മുപ്പത് സെക്കന്‍ഡ് സമയത്തേക്ക് കോളര്‍ ട്യൂണ്‍ കൃത്യമായി ശബ്ദിച്ചെങ്കിലും ഫോണ്‍ എടുത്തില്ല: “വൈറസിന്റെ വ്യാപനം അവസാനിപ്പിക്കാന്‍ സാധിക്കും... കൈകള്‍ നിരന്തരം സോപ്പുപയോഗിച്ച് കഴുകുകയും രോഗം ഉണ്ടായിരിക്കാന്‍ സാദ്ധ്യതയുള്ളവരില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുകയും ചെയ്യുക.”
രണ്ടാമത്തെ തവണ ഞാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്ത ബാലാസാഹേബ് ഖേഡേകര്‍ കോളര്‍ ട്യൂണ്‍ ഉപദേശിച്ചതിനു നേരെ വിപരീതമായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം പശ്ചിമ മഹാരാഷ്ട്രയിലെ സാംഗ്ലി ജിലയിലെ പാടങ്ങളില്‍ കരിമ്പു മുറിക്കുകയായിരുന്നു. “ഇവിടെ എല്ലാവരും കൊറോണ വൈറസിനെ ഭയന്ന് ഇരിക്കുകയാണ്”, അദ്ദേഹം പറഞ്ഞു. “അടുത്ത ദിവസം ഒരു സ്ത്രീ തനിക്ക് വൈറസ് ബാധ ഏറ്റിട്ടുണ്ടോ എന്നും അങ്ങനെയെങ്കില്‍ തന്റെ കുട്ടിയെയും അത് ബാധിച്ചിരിക്കാം എന്നും സംശയിച്ച് ഉറക്കെ കരയുന്നത് ഞാന്‍ കണ്ടു.”
മുപ്പത്തൊമ്പത് വയസ്സുള്ള ഖേഡേകര്‍ മഹാരാഷ്ട്രയില്‍ ഉടനീളം പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നവയിലൊന്നായ ജി. ഡി. ബാപു ലാഡ് സഹകരണ പഞ്ചസാര ഫാക്ടറിയില്‍ തൊഴിലാളിയായി നിയമിക്കപ്പെട്ട വ്യക്തിയാണ്. പഞ്ചസാര ‘അവശ്യ വസ്തു’ക്കളുടെ പട്ടികയില്‍ പെടുത്തിയിരിക്കുന്നതിനാല്‍ വൈറസിനെ നിയന്ത്രിക്കുന്നതിനായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാര്‍ച്ച് 24-ന് ദേശീയ വ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണില്‍ നിന്നും അതിനെ ഒഴിവാക്കിയിരിക്കുകയാണ്. അതിന് ഒരു ദിവസം മുന്‍പ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാന അതിര്‍ത്തികള്‍ അടയ്ക്കുകയും സംസ്ഥാനത്തിനകത്തെ യാത്രകള്‍ നിരോധിക്കുകയും ചെയ്തു.
സംസ്ഥാനത്ത് 135 പഞ്ചസാര ഫാക്ടറികളാണ് ഉള്ളത് - 72 എണ്ണം സഹകരണ മേഖലയിലും, 63 എണ്ണം സ്വകാര്യ മേഖലയിലും – സംസ്ഥാന സഹകരണ വകുപ്പു മന്ത്രി ബാലാസാഹേബ് പാട്ടീല്‍ പറഞ്ഞു. “ഇവയില്‍ 56 എണ്ണം മാര്‍ച്ച് 23-ന് അടച്ചു, 79 എണ്ണം പ്രവര്‍ത്തിക്കുന്നുണ്ട്”, അദ്ദേഹം എന്നോട് ഫോണില്‍ പറഞ്ഞു. “ഈ ഫാക്ടറികളിലേക്ക് എത്തിക്കുന്നതിനുള്ള കരിമ്പുകള്‍ ഇപ്പോഴും മുറിച്ചു കൊണ്ടിരിക്കുന്നു. അവയില്‍ ചിലത് മാര്‍ച്ച് അവസാനത്തോടെ കരിമ്പു ചതയ്ക്കുന്നതു നിര്‍ത്തും, ചിലത് ഏപ്രില്‍ അവസാനം വരെ പോകും.
