ഹനുമന്ത് ഗുഞ്ചൽ ശാഹ്ജഹാൻപൂരിലെ പ്രതിഷേധസ്ഥലത്തുനിന്നും വെറും മൂന്നു ദിവസങ്ങൾക്കു ശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചു പോയത് മറക്കാനാവാത്ത ഒരുപാട് ഓർമ്മകളും കൊണ്ടാണ്.
“അവിടുത്തെ കർഷകർ വളരെ നല്ലവരും ഉദാരമതികളുമായിരുന്നു”, മഹാരാഷ്ട്രയിലെ നാശിക് ജില്ലയിലെ ചന്ദ്വാഡ് ഗ്രാമത്തിൽ നിന്നുള്ള നാല്പത്തൊന്നുകാരനായ ഒരു ഭിൽ ആദിവാസി കർഷകൻ പറഞ്ഞു. ഡിസംബർ ഇരുപത്തിയഞ്ചിനായിരുന്നു അദ്ദേഹം ശാഹ്ജഹാൻപൂരിൽ എത്തിയത്. “ഞങ്ങള്‍ അരിയും പരിപ്പും കരുതിയിരുന്നു, വേണ്ടിവന്നാല്‍ ഉപയോഗിക്കുന്നതിനായി. എന്നാൽ ഞങ്ങൾക്കത് ഉപയോഗിക്കേണ്ടി വന്നതേയില്ല. അവർ നെയ്യിൽ പാകം ചെയ്ത സ്വാദിഷ്ടമായ ഭക്ഷണം തന്ന് ഉദാരമായി ഞങ്ങളെ സ്വീകരിച്ചു.”
ഡിസംബർ ഇരുപത്തിയൊന്നിന് നാശിക് സിറ്റിയിൽനിന്നും ഡൽഹിയിലേക്ക് വാഹനങ്ങളുടെ ഒരു ജാഥ പുതിയ കാർഷിക നിയമങ്ങൾക്കെതിരായ പ്രതിഷേധത്തിന് ഐക്യദാർഢ്യമെന്നോണം പുറപ്പെട്ടു. ഏകദേശം ആയിരം കർഷകരെ വഹിച്ചുകൊണ്ടുള്ള ആ ജാഥ 1400 കിലോമീറ്റർ അകലെയുള്ള ഡൽഹിയുടെ അതിർത്തിയിലെത്താൻ അഞ്ചു ദിവസങ്ങളെടുത്തു. ജാഥയവസാനിച്ച ശാഹ്ജഹാൻപൂർ ഡൽഹിയിൽ നിന്ന് 120 കിലോമീറ്റർ തെക്കുമാറി രാജസ്ഥാൻ-ഹരിയാന അതിർത്തിയിൽ സ്ഥിതി ചെയ്യുന്നു. രാജ്യ തലസ്ഥാനത്തിന്റെ പരിസരങ്ങളില്‍ നവംബർ 26 മുതൽ കർഷകർ, പ്രധാനമായും പഞ്ചാബ്, രാജസ്ഥാൻ, ഹരിയാന എന്നിവിടിങ്ങളില്‍ നിന്നുള്ളവര്‍, മൂന്നു കാർഷികനിയമങ്ങൾക്കെതിരെ പ്രതിഷേധം നടത്തിവരുന്ന പല സ്ഥലങ്ങളിലൊന്നാണിത്.
