ശാഹ്ബായ് ഘരത് ഒരുവര്‍ഷത്തിലധികമായി കൊറോണ വൈറസിന് പിന്നാലെയായിരുന്നു - ഒരുദിവസം അതവര്‍ക്ക് പിടിപെടുന്നതുവരെ. കോവിഡ്-19-മായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിച്ച് മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ തന്റെ ഗ്രാമമായ സുല്‍ത്താന്‍പൂരില്‍ വീടുവീടാന്തരം കയറിയിറങ്ങുകയായിരുന്നു അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക അഥവാ ആശ പ്രവര്‍ത്തകയായ (Accredited Social Health Activist - ASHA) ശാഹ്ബായ്. പക്ഷെ മെയ് അവസാനവാരം അവര്‍, വളരെയധികം ഭയന്നതുപോലെ, പരിശോധനയില്‍ കോവിഡ് ബാധിതയായി.
38-കാരിയായ ശാഹ്ബായ് മഹാമാരിയുടെ സമയത്തെ തന്റെ ജോലിയുടെ അപകടത്തെക്കുറിച്ച് ബോധവതിയായിരുന്നു. പക്ഷെ പരിണതഫലം അവര്‍ മുന്‍കൂട്ടിക്കണ്ടില്ല. പരിശോധനയില്‍ പോസിറ്റീവായ ഉടനെതന്നെ 65-വയസ്സുകാരിയായ അവരുടെ അമ്മയും വൈറസ് ബാധിതയായി. പിന്നീടവരുടെ 4 ബന്ധുക്കളും ബാധിതരായി. അസുഖം മൂലം കുടുംബം മുഴുവന്‍ ക്ലേശത്തിലായി.
ശാഹ്ബായിക്ക് അസുഖം ഭേദമാകാന്‍ കുറച്ച് ആഴ്ചകള്‍ എടുത്തു. “എന്റെ ബന്ധുക്കള്‍ക്കും ഭേദമായി, പക്ഷെ എന്റെ അമ്മയെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു”, അവര്‍ക്ക് ഓക്സിജനും നല്‍കേണ്ടിവന്നുവെന്ന് കൂട്ടിച്ചേര്‍ത്തുകൊണ്ട് ശാഹ്ബായ് പറഞ്ഞു. “എന്റെ അമ്മയുടെ ചികിത്സയ്ക്ക് രണ്ടരലക്ഷം രൂപ ചിലവായി. ഞാനെന്റെ രണ്ടരയേക്കര്‍ കൃഷിസ്ഥലവും കുറച്ച് ആഭരണങ്ങളും അതിനായി വിറ്റു.”
ആശപ്രവര്‍ത്തക എന്ന നിലയിലുള്ള അവരുടെ പ്രവര്‍ത്തനം ഒരിക്കലും എളുപ്പമായിരുന്നില്ല, പക്ഷെ മഹാമാരി അത് കൂടുതല്‍ വഷളാക്കി. “ഞാന്‍ ഭീഷണികളും അധിക്ഷേപങ്ങളും നേരിട്ടു. ആളുകള്‍ ആദ്യം അവരുടെ രോഗലക്ഷണങ്ങള്‍ മറച്ചുവയ്ക്കുമായിരുന്നു”, ശാഹ്ബായി പറഞ്ഞു. “എന്റെ ജോലി ചെയ്യുന്നതില്‍ ഞാന്‍ ഗ്രാമത്തില്‍ ഒരുപാട് നിഷേധാത്മക പ്രതികരണങ്ങള്‍ നേരിട്ടു.”
മഹാരാഷ്ട്രയില്‍ 70,000-ത്തിലധികം അംഗീകൃത ആശ പ്രവര്‍ത്തകര്‍ ഉണ്ട്. 2020-മാര്‍ച്ചില്‍ വൈറസ് പൊട്ടിപ്പുറപ്പെട്ടതുമുതല്‍ അവരായിരുന്നു അതിനെതിരെയുള്ള ആദ്യനിര പ്രതിരോധം. വീടുകള്‍ സന്ദര്ശിക്കുന്നതുകൂടാതെ ഗ്രാമത്തില്‍ വാക്സിന് എടുക്കുന്നതിനുള്ള വിമുഖതയെയും അവര്‍ക്ക് കൈകാര്യം ചെയ്യണമായിരുന്നു.