എല്ലാ പഞ്ചസാര ഫാക്ടറികള്‍ക്കും അവയുടെ കീഴില്‍ ഏതാനും ഏക്കറുകളില്‍ കരിമ്പു പാടങ്ങള്‍ ഉണ്ട്. ഫാക്ടറികള്‍ പണിക്കെടുത്ത തൊഴിലാളികള്‍ ആ പാടങ്ങളിലെ കരിമ്പുകള്‍ മുറിച്ച് ചതയ്ക്കല്‍ പ്രക്രിയയ്ക്കായി ഫാക്ടറികളില്‍ എത്തിക്കണം. കരാറുകാര്‍ വഴിയാണ് ഫാക്ടറി തൊഴിലാളികളെ പണിക്കെടുക്കുന്നത്.
ബാരാമതിക്കടുത്തുള്ള ഛത്രപതി പഞ്ചസാര ഫാക്ടറിയിലെ കരാറുകാരനായ ഹനുമന്ത് മുണ്ഢെ പറഞ്ഞത് കുറച്ചു പണം മുന്‍കൂറായി കൊടുത്തിട്ടാണ് തൊഴിലാളികളെ വിളിക്കുന്നതെന്നാണ്. “മുന്‍കൂര്‍ നല്കിയ തുകയ്ക്ക് അനുസരിച്ചുള്ള കരിമ്പ് സീസണ് അവസാനിക്കുമ്പോള്‍ അവര്‍ മുറിക്കുന്നുണ്ടോ എന്ന് ഞങ്ങള്‍ക്കു ഉറപ്പു വരുത്തേണ്ടതുണ്ട്”, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഭീഷണി ഒളിപ്പിച്ച ഒരു അറിയിപ്പില്‍ ഖേഡേകര്‍ ജോലി ചെയ്യുന്ന സാംഗ്ലി ജില്ലയിലെ പഞ്ചസാര ഫാക്ടറി മാര്‍ച്ച് 18-ന് കരാറുകാരന് എഴുതിയത് കരിമ്പു സീസണ് അവസാനിക്കാറായി എന്നും തൊഴിലാളികള്‍ നിര്‍ബ്ബന്ധമായും അവസാനം വരെയും കരിമ്പു മുറിക്കണമെന്നുമാണ്. “അല്ലെങ്കില്‍ നിങ്ങള്‍ക്കുള്ള കമ്മീഷനും തിരികെ വീട്ടില്‍ പോകുന്നതിനുള്ള യാത്രാപ്പടിയും നല്‍കുന്നതല്ല”, കത്ത് ഉപസംഹരിച്ചു.
അതിനാല്‍ കരാറുകാര്‍ക്ക് തൊഴിലാളികളെ ജോലിയില്‍ തുടരാന്‍ നിര്‍ബ്ബന്ധിക്കേണ്ടി വരുന്നു. മുണ്ഢെ പറഞ്ഞത് അദ്ദേഹവും ഒരു കര്‍ഷകനാണെന്നും ഫാക്ടറിയില്‍ നിന്നും ലഭിക്കുന്ന കമ്മീഷന് ഒഴിവാക്കാന്‍ പറ്റില്ലെന്നുമാണ്. “അവര്‍ക്കെല്ലാവര്‍ക്കും തിരികെ പോകണമെന്നുണ്ട്. പക്ഷെ നിര്‍ഭാഗ്യവശാല്‍ ഒന്നും അവരുടെ കൈയില്‍ നില്ക്കുന്നതല്ല”, അദ്ദേഹം പറഞ്ഞു.
മാര്‍ച്ച് 27-ന് ഞങ്ങള്‍ ഫോണില്‍ സംസാരിച്ചപ്പോള്‍ അദ്ദേഹം തൊഴിലാളികളുടെ ഇടയില്‍ ആയിരുന്നു. അവരിലാര്‍ക്കെങ്കിലും ഫോണ്‍ കൊടുക്കാമോയെന്ന് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു. ബീഡിലെ പഹാഡി പാര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള മാരുതി മസ്കെ എന്ന 35-കാരന് സംസാരിക്കാന്‍ സമ്മതിച്ചു. “ഞങ്ങള്‍ വൈറസിനെ ഭയന്നിരിക്കുകയാണ്, എന്തുകൊണ്ടെന്നാല്‍ ഇതെന്താണെന്ന് ആരും ഞങ്ങളോടു പറഞ്ഞു തരുന്നില്ല എന്നതാണ് പ്രധാനകാര്യം”, അദേഹം പറഞ്ഞു. “വാട്ട്സാപ്പ് സന്ദേശങ്ങള്‍ ഭയചകിതരാക്കുന്നു. ഞങ്ങള്‍ക്കു വീട്ടില്‍ തിരിച്ചു പോകണമെന്നുണ്ട്.”