2020 ജൂണ്‍ അഞ്ചിന് ഈ നിയമങ്ങൾ ആദ്യം ഓർഡിനൻസുകളായാണ് പാസ്സാക്കിയത്. പിന്നീട് അവ കാർഷികബില്ലുകളായി സെപ്തംബർ പതിനാലിനു പാർലമെന്റിൽ അവതരിപ്പിക്കുകയും അതേ മാസം ഇരുപതിനു തന്നെ ധൃതി പിടിച്ചു നിയമങ്ങള്‍ ആക്കുകയുമായിരുന്നു. വില ഉറപ്പാക്കുന്നതും കാര്‍ഷിക സേവനങ്ങളും സംബന്ധിച്ച കാര്‍ഷിക (ശാക്തീകരണ, സംരക്ഷണ) കരാര്‍ നിയമം, 2020; കാര്‍ഷിക വിള വിപണനവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച നിയമം , 2020; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നിവയാണ് പാസാക്കിയ പുതിയ നിയമങ്ങൾ. ഭരണഘടനയുടെ 32-ാം വകുപ്പിനെ ദുര്‍ബ്ബലപ്പെടുത്തിക്കൊണ്ട് പൗരന്മാരുടെ നിയമപരമായ സഹായം തേടാനുള്ള അവകാശം അസാധുവാക്കുന്നതിനാല്‍ എല്ലാ ഭാരതീയരെയും ബാധിക്കുന്നവയാണ് ഈ നിയമങ്ങൾ എന്നതരത്തിലും വിമര്‍ശനമുണ്ട്.
ഡൽഹിയിലെയും സമീപപ്രദേശങ്ങളിലെയും പല സമര സ്ഥലങ്ങളിലുമുള്ള കർഷകർ സാമാന്യം വലിയ കൃഷിയിടങ്ങൾക്കുടമകളാണ്. പലർക്കും സ്വന്തമായി വാഹനങ്ങളുണ്ട്. 2024-ലെ പൊതുതിരഞ്ഞെടുപ്പു വരെ സമരം നടത്തുവാനുള്ള വിഭവങ്ങള്‍ തങ്ങൾക്കുണ്ടെന്ന് അവർ പറയുന്നു.
എന്നാൽ മഹാരാഷ്ട്രയിലെ കർഷകരിൽ അനേകരും ആദിവാസി സമുദായത്തിൽ പെട്ടവരാണ്. ഇവരിൽ ബഹുഭൂരിപക്ഷവും വളരെ ചെറിയ കൃഷിയിടങ്ങളോടും പരിമിതമായ വിഭവങ്ങളോടും കൂടിയവരായതിനാൽ അവർക്കിതൊക്കെ അസാധാരണമായിരുന്നു. “എങ്കിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ മാത്രമല്ല മറ്റു സംസ്ഥാനങ്ങളിലെ കർഷകരും ഈ നിയമങ്ങളെ എതിർക്കുന്നുവെന്നും, ഇത് ധനികരും ദരിദ്രരുമായ കർഷകരെ ബാധിക്കുന്ന പ്രശ്നമാണെന്നും ഞങ്ങള്‍ക്കു ബോദ്ധ്യപ്പെടുത്തേണ്ടതുണ്ട്”, പാല്‍ഘർ ജില്ലയിലെ വിക്രംഗഢ് താലൂക്കിൽ നിന്നുള്ള വാർളി സമുദായത്തിൽ പെട്ട 45-കാരനായ സുരേഷ് വാർഥ ( മുകളിലെ കവർ ഫോട്ടോയിൽ കാണുന്നയാള്‍ ) എന്ന കർഷകൻ പറഞ്ഞു.
ഈ മൂന്നു നിയമങ്ങളെയും കർഷകര്‍ കാണുന്നത് തങ്ങളുടെ ഉപജീവനമാർഗത്തെ നശിപ്പിക്കുന്നവയായിട്ടാണ്. എന്തുകൊണ്ടെന്നാല്‍ ഈ നിയമങ്ങള്‍ വൻകിട കോർപറേറ്റുകളുടെ വ്യാപ്തി വർദ്ധിപ്പിച്ചുകൊണ്ട് അവയ്ക്ക് കൃഷിയുടെയും കൃഷിക്കാരുടെയും മേൽ വലിയ അധികാരം നൽകുമെന്ന് അവര്‍ വിശ്വസിക്കുന്നു. മാത്രമല്ല, കർഷകരുടെ സംരക്ഷണത്തിനുതകുന്ന പ്രധാനപ്പെട്ട വ്യവസ്ഥകളായ മിനിമം താങ്ങു വില (എം.എസ്.പി.), കാർഷിക ഉത്പന്ന വിപണന സമിതികൾ (എ.പി.എം.സി.കൾ), ഭക്ഷ്യധാന്യങ്ങളുടെ സംസ്ഥാന സംഭരണം എന്നിങ്ങനെ പലതിനെയും ഈ മൂന്നു നിയമങ്ങൾ അട്ടിമറിക്കുന്നു.
