നാലാമതും ഗർഭം ധരിച്ചപ്പോൾ അത് ഒഴിവാക്കാനായി കമല പോയത്, തന്റെ ഊരിൽനിന്ന് 30 കിലോമീറ്റർ അകലെയുള്ള ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലേക്കല്ല. വീട്ടിൽനിന്ന് നടന്നാലെത്താവുന്ന ചന്തയിലേക്ക് മാത്രമേ അവർ ഇന്നോളം പോയിട്ടുള്ളു. “ആ സ്ഥലത്തിനെക്കുറിച്ച് എനിക്ക് അറിയുകപോലുമില്ല. ഭർത്താവാണ് പിന്നീട് അത് കണ്ടുപിടിച്ചത്”.
ഊരിൽനിന്ന് അകലെയല്ലാത്ത ഒരു പ്രാദേശിക വൈദ്യനെയാണ് കമലയും ഭർത്താവ് രവിയും (പേരുകൾ യഥാർത്ഥമല്ല) ആദ്യം സമീപിച്ചത്. കമലയ്ക്ക് 30-വയസ്സ് കഴിഞ്ഞിരുന്നു. രവിയ്ക്ക് 35-ഉം. “ഒരു സുഹൃത്താണ് അയാളെക്കുറിച്ച് ഞങ്ങളോട് പറഞ്ഞത്. വീടിനടുത്തുള്ള ഇത്തിരി സ്ഥലത്ത് പച്ചക്കറി വളർത്തി അങ്ങാടിയിൽ വിൽക്കുകയാണ് കമലയുടെ ജോലി. ഭർത്താവാകട്ടെ, അടുത്തുള്ള അങ്ങാടിയിൽ കൂലിപ്പണിക്കാരനാണ്. രണ്ട് സഹോദരന്മാരുടെ കൂടെ ചേർന്ന്, മൂന്നേക്കറിൽ ഗോതമ്പും ചോളവും കൃഷിചെയ്യുന്നുമുണ്ട്. കമല സൂചിപ്പിച്ച ക്ലിനിക്ക് ഹൈവേയിൽനിന്ന് കാണാൻ സാധിക്കും. ആശുപത്രി എന്നാണ് അതിനെ വിശേഷിപ്പിക്കുന്നതെങ്കിലും, പ്രവേശനകവാടത്തിൽ ഡോക്ടറുടെ പേരൊന്നും സൂചിപ്പിച്ചിരുന്നില്ല. പക്ഷേ, വളപ്പിന്റെ ചുറ്റിലും കെട്ടിയിരിക്കുന്ന ഫ്ലെക്സിൽ പേരിനോടൊപ്പം ഡോക്ടർ എന്നുകൂടി ചേർത്തിട്ടുണ്ട്.
അടുത്ത മൂന്ന് ദിവസത്തേക്ക് കഴിക്കാൻ അഞ്ച് ഗുളികകൾ അയാൾ കൊടുത്തു. 500 രൂപയും വാങ്ങിയിട്ട്, അടുത്ത രോഗിയെ വിളിച്ചു. മരുന്നിനെക്കുറിച്ചോ, അതിന്റെ ഗുണദോഷങ്ങളെക്കുറിച്ചോ ഒരു കാര്യവും പറഞ്ഞില്ല. എപ്പോഴാണ് ഗർഭം അലസിപ്പോവുക എന്നുപോലും അയാൾ പറഞ്ഞില്ല.
മരുന്ന് കഴിച്ച് കുറച്ച് മണിക്കൂറുകൾ കഴിഞ്ഞപ്പോൾ ചോര വാർന്നുപോകാൻ തുടങ്ങി. “കുറച്ച് ദിവസം കഴിഞ്ഞിട്ടും നിൽക്കാതെ വന്നപ്പോൾ അയാളെപ്പോയി കണ്ടു. പ്രാഥമികാരോഗ്യകേന്ദ്രത്തിൽ പോയി ഗർഭപാത്രം വൃത്തിയാക്കാനായിരുന്നു അയാളുടെ നിർദ്ദേശം”.
ബേനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിന് പുറത്ത്, ഗർഭഛിദ്രത്തിനുള്ള പ്രക്രിയയ്ക്കായി തന്റെ പേർ വിളിക്കുന്നതും നോക്കി ഇളംവെയിലിൽ കാത്തുനിൽക്കുകയായിരുന്നു കമല. 30 മിനിറ്റെടുക്കുന്ന പ്രക്രിയയാണത്. അതിനുമുൻപും ശേഷവും മൂന്നുനാല് മണിക്കൂറുകൾ വിശ്രമിക്കുകയും വേണം. തലേദിവസം, മൂത്ര-രക്ത പരിശോധനകളൊക്കെ ചെയ്തിരുന്നു അവർ.
ഛത്തീസ്ഗഢിലെ നാരായൺപുർ ജില്ലയിലെ ഏറ്റവും വലിയ പ്രാഥമികാരോഗ്യകേന്ദ്രം 2019-ലാണ് പുതുക്കിപ്പണിതത്. ചിരിക്കുന്ന അമ്മമാരുടേയും ആരോഗ്യമുള്ള കുട്ടികളുടേയും വർണ്ണചിത്രങ്ങൾ അലങ്കരിച്ച പ്രത്യേക പ്രസവമുറികളും, 10 കിടക്കകളുള്ള വാർഡും, 3 കിടക്കകളുള്ള പ്രസവശസ്ത്രക്രിയാ മുറികളും ഓട്ടോക്ലേവ് യന്ത്രവും, പ്രസവമടുത്ത സ്ത്രീകൾക്ക് താമസിക്കാനുള്ള സൗകര്യങ്ങളും അടുക്കളപ്പൂന്തോട്ടവുമൊക്കെയുള്ള ആരോഗ്യകേന്ദ്രമാണ് ബേനൂർ പി.എച്ച്.സി.