മാര്‍ച്ച് 26-ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഒരു പൊതുപ്രസംഗത്തില്‍ യാത്ര മൂലമുണ്ടാകാന്‍ സാദ്ധ്യതയുള്ള വൈറസ് വ്യാപനം ഒഴിവാക്കുന്നതിനായി എവിടെയാണോ അവിടെത്തന്നെ തുടരാന്‍ തൊഴിലാളികളോട് അഭ്യര്‍ത്ഥിച്ചു. “തൊഴിലാളികളുടെ കാര്യം ഞങ്ങള്‍ നോക്കും”, അദ്ദേഹം പറഞ്ഞു. “ഇത് ഞങ്ങളുടെ ഉത്തരവാദിത്തം ആണ്, ഇത് ഞങ്ങളുടെ സംസ്കാരം ആണ്.”
കരിമ്പു മുറിക്കുന്ന തൊഴിലാളികള്‍ എവിടെയാണോ അവിടെത്തന്നെ തുടരുകയാണെങ്കില്‍ സംസ്ഥാനത്തിന് അവരുടെ കാര്യങ്ങള്‍ നോക്കുന്നതിനുവേണ്ടി വലിയ ഏര്‍പ്പാടുകള്‍ ചെയ്യേണ്ടിവരും – കുറഞ്ഞ വേതനത്തില്‍ ജീവിക്കുന്ന തൊഴിലാളികള്‍ക്ക് അതിനുവേണ്ടി കാത്തിരിക്കാനാവില്ല.
അവരില്‍ നിരവധിപേരും തങ്ങളുടെ ഗ്രാമങ്ങളില്‍ ചെറിയ ഭൂമിയോടു കൂടിയ കര്‍ഷകര്‍ ആയിരിക്കും. പക്ഷെ അത്രയും ഭൂമിയില്‍ നിന്നു ലഭിക്കുന്ന വിളകള്‍കൊണ്ട് കുടുംബം പുലര്‍ത്താനാവില്ല. കാലാവസ്ഥ വര്‍ദ്ധിതമാംവണ്ണം മാറിമറിഞ്ഞു കൊണ്ടിരിക്കുന്നു. കൃഷി തുടങ്ങുന്നതിനു വേണ്ട വിത്തുകള്‍, വളങ്ങള്‍ എന്നിവയ്ക്കുള്ള ചിലവുകള്‍ ഉയര്‍ന്നുകൊണ്ടിരിക്കുമ്പോള്‍ കൃഷിയില്‍ നിന്നുള്ള വരുമാനം കുറഞ്ഞുകൊണ്ടിരിക്കുന്നു. ഖേഡേകര്‍ അഹ്മദ്നഗര്‍-ബീഡ് അതിര്‍ത്തിയിലെ മുംഗുസവ്ഡെ ഗ്രാമത്തിലുള്ള തന്റെ മൂന്നേക്കര്‍ സ്ഥലത്ത് പ്രധാനമായും ബജ്റ കൃഷി ചെയ്യുന്നു. “ഞങ്ങളത് വില്‍ക്കുന്നില്ല. കുടുംബത്തിന്റെ ഭക്ഷണാവശ്യം തൃപ്തിപ്പെടുത്താന്‍ മാത്രമേ അതു തികയൂ. വരുമാനം മുഴുവന്‍ ഈ തൊഴിലിനെ മാത്രം ആശ്രയിച്ചിരിക്കുന്നു”, അദ്ദേഹം പറഞ്ഞു.
