ഞങ്ങളുടെ ട്രെയിൻ നാഗ്പൂർ റെയിൽവേ ജംഗ്ഷനിൽ എത്തിയിരുന്നു. കഴിഞ്ഞ വർഷം ഡിസംബറിലെ ഒരുച്ച സമയമയിരുന്നു അത്. ജോധ്പൂർ-പുരി എക്സ്പ്രസ് നാഗ്പൂരിൽ എത്തിയതിനു ശേഷം എഞ്ചിൻ മാറ്റുകയാണ്. അതിനാൽ അൽപ്പനേരത്തേയ്ക്ക് നിർത്തിയിടും. പ്ലാറ്റ്ഫോമിൽ തലയിൽ ബാഗുകൾ ചുമന്നുകൊണ്ട് ഒരു കൂട്ടം യാത്രക്കാർ നിറഞ്ഞു നിന്നിരുന്നു. പടിഞ്ഞാറൻ ഒഡീഷയിൽ നിന്നുള്ള കാലിക കുടിയേറ്റ തൊഴിലാളികളായിരുന്ന അവർ, ജോലിക്കായി യാത്ര ചെയ്ത് സെക്കന്ദരാബാദിലേക്കുള്ള ട്രെയിന് കാത്തിരിക്കുകയാണ്. ഒഡീഷയിലെ വിളവെടുപ്പിനുശേഷം (സെപ്റ്റംബറിനും ഡിസംബറിനുമിടയിൽ), നിരവധി കർഷകരും ഭൂരഹിതരായ കർഷകത്തൊഴിലാളികളും തെലങ്കാനയിലെ ഇഷ്ടിക ചൂളകളിൽ ജോലി ചെയ്യാൻ വീടുവിട്ടിറങ്ങുന്നു. കൂടാതെ, ആന്ധ്രാപ്രദേശ്, കർണാടക, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ചൂളകളിലേക്കും പലരും പോകുന്നുണ്ട്.
ബർഗഢ്, നുവാപഡ ജില്ലകളിൽ നിന്നുള്ളവരാണ് കുടിയേറ്റക്കാരെന്ന് സംഘത്തിലുണ്ടായിരുന്ന രമേഷ് (മുഴുവൻ പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കുന്നില്ല) പറഞ്ഞു. തങ്ങളുടെ ഗ്രാമങ്ങളിൽ നിന്ന് റോഡ് മാർഗ്ഗം കാന്താബൻജി, ഹരിശങ്കർ അല്ലെങ്കിൽ തുരേകാല റെയിൽവേ സ്റ്റേഷനുകളിലേക്കുള്ള യാത്രയോടൊപ്പം അവരുടെ ദീർഘയാത്രകൾ ആരംഭിക്കുകയാണ്. തുടർന്ന്, അവിടെ നിന്നും അവർ നാഗ്പൂരിലേക്ക് ട്രെയിൻ കയറുന്നു, പിന്നീട്, തെലങ്കാനയിലെ സെക്കന്ദരാബാദിലേക്കുള്ള ട്രെയിനുകളിൽ മാറി കയറുന്നു. അവിടെനിന്ന് പണം പങ്കിട്ടു കൂലി നല്കുന്ന നാലുചക്രവാഹനങ്ങളിലാണ് ചൂളകളിലെത്തുന്നത്.
ആഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിലെ നുആഖായ് ഉത്സവത്തിന് തൊട്ടുമുമ്പ്, പുതുതായി വിളയിച്ച നെല്ല് കുലദേവതയ്ക്ക് സമർപ്പിച്ച് വിളവെടുപ്പ് ആഘോഷിക്കുമ്പോൾ, തൊഴിലാളികൾ കരാറുകാരനിൽ നിന്ന് മുതിർന്ന മൂന്ന് പേരടങ്ങുന്ന ഒരു സംഘത്തിന് 20,000 രൂപ മുതൽ 60,000 രൂപ വരെ അഡ്വാൻസ് വാങ്ങുന്നു. പിന്നെ സെപ്തംബറിനും ഡിസംബറിനുമിടയിൽ അവർ ഇഷ്ടികചൂളകളിൽ പോയി ആറുമാസം അവിടെ താമസിച്ച് ജോലിചെയ്ത് മഴക്കാലത്തിനുമുമ്പ് മടങ്ങിവരും. ചില സമയങ്ങളിൽ, അവർ തങ്ങളുടെ അഡ്വാൻസ് തിരിച്ചടയ്ക്കാൻ വളരെ കഠിനാധ്വാനം ചെയ്യുന്നു, ഇത് ഒരു തരത്തിലുള്ള ബന്ധിത ജോലിയാണ് (bonded labour).
കഴിഞ്ഞ 25 വർഷമായി, പടിഞ്ഞാറൻ ഒഡീഷയിലെ ബലംഗീർ, നുവാപഡ, ബർഗഢ്, കലഹന്ദി ജില്ലകളിൽ നിന്നുള്ള ആളുകളുടെ കുടിയേറ്റത്തെക്കുറിച്ച് ഞാൻ റിപ്പോർട്ട് ചെയ്യുകയാണ്. മുൻപ് പാത്രങ്ങൾ, വസ്ത്രങ്ങൾ തുടങ്ങി ആവശ്യമായതെല്ലാം ചണച്ചാക്കുകളിൽ അവർ തങ്ങളുടെ കൈവശം കരുതിയിരുന്നു. ഇപ്പോളിത് ഒരു പരിധിവരെ മാറിയിട്ടുണ്ട്. അവർ കൊണ്ടുപോകുന്ന ഡഫൽ ബാഗുകൾ ഇപ്പോൾ പോളിസ്റ്റർ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്. ഇപ്പോഴും കാർഷിക ദുരിതവും ദാരിദ്ര്യവും കുടിയേറ്റത്തിന് കാരണമാകുമ്പോൾ, തൊഴിലാളികൾക്ക് മുൻകൂർ തുകയ്ക്കായി കരാറുകാരുമായി വിലപേശാം. രണ്ടു ദശാബ്ദങ്ങൾക്കുമുമ്പ്, വസ്ത്രം ധരിക്കാതെയോ അത്യാവശ്യത്തിനുള്ള വസ്ത്രങ്ങൾ മാത്രം ധരിച്ചോ, കുട്ടികൾ യാത്ര ചെയ്യുന്നത് ഞാൻ കാണുമായിരുന്നു; ഇക്കാലത്ത്, അവരിൽ ചിലർ പുതിയ വസ്ത്രങ്ങൾ ധരിച്ചിട്ടുണ്ട്.
സർക്കാർ നടത്തുന്ന സാമൂഹിക ആനുകൂല്യ പദ്ധതികൾ ഒരു പരിധിവരെ പാവപ്പെട്ടവരെ സഹായിച്ചിട്ടുണ്ടെങ്കിലും ചില കാര്യങ്ങൾ അതേപടി തുടരുകയാണ്. തിരക്കേറിയ ജനറൽ കമ്പാർട്ടുമെന്റുകളിൽ റിസർവേഷൻ ഇല്ലാതെ തൊഴിലാളികൾ ഇപ്പോഴും യാത്ര ചെയ്യുന്നു. യാത്ര വളരെ മടുപ്പിക്കുന്നതാണ്. കൂടാതെ അവരുടെ നിരാശയും കുറഞ്ഞ കൂലിക്കുള്ള അതികഠിനമായ അധ്വാനവും അതേപടി തുടരുന്നു.
പരിഭാഷ: അനിറ്റ് ജോസഫ്