സന്നദ്ധപ്രവര്‍ത്തകര്‍ എന്ന് ഔദ്യോഗികമായി വിളിക്കപ്പെടുന്ന ആശ പ്രവര്‍ത്തകര്‍ സര്‍ക്കാരിന്റെ ആരോഗ്യ പദ്ധതികള്‍ രാജ്യത്തുടനീളം നടപ്പാക്കാന്‍ സഹായിക്കുന്ന സാമൂഹ്യാരോഗ്യ പ്രവര്‍ത്തകരാണ്. ഗര്‍ഭസമയത്ത് സ്ത്രീകളെ സഹായിക്കുക, പ്രസവങ്ങള്‍ ആശുപത്രിയില്‍ നടത്താന്‍ പ്രോത്സാഹിപ്പിക്കുക, കുഞ്ഞുങ്ങള്‍ക്ക് പ്രതിരോധ കുത്തിവയ്പ്പ് ഉറപ്പാക്കുക, കുടുംബാസൂത്രണം പ്രോത്സാഹിപ്പിക്കുക, പ്രഥമശുശ്രൂഷ നല്‍കുക, രേഖകള്‍ സൂക്ഷിക്കുക എന്നിവയൊക്കെയാണ് അവരുടെ പ്രധാന ജോലികള്‍.
ഇതെല്ലാം ചെയ്യുന്നത് പ്രതിമാസം ഏതാണ്ട് 3,300 രൂപ ഓണറേറിയവും അതുപോലെതന്നെ വിവിധ കേന്ദ്ര-സംസ്ഥാന ആരോഗ്യ പദ്ധതികള്‍ക്കുള്ള പ്രോത്സാഹന പ്രതിഫലവും വാങ്ങിക്കൊണ്ടാണ് – ശാഹ്ബായിക്ക് ഏതാണ്ട് 300-350 രൂപ പ്രതിമാസം പ്രോത്സാഹന പ്രതിഫലമായി ലഭിക്കാറുണ്ട്. പക്ഷെ കഠിനാദ്ധ്വാനവും മണിക്കൂറുകളോളം സേവനവും ചെയ്തിട്ടും മഹാമാരിയുടെ സമയത്ത് ആശ പ്രവര്‍ത്തകര്‍ക്ക് ചെറിയ പിന്തുണയെ ലഭിച്ചിട്ടുള്ളൂ. “പ്രതിസന്ധിസമയത്തെ സഹായം പോകട്ടെ, ഞങ്ങള്‍ക്ക് ശമ്പളം [ഓണറേറിയം] പോലും സമയത്ത് ലഭിച്ചിട്ടില്ല. ഏപ്രിലില്‍ ആണ് അവസാനമായി ഞങ്ങള്‍ക്ക് പണം ലഭിച്ചത്”, ശാഹ്ബായ് പറഞ്ഞു.
അവര്‍ക്ക് നല്‍കിയിട്ടുള്ള ഒരേയൊരു പരിരക്ഷ മുഖാവരണം മാത്രമാണ്, അതും ആവശ്യത്തിനില്ല. ഒറ്റത്തവണമാത്രം ഉപയോഗിച്ചശേഷം ഉപേക്ഷിക്കുന്ന 22 മുഖാവരണങ്ങളും, 5 എന്‍. 95 മുഖാവരണങ്ങളും മാത്രമാണ് 2020 മാര്‍ച്ച് മുതല്‍ തനിക്ക് കിട്ടിയിട്ടുള്ളതെന്ന് ശാഹ്ബായ് പറഞ്ഞു. “ജോലിയുടെ അപകട സാദ്ധ്യത പരിഗണിച്ചാല്‍ ഞങ്ങള്‍ക്ക് വേണ്ടത് തിരിച്ചു കിട്ടുന്നുണ്ടെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ?”
