“അവിടെ ഒരു എം.എസ്.പി.യും ഉണ്ടാകാൻ പോകുന്നില്ല, അവർ പതിയെ എ.പി.എം.സി.കൾ അടച്ചുപൂട്ടുകയും വൈദ്യുതി സ്വകാര്യവത്കരിയ്ക്കുകയും ചെയ്യും. ഉത്കണ്ഠാകുലരാകാനുള്ള എല്ലാ കാരണങ്ങളും ഞങ്ങൾക്കുണ്ട്”, കർണാടകയിലെ ശിവമൊഗ്ഗ ജില്ലയിൽ നിന്നുള്ള ഹതാശനായ കർഷകന് ഡി. മല്ലികാർജുനപ്പ പറഞ്ഞു.
ഹുളുഗിനകൊപ്പാ ഗ്രാമത്തിൽനിന്നുള്ള 61-കാരനായ മല്ലികാർജുനപ്പ ജനുവരി 25-ന് ബംഗളൂരുവിൽ വന്നത് തൊട്ടടുത്ത ദിവസം അവിടെ നടക്കുന്ന റിപ്പബ്ലിക് ദിന ട്രാക്ടർ പരേഡിൽ പങ്കെടുക്കുന്നതിനാണ്. ശികാര്‍പുര്‍ താലൂക്കിൽ നിന്നുള്ള തന്റെ ഗ്രാമത്തില്‍നിന്നും ഏകദേശം 350 കിലോമീറ്ററോളം അദ്ദേഹം യാത്ര ചെയ്തിരുന്നു. “വലിയ കമ്പനികൾ പറയുന്നത് കേൾക്കുന്നതിനുപകരം അവർ [കേന്ദ്ര സര്‍ക്കാര്‍] എ.പി.എം.സി.കള്‍ പരിഷ്കരിക്കുന്നതിനാണ് ശ്രമിക്കേണ്ടത്. അങ്ങനെയാണെങ്കിൽ ഞങ്ങൾക്ക് യഥാർത്ഥ വില ലഭിയ്ക്കും,” അദ്ദേഹം പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ അദ്ദേഹത്തിന്റെ ആകുലതകള്‍ വർദ്ധിപ്പിച്ചിട്ടേയുള്ളൂ- ഭക്ഷ്യധാന്യങ്ങൾ സംഭരിയ്ക്കുന്ന വിഷയങ്ങളില്‍ കര്‍ഷകര്‍ക്ക് ഉറപ്പുനൽകിയിരുന്ന മിനിമം താങ്ങുവിലയെയും (എം.എസ്.പി.) കാർഷിക ഉത്പന്ന വിപണന കമ്മിറ്റികളെയും (എ.പി.എം.സി.) അവ ദുർബലപ്പെടുത്തും.
