പരിഹസിച്ച് ചിരിക്കുന്നു. പക്ഷെ ഞങ്ങൾ നിർത്തില്ല”, മയൂരി പറഞ്ഞു.
"മി കേലി” [ഞാനാണിതുണ്ടാക്കിയത്] ഈ പ്രവർത്തനങ്ങളുടെ ഭാഗമായി പച്ചയും വെള്ളയും നിറങ്ങളുള്ള മുത്തുകൾ ചേർത്തുണ്ടാക്കിയ മാല അഭിമാനത്തോടെ കാണിച്ചുകൊണ്ട് മാലൻ പറഞ്ഞു.
മറ്റു ദിവസങ്ങളിൽ തന്‍റെ വീട്ടിൽ രാവിലെയുള്ള ജോലികളുടെ ഭാഗമായി മാലൻ ഒരു ടാപ്പിൽ നിന്നും വീപ്പയിലേക്ക് വെള്ളം ശേഖരിച്ചു നിറയ്ക്കുന്നു - കുടുംബത്തിന്‍റെ ആവശ്യങ്ങൾക്കും കുളിക്കാനുമായി. പിന്നെ, എപ്പോഴുമുള്ളതുപോലെ, അവർ കുറച്ച് ചായ മണ്ണടുപ്പിലേക്ക് ഒഴിക്കുകയും അമ്മയിൽനിന്നും വഴക്ക് കേൾക്കുകയും ചെയ്യുന്നു.
പിന്നെ, തന്‍റെ വർണ്ണാഭമായ ബ്ലൗസും കണങ്കാൽവരെയെത്തുന്ന പാവാടയും ധരിച്ചുകൊണ്ട് , തന്നെ പിന്തുണയ്ക്കുന്ന കുടുംബത്താൽ വലയം ചെയ്യപ്പെട്ട്, മാലൻ അന്നത്തെ ദിവസത്തെ നേരിടാൻ തയ്യാറാകുന്നു.
എഴുത്തുകാരി തഥാപി ട്രസ്റ്റിന്‍റെ ഒരു ട്രസ്റ്റിയാണ്. 18 വർഷം അവർ അവിടെ പ്രവർത്തിച്ചിട്ടുണ്ട്.
സാധന വില്ലേജിൽ നിന്നുള്ള മേധാ ടേംഗ്ശെക്കും വിജയ് കുൽക്കർണിക്കും
പൂനെയിലെ തഥാപി ട്രസ്റ്റിൽ നിന്നുള്ള അച്യുത് ബൊർഗാവ്കർക്കും നന്ദി പറയുന്നു.
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത് എഴുതുക .
പരിഭാഷ:റെന്നിമോന്‍ കെ. സി.