ഏതാണ്ട് എല്ലാ ആശ പ്രവര്‍ത്തകരും ചോദിക്കുന്ന ചോദ്യമാണിത്.
കുടുംബാംഗങ്ങളെ കോവിഡ്-19-ല്‍ നിന്നും സംരക്ഷിക്കാന്‍ മാസങ്ങളോളം ശോഭ ഗണകെ കുളിമുറിക്കു പകരം തന്റെ വീട്ടിലെ കക്കൂസിലാണ് കുളിച്ചത്. “എന്റെ മകള്‍ക്ക് 8 വയസ്സുണ്ട്. അവള് കരഞ്ഞപ്പോള്‍ മാസങ്ങളോളം എനിക്കവളെ ചേര്‍ത്തണയ്ക്കാന്‍ കഴിഞ്ഞില്ല. അവള്‍ക്ക് എന്റെയടുത്ത് ഉറങ്ങണമായിരുന്നു, പക്ഷെ എനിക്കതനുവദിക്കാന്‍ കഴിഞ്ഞില്ല”, 33-കാരിയായ ആശ പ്രവര്‍ത്തക ശോഭ പറഞ്ഞു. സുല്‍ത്താന്‍പൂരില്‍ നിന്നും 2 കിലോമീറ്റര്‍ മാറി ബീഡ് ജില്ലയിലെ ചൗസാല ഗ്രാമത്തിലാണ് അവരുടെ വീട്.
ജൂണ്‍ മദ്ധ്യത്തില്‍ മഹാരാഷ്ട്രയിലെ ആശ പ്രവര്‍ത്തകരുടെ യൂണിയനുകള്‍ ഒരു അനിശ്ചിതകാല സമരം തുടങ്ങുകയും അത് ഒരാഴ്ച നീണ്ടുനില്‍ക്കുകയും ചെയ്തു
അവരുടെ ത്യാഗങ്ങള്‍ വിസ്മരിക്കപ്പെടുന്നുവെന്ന് ശോഭ വിശ്വസിക്കുന്നു. “മുഖ്യമന്ത്രി ഞങ്ങളെ പുകഴ്ത്തുന്നു, പക്ഷെ ഒരു യഥാര്‍ത്ഥ പിന്തുണയും നല്‍കുന്നില്ല. ജൂലൈ ആദ്യം മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ആശ പ്രവര്‍ത്തകരെ അഭിനന്ദിച്ചതായും അവരെ “പോരാളികള്‍, ധീരര്‍” എന്നിങ്ങനെ വിളിച്ചതായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു . കോവിഡ് മൂന്നാം തരംഗം വരികയാണെങ്കില്‍ അതിനെതിരെ പൊരുതാന്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു. പക്ഷെ ശോഭ വാക്കുകള്‍ക്കപ്പുറമാണ് പ്രതീക്ഷിക്കുന്നത്. “അദ്ദേഹത്തിന്റെ പ്രശംസ ഞങ്ങളുടെ വീട്ടുകാര്യങ്ങള്‍ നോക്കാന്‍ ഞങ്ങളെ സഹായിക്കില്ല.”
സാമ്പത്തിക സുരക്ഷയാണ് ഈ ജോലി തിരഞ്ഞെടുക്കാന്‍ ശാഹ്ബായിക്കും ശോഭയ്ക്കും പ്രേരകമായത് - പക്ഷെ വ്യത്യസ്ത കാരണങ്ങളാല്‍.