മഹാരാഷ്ട്രയിലെ കൃഷിക്കാര്‍ ഉത്തരേന്ത്യന്‍ കര്‍ഷകരെ പിന്തുണയ്ക്കുന്നതിന്റെ സൂചനയായി മരുന്നുകളുൾപ്പടെ പലതും കൈയിൽ കരുതിയിരുന്നു. എന്നാൽ ശാഹ്ജഹാൻപൂരിലെ പ്രതിഷേധക്കാർക്ക് ചികിത്സാസാമഗ്രികളുടെ കുറവൊന്നുമുണ്ടായിരുന്നില്ല.
“സമരക്കാർക്കു വേണ്ടി എല്ലാ സൗകര്യങ്ങളുമൊരുക്കിയിട്ടുള്ള ഇത്തരമൊരു പ്രതിഷേധ സമരം ഞാനിതുവരെ കണ്ടിട്ടില്ല”, അഹ്മദ്നഗർ ജില്ലയിലെ സംഗ്മനെർ താലൂക്കിലെ ശിന്ദോടി എന്ന ഗ്രാമത്തിൽ നിന്നുള്ള 57-കാരിയായ ഭിൽ ആദിവാസി കർഷക മഥുര ബർടെ പറഞ്ഞു. “അവർ എല്ലാ സൗകര്യങ്ങളുമൊരുക്കിയിരുന്നു. ഇവിടെ എത്തിയപ്പോൾ അവർ ഞങ്ങളെ കശുവണ്ടിയും ബദാമും പായസവും മറ്റും തന്നു സ്വീകരിച്ചു. ഇതൊക്കെ വാങ്ങുന്നതിനു മുന്‍പ് ഞങ്ങൾ രണ്ടുവട്ടം ചിന്തിക്കാറുണ്ട്. കുളിക്കാൻ ചൂടുവെള്ളവും പുതക്കുവാൻ കട്ടിയുള്ള കമ്പളങ്ങളും അവർ തന്നു. ഞങ്ങളുടെ പുതപ്പുകൾ കീറിയിരുന്നതിനാൽ അതൊക്കെ വളരെ ആവശ്യമായിരുന്നു.”
മഥുരാതായ് 2018 മാർച്ചിൽ നടന്ന ദീര്‍ഘദൂര കിസാന്‍ ജാഥ യില്‍ പങ്കെടുത്തിട്ടുണ്ട്. ഈ രണ്ടു സമരങ്ങളെയും താരതമ്യപ്പെടുത്താതിരിക്കാൻ കഴിയുകയില്ലെന്നു അവർ പറയുന്നു. “അന്ന് കൈയിൽ കരുതിയിരുന്ന ഭക്ഷ്യധാന്യങ്ങൾ എത്ര സൂക്ഷിച്ചാണുപയോഗിച്ചിരുന്നതെന്ന് എനിക്കോർമ്മയുണ്ട്” അവര്‍ പറഞ്ഞു. “നാശികിൽ നിന്ന് മുംബൈയിലേക്ക് ഏഴു ദിവസങ്ങളെടുത്താണ് ഞങ്ങൾ നടന്നത്. കരുതിയ ഭക്ഷണം അത്രയുംനാള്‍ തീരാതെ സൂക്ഷിക്കേണ്ടിയിരുന്നു. ഇവിടെയാകട്ടെ, എല്ലായ്പ്പോഴും സമരക്കാർക്കു ഭക്ഷണമൊരുക്കി ലങ്കറുകളുണ്ട്. ഞങ്ങൾക്ക് എത്ര വേണമെങ്കിലും ഭക്ഷിക്കുവാൻ സാധിക്കും.”
കർഷകസമൂഹത്തിലെ എല്ലാ വിഭാഗങ്ങളും തമ്മിലുള്ള ഐക്യം ശാഹ്ജഹാൻപൂരിൽ വ്യക്തമായിരുന്നു. പക്ഷെ ഡൽഹി അതിര്‍ത്തികളിലെ സമരങ്ങള്‍ ഒന്നിനും കുറവില്ലാതെ ശക്തമായി പോകുന്നതു നിലവില്‍ അവിടെയില്ലാത്ത പലരുടെയും പിന്തുണ കൊണ്ടുകൂടിയാണ്.
