“അത്യാവശ്യകാര്യങ്ങൾക്കൊഴിച്ച്, വൈകീട്ട് 7-നും പുലർച്ചെ 7-നും ഇടയിലുള്ള വ്യക്തികളുടെ സഞ്ചാരം കർശനമായി നിരോധിച്ചിരിക്കുന്നു”

- ആഭ്യന്തരകാര്യ മന്ത്രാലയത്തിന്റെ കുറിപ്പ് (മേയ് 17-ന് ഇന്ത്യ ടുഡേ പ്രസിദ്ധീകരിച്ചതുപ്രകാരം)

‘ആളെക്കയറ്റുന്ന വാഹനങ്ങളിലോ ബസ്സുകളിലോ അന്തർ-സംസ്ഥാന യാത്രകൾ നടത്താൻ അനുവദിക്കുന്നതുവഴി കുടിയേറ്റത്തൊഴിലാളികൾക്ക് ആശ്വാസം പകരുന്ന’തായിരുന്നു കുറിപ്പ് (രണ്ട് അയൽ‌സംസ്ഥാനങ്ങളും സമ്മതിച്ചാൽ മാത്രം എന്നൊരു വ്യവസ്ഥയുണ്ട്). എന്നാൽ, ദേശീയപാതകളിലൂടെ കാൽനടയായി യാത്രചെയ്ത് വോട്ടുചെയ്യുന്ന ദശലക്ഷക്കണക്കിന് തൊഴിലാളികളെക്കുറിച്ച് കുറിപ്പിൽ ഒന്നും പറഞ്ഞിരുന്നില്ല.

അതുകൊണ്ട്, 47 ഡിഗ്രി സെൽ‌ഷ്യസ് ചൂടുള്ള ചുട്ടുപഴുത്ത വേനൽക്കാലത്ത് പുലർച്ചെ 7-നും വൈകീട്ട് 7-നും ഇടയിൽ നടക്കാൻ ആ മനുഷ്യർ നിർബന്ധിതരായി.

അടച്ചുപൂട്ടൽമൂലം തൊഴിലും വരുമാനവും ഇല്ലാതായതോടെ, തെലങ്കാനയിലെ മുളകുപാടത്ത് ജോലിയെടുക്കുന്ന ജം‌ലോ മഡ്‌കാം എന്ന 12 വയസ്സുള്ള ആദിവാസി പെൺകുട്ടി, ഒരുമാസം മുൻപ്, ചത്തീസ്ഗഡിലെ തന്റെ വീട്ടിലേക്ക് കാൽനടയായി പുറപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളിൽ 140 കിലോമീറ്റർ ദൂരം താണ്ടി, വീട്ടിലെത്താൻ 60 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ പേശീക്ഷയവും നിർജ്ജലീകരണവും ക്ഷീണവുംകൊണ്ട് ആ കുഞ്ഞ് മരിച്ചുവീണു. ഈ കർഫ്യൂ ഇനിയുമെത്ര ജം‌ലോമാരെ സൃഷ്ടിക്കും?

അടച്ചുപൂട്ടാൻ വെറും നാലുമണിക്കൂർ നൽകിക്കൊണ്ട് മാർച്ച് 24-ന് പ്രധാനമന്ത്രി നടത്തിയ പ്രഖ്യാപനം, നൂറ്റിമുപ്പത് കോടി മനുഷ്യരുള്ള ഒരു രാജ്യത്തിനെ ആദ്യം നടുക്കിക്കളഞ്ഞു. രാജ്യത്തിന്റെ എല്ലാ ഭാഗത്തുനിന്നും കുടിയേറ്റത്തൊഴിലാളികൾ അവരവരുടെ വീടുകളിലേക്കുള്ള ദീർഘപ്രയാണങ്ങൾ ആരംഭിച്ചു. യാത്ര തുടങ്ങിയ അവരെ അവരുടെ കുടിയേറ്റസ്ഥലത്തുതന്നെയുള്ള ക്യാമ്പുകളിലേക്ക് തിരിച്ചയയ്ക്കാൻ പൊലിസ് നടത്തിയ ശ്രമത്തിൽനിന്ന് രക്ഷപ്പെട്ടവരെ സംസ്ഥാനാതിർത്തികളിൽ തടഞ്ഞുവെച്ചു. അവരെ നമ്മൾ അണുനശീകരണി തളിച്ചു. അവരിൽ പലരും ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് - ആരുടെ ആശ്വാസമെന്ന് പറയാൻ ബുദ്ധിമുട്ടുള്ള ഇടങ്ങളിലേക്ക് – എത്തിപ്പെട്ടു.