തന്റെ 12 ഏക്കര്‍ ഭൂമിയില്‍ 3-4 ഏക്കറില്‍ മല്ലികാർജുനപ്പാ നെൽകൃഷി ചെയ്യുന്നു. ബാക്കിയുള്ള സ്ഥലത്ത് അദ്ദേഹം അടയ്ക്ക കൃഷി ചെയ്യുന്നു. “കഴിഞ്ഞവർഷം അടയ്ക്കാ കൃഷിയിൽ നിന്നുള്ള വിളവ് വളരെ കുറവായിരുന്നു, നെല്ലും എനിക്ക് അധികം കിട്ടിയില്ല”, അദ്ദേഹം പറഞ്ഞു. “12 ലക്ഷം രൂപയുടെ ബാങ്ക് വായ്പ എനിക്ക് തിരിച്ചടക്കാനുണ്ട്. അവർ [സംസ്ഥാന സര്‍ക്കാര്‍] പറയുന്നത് തിരിച്ചടവ് തുക കുറച്ചു തരാം എന്നാണ്. പക്ഷേ ബാങ്കുകാർ ഇപ്പോഴും നോട്ടീസയച്ചുകൊണ്ടും ശിക്ഷയെക്കുറിച്ച് താക്കീത് ചെയ്തുകൊണ്ടും ഇരിക്കുന്നു. അവയെക്കുറിച്ചെല്ലാമോര്ത്ത് ഞാന്‍ ദുഃഖിതനാണ്” ശബ്ദത്തില്‍ ദേഷ്യം കലര്‍ത്തിക്കൊണ്ട് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കർണാടകയുടെ അകലെയുള്ള ജില്ലകളിൽനിന്നുള്ള മല്ലികാർജുനപ്പയെപ്പോലുള്ള കര്‍ഷകര്‍ പരേഡിന് ഒരു ദിവസം മുമ്പുതന്നെ ബംഗളൂരുവിൽ എത്തിയിരുന്നു. പക്ഷേ മാണ്ഡ്യ, രാമനഗര, തുംകൂർ തുടങ്ങി അടുത്തുള്ള ജില്ലകളിൽ നിന്നുള്ള കർഷകർ കാറുകളിലും ബസുകളിലും ട്രാക്ടറുകളിലുമൊക്കെയായി ബംഗളൂരുവിന്റെ പരിസരങ്ങളില്‍ ഒത്തുചേരാന്‍ തുടങ്ങിയത് ജാനുവരി 26-ന് രാവിലെ 9 മണിക്കാണ്. ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ പരേഡിനെ പിന്തുണച്ചുകൊണ്ട് മദ്ധ്യ ബംഗളുരുവിലെ ഗാന്ധിനഗർ പ്രദേശത്തുള്ള ഫ്രീഡം പാർക്കിൽ ഏകദേശം ഉച്ചയോടെ അവർക്ക് എത്തിച്ചേരേണ്ടതുണ്ടായിരുന്നു. ദേശീയ തലസ്ഥാനത്ത് റിപ്പബ്ലിക്-ദിന പരേഡ് സംഘടിപ്പിച്ചത് നവംബർ 26 മുതൽ ഡൽഹി അതിർത്തികളിൽ മൂന്നു കാര്‍ഷിക നിയമങ്ങൾക്കും എതിരെ സമരം നടത്തുന്ന കർഷകരാണ്
കാര്‍ഷികോത്പന്ന വ്യാപാരവും വാണിജ്യവും (പ്രോത്സാഹിപ്പിക്കുന്നതും സുഗമമാക്കുന്നതും) സംബന്ധിച്ച 2020-ലെ നിയമം ; വില ഉറപ്പാക്കല്‍, കാര്‍ഷിക സേവനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കര്‍ഷക (ശാക്തീകരണ, സംരക്ഷണ) കരാറിനെ സംബന്ധിച്ച 2020-ലെ നിയമം ; അവശ്യ സാധന (ഭേദഗതി) നിയമം, 2020 എന്നീ നിയമങ്ങള്‍ക്കെതിരെയാണ് കർഷകർ സമരം ചെയ്തുകൊണ്ടിരിയ്ക്കുന്നത്. ഇപ്പോഴുള്ള സര്‍ക്കാര്‍ ആദ്യം ഈ നിയമങ്ങൾ 2020 ജൂൺ 5-ന് ഓർഡിനൻസുകളായി പാസ്സാക്കുകയും പിന്നീട് സെപ്റ്റംബർ 14-ന് പാർലമെന്റിൽ കാർഷിക ബില്ലുകളായി അവതരിപ്പിയ്ക്കുകയും അതേ മാസം 20-ാം തീയതി തന്നെ നിയമങ്ങളാക്കി മാറ്റാൻ തിടുക്കപ്പെടുകയും ചെയ്തു.
