ഇന്ത്യയുടെ പ്രഥമ നിയമ മന്ത്രിയായിരുന്ന ഡോക്ടർ ബി.ആർ അംബേദ്‌കർ പുതിയ പാർലമെന്റ് മന്ദിരത്തിൽ നടന്ന നടപടിക്രമങ്ങൾ സംശയദൃഷ്ടിയോടെ മാത്രം വീക്ഷിച്ചിരിക്കാനേ സാധ്യതയുള്ളൂ. "ആരെങ്കിലും ഭരണഘടന ദുരുപയോഗം ചെയ്യുന്നത് എന്റെ ശ്രദ്ധയിൽപ്പെട്ടാൽ അത് ആദ്യം കത്തിക്കുക ഞാനായിരിക്കും" എന്ന് പറഞ്ഞത് അദ്ദേഹം തന്നെയാണല്ലോ.
പൗരന്മാരുടെ ഭരണഘടനാപരമായ അവകാശങ്ങൾക്ക് ഭീഷണിയുയർത്തി 2023-ൽ പാർലമെന്റിൽ പാസ്സായ പ്രധാനപ്പെട്ട പുതിയ നിയമങ്ങൾ പാരി ലൈബ്രറി ആഴത്തിൽ പരിശോധിക്കുന്നു.
2023-ലെ വന (സംരക്ഷണം) ഭേദഗതി നിയമത്തിന്റെ കാര്യമെടുക്കാം. ഇന്ത്യയിലെ വനങ്ങൾ, അവ അതിർത്തികളോട് അടുത്തുകിടക്കുന്നവയെങ്കിൽ, ഇനി മുതൽ അപ്രാപ്യമല്ല. ഒന്നിലധികം രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തികൾ പങ്കിടുന്ന, ഇന്ത്യയുടെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങൾ ഉദാഹരണമായെടുക്കാം. നിയമഭേദഗതിയ്ക്കുശേഷം, സൈനികവും സൈനികേതരവുമായ ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗിക്കാവുന്ന, രേഖപ്പെടുത്തിയിട്ടുള്ള വനപ്രദേശങ്ങളുടെ 50 ശതമാനത്തോളവും വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിലുള്ള 'അൺക്ലാസ്സ്‌ഡ് ഫോറസ്റ്റ്സ്' ആണ്.
ഡിജിറ്റൽ സ്വകാര്യതാ മേഖലയിൽ നടപ്പിലാക്കപ്പെട്ട പുതിയ നിയമം - ഭാരതീയ നാഗരിക് സുരക്ഷാ (രണ്ട്) സംഹിതാ ആക്ട് - പ്രകാരം, അന്വേഷണ ഏജൻസികൾക്ക് നടപടിക്രമങ്ങളുടെ ഭാഗമായി ഫോണുകൾ, ലാപ്‌ടോപ്പുകൾപോലെയുള്ള ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കുക ഇനി മുതൽ എളുപ്പമാകും; പൗരന്റെ സ്വകാര്യത എന്ന മൌലികാവകാശത്തിന് ഭീഷണി ഉയർത്തുന്ന സ്ഥിതിവിശേഷമാണിത്. അതുപോലെതന്നെ, പുതിയ ടെലിക്കമ്യൂണിക്കേഷൻസ് നിയമം, ടെലിക്കമ്യൂണിക്കേഷൻ സേവനങ്ങൾ നൽകുന്ന അംഗീകൃത സ്ഥാപനത്തിന്, പരിശോധിച്ച് ഉറപ്പ് വരുത്താവുന്ന, ബയോമെട്രിക് വിവരങ്ങൾ അടിസ്ഥാനമാക്കിയുള്ള തിരിച്ചറിയൽ സംവിധാനം ഉപയോഗിക്കാൻ അധികാരം നൽകുന്നു. ഇതിന്റെ ഭാഗമായി ബയോമെട്രിക്ക് വിവരങ്ങൾ ശേഖരിച്ച് സൂക്ഷിക്കുന്നത്, സ്വകാര്യതയും സൈബർ സുരക്ഷയും സംബന്ധിച്ച് കാതലായ ചില ആശങ്കകൾ ഉയർത്തുന്നുണ്ട്.







