ലെനിൻദാസൻ 30 ഇനം അരികൾ കൃഷി ചെയ്യുന്നുണ്ട്. കൂടെയുള്ള കൃഷിക്കാർ വളർത്തുന്ന 15 ഇനം അരി വിൽക്കുന്നുമുണ്ട്. 30 ഇനം നെൽവിത്തുകൾ സംരക്ഷിക്കുകയും ചെയ്യുന്നു. ഇതെല്ലാം അദ്ദേഹം ചെയ്യുന്നത്, തമിഴ് നാട്ടിലെ തിരുവണ്ണാമലൈ ജില്ലയിലെ തന്റെ കുടുംബത്തിന്റെ ആറേക്കർ സ്ഥലത്തും.
ഈ എണ്ണങ്ങളല്ല അസാധാരണം. ഏറെക്കാലമായി അവഗണിക്കപ്പെട്ട ഈ ഇനം നെല്ലുകൾ, പ്രദേശത്തെ ചെറുകിട, ഒറ്റപ്പെട്ട കൃഷിയിടങ്ങൾക്കാണ് കൂടുതൽ അനുയോജ്യം. ലെനിനും – അങ്ങിനെയാണ് അദ്ദേഹം വിളിക്കപ്പെടുന്നത് – കൂട്ടുകാരും ശ്രമിക്കുന്നത്, ആധുനിക നെല്ലിനങ്ങൾക്ക് പകരം കണ്ടെത്തി, ഏകവിളകളെ ചെറുക്കാനാണ്. നഷ്ടപ്പെട്ട വൈവിദ്ധ്യങ്ങളെ തിരിച്ചുപിടിക്കാനും ഒരു നെൽവിപ്ലവത്തിന് വിത്തൊരുക്കാനും.
മറ്റൊരു ലെനിന്റെ കീഴിൽ നടക്കുന്ന മറ്റൊരുതരം വിപ്ലവം.
പൊലൂർ താലൂക്കിലെ സെങ്കുണം ഗ്രാമത്തിൽ, സ്വന്തം കൃഷിനിലത്തിനടുത്തായി, പഴയൊരു ആട്ടിൻകൂട് വിപുലീകരിച്ചുണ്ടാക്കിയ ഷെഡ്ഡിലാണ് നൂറുകണക്കിന് ചാക്കുകൾ അദ്ദേഹം സൂക്ഷിച്ചിരിക്കുന്നത്.
പുറത്തുനിന്ന് നോക്കിയാൽ, ആ ചെറിയ കെട്ടിടത്തിന് പ്രത്യേകതയൊന്നുമില്ല. എന്നാൽ, അതിനകത്തേക്ക് കടക്കുന്ന മാത്രയിൽത്തന്നെ നമ്മുടെ അഭിപ്രായം മാറും. “ഇത് കറുപ്പുകവുനി, ഇത് സീരഗ സംബ”, ഓരോ ചാക്കിലും സൂചികൊണ്ട് കുത്തി, അതിൽനിന്ന് ധാന്യമണികളെടുത്തുകൊണ്ട് അയാൾ പറയുന്നു. ഈ രണ്ടിനം നെല്ലുകളും അയാൾ കൈപ്പത്തിയിൽ വെച്ചു. ആദ്യത്തേത് കറുത്ത്, തിളക്കമുള്ള ഒന്നായിരുന്നു. മറ്റേത്, വാസനയുള്ള, മെലിഞ്ഞ ഒരു ഇനവും. ഒരു മൂലയിൽനിന്ന് അയാൾ, ധാന്യമളക്കാനുള്ള ഇരുമ്പിന്റെ പഴയ പാത്രങ്ങൾ, പാടി, മരക്ക എന്നിവ എടുത്തു.
ഈ ഷെഡ്ഡിൽനിന്നാണ്, നിശ്ശബ്ദമായി, യാതൊരു ബഹളവുമില്ലാതെ, ലെനിൻ അരി തൂക്കി, പാക്കറ്റിലാക്കി ബംഗളൂരുവിലേക്കും അവിടെനിന്ന് നാഗർകോവിലിലേക്കും അയയ്ക്കുന്നത്. പതിറ്റാണ്ടുകളായി കൃഷി ചെയ്യുകയും വിൽക്കുകയും ചെയ്യുകയായിരുന്നുവെന്ന് നമുക്ക് തോന്നും. പക്ഷേ അയാളിത് തുടങ്ങിയിട്ട് ആറുവർഷമേ ആയിട്ടുള്ളു.







