വൻകിട കോർപ്പറേറ്റുകൾക്ക് അവയുടെ ഇടങ്ങള്‍ വിപുലപ്പെടുത്തുന്നതിനും കർഷകരുടെയും കൃഷിയുടെയും മേൽ മേല്‍ക്കൈ നേടുന്നതിനുപോലും കാരണമാകും എന്നതിനാല്‍ ഈ നിയമങ്ങളെ കർഷകർ തങ്ങളുടെ ഉപജീവനത്തിന് വിനാശകരമായാണ് കാണുന്നത്. എം.എസ്.പി., എ.പി.എം.സി.കള്‍, സംസ്ഥാന സംഭരണം, എന്നിവയുള്‍പ്പെടെ കർഷകർക്ക് പ്രധാനമായും താങ്ങാവാന്‍ പറ്റുന്ന എല്ലാത്തിനേയും അവ ദുർബ്ബലപ്പെടുത്തുന്നു. ഇൻഡ്യൻ ഭരണഘടനയുടെ 32-ാം വകുപ്പിന്റെ അടിത്തറ തോണ്ടിക്കൊണ്ട് എല്ലാ പൗരന്മാർക്കും നിയമസഹായം തേടാനുള്ള അവകാശത്തെ ദുര്‍ബ്ബലപ്പെടുത്തുന്നതാണ് ഈ നിയമങ്ങള്‍ എന്നതിനാല്‍ ഓരോ ഇൻഡ്യക്കാരനെയും ഇവ ബാധിയ്ക്കുന്നുവെന്ന വിമർശനവും നിലനില്‍ക്കുന്നുണ്ട്.
ബംഗളൂരുവിനു സമീപമുള്ള ബിദാദിപട്ടണത്തിൽവച്ചാണ് ടി. സി. വസന്ത സമരക്കാർക്കൊപ്പം പങ്കുചേർന്നത്. കർഷകയായ അവരും അവരുടെ സഹോദരി പുട്ട ചന്നമ്മയും മാണ്ഡ്യ ജില്ലയിലെ മദ്ദൂര്‍ താലൂക്കിൽ നിന്നുമാണ് സമരത്തിൽ പങ്കെടുക്കാനെത്തിയിട്ടുള്ളത്. തങ്ങളുടെ ഗ്രാമമായ കെ. എം. ദൊഡ്ഡിയില്‍ വസന്തയും അവരുടെ സഖാവ് ഭർത്താവ് കെ. ബി. നിന്ജെ ഗൌഡയും രണ്ടേക്കര്‍ സ്ഥലത്ത് നെല്ലും റാഗിയും ജോവറും കൃഷി ചെയ്യുന്നു. അവരുടെ നാലംഗ കുടുംബം പ്രധാനമായും കൃഷിയിൽനിന്നുള്ള വരുമാനത്തെ ആശ്രയിക്കുന്നു. അവർക്ക് 23 വയസ്സുള്ള നേഴ്സിങ് വിദ്യാര്‍ത്ഥിയായ ഒരു മകനും 19 വയസ്സുള്ള സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥിനിയായ ഒരു മകളുമുണ്ട്. വസന്തയും അവരുടെ ഭർത്താവും വർഷത്തിൽ 100 ദിവസം ലഭിക്കുന്നഎം.ജി.എൻ.ആർ.ഇ.ജി.എ. ജോലിക്ക് പോകുന്നുണ്ട്
“ഭൂനിയമങ്ങൾ പോലെ പുതിയ നിയമങ്ങളും കമ്പനികൾക്ക് മാത്രമേ ഗുണം ചെയ്യുകയുള്ളൂ”, കർഷകേതരർക്ക് കാർഷിക ഭൂമി വാങ്ങുന്നതിനും വിൽക്കുന്നതിനുമുള്ള നിയന്ത്രണങ്ങൾ എടുത്തുകളഞ്ഞ 2020-ലെ കർണാടക ഭൂപരിഷ്കരണ [ഭേദഗതി] നിയമം ഉദ്ധരിച്ചുകൊണ്ട് വസന്ത പറഞ്ഞു. കൃഷിഭൂമിയൊക്കെ കോർപ്പറേറ്റുകൾ ഏറ്റെടുക്കുമെന്ന് ഭയന്ന് കർണാടകയിലെ കർഷകർ ഈ നിയമം എടുത്തുമാറ്റാന്‍ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു.