എല്ലാ വര്‍ഷവും നവംബറില്‍ സീസണ് തുടങ്ങുമ്പോള്‍ മറാത്ത്വാഡായുടെ കാര്‍ഷിക മേഖലകളില്‍ നിന്നും പശ്ചിമ മഹാരാഷ്ട്ര, കര്‍ണ്ണാടക എന്നിവിടങ്ങളിലുള്ള പഞ്ചസാര ഫാക്ടറികളിലേക്ക് അദ്ദേഹത്തെപ്പോലെ ലക്ഷക്കണക്കിനു തൊഴിലാളികള്‍ കുടിയേറുന്നു. പ്രതിദിനം 14 മണിക്കൂര്‍ ജോലി ചെയ്ത് ആറുമാസക്കാലം അവര്‍ അവിടെ തങ്ങുന്നു.
ബാലാസാഹേബും അദ്ദേഹത്തിന്റെ പത്നി 36-കാരിയായ പാര്‍വ്വതിയും 15 വര്‍ഷങ്ങളായി ഇങ്ങനെ കുടിയേറിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ മറ്റുള്ളവരെല്ലാം ലോക്ക്ഡൗണ്‍ മൂലം വീടുകളില്‍ സ്വസ്ഥമായി കഴിയുമ്പോള്‍ ഇവര്‍ രണ്ടുപേരും തുറന്ന പാടങ്ങളില്‍ മറ്റു നൂറുകണക്കിനു തൊഴിലാളികളോടൊപ്പം നിര്‍ത്താതെ കരിമ്പു മുറിച്ചു കൊണ്ടിരിക്കുന്നു. “ഞങ്ങള്‍ നിരാശരാണ്, അതുകൊണ്ട് ഞങ്ങള്‍ക്കിത് ചെയ്യേണ്ടതുണ്ട്”, ബാലാസാഹേബ് പറഞ്ഞു.
മുറിക്കുന്ന ഓരോ ടണ്‍ കരിമ്പിനും വെറും 228 രൂപ വീതം തൊഴിലാളികള്‍ക്കു ലഭിക്കുമ്പോള്‍ പഞ്ചസാര ഫാക്ടറികള്‍ - സംസ്ഥാനത്തെ ശക്തരായ രാഷ്ട്രീയക്കാരുടെ നേരിട്ടോ അല്ലാതെയോ ഉള്ള നിയന്ത്രണത്തില്‍ ഉള്ളതാണ് അവയില്‍ ഭൂരിഭാഗവും – വലിയ ലാഭം ഉണ്ടാക്കുന്നു. ദിവസം 14 മണിക്കൂര്‍ പാടത്തു പണിയെടുക്കുന്ന ബാലാസാഹേബും പാര്‍വ്വതിയും ഒരുമിച്ചു ചേര്‍ന്ന് പ്രതിദിനം 2-3 ടണ്ണില്‍ കവിയാതെ കരിമ്പു മുറിക്കുന്നു. “ആറു മാസം കഴിയാറാകുമ്പോള്‍ ഞങ്ങള്‍ രണ്ടുപേരും ചേര്‍ന്ന് ഏകദേശം ഒരു ലക്ഷം രൂപ ഉണ്ടാക്കുന്നു”, അദ്ദേഹം പറഞ്ഞു. “സാധാരണയായി ഞങ്ങള്‍ പരാതിപ്പെടാറില്ല. പക്ഷെ ഈ വര്‍ഷം കൂടുതല്‍ അപകടങ്ങള്‍ നിറഞ്ഞ ഒന്നാണ്.”
കുടിയേറുന്ന തൊഴിലാളികള്‍ പഞ്ചസാര പാടങ്ങളില്‍ താത്കാലിക കുടിലുകള്‍ ഉയര്‍ത്തുന്നു. ഏതാണ്ട് അഞ്ചടി ഉയരത്തില്‍ രണ്ടുപേര്‍ക്ക് ഉറങ്ങാന്‍ മാത്രം പാകത്തില്‍ കച്ചികൊണ്ടാണ് അതുണ്ടാക്കുന്നത്, ചിലത് പ്ലാസ്റ്റിക് ഉപയോഗിച്ചു മറയ്ക്കുന്നു. തുറസ്സായ സ്ഥലത്താണ് തൊഴിലാളികള്‍ ഭക്ഷണം പാകം ചെയ്യുന്നത്. പാടങ്ങള്‍ തന്നെ കക്കൂസ് ആയി ഉപയോഗിക്കുകയും ചെയ്യുന്നു.