സാധാരണത്തേക്കാൾ തിരക്കുള്ളതായി മാറി അന്ന് മുംബൈ-നാസിക്ക് ദേശീയപാത. നടക്കാവുന്ന വഴികളിലൂടെയൊക്കെ ആളുകൾ സഞ്ചരിച്ചു. ഒരുവർഷം മുമ്പ് ഒരപകടത്തിൽ ഒരു കാൽ നഷ്ടമായ ബിം‌ലേഷ് ജയ്സ്‌വാൾ , ഭാര്യയും മൂന്ന് വയസ്സുള്ള മകളുമായി ഗിയറില്ലാത്ത ഒരു സ്കൂട്ടറിൽ, മഹാരാഷ്ട്രയിലെ പൻ‌‌വേലിൽനിന്ന് 1,200 കിലോമീറ്റർ താണ്ടി മധ്യപ്രദേശിലെ രേവയിലേക്ക് യാത്ര ചെയ്തു. “നാലുമണിക്കൂർ സമയം നൽകിക്കൊണ്ട് ആരാണ് രാജ്യത്തിനെ അടച്ചുപൂട്ടുക?”, അയാൾ ചോദിക്കുന്നു. തമാശ പറയല്ലേ ബിംലേഷ്, ആ ചോദ്യത്തിന്റെ ഉത്തരം നിനക്കറിയില്ലേ?

Left: How many more Jamlos will such curfew orders create? Right: Bimlesh Jaiswal rode a scooter (he has only one leg) across 1,200 kms
PHOTO • Kamlesh Painkra
Left: How many more Jamlos will such curfew orders create? Right: Bimlesh Jaiswal rode a scooter (he has only one leg) across 1,200 kms
PHOTO • Parth M.N.

ഇടത്ത്: ഇത്തരം കർഫ്യൂകൾ ഇനിയുമെത്ര ജം‌ലോസുകളെ സൃഷ്ടിക്കും? വലത്ത്: ഒറ്റക്കാലുംവെച്ച്, സ്കൂട്ടറിൽ ബിംലേഷ് സഞ്ചരിച്ചത് 1,200 കിലോമീറ്ററാണ്

അതേസമയം നമ്മളെന്ത് പറഞ്ഞു? “ഹേയ്, ഞങ്ങൾ ട്രെയിനുകൾ ഒരുക്കിത്തന്ന് നിങ്ങളെ വീട്ടിലേക്കയയ്ക്കാം”. ശരിയാണ്, നമ്മൾ ചെയ്തു. വിശന്ന് അവശരായ ആ ആളുകളോട് മുഴുവൻ പൈസയും ആവശ്യപ്പെടുകയും ചെയ്തു. പിന്നെ അതിലെ ചില ട്രെയിനുകൾ നമ്മൾ റദ്ദാക്കുകയും ചെയ്തു. എന്തിനായിരുന്നു അത്? പല കെട്ടിടനിർമ്മാതാക്കൾക്കും അവരുടെ ആളുകൾക്കും, ഓടിപ്പോവുന്ന അവരുടെ തൊഴിലാളികളെ തടഞ്ഞുനിർത്തണമായിരുന്നു എന്നതുകൊണ്ട്. അതും മറ്റ് വിവാദങ്ങളും ചേർന്ന്, പല ട്രെയിൻ സർവ്വീസുകളുടേയും ഓട്ടത്തെ ബാധിച്ചു. മേയ് 1-ന് ആരംഭിച്ച ശ്രമിക് സ്പെഷ്യൽ ട്രെയിനുകളിൽ 9.1 മില്ല്യൺ തൊഴിലാളികളെ സ്വദേശത്തേക്കെത്തിച്ചുവെന്ന് മേയ് 28-ന് സർക്കാർ സുപ്രീം കോടതിയെ അറിയിച്ചു. ചിലപ്പോൾ അവരെ അയയ്ക്കുന്ന സംസ്ഥാനവും മറ്റ് ചിലപ്പോൾ അവരെ സ്വീകരിക്കുന്ന സംസ്ഥാനവുമാണ് ആ തൊഴിലാളികളുടെ യാത്രാച്ചിലവുകൾ വഹിച്ചതെന്നും സോളിസിറ്റർ ജനറൽ കോടതിയെ അറിയിക്കുകയുണ്ടായി (കേന്ദ്രത്തിന്റെ ഒരു സംഭാവനയും ഇതിൽ ഉണ്ടായിരുന്നതേയില്ല).

എന്താണ് നടക്കുന്നതെന്നതിനെക്കുറിച്ചുള്ള ഒരു കാഴ്ച, വെറും ഒരു കാഴ്ച മാത്രമേ ഇത് നിങ്ങൾക്ക് നൽകുകയുള്ളു. ആ ട്രെയിനുകളിൽ പോകാൻ ശ്രമിക്കുന്ന എത്ര ദശലക്ഷങ്ങളുണ്ടെന്ന് നമുക്കറിയില്ല. എത്ര ദശലക്ഷങ്ങൾ ദേശീയപാതകളിലൂടെ സഞ്ചരിക്കുന്നുണ്ടെന്നും നമുക്കറിയില്ല. വീട്ടിലെത്തിക്കിട്ടാൻ അവർ ആഗ്രഹിക്കുകയായിരുന്നു എന്നുമാത്രം നമുക്കറിയാം. അതിന് അവർ മുതിരരുതെന്ന് ആഗ്രഹിക്കുകയും അവരെ തടയാനും നിയന്ത്രിക്കാനും ശ്രമിക്കുകയും ചെയ്ത അധികാരകേന്ദ്രങ്ങളെ നമുക്കറിയാം. ബി.ജെ.പി. ഭരിച്ച മൂന്ന് സംസ്ഥാനങ്ങളടക്കം പല സംസ്ഥാനങ്ങളും തൊഴിൽ‌സമയം 12 മണിക്കൂറാക്കി വർദ്ധിപ്പിച്ചു. അധികസമയത്തിന് അധിക കൂലി കൊടുക്കണമെന്നുള്ള നിയമമുണ്ടായിരുന്നില്ല. പല സംസ്ഥാനങ്ങളും മൂന്ന് വർഷത്തേക്ക് പല തൊഴിൽ നിയമങ്ങളും മരവിപ്പിക്കുകയും ചെയ്തു.