“അവർ [സര്‍ക്കാര്‍] പറയുന്നത് കർഷകർ അന്നദാതാക്കൾ ആണെന്നാണ്, പക്ഷേ അവർ ഞങ്ങളെ പീഡിപ്പിച്ചുകൊണ്ടിരിക്കുന്നു. പ്രധാനമന്ത്രി മോദിയും മുഖ്യമന്ത്രി യെദിയൂരപ്പയും കർഷകരെ പീഡിപ്പിച്ചു കൊണ്ടിരിക്കുന്നു. യെദിയൂരപ്പയാണ് ഇവിടെ ഭൂനിയമം ഭേദഗതി ചെയ്തിരിക്കുന്നത്. അദ്ദേഹം ഇത് ഉപേക്ഷിക്കുകയും കർഷകർക്ക് പുതിയ വാഗ്ദാനങ്ങൾ നൽകുകയും ചെയ്യണം. നൂറുകണക്കിന് ആൾക്കാർ ട്രാക്ടറുകളിൽ ഇന്നു വന്നുകൊണ്ടിരിക്കുകയാണ്, ഞങ്ങൾക്ക് ഒന്നിനേയും പേടിയില്ല”, വസന്ത പറഞ്ഞു
പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ ചെയ്യുന്നതിലും അധികകാലമായി കർണാടകയിലെ കർഷകർ സമരം ചെയ്തുകൊണ്ടിരിക്കുന്നു, കർഷക സംഘടനയായ കർണാടക രാജ്യ രയിത സംഘത്തിന്റെ (കെ.ആര്.ആര്.എസ്.) നേതാവായ ബഡഗല്‍പ്പുര നാഗേന്ദ്ര പറഞ്ഞു. “ഞങ്ങൾ ആദ്യം സമരം ചെയ്യാൻ തുടങ്ങിയത് ഭൂനിയമത്തിനെതിരെ 2020 മെയ് മാസത്തില്‍ ആണ്. കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാർഷിക നിയമങ്ങൾക്കെതിരെയും ഞങ്ങൾ ശബ്ദമുയർത്തിക്കൊണ്ടിരിക്കുന്നു.” ബെംഗളൂരുവിലെ റിപ്പബ്ലിക് ദിനത്തിലെ റാലിയുടെ പ്രധാനപ്പെട്ട സംഘാടകരില്‍ ഒന്നായിരുന്നു കെ.ആർ.എസ്.എസ്. സംസ്ഥാനത്ത് എല്ലായിടത്തുനിന്നുമായി രണ്ടായിരത്തോളം ട്രാക്ടറുകൾ എത്തിക്കുന്നതിനാണ് സംഘടന പദ്ധതിയിട്ടിരുന്നത്. “പക്ഷേ പോലീസ് 125 എണ്ണത്തിന് മാത്രമേ അനുമതി നൽകിയുള്ളൂ” കർഷക നേതാവ് പറഞ്ഞു.
പുതിയ കാർഷിക നിയമങ്ങൾ കർഷകർക്ക് വരുമാനം നേടാന്‍ വളരെ ബുദ്ധിമുട്ടുണ്ടാക്കും, ചിത്രദുർഗ്ഗ ജില്ലയിലെ ചല്ലകേരെ താലൂക്കിലെ രേണുകപുര ഗ്രാമത്തിൽനിന്നുള്ള 65-കാരനായ കർഷകനായ ആര്. എസ്. അമരേഷ് പറഞ്ഞു. “ഒരു കർഷകനായി അതിജീവിക്കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഞങ്ങളുടെ വിളകൾക്ക് യാതൊരു മൂല്യവും ഇല്ല. കൃഷിയിലുള്ള ഞങ്ങളുടെ പ്രതീക്ഷ ഞങ്ങൾ ഉപേക്ഷിച്ചിരിക്കുന്നു. ഇത് ഇങ്ങനെ തുടരുകയാണെങ്കിൽ ഒരു കർഷകൻ പോലും ഇല്ലാത്ത ഒരു ദിവസം വരും.”