“ഞങ്ങള്‍ നയിക്കുന്ന ജീവിതത്തിന്റെ ഫോട്ടോ നിങ്ങള്‍ക്കയച്ചു തന്നാല്‍ നിങ്ങള്‍ ഞെട്ടും”, ബാലാസാഹേബ് പറഞ്ഞു. “സാമൂഹ്യ അകലം ഞങ്ങള്‍ക്ക് പ്രാപിക്കാന്‍ കഴിയാത്ത ഒരു ആഡംബരം ആണ്.”
“കുടിലുകളൊക്കെ പരസ്പരം വളരെ ചേര്‍ന്നാണ് ഇരിക്കുന്നത്”, പാര്‍വ്വതി പറഞ്ഞു. “കുടിലുകള്‍ക്കു സമീപം ആണെങ്കിലും പാടത്ത് ആണെങ്കിലും മറ്റു തൊഴിലാളികളില്‍ നിന്നും ഒരു മീറ്റര്‍ അകലം പാലിക്കുക ഞങ്ങള്‍ക്ക് അസാദ്ധ്യമാണ്. കൂടാതെ എല്ലാ വൈകുന്നേരങ്ങളിലും ഞങ്ങള്‍ക്ക് വെള്ളം നിറയ്ക്കണം. ഒരേ ടാപ്പില്‍ നിന്നും 25 സ്ത്രീകള്‍ ആണ് വെള്ളം നിറയ്ക്കുന്നത്. ഈ പരിമിതമായ വെള്ളം ശുചീകരണത്തിനും ഭക്ഷണം പാകം ചെയ്യാനും കുടിക്കാനും ഉപയോഗിക്കണം.”
ഇത്രയൊക്കെ മോശപ്പെട സാഹചര്യങ്ങള്‍ ആണെങ്കിലും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റില്ലെന്ന് ഖേഡേകര്‍ പറയുന്നു. “പഞ്ചസാര കമ്പനി ഉടമകള്‍ വലിയ സ്വാധീന ശക്തി ഉള്ളവര്‍ ആണ്” അദ്ദേഹം പറഞ്ഞു. “ഞങ്ങള്‍ക്കാര്‍ക്കും അവര്‍ക്കെതിരെ സംസാരിക്കാനോ സ്വന്തം അവകാശങ്ങള്‍ക്കു വേണ്ടി നില്‍ക്കാനോ പറ്റില്ല.”
എല്ലാ പഞ്ചസാര ഫാക്ടറികളും കുറഞ്ഞത് 8,000 തൊഴിലാളികളെ വീതം നിയമിക്കുന്നുവെന്ന് ദീപക് നാഗര്‍ഗോജെ പറയുന്നു. ബീഡ് കേന്ദ്രമാക്കി കുടിയേറ്റ കരിമ്പു തൊഴിലാളികളുടെ കുടുംബങ്ങള്‍ നേരിടുന്ന പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്ന ഒരു പ്രവര്ത്തകന് ആണ് ആദ്ദേഹം. ഇന്ന് 79 ഫാക്ടറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നു പറഞ്ഞാല്‍ അതിനര്‍ത്ഥം 6 ലക്ഷത്തിലധികം തൊഴിലാളികള്‍ക്ക് സാമൂഹ്യ അകലം പാലിക്കാനോ മതിയായ ശുചിത്വം പാലിക്കാനോ കഴിയുന്നില്ല എന്നാണ്. “ഇത് തൊഴിലാളികളോടു കാണിക്കുന്ന മനുഷ്യത്വ വിരുദ്ധതയല്ലാതെ ഒന്നുമല്ല”, നാഗര്‍ഗോജെ പറഞ്ഞു. “പഞ്ചസാര ഫാക്ടറികള്‍ ഉടന്‍തന്നെ അവരെ പുറത്തു വിടണം, അവരുടെ വേതനം വെട്ടിക്കുറയ്ക്കരുത്.”