മറാത്ത സമുദായത്തില്‍പ്പെടുന്ന ശാഹ്ബായ് ഭര്‍ത്താവില്ലാത്ത സ്ത്രീയാണ്. അമ്മയോടും രണ്ട് സഹോദരന്മാരോടും അവരുടെ കുടുംബത്തോടുമൊപ്പമാണ് അവര്‍ താമസിക്കുന്നത്. “13 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ വിവാഹമോചിതയായതാണ്”, അവര്‍ പറഞ്ഞു. “അതിനുശേഷം ഒരു ഗ്രാമത്തില്‍ സ്വീകാര്യയാവുക എളുപ്പമല്ല. എന്റെ കുടുംബത്തിന് ഞാന്‍ ഒരുപാട് ക്ലേശങ്ങള്‍ വരുത്തിവച്ചിട്ടുണ്ടെന്ന് ആളുകള്‍ പറയുന്നു, എനിക്കും അങ്ങനെ തോന്നുന്നു.” തന്റെ ആത്മാഭിമാനം സംരക്ഷിക്കാന്‍ ശാഹ്ബായ് സാമ്പത്തിക സ്വാതന്ത്ര്യം തേടുന്നു.
കുടുംബത്തിലുള്ളവര്‍ക്ക് കോവിഡ് വരാന്‍ കാരണമായതില്‍ ഇപ്പോള്‍ അവര്‍ക്ക് കുറ്റബോധം തോന്നുന്നു. “എനിക്കെന്നോടുതന്നെ ക്ഷമിക്കാന്‍ കഴിയുന്നില്ല”, ശാഹ്ബായ് പറഞ്ഞു. “എനിക്കത് അവരോട് പറയണമെന്നുണ്ട്, പക്ഷെ എങ്ങനെയെന്ന് അറിയില്ല. അവരെന്നെ കുറ്റപ്പെടുത്തണമെന്ന് എനിക്കില്ല.” കൂടാതെ അവരുടെ തൊഴില്‍ നീതീകരിക്കാനാവാത്ത അഭിപ്രായങ്ങള്‍ ക്ഷണിച്ചുവരുത്തുന്നു, പ്രത്യേകിച്ച് പുരുഷന്മാരില് നിന്ന്. “ഞാന്‍ ആരോടെങ്കിലും സംസാരിക്കുമ്പോള്‍ അവര്‍ ഊഹിക്കുകയും അനുമാനങ്ങളിലെത്തുകയും ചെയ്യുന്നു”, അവര്‍ പറഞ്ഞു. “ആളുകളോട് സംസാരിക്കുന്നത് എന്റെ തൊഴിലാണ്. ഞാനെന്ത് ചെയ്യണം?”
ജോലി ചെയ്യുമ്പോള്‍ പുരുഷന്മാരുടെ ഭാഗത്തുനിന്നുണ്ടാകുന്ന മാന്യതയ്ക്ക് നിരക്കാത്ത അഭിപ്രായങ്ങള്‍ ശോഭയെ ബാധിക്കുന്നില്ല. “അവരെ എവിടെ നിര്‍ത്തണമെന്ന് എനിക്കറിയാം.” അവരുടെ പ്രശ്നങ്ങള്‍ വ്യത്യസ്തമാണ് – അവരുടെ വരുമാനം അടിസ്ഥാന കാര്യങ്ങള്‍ നിര്‍വ്വഹിക്കാന്‍ കുടുംബത്തെ സഹായിക്കുന്നു. “ഞങ്ങള്‍ക്ക് കൃഷിസ്ഥലമില്ല”, ദളിത് സമുദായത്തില്‍ നിന്നുള്ള ശോഭ പറഞ്ഞു. “എന്റെ ഭര്‍ത്താവ് പ്രതിദിനം 300 രൂപയ്ക്ക് കര്‍ഷകത്തൊഴിലാളിയായി പണിയെടുക്കുന്നു. ആഴ്ചയില്‍ 3-4 ദിവസം അദ്ദേഹത്തിന് പണി ലഭിക്കും. പക്ഷെ കോവിഡിന് ശേഷം അത് കുറഞ്ഞു.”
