“അത്യാവശ്യകാര്യങ്ങൾക്കൊഴിച്ച്, വൈകീട്ട് 7-നും പുലർച്ചെ 7-നും ഇടയിലുള്ള വ്യക്തികളുടെ സഞ്ചാരം കർശനമായി നിരോധിച്ചിരിക്കുന്നു”
- ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ കുറിപ്പ് (മേയ് 17-ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചതുപ്രകാരം)
‘ആളെക്കയറ്റുന്ന വാഹനങ്ങളിലോ ബസ്സുകളിലോ അന്തർ-സംസ്ഥാന യാത്രകൾ നടത്താൻ അനുവദിക്കുന്നതുവഴി കുടിയേറ്റത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന’തായിരുന്നു കുറിപ്പ് (രണ്ട് അയൽസംസ്ഥാനങ്ങളും സമ്മതിച്ചാൽ മാത്രം എന്നൊരു വ്യവസ്ഥയുണ്ട്). എന്നാൽ, ദേശീയപാതകളിലൂടെ കാൽനടയായി യാത്രചെയ്ത് വോട്ടുചെയ്യുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ച് കുറിപ്പിൽ ഒന്നും പറഞ്ഞിരുന്നില്ല.
അതുകൊണ്ട്, 47 ഡിഗ്രി സെൽഷ്യസ് ചൂടുള്ള ചുട്ടുപഴുത്ത വേനൽക്കാലത്ത് പുലർച്ചെ 7-നും വൈകീട്ട് 7-നും ഇടയിൽ നടക്കാൻ ആ മനുഷ്യർ നിർബന്ധിതരായി.
അടച്ചുപൂട്ടൽമൂലം തൊഴിലും വരുമാനവും ഇല്ലാതായതോടെ, തെലങ്കാനയിലെ മുളകുപാടത്ത് ജോലിയെടുക്കുന്ന ജംലോ മഡ്കാം എന്ന 12 വയസ്സുള്ള ആദിവാസി പെൺകുട്ടി, ഒരുമാസം മുൻപ്, ചത്തീസ്ഗഡിലെ തന്റെ വീട്ടിലേക്ക് കാൽനടയായി പുറപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ 140 കിലോമീറ്റർ ദൂരം താണ്ടി, വീട്ടിലെത്താൻ 60 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ പേശീക്ഷയവും നിർജ്ജലീകരണവും ക്ഷീണവുംകൊണ്ട് ആ കുഞ്ഞ് മരിച്ചുവീണു. ഈ കർഫ്യൂ ഇനിയുമെത്ര ജംലോമാരെ സൃഷ്ടിക്കും?
അടച്ചുപൂട്ടാൻ വെറും നാലുമണിക്കൂർ നൽകിക്കൊണ്ട് മാർച്ച് 24-ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം, നൂറ്റിമുപ്പത് കോടി മനുഷ്യരുള്ള ഒരു രാജ്യത്തിനെ ആദ്യം നടുക്കിക്കളഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കുടിയേറ്റത്തൊഴിലാളികൾ അവരവരുടെ വീടുകളിലേക്കുള്ള ദീർഘപ്രയാണങ്ങൾ ആരംഭിച്ചു. യാത്ര തുടങ്ങിയ അവരെ അവരുടെ കുടിയേറ്റസ്ഥലത്തുതന്നെയുള്ള ക്യാമ്പുകളിലേക്ക് തിരിച്ചയയ്ക്കാൻ പൊലിസ് നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപ്പെട്ടവരെ സംസ്ഥാനാതിർത്തികളിൽ തടഞ്ഞുവെച്ചു. അവരെ നമ്മൾ അണുനശീകരണി തളിച്ചു. അവരിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് - ആരുടെ ആശ്വാസമെന്ന് പറയാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലേക്ക് – എത്തിപ്പെട്ടു.
സാധാരണത്തേക്കാൾ തിരക്കുള്ളതായി മാറി അന്ന് മുംബൈ-നാസിക്ക് ദേശീയപാത. നടക്കാവുന്ന വഴികളിലൂടെയൊക്കെ ആളുകൾ സഞ്ചരിച്ചു. ഒരുവർഷം മുമ്പ് ഒരപകടത്തിൽ ഒരു കാൽ നഷ്ടമായ ബിംലേഷ് ജയ്സ്വാൾ, ഭാര്യയും മൂന്ന് വയസ്സുള്ള മകളുമായി ഗിയറില്ലാത്ത ഒരു സ്കൂട്ടറിൽ, മഹാരാഷ്ട്രയിലെ പൻവേലിൽനിന്ന് 1,200 കിലോമീറ്റർ താണ്ടി മധ്യപ്രദേശിലെ രേവയിലേക്ക് യാത്ര ചെയ്തു. “നാലുമണിക്കൂർ സമയം നൽകിക്കൊണ്ട് ആരാണ് രാജ്യത്തിനെ അടച്ചുപൂട്ടുക?”, അയാൾ ചോദിക്കുന്നു. തമാശ പറയല്ലേ ബിംലേഷ്, ആ ചോദ്യത്തിന്റെ ഉത്തരം നിനക്കറിയില്ലേ?