നാഗര്‍ഗോജെ മാര്‍ച്ച് 27-ന് പ്രശ്നം പ്രാദേശിക മാദ്ധ്യമങ്ങളിലൂടെ ഉയര്‍ത്തിയപ്പോള്‍ മഹാരാഷ്ട്രയുടെ പഞ്ചസാര കമ്മീഷണര്‍ ആയ സൗരഭ് റാവു പഞ്ചസാര ഒരു അവശ്യവസ്തു ആണെന്നും അതുകൊണ്ട് ലോക്ക്ഡൗണില്‍ നിന്നും ഒഴിവാക്കിയിരിക്കുകയാണെന്നും പ്രസ്താവിച്ചുകൊണ്ട് ഒരു നോട്ടീസ് പുറത്തുവിട്ടു. “സംസ്ഥാനത്ത് വേണ്ടത്ര പഞ്ചസാര ഉണ്ടാകണമെന്നുണ്ടെങ്കില്‍ ഫാക്ടറികള്‍ തുടര്‍ന്നു പ്രവര്‍ത്തിക്കണം. എന്തുകൊണ്ടെന്നാല്‍ അസംസ്കൃത സാധനങ്ങള്‍ അവിടെ നിന്നാണു വരുന്നത്. പക്ഷെ ഫാക്ടറികളില്‍ കരിമ്പു മുറിക്കുന്ന തൊഴിലാളികളുടെ കാര്യങ്ങള്‍ അന്വേഷിക്കേണ്ടതുണ്ട്”, നോട്ടീസ് പറഞ്ഞു. കൂടാതെ ഫാക്ടറികള്‍ക്കു പ്രത്യേക മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
തൊഴിലാളികളുടെ താമസത്തിനും ഭക്ഷണത്തിനുമുള്ള ക്രമീകരണങ്ങള്‍ ഒരുക്കുക, അതോടൊപ്പം കൈകള്‍ അണുവിമുക്തമാക്കുന്നതിനുള്ള സാനിറ്റൈസറുകളും മതിയായ ശുചീകരണം പാലിക്കുന്നതിനുള്ള വെള്ളവും നല്‍കുക, എന്നിവയൊക്കെ ഉറപ്പാക്കണമെന്നാണ് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പറഞ്ഞത്. തൊഴിലാളികള്‍ സാമൂഹ്യ അകലം പാലിക്കുന്നുണ്ടെന്നുള്ള കാര്യം ഫാക്ടറികള്‍ ഉറപ്പു വരുത്തണമെന്നും നിര്‍ദ്ദേശങ്ങള്‍ പറഞ്ഞു.
പിന്കുറിപ്പ്: മാര്‍ച്ച് 29 ഞായറോടു കൂടി 23 ഫാക്ടറികളിലുള്ള തൊഴിലാളികള്‍ പണി നിര്‍ത്തി, എന്തുകൊണ്ടെന്നാല്‍ ഫാക്ടറികള്‍ ഇപ്പറഞ്ഞ സൗകര്യങ്ങളൊന്നും പ്രദാനം ചെയ്തില്ല.
ബാലാസഹേബ് ഖേ ഡേ കര് എന്നോടു പറഞ്ഞത് പ്രാദേശിക കരിമ്പു തൊഴിലാളികള്‍ അദ്ദേഹം പണിയെടുത്തുകൊണ്ടിരുന്ന ഫാക്ടറിയിലെ പണി തുടര്‍ന്നു എന്നാണ്. പക്ഷെ അദ്ദേഹത്തെയും പാര്‍വ്വതിയെയും പോലുള്ള കുടിയേറ്റ തൊഴിലാളികള്‍ രണ്ടു ദിവസം മുമ്പേ പണി നിര്‍ത്തി. “ഞങ്ങള്‍ക്കു കൂടുതല്‍ ബുദ്ധിമുട്ടായി തീര്‍ന്നു, എന്തുകൊണ്ടെന്നാല്‍ പ്രാദേശിക റേഷന്‍ കടകള്‍ ഞങ്ങള്‍ക്കു കൊറോണ വൈറസ് പിടിപെട്ടിട്ടുണ്ടെന്നു ഭയന്ന് ഞങ്ങളോട് അകലം പാലിച്ചു”, അദ്ദേഹം പറഞ്ഞു. “ശൂന്യമായ വയറുമായി ഈ തൊഴില്‍ ചെയ്യാന്‍ ഞങ്ങള്‍ക്കു പറ്റില്ലായിരുന്നു. ഫാക്ടറി ഞങ്ങള്‍ക്ക് മുഖാവരണങ്ങളോ സാനിറ്റൈസറുകളോ തന്നില്ല, പക്ഷെ ഏറ്റവും കുറഞ്ഞത് ഞങ്ങളുടെ ഭക്ഷണമെങ്കിലും ഉറപ്പാക്കണമായിരുന്നു.”
പരിഭാഷ: റെന്നിമോന്‍ കെ. സി.