ഒരു പ്രഭാതത്തില്‍ ഒരുമരത്തിനടിയില്‍ പാതികീറിയ ഒരു പ്ലാസ്റ്റിക് പായയില്‍ മുടി ഒരു വശത്തേക്കിട്ട്, വിളറിയ മുഖവുമായി അനു ഇരിക്കുകയാണ്. അതുവഴി പോകുന്ന ആളുകള്‍ കുറച്ചകലെനിന്ന് അവരോട് സംസാരിക്കുന്നു. തൊട്ടടുത്തുതന്നെ കാലികള്‍ വിശ്രമിക്കുന്നു. കാലിത്തീറ്റകള്‍ വെയിലത്തുകിടന്ന് ഉണങ്ങുന്നു.
“മഴ പെയ്യുമ്പോള്‍പോലും ഞാനൊരു കുടയുംചൂടി മരച്ചുവട്ടില്‍ ഇരിക്കും, വീട്ടിലേക്ക് കയറില്ല. എന്‍റെ നിഴല്‍പോലും ആരുടെയുംമേല്‍ വീഴരുത്. ഞങ്ങളുടെ ദൈവത്തെ പ്രകോപിപ്പിക്കുന്നത് ഞങ്ങള്‍ക്ക് താങ്ങാന്‍ കഴിയില്ല”, അനു പറഞ്ഞു.
വീട്ടില്‍നിന്നും ഏകദേശം 100 മീറ്റര്‍ മാറി ഒരു തുറന്ന സ്ഥലത്തു സ്ഥിതിചെയ്യുന്ന മരമാണ് എല്ലാമാസവും ആര്‍ത്തവത്തിനുശേഷമുള്ള മൂന്നുദിവസങ്ങളില്‍ അവരുടെ വീട്.
“എന്‍റെ മകള്‍ എനിക്ക് ഒരു പാത്രത്തില്‍ ഭക്ഷണം എത്തിക്കും”, അനു (യഥാര്‍ത്ഥ പേരല്ല) കൂട്ടിച്ചേര്‍ത്തു. ഇങ്ങനെ മാറിനില്‍ക്കുന്ന സമയത്ത് പ്രത്യേകിച്ചൊരുകൂട്ടം പാത്രങ്ങളാണ് അവര്‍ ഉപയോഗിക്കുന്നത്. “ഒരിക്കലും ഉല്ലസിക്കാന്‍ പറ്റുന്നതുപോലെയല്ല ഞാനിവിടെ ഇരിക്കുന്നത്. എനിക്ക് [വീട്ടില്‍] പണിയെടുക്കണം. പക്ഷെ ഞങ്ങളുടെ സംസ്കാരത്തെ മാനിച്ചുകൊണ്ട് പുറത്തുതങ്ങും. ഞങ്ങളുടെ പാടത്ത് കൂടുതല്‍ പണിയുണ്ടെങ്കില്‍ ഇപ്പോഴും ഞാന്‍ പണിയെടുക്കും. അനുവിന്‍റെ കുടുംബം അവരുടെ ഒന്നരയേക്കറില്‍ പഞ്ഞപ്പുല്ല് കൃഷി ചെയ്യുന്നു.
മാറിനില്‍ക്കുന്ന ഈ ദിവസങ്ങളില്‍ സ്വന്തമായിട്ടാണ് കാര്യങ്ങളൊക്കെ ചെയ്യുന്നതെങ്കിലും അനു ഒറ്റയ്ക്കല്ല ഈ ആചാരം പിന്തുടരുന്നത്. 19-ഉം 17-ഉം വയസ്സുള്ള അവരുടെ പെണ്‍മക്കളും ഇതുതന്നെയാണ് ചെയ്യുന്നത് (21-കാരിയായ മറ്റൊരുമകള്‍ വിവാഹിതയാണ്). കാഡുഗൊല്ല സമുദായത്തില്‍പെട്ട ഏകദേശം 25 കുടുംബങ്ങളുടെ വാസസ്ഥലത്തുള്ള (Hamlet എന്ന വാക്കിനെയാണ് ഈ ലേഖനത്തിലുടനീളം വാസസ്ഥലം എന്ന് ഉപയോഗിച്ചിരിക്കുന്നത്) എല്ലാസ്ത്രീകളും ഇതേരീതിയില്‍ മാറിനില്‍ക്കേണ്ടവരാണ്.
പ്രസവം കഴിഞ്ഞു തൊട്ടടുത്ത ദിവസങ്ങളിലുള്ള സ്ത്രീകളും കടുത്ത നിയന്ത്രണങ്ങള്‍ അഭിമുഖീകരിക്കുന്നു. അനുവിന്‍റെ മര-വാസസ്ഥാനത്തിനടുത്ത് ചെറിയ അകലങ്ങളില്‍ സ്ഥിതിചെയ്യുന്ന ആറോളം കുടിലുകളാണ് അവര്‍ക്കും അവരുടെ ശിശുക്കള്‍ക്കുമുള്ള അഭയം. മറ്റുസമയങ്ങളില്‍ ഇത് ഒഴിഞ്ഞുകിടക്കും. ആര്‍ത്തവം ആകുന്നവര്‍ വെറുതെ മരത്തിനുകീഴില്‍ തങ്ങേണ്ടിവരും.