കോവിഡ് പൊട്ടിപ്പുറപ്പെട്ട് ഒരുമാസത്തിനുശേഷം, കേടാകാറായ തുടങ്ങിയ ധാന്യങ്ങളും പയറുകളും ശോഭ വീട്ടിലേക്ക് കൊണ്ടുവന്നു. “അവ സ്ക്കൂള് കുട്ടികള്‍ക്ക് ഉള്ളതായിരുന്നു [ഉച്ച ഭക്ഷണത്തിന്], പക്ഷെ സ്ക്കൂളുകള്‍ പൂട്ടുകയും ഭക്ഷണം ഉപയോഗശൂന്യമാവുകയം ചെയ്തു”, അവര്‍ വിശദീകരിച്ചു. ഭക്ഷ്യസാധനങ്ങള്‍ മുഴുവന്‍ പാഴായിപ്പോകാന്‍ സമ്മതിക്കാതെ ഗ്രാമത്തിലെ പ്രാഥമിക വിദ്യാലയത്തിലെ അദ്ധ്യാപകര്‍ അത് ആവശ്യമുള്ളവര്‍ക്കിടയില്‍ വിതരണംചെയ്തു. “ഞങ്ങളത് പാചകം ചെയ്തു. എന്റെ മകളും അത് കഴിച്ചു.”
എന്നിരിക്കിലും, ഒരു ആശ പ്രവര്‍ത്തകയെ സംബന്ധിച്ചിടത്തോളം (ആശ എന്ന സംക്ഷേപ പദത്തിന് ‘പ്രതീക്ഷ’ എന്നാണ് പല ഭാഷകളിലും അര്‍ത്ഥം) സാമ്പത്തിക ശക്തി കൈവരിക്കുക എന്ന പ്രതീക്ഷയില്ലെന്ന് ശാഹ്ബായിക്കും ശോഭയ്ക്കുമറിയാം.
വളരെക്കാലമായി ആശ പ്രവര്‍ത്തകര്‍ മികച്ച പ്രതിഫലവും സ്ഥിരം ജോലി പദവിയും ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. ജൂണ്‍ മദ്ധ്യത്തില്‍ മഹാരാഷ്ട്രയിലെ ആശ പ്രവര്‍ത്തകരുടെ യൂണിയനുകള്‍ ഒരു അനിശ്ചിതകാല സമരം തുടങ്ങുകയും അത് ഒരാഴ്ച നീണ്ടുനില്‍ക്കുകയും ചെയ്തു. ജൂലൈ 1 മുതല്‍ അവരുടെ ഓണറേറിയത്തില്‍ 1,500 രൂപയുടെ വര്‍ദ്ധന വരുത്താമെ സംസ്ഥാന സര്‍ക്കാര്‍ പറഞ്ഞു - 1,000 രൂപ പ്രതിഫലവര്ദ്ധനവും, 500 രൂപ കോവിഡ് ബത്തയും. ഫയല്‍ റിപ്പോര്‍ട്ടുകള്‍ ഓണ്‍ലൈനിലാക്കാന്‍ സഹായിക്കുന്നതിനായി ഓരോ ആശപ്രവര്‍ത്തകര്‍ക്കും സ്മാര്‍ട് ഫോണ്‍ നല്‍കാമെന്ന് മഹാരാഷ്ട്രയുടെ ആരോഗ്യമന്ത്രി രാജേഷ് ടോപെയും പ്രഖ്യാപിച്ചു.
പക്ഷെ ഉറപ്പുകളെല്ലാം ഇനിയും പാലിക്കാനിരിക്കുന്നതേയുള്ളൂവെന്ന് സെന്റര്‍ ഓഫ് ഇന്‍ഡ്യന്‍ ട്രേഡ് യൂണിയന്‍സിന്റെ (സി.ഐ.റ്റി.യു.) സംസ്ഥാന സെക്രട്ടറിയായ ശുഭ ഷമീം പറഞ്ഞു. “ഉദ്ദേശിച്ചിട്ടുള്ള ആനുകൂല്യങ്ങളൊക്കെ എന്ന് ലഭിക്കും എന്നതിനെപ്പറ്റി കാര്യമായ വ്യക്തതയൊന്നുമില്ല”, അവര്‍ പറഞ്ഞു. മെയ് മുതലുള്ള ഓണറേറിയം സംസ്ഥാനത്ത് കൊടുക്കാന്‍ കിടക്കുകയാണ്. കഴിഞ്ഞ വര്‍ഷം വാഗ്ദാനംചെയ്ത കോവിഡ് ബത്ത ഇതുവരെ എത്തിയിട്ടില്ലെന്നും ഷമിം പറഞ്ഞു.
