ഒരു പോലീസ് സ്റ്റേഷന് മുന്നില്‍വച്ച് ഭാര്യയെ ആക്രമിക്കുന്നത് അയാള്‍ക്ക് പ്രശ്നമേ ആയിരുന്നില്ല. ഹൗസാബായിയുടെ മദ്യപനായ ഭര്‍ത്താവ് അവരെ നിര്‍ദ്ദയം മര്‍ദ്ദിക്കാന്‍ തുടങ്ങി. “അടിയെല്ലാംകൊണ്ട് എന്‍റെ പുറം വേദനിക്കാന്‍ തുടങ്ങി”, അവര്‍ ഓര്‍മ്മിച്ചു. “ഇത് നടന്നത് ഭവാനിനഗറിലെ [സാംഗ്ലിയില്‍] ചെറിയ പോലീസ് സ്റ്റേഷന് മുന്‍പില്‍ വച്ചായിരുന്നു.” പക്ഷെ പോലീസ് സ്റ്റേഷനിലെ നാല് പോലീസുകാരില്‍ രണ്ടുപേര്‍ മാത്രമെ അപ്പോള്‍ ഉണ്ടായിരുന്നുള്ളു. “രണ്ടുപേര്‍ ഉച്ചഭക്ഷണത്തിനു പോയിരുന്നു.” ലഹരിയിലായിരുന്ന അവരുടെ ഭര്‍ത്താവ് പിന്നെ “വലിയൊരു കല്ലെടുത്ത് ‘ഇപ്പോള്‍ നിന്നെ ഈ കല്ലുകൊണ്ട് ഞാന്‍ കൊല്ലും’ എന്നലറി”.
അത് സ്റ്റേഷനിലെ രണ്ട് പോലീസുകാര്‍ പുറത്തേക്ക് ഓടിയെത്തുന്നതിനു കാരണമായി. “അവര്‍ ഞങ്ങളുടെ വഴക്കില്ലാതാക്കാന്‍ നോക്കി.” മോശമായി പെരുമാറുന്ന ഭര്‍ത്താവിന്‍റെ വീട്ടിലേക്ക് തിരിച്ചുപോകാന്‍ താല്‍പ്പര്യമില്ല എന്ന് അപ്പോഴവിടെ ഉണ്ടായിരുന്ന തന്‍റെ സഹോദരനോട് ഹൗസാബായ് വിശദീകരിക്കാന്‍ ശ്രമിച്ചു. “ഞാന്‍ പറഞ്ഞു, ഞാന്‍ പോകില്ല, ഞാന്‍ പോകില്ല. ഞാനിവിടെ തങ്ങും. നിന്‍റെ വീടിനടുത്ത് ചെറിയൊരിടം തരപ്പെടുത്തുക. മരണം ഉറപ്പിച്ച് ഭര്‍ത്താവിനൊപ്പം പോകുന്നതിനുപകരം കിട്ടുന്നത് തൃപ്തിപ്പെട്ടുകൊണ്ട് ഞാനിവിടെ കഴിഞ്ഞോളാം.” പക്ഷെ സഹോദരന്‍ അവരുടെ അപേക്ഷ തള്ളിക്കളഞ്ഞു.
പോലീസുകാര്‍ കുറച്ചേറെ സമയം ആ ദമ്പതികളെ ഉപദേശിച്ചു. അവസാനം അനുരഞ്ജനപ്പെട്ട ആ ദമ്പതികളെ പോലീസുകാര്‍ ചേര്‍ന്ന് ഗ്രാമത്തിലേക്കുള്ള ട്രെയിന്‍ കയറ്റിവിട്ടു. “അവര്‍ ഞങ്ങള്‍ക്കുള്ള ടിക്കറ്റ് പോലുമെടുത്ത് എന്‍റെ കൈയില്‍ തന്നു. പോലീസുകാര്‍ ഭര്‍ത്താവിനോട് പറഞ്ഞു – ‘ഭാര്യ കൂടെ വേണമെന്നുണ്ടെങ്കില്‍ അവരോട് നന്നായി പെരുമാറുക, അവരെ പരിപാലിക്കുക, വഴക്കുണ്ടാക്കരുത്’.”
ഈ സമയംകൊണ്ട് ഹൗസാബായിയുടെ കൂട്ടാളികള്‍ പോലീസ് സ്റ്റേഷന്‍ കൊള്ളയടിച്ച് അവിടെയുണ്ടായിരുന്ന നാല് തോക്കുകളും പിടിച്ചെടുത്തു. ഇതായിരുന്നു അവരും അവരുടെ വ്യാജ ‘ഭര്‍ത്താവും’ ‘സഹോദരനും’ ചേര്‍ന്ന് പോലീസുകാരുടെ മുന്നില്‍ അക്ഷരാര്‍ത്ഥത്തില്‍ വേദനാജനകമായ നാടകം കളിക്കാനും പോലീസുകാരുടെ ശ്രദ്ധ തിരിക്കാനുമുണ്ടായ കാരണം. ഇത് 1943-ലായിരുന്നു. വിവാഹിതയായിട്ട് മൂന്ന് വര്‍ഷമായ 17 വയസ്സുണ്ടായിരുന്ന അവര്‍ക്ക് സുഭാഷ് എന്നുപേരുള്ള ഒരു കുഞ്ഞുമുണ്ടായിരുന്നു. ബ്രിട്ടീഷ് ഭരണ വിരുദ്ധ ദൗത്യങ്ങള്‍ക്കായി ഇറങ്ങിയപ്പോള്‍ അവര്‍ അവനെ ആന്‍റിയുടെ അടുത്താക്കിയിരുന്നു. വാസ്തവമാണെന്ന് തോന്നിക്കുന്നതിനായി ശക്തമായി തന്നെ അടിച്ച വ്യാജ ഭര്‍ത്താവ് അടി, ഏതാണ്ട് 74 വര്‍ഷങ്ങള്‍ക്കുശേഷം, ഇപ്പോഴും അവരെ അലോസരപ്പെടുത്തുന്നു. മഹാരാഷ്ട്രയിലെ സാംഗ്ലി ജില്ലയിലെ വിട എന്ന സ്ഥലത്തുവച്ച് ഇപ്പോള്‍ 91 വയസ്സുള്ള അവര്‍ ഞങ്ങളോട് കഥകള്‍ പറയുകയാണ്. “എന്‍റെ കണ്ണുകളും കാതുകളും എനിക്കൊരു വെല്ലുവിളിയാകുന്നു [ഈ പ്രായത്തില്‍], പക്ഷെ ഞാന്‍തന്നെ എല്ലാ കാര്യങ്ങളും പറയാം.”