അമരേഷിന് മക്കള്‍ കർഷകർ ആകുന്നത് താല്പര്യമില്ല. അതുകൊണ്ട് അദ്ദേഹം അവർ മറ്റു ജോലികളിൽ ഏർപ്പെടുന്നത് ഉറപ്പാക്കി. “ഞാൻ എന്റെ രണ്ടുമക്കളെയും വിദ്യാഭ്യാസം ചെയ്യിച്ചിട്ടുണ്ട്, അതുകൊണ്ട് അവർക്ക് കൃഷിയെ ആശ്രയിക്കേണ്ട കാര്യമില്ല. ഞങ്ങളുടെ ഉത്പാദനച്ചെലവ് വളരെ ഉയർന്നതാണ്. എന്റെ പാടങ്ങളില്‍ മൂന്ന് തൊഴിലാളികൾ പണിയെടുക്കുന്നു, ഓരോരുത്തർക്കും 500 രൂപ വീതം [എല്ലാ ദിവസവും] ഞാൻ നൽകുന്നു. ഒരിക്കലും വേണ്ട വരുമാനം എനിക്ക് കിട്ടുന്നില്ല”, അദ്ദേഹം പറഞ്ഞു. 28-കാരനായ അദ്ദേഹത്തിന്റെ മകൻ ചാർട്ടേഡ് അക്കൗണ്ടൻസി പഠിക്കുന്നു, 20കാരിയായ മകള്‍ എം.എസ്സി. ചെയ്യുന്നു.
ജനുവരി 26-ന് ബിദാദിയിലെ ബൈരമംഗലം പാതയില്‍ എത്തിച്ചേർന്ന ആദ്യത്തെ സമരക്കാരിൽ ഒരാളാണ് ഗജേന്ദ്ര റാവു. ഗജേന്ദ്ര ഒരു കർഷകനല്ല, സംസ്ഥാനത്തെ അവകാശ കൂട്ടായ്മയായ കർണാടക ജനശക്തിയുടെ പ്രവർത്തകനായ അദ്ദേഹം ഒരു ക്യാബ് ഡ്രൈവറാണ്. “ഞാനിവിടെ ഈ സമര സ്ഥലത്ത് എത്തിയിരിക്കുന്നത് എന്റെ ഭക്ഷണത്തിനുവേണ്ടി സമരം ചെയ്യാനാണ്”, അദ്ദേഹം പറഞ്ഞു. സർക്കാർ എഫ്.സി.ഐ.യില്‍ [ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ] ആണ് ഇപ്പോൾ ധാന്യങ്ങൾ ശേഖരിച്ചു വച്ചിരിക്കുന്നത്. ഈ സമ്പ്രദായം ക്രമേണ മാറും. നമ്മൾ ആ രീതിയിലേക്കാണ് ഇപ്പോൾ പോയിക്കൊണ്ടിരിക്കുന്നത്. സർക്കാര്‍ അല്ലാതെ കോർപ്പറേറ്റുകൾ ഭക്ഷ്യരംഗം നിയന്ത്രിക്കുമ്പോൾ ഉറപ്പായും ഭക്ഷണസാധനങ്ങളുടെ വില ഉയരും. സമരം ചെയ്യാനുള്ള എല്ലാ അവകാശങ്ങളും എനിക്കുണ്ട്”, അദ്ദേഹം പറഞ്ഞു.
