“ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്നവരായതുകൊണ്ട്, എന്തിനും ഏതിനും ഞങ്ങളുടെ ശരീരത്തെ പണമായി ഉപയോഗിക്കാമെന്ന ചിന്തയാണ് അവർക്ക്”, 30 വയസ്സുള്ള മീര പറയുന്നു. ഹൃദയാഘാതം വന്ന് ഭർത്താവ് മരിച്ചപ്പോൾ, മൂന്ന് കുട്ടികളെ പോറ്റാൻ വേണ്ടി, 2021-ൽ ഉത്തർപ്രദേശിലെ ഫറൂക്കാബാദ് പട്ടണത്തിൽനിന്ന് വന്നവരാണ് അവർ. ഇന്നവർ ക്ഷുഭിതയും തളർന്നവളുമാണ്, എല്ലാ അർത്ഥത്തിലും.
“മരുന്ന് തരുമ്പോൾ അവർ ഇതാണ് ചെയ്യുന്നത്”, ആശുപത്രിയിലെ ആൺ ജീവനക്കാരും വാർഡിൽ സഹായിക്കാൻ നിൽക്കുന്ന പുരുഷന്മാരും തന്‍റെ ശരീരത്തിൽ ചെയ്യുന്നത് അനുകരിക്കുന്ന മട്ടിൽ സ്വന്തം ശരീരത്തിൽ തടവിക്കൊണ്ട്, അറപ്പോടെ, മുഖം കോട്ടി, 39 വയസ്സുള്ള അമൃത പറഞ്ഞു. ആ അപമാനത്തെ ഭയപ്പെടുന്നുണ്ടെങ്കിലും, പരിശോധനകൾക്കും മരുന്നുകൾക്കുമായി അവൾക്ക് സർക്കാർ ആശുപത്രികളിലേക്ക് വരേണ്ടിവരുന്നു.
“എച്ച്.ഐ.വി. പരിശോധനകൾക്കായി പോകുമ്പോൾ, ഞങ്ങൾ ലൈംഗികത്തൊഴിലാളികളാണെന്ന് മനസ്സിലാക്കി, സഹായിക്കാൻ അവർ മുൻപോട്ടുവരും. “പിന്നിലെ വാതിലിലൂടെ വാ, ഞാൻ മരുന്നുകൾ എടുത്തുവെക്കാം” എന്നാണ് പറയുക. എന്നിട്ട് ആ അവസരം മുതലാക്കി അനാവശ്യമായ രീതിയിൽ പെരുമാറും”, 45 വയസ്സുള്ള കുസും പറയുമ്പോൾ ബാക്കിയുള്ളവർ അത് ശരിവെക്കുന്ന മട്ടിൽ തലകുലുക്കി. 4.5 ലക്ഷം ലൈംഗികത്തൊഴിലാളികളെ പ്രതിനിധാനം ചെയ്തുകൊണ്ട് 16 സംസ്ഥാനങ്ങളിൽനിന്നുള്ള സാമൂഹികസംഘടനകളുടെ കൂട്ടായ്മയായ അഖിലേന്ത്യാ ലൈംഗികത്തൊഴിലാളി ശൃംഖലയുടെ മുൻ പ്രസിഡന്‍റാണ് കുസും.
മഹാവ്യാധിമൂലം തൊഴിൽരഹിതരായ ഒരു കൂട്ടം ലൈംഗികത്തൊഴിലാളികളെ പാരി ദില്ലിയിലെ വടക്കുപടിഞ്ഞാറൻ ജില്ലയിലുള്ള രോഹിണി എന്ന സ്ഥലത്തെ ഒരു സാമൂഹികകേന്ദ്രത്തിൽവെച്ച് കണ്ടുമുട്ടി. തണുപ്പുകാലത്തെ ഒരു ഉച്ചയ്ക്ക്, ഭക്ഷണപ്പാത്രത്തിലുള്ള വെറും പരിപ്പും റൊട്ടിയും പരസ്പരം പങ്കിട്ട് കൂട്ടംകൂടി ഇരിക്കുകയായിരുന്നു അവർ.