സംസ്ഥാനത്ത് ആശ പ്രവര്‍ത്തകര്‍ സമരത്തിലായിരുന്നപ്പോള്‍ ജോലി സ്ഥിരതയും മികച്ച വേതനവും ആവശ്യപ്പെട്ടുകൊണ്ട് ഏകദേശം 250 കരാര്‍ ആരോഗ്യ ജീവനക്കാര്‍ ബീഡിലെ ഒരു സമരത്തില്‍ പങ്കെടുത്തു.
മഹാമാരിയുടെ സമയത്ത് സര്‍ക്കാര്‍ സംവിധാനങ്ങളിലെ ജോലിഭാരം കൈകാര്യം ചെയ്യുന്നതിനായി താത്കാലികാടിസ്ഥാനത്തില്‍, പ്രധാനമായും നഴ്സിംഗ് ജീവക്കാരായും വാര്‍ഡ് അസ്സിസ്റ്റന്റുമാരായും, എടുക്കപ്പെട്ടവരാണ് കരാര്‍ ജീവനക്കാര്‍. അവരില്‍ പലരും കരാര്‍ അവസാനിച്ചപ്പോള്‍ അല്ലെങ്കില്‍ രോഗികളുടെ എണ്ണം കുറഞ്ഞപ്പോള്‍ തൊഴില്‍രഹിതരായി. “ഈ നയം ’ഉപയോഗശേഷം വലിച്ചെറിയുക’ എന്നതില്‍നിന്നും വ്യത്യസ്തമല്ലെന്ന് 29-കാരനായ പ്രശാന്ത് സദരെ പറഞ്ഞു. വഡവ്ണി താലൂക്കിലെ സമര്‍പ്പിത കോവിഡ് പരിചരണ കേന്ദ്രത്തില്‍ (Dedicated Covid Care Centre) വാര്‍ഡ് അസ്സിസ്റ്റന്റായി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. ബീഡ് നഗരത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണിത്. “ഈ വര്‍ഷം മെയ് മാസമാണ് എന്നെ എടുത്തത്, രണ്ടുമാസത്തിനുശേഷം എന്നോട് ജോലി വിടാന്‍ പറഞ്ഞിരിക്കുന്നു.”
കര്‍ഷകത്തൊഴിലാളികളായ പ്രശാന്തിന്റെ മാതാപിതാക്കള്‍ പണമുണ്ടാക്കാനായി ബുദ്ധിമുട്ടുകയാണ്. അദ്ദേഹത്തിന് ജോലി ലഭിച്ചപ്പോള്‍ അതില്‍നിന്ന് പ്രതിദിനം 400 രൂപ ലഭിക്കുമായിരുന്നു. മാതാപിതാക്കള്‍ക്ക് കുറച്ച് ആശ്വാസം നല്‍കാമെന്ന് പ്രശാന്ത് പ്രതീക്ഷിച്ചു. “ഞാന്‍ എന്റെ ജീവിതം അപകടത്തിലാക്കി. ആശുപത്രിയില്‍ ആളുകള്‍ നിറഞ്ഞുകവിഞ്ഞ സമയത്ത് എന്നോടാവശ്യപ്പെട്ടതെല്ലാം ഞാന്‍ ചെയ്തു”, അദ്ദേഹം പറഞ്ഞു. കോവിഡ് വാര്‍ഡുകളിലെ പൊടി തുടയ്ക്കുന്നതുമുതല് കോവിഡ് പോസിറ്റീവ് രോഗികളെ ഊട്ടുന്നതുവരെ എല്ലാ ജോലികളും ഞാന്‍ ചെയ്തു. ഞങ്ങളുടെ മാനസികനില എന്താണ്? ആരെങ്കിലും അതെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?” ഇപ്പോള്‍ ഒരു സ്വകാര്യസ്ക്കൂളില് 5,000 രൂപ പ്രതിമാസ ശമ്പളത്തില്‍ ഭാഗിക-സമയ അദ്ധ്യാപകനായി ജോലി ചെയ്യുകയാണ് അദ്ദേഹം.