ഉഡുപ്പി ജില്ലയിൽ ഗജേന്ദ്രന്റെ മുത്തച്ഛന് കൃഷിസ്ഥലം ഉണ്ടായിരുന്നു. “പക്ഷേ കുടുംബ തര്‍ക്കങ്ങളെത്തുടർന്ന് ഞങ്ങൾക്ക് അത് നഷ്ടപ്പെട്ടു. എൻറെ അച്ഛൻ ഏകദേശം 40 വർഷങ്ങൾക്കുമുന്‍പ് ബംഗളൂരുവിൽ എത്തുകയും ഞങ്ങളിവിടെ ഒരു റസ്റ്റോറന്റ് തുടങ്ങുകയും ചെയ്തു. ഞാൻ ഇപ്പോൾ നഗരത്തിൽ ക്യാബുകള്‍ ഓടിക്കുന്നു,” അദ്ദേഹം പറഞ്ഞു.
മൂന്ന് കാർഷികനിയമങ്ങളും രാജ്യത്തുടനീളമുള്ള കര്‍ഷകരുടെമേല്‍ ആഘാതം ഉണ്ടാക്കുന്നു, കെ.ആർ.എസ്.എസ്. നേതാവ് നാഗേന്ദ്ര കൂട്ടിച്ചേർത്തു. “കര്‍ണാടകയിലെ എം.എസ്.പി.യുടെമേലും ഇത് ആഘാതം ഉണ്ടാക്കും. 1966-ലെ എ.പി.എം.സി. നിയമപ്രകാരം ഭക്ഷ്യധാന്യങ്ങൾ സംഭരിക്കുന്നതില്‍ ചില നിയന്ത്രണങ്ങള്‍ പാലിക്കേണ്ടതുണ്ടായിരുന്നു. പുതിയ നിയമം കമ്പനികളേയും സ്വകാര്യ വിപണികളേയും മാത്രമേ പരിപോഷിപ്പിക്കുകയുള്ളൂ. കാർഷിക നിയമങ്ങൾ യഥാർത്ഥത്തിൽ ഗ്രാമീണ ഇന്ത്യയിലെ ജനങ്ങൾക്ക് എതിരാണ്.”
ഈ നിയമങ്ങൾ കർഷകരുടെ അവസ്ഥകളെ കൂടുതൽ സങ്കീർണ്ണമാക്കും, അമരേഷ് വിശ്വസിക്കുന്നു. “സർക്കാർ ഞങ്ങളുടെ ഉൽപ്പാദനച്ചെലവ് മനസ്സിലാക്കുകയും ഒരു ഭാഗം ലാഭമായി അനുവദിക്കുകയും അങ്ങനെ എം.എസ്.പി. ഉറപ്പിക്കുകയും വേണം. ഈ നിയമങ്ങൾ കൊണ്ടുവന്ന് അവർ കർഷകര്‍ക്ക് ഹാനി വരുത്തുന്നു. വലിയ കമ്പനികൾ തന്ത്രങ്ങൾ പ്രയോഗിച്ചുകൊണ്ട് ഞങ്ങൾക്ക് ചെറിയ വില തരുന്നു”, അദ്ദേഹം പറഞ്ഞു.
പക്ഷേ വസന്ത അതിന് ഇടവരുത്തില്ലെന്ന നിശ്ചയദാർഢ്യത്തിലാണ്. “ഞങ്ങളുടെ കഠിനാദ്ധ്വാനത്തിനനുസരിച്ച് ഒരേക്കറിൽനിന്ന് അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ ഞങ്ങൾക്ക് കിട്ടേണ്ടതുണ്ട്, പക്ഷേ ഞങ്ങൾക്ക് ഒന്നും കിട്ടുന്നില്ല”, അവര്‍ പറഞ്ഞു. “വെറും ഒരു മാസം അല്ല, വേണ്ടി വന്നാൽ ഒരു വർഷം തന്നെ ഞങ്ങൾ സമരം ചെയ്യും”, എന്ന് അതിനോടു കൂട്ടിച്ചേർക്കുകയും ചെയ്തു.
പരിഭാഷ: റെന്നിമോന്‍ കെ. സി.