2018-ലെ ദീര്‍ഘദൂര ജാഥ സംഘടിപ്പിച്ച കർഷകനേതാക്കളിൽ ഒരാളായ അജിത് നവാലെ ഈ വ്യത്യാസം ചൂണ്ടിക്കാണിച്ചു. “ദീര്‍ഘദൂര ജാഥ ഏഴു ദിവസങ്ങൾ നീണ്ടു നിന്നു. ആദ്യത്തെ അഞ്ചു ദിവസങ്ങള്‍ വിഭവങ്ങള്‍ പരിമിതമായിരുന്നതിനാല്‍ ഞങ്ങൾ ബുദ്ധിമുട്ടി. എന്നാൽ ആറാം ദിവസം മുംബൈയുടെ പരിസര പ്രദേശങ്ങളില്‍ എത്തിയപ്പോൾ കർഷകരല്ലാത്ത വിഭാഗങ്ങള്‍ ഭക്ഷണവും, വെള്ളവും, പഴങ്ങളും, ബിസ്ക്കറ്റും, ചെരുപ്പുകളും മറ്റും ഞങ്ങൾക്ക് എത്തിച്ചു തന്നു.”
“ഏതൊരു സമരത്തിന്റെയും നിലനിൽപ്പ് സമൂഹം അതിനെ പിന്തുണക്കുന്നുണ്ടോ എന്നതിനെ ആശ്രയിച്ചിരിക്കുന്നു. അതാണ് ഡല്‍ഹിയിലും സംഭവിച്ചിരിക്കുന്നത്. ഈ സമരം ഇന്ന് കർഷകർക്കിടയിൽ മാത്രം ഒതുങ്ങുന്നില്ല. സമൂഹം മുഴുവനും ഇതിനെ പിന്താങ്ങുന്നു” ശാഹ്ജഹാൻപൂരിലേക്കുള്ള കർഷകരുടെ ജാഥയെ നയിച്ചവരിൽ ഒരാളും അഖിലേന്ത്യാ കിസാന്‍ സഭയുടെ (കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ, മാർക്സിസ്റ്റിനോടു ബന്ധമുള്ള) ജനറൽ സെക്രട്ടറിയുമായ നവാലെ കൂട്ടിചേർത്തു.
ഇത് വിശദീകരിച്ചുകൊണ്ട് അദ്ദേഹം ശാഹ്ജഹാൻപൂരില്‍ അവര്‍ താമസിച്ച ആദ്യത്തെ രാത്രിയിലെ അനുഭവത്തെക്കുറിച്ചു സംസാരിച്ചു. അന്ന് ചില ഓട്ടോ ഡ്രൈവർമാർ അവർക്കു പുതപ്പുകളും തണുപ്പത്തുപയോഗിക്കാനുള്ള വസ്ത്രങ്ങളും മങ്കി ക്യാപ്പുകളും മറ്റും നല്കി. “മഹാരാഷ്ട്രയിൽ നിന്നും കർഷകർ ശാഹ്ജഹാന്പൂരിലേക്കു വരുന്നതറിഞ്ഞു ഡൽഹിയിലെ സിഖ് സമുദായം പണം സ്വരൂപിച്ചു വാങ്ങി കൊടുത്തയച്ചതാണിതൊക്കെ”, അദ്ദേഹം പറഞ്ഞു.
ഹനുമന്ത് ഗുഞ്ചലിന്റെ മറക്കാനാവാത്ത അനുഭവങ്ങളിൽ ഇതെല്ലാമുണ്ട്. “വളരെ പ്രതീക്ഷയോടെയാണ് ഞങ്ങൾ (ഞങ്ങളുടെ ഗ്രാമങ്ങളിലേക്ക്) മടങ്ങി വന്നിരിക്കുന്നത്”, അദ്ദേഹം പറഞ്ഞു.
പരിഭാഷ : പി എസ് സൗമ്യ