“ഞങ്ങളുടെ അച്ഛന് മരണത്തില്‍ നല്ല പരിഗണന കിട്ടില്ലെന്നോര്‍ത്ത് ഞങ്ങള്‍ ദുഃഖിച്ചു.”
പഞ്ചനാഥൻ സുബ്രമണിയത്തിന്റെ മരണാനന്തരം രണ്ട് മാസത്തിനു ശേഷം ഇപ്പോഴും അദ്ദേഹത്തിന്റെ മകൻ എസ്. രമേശ് ദുഃഖിക്കുന്നു: "കോവിഡ്-19 ലക്ഷണങ്ങളുമായി അദ്ദേഹത്തെ ഞങ്ങൾ തഞ്ചാവൂർ സർക്കാർ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തപ്പോൾ ഞങ്ങളൊരിക്കലും പ്രതീക്ഷിച്ചില്ല ജീവനില്ലാതെ അദ്ദേഹത്തെ തിരിച്ചു കൊണ്ടുപോകേണ്ടി വരുമെന്ന്.”
ഇൻഡ്യൻ ആർമിയിലെ ക്ലെറിക്കൽ സ്ഥാനത്തു നിന്നും വർഷങ്ങൾക്ക് മുൻപ് വിരമിച്ച 68-കാരനായ സുബ്രമണിയത്തിന് കാര്യമായ ആരോഗ്യ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ല. സൈന്യവുമായുള്ള തന്റെ ബന്ധത്തിൽ അഭിമാനിച്ചിരുന്ന അദ്ദേഹം, "തന്റെ ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും ചെയ്തു. ഒരിക്കലുമദ്ദേഹം പ്രഭാത നടത്തം ഉപേക്ഷിച്ചില്ല. ഭക്ഷണക്രമത്തിൽ കണിശക്കാരനുമായിരുന്നു”, തമിഴ്നാട്ടിലെ കുംബകോണം പട്ടണത്തിൽ നിന്നുള്ള 40-കാരൻ രമേശ് പറഞ്ഞു. "ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുമ്പോഴും അദ്ദേഹത്തിന് സുഖമാകുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചു.”
പക്ഷെ സുബ്രമണിയം ഓഗസ്റ്റ് 14-ന് മരിച്ചപ്പോൾ രമേഷും അദ്ദേഹത്തിന്റെ കുടുംബവും ദുഃഖിതരായിരുന്നു - അദ്ദേഹത്തെ അവർക്ക് നഷ്ടപ്പെട്ടു എന്നതുകൊണ്ടുമാത്രമല്ല അത്. സംസ്ഥാനത്ത് കോവിഡ്-19-ന് ഇരകളായവരുടെ ശവസംസ്കാരം എങ്ങനെയാണ് ദുഷ്പേരിന് കാരണമായതെന്ന് അവർ കാണുകയും ഇനി എന്ത് ചെയ്യുമെന്നോര്‍ത്ത് ചിന്താകുഴപ്പത്തിൽ ആവുകയും ചെയ്തു. "സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും കുറച്ച് പിന്തുണയേ ഞങ്ങൾക്ക് കിട്ടിയുള്ളൂ”, രമേഷ് പറഞ്ഞു. "അത് മനസ്സിലാക്കാൻ പറ്റും, കാരണം വലിയ ശ്രദ്ധവേണ്ട ഒന്നാണ് കൊറോണ മരണം.”
അപ്പോഴായിരുന്നു അപ്രതീക്ഷിതമായി സംസ്ഥാനത്തെ ഒരു സർക്കാരിതര സംഘടനയുടെ (തമിഴ്നാട് മുസ്ലിം മുന്നേറ്റ കഴകം) ഭാഗത്തു നിന്നും വളരെ പ്രായോഗികമായ ഒരു സഹായം ലഭിച്ചത്. സുബ്രമണിയം മരിച്ചയുടനെ 6 ടി.എം.എം.കെ. സന്നദ്ധ പ്രവർത്തകർ കുടുംബത്തെ സഹായിക്കാനായി ഒത്തുകൂടി - ആശുപത്രിയിൽ നിന്നും മൃതദേഹം സ്വീകരിച്ചതു മുതൽ അത് അവരുടെ ജന്മ പട്ടണത്തിൽ മാന്യമായി അടക്കം ചെയ്യുന്നതു വരെ (ചില ഹിന്ദു സമുദായങ്ങൾ മൃതദേഹം സംസ്കരിക്കുന്നതിനു പകരം അടക്കം ചെയ്യുകയാണ്).
കുടുംബത്തിന് ഇതൊരു അസാധാരണമായ ഭാഗ്യമായിരുന്നു. ടി.എം.എം.കെയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ മാർച്ച് മുതൽ തമിഴ്നാട്ടിലും പുതുച്ചേരിയിലും അവർ നടത്തിയ ഏതാണ്ട് 1,100 മരിച്ചടക്കുകളിൽ ഒന്നുമാത്രമായിരുന്നു സുബ്രമണിയന്റേത്. മരിച്ചയാളുടെ ജാതി, സമുദായ പരിഗണനകളൊന്നും കൂടാതെയായിരുന്നു ശവദാഹം നടത്തിയിരുന്നത്. അസാനചടങ്ങുകൾ കുടുംബത്തിന്റെ താൽപര്യങ്ങളും മതപരമായ പാരമ്പര്യങ്ങളും അനുസരിച്ച് നടത്തുന്നു. കോവിഡ്-19 സ്ഥിരീകരിച്ച മരണങ്ങളിൽ മൃതദേഹം 8 അടി ആഴത്തിൽ കുഴിയിൽ അടക്കം ചെയ്യണമെന്ന പ്രാദേശിക ഭരണകൂടത്തിന്റെ നിബന്ധനകൾ ടി.എം.എം.കെ. പിന്തുടർന്നു.