വഡവ്ണിയിലെ അതേ കോവിഡ് കേന്ദ്രത്തില്‍ത്തന്നെ വാര്‍ഡ് അസ്സിസ്റ്റന്റായിരുന്ന 24-കാരനായ ലഹു ഖര്‍ഗെ പരസ്യം കണ്ടിട്ടാണ് ജോലിക്ക് അപേക്ഷിച്ചത്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ 10-ാം ക്ലാസ് ജയിക്കണമായിരുന്നു. ഈ ജോലിക്കായി തിരഞ്ഞെടുക്കപ്പെട്ട ലഹു, ഒരു പ്രാദേശിക ബാങ്കിനായി ചെറു നിക്ഷേപങ്ങള്‍ ശേഖരിച്ചിരുന്ന പിഗ്മി എജന്റ് ജോലി ഉപേക്ഷിച്ചു. “ഞങ്ങള്‍ക്ക് മൂന്നുമാസ കരാറാണ് ലഭിക്കുന്നത്. അതുകഴിയുമ്പോള്‍ ഒരു ദിവസത്തെ ഇടവേളയ്ക്കു ശേഷം കരാര്‍ വീണ്ടും പുതുക്കുന്നു”, ഇപ്പോഴും പ്രസ്തുത ജോലിയില്‍ തുടരുന്ന ഖര്‍ഗെ പറഞ്ഞു. “നമ്മുടെ തൊഴില്‍ നിയമം ആവശ്യപ്പെടുന്നത് ഒരാള്‍ ഒരുവര്‍ഷം തുടര്‍ച്ചയായി ജോലി ചെയ്താല്‍ അയാളെ സ്ഥിരപ്പെടുത്തണമെന്നാണ്. അതുകൊണ്ട് കുറച്ചു മാസങ്ങള്‍ വീതം കൂടുമ്പോള്‍ ഒരുദിവസം ഇടവേള നല്‍കിയശേഷം ഈ കരാറുകള്‍ പുതുക്കുന്നു.
ബീഡില്‍ സമരം ചെയ്ത കരാര്‍ ആരോഗ്യ ജീവനക്കാര്‍ സംവേദനക്ഷമമല്ലാത്ത ജോലിക്കെടുക്കല്‍ നയത്തെ ഉയര്‍ത്തിക്കാട്ടുകയും ജോലി സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഉപമുഖ്യമന്ത്രി അജിത് പവാര്‍, പാലകമന്ത്രി (Guardian Minister) ധനഞ്ജയ് മുണ്ഡെ, ആരോഗ്യമന്ത്രി രാജേഷ് ടോപെ എന്നിവരുടെ ശ്രദ്ധ ക്ഷണിക്കാന്‍ കഴിയുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നു. ഒരു കോവിഡ്-19 അവലോകന യോഗവുമായി ബന്ധപ്പെട്ട് ജൂണ്‍ 18-ന് മന്ത്രിമാര്‍ ജില്ല സന്ദര്‍ശിക്കുകയായിരുന്നു.
“അവര്‍ ഞങ്ങളെ വിസ്മരിച്ചു”, അന്നേദിവസം സമരത്തില്‍ പങ്കെടുത്ത 29-കാരിയായ അങ്കിത പാട്ടീല്‍ പറഞ്ഞു. “ഞങ്ങള്‍ക്കവരുടെ 5 മിനിറ്റ് സമയം മതിയായിരുന്നു. ഞങ്ങള്‍ ഞങ്ങളുടെ ആവശ്യങ്ങള്‍ ഒരു കടലാസ് ഷീറ്റില്‍ എഴുതി. കളക്ടറുടെ ഓഫീസില്‍ പ്രസ്തുത ആവശ്യങ്ങള്‍ ഹാജരാക്കാന്‍ ഞങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. അവിടെവച്ച് ഒരു ജീവനക്കാരന് അത് ഞങ്ങളുടെ പക്കല്‍നിന്നും തട്ടിയെടുത്തു.” മന്ത്രിമാരിലൊരാള്‍ അങ്കിതയോട് പോകാന്‍ ആവശ്യപ്പെട്ടു. “മറ്റുള്ളവര്‍ ഞങ്ങളെ നോക്കിപോലുമില്ല”, അങ്കിത കൂട്ടിച്ചേര്‍ത്തു.
പരുഷമായ പെരുമാറ്റത്തില്‍ കുപിതരായി ചില സമരക്കാര്‍ മന്ത്രിമാരുടെ വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചു . അവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിച്ചാര്‍ജ് പ്രയോഗിച്ചു. “ഈ രീതിയിലാണോ ആരോഗ്യ ജീവനക്കാരോട് പെരുമാറേണ്ടത്?” അങ്കിത ചോദിച്ചു. “ഒരുദിവസം പോലും വിശ്രമമില്ലാതെ, സ്വന്തം ജീവിതവും കുടുംബാംഗങ്ങളുടെ ജീവിതവും അപകടപ്പെടുത്തി, മാസങ്ങളോളം ഞങ്ങള്‍ ഞങ്ങളുടെ ജീവിതം കോവിഡ് രോഗികള്‍ക്കായി സമര്‍പ്പിച്ചു. അവര്‍ക്കൊരു അരമിനിറ്റ് പോലും ഞങ്ങളോട് സംസാരിക്കാനില്ലേ? ഞങ്ങളോട് മാന്യതയോടെ പെരുമാറണം.”
പ്രതിമാസം 20,000 രൂപയ്ക്ക് വഡവ്ണിയിലെ കോവിഡ് കേന്ദ്രത്തില്‍ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു അങ്കിത. “എനിക്കിപ്പോഴും ജോലിയുണ്ട്, പക്ഷെ നാളെ നഷ്ടപ്പെടാം”, അവര്‍ പറഞ്ഞു. “നേരത്തെതന്നെ മാനസികമായും വൈകാരികമായും വല്ലാതെ മടുത്തിരിക്കുകയാണ്. ഞങ്ങള്‍ക്ക് ജോലിസ്ഥിരത വേണം. രണ്ടാം [കോവിഡ്] തരംഗം കുറഞ്ഞശേഷം ഞങ്ങളുടെ സുഹൃത്തുക്കളെ പുറത്താക്കുന്നത് ഞങ്ങള്‍ കണ്ടതാണ്. ഞങ്ങളെയും അത് ബാധിക്കാന്‍ പോകുന്നു.”
വിരോധാഭാസമെന്നു പറയട്ടെ, കരാര്‍ ആരോഗ്യ ജീവനക്കാരെ തിരിച്ചെടുക്കാനുള്ള ഒരേയൊരവസരം ഉണ്ടാവുക ഒരു മൂന്നാം തരംഗം ഉണ്ടാവുകയാണെങ്കില്‍ മാത്രമാണ്. പക്ഷെ ആര്‍ക്കും അങ്ങനെ പ്രതീക്ഷിക്കാന്‍ കഴിയില്ല.
റിപ്പോര്‍ട്ടര്‍ക്ക് പുലിറ്റ്സര്‍ സെന്റര്‍ നല്കുന്ന സ്വതന്ത്ര പത്രപ്രവര്‍ത്തക ധനസഹായത്താല്‍ പ്രസിദ്ധീകരിക്കുന്ന ഒരു പരമ്പരയുടെ ഭാഗമാണ് ഈ ലേഖനം.
പരിഭാഷ: റെന്നിമോന്‍ കെ. സി.