രാജ്യമൊട്ടാകെയുള്ള ദുരിതാശ്വാസ ക്യാമ്പുകളിൽ 1.4 ദശലക്ഷം ആളുകളുണ്ടെന്ന് ഏപ്രിൽ 12-ന് സർക്കാർ നമ്മളോട് പറഞ്ഞു. മാർച്ച് 31-ന് അത്തരം ക്യാമ്പുകളിലുണ്ടായിരുന്നതിന്റെ ഇരട്ടി. ഭക്ഷണവിതരണ ക്യാമ്പുകളിലും, സമൂഹ അടുക്കളകളിലും, എൻ.ജി.ഒ.കളുടെയും മറ്റ് സംഘടനകളുടേയുമടുത്തും ഏപ്രിൽ 12-ന് ഉണ്ടായിരുന്നത് 13 ദശലക്ഷം ആളുകളായിരുന്നു. മാർച്ച് 31-നേക്കാൾ അഞ്ചിരട്ടിയിലും കൂടുതൽ. ഈ കണക്കുകൾപോലും, യഥാർത്ഥ കണക്കുകളുടെ ചെറിയൊരംശമേ വരൂ. കേന്ദ്രസർക്കാർ ചിലവിട്ടതിനേക്കാൾ കൂടുതൽ പണം, ഈ പ്രതിസന്ധിയെ നേരിടാൻ സാധാരണക്കാരും, വ്യക്തികളും, സമൂഹങ്ങളും, അയൽ‌വക്കങ്ങളും ആക്ടിവിസ്റ്റുകളുടെ സംഘങ്ങളും, സന്നദ്ധസംഘങ്ങളും ജീവകാരുണ്യസംഘടനകളും, കുടിയേറ്റക്കാർ സ്വയവും ചിലവിട്ടിട്ടുണ്ടെന്ന് മനസ്സിലാവും. അവരുടെ ആശങ്ക തീർച്ചയായും ആത്മാർത്ഥവുമാണ്.

മാർച്ച് 19-നും മേയ് 12-നുമിടയിൽ, പ്രധാനമന്ത്രി നരേന്ദ്ര മോഡി അഞ്ച് തവണ ടെലിവിഷനിൽ രാജ്യത്തെ അഭിസംബോധന ചെയ്തു. പാത്രങ്ങളും ചെമ്പുകളും കൊട്ടാനും, വിളക്കുകൾ കത്തിക്കാനും, കോവിഡ് 19-നെതിരേ പോരാടുന്ന മുൻ‌നിര പോരാളികളുടെമേൽ പൂവിതളുകൾ വർഷിക്കാനും അദ്ദേഹം നമ്മളോട് പറഞ്ഞു. അഞ്ചാമത്തെ പ്രസംഗത്തിൽ മാത്രമാണ് ആ മനുഷ്യൻ തൊഴിലാളികളെക്കുറിച്ച് പറഞ്ഞത്. ‘കുടിയേറ്റത്തൊഴിലാളികൾ’, ഒരൊറ്റത്തവണ മാത്രം. പോയി ആലോചിച്ചുനോക്കൂ.

Corona refugees returning from Raipur in Chhattisgarh to different villages in Garhwa district of Jharkhand state
PHOTO • Satyaprakash Pandey

ചത്തീസ്ഗഢിലെ  റായ്പുരിൽനിന്ന് ജാർഘണ്ഡിലെ  ഗർ‌ഹ്‌വ ജില്ലയിലെ വിവിധ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കൊറോണ അഭയാർത്ഥികൾ

കുടിയേറ്റത്തൊഴിലാളികൾ മടങ്ങിവരുമോ?

മറ്റ് വഴികളൊന്നുമില്ലാത്തതിനാൽ പലരും തിരിച്ചുവരും. നമ്മൾ തിരഞ്ഞെടുത്ത വികസനപാതയുടെ മൂന്ന് ദശാബ്ദക്കാലത്തിനിടയിൽ, ഇപ്പോഴും തുടരുന്ന കാർഷികപ്രതിസന്ധിമൂലം ജീവനൊടുക്കിയ 315,000-ലധികം കർഷകരുൾപ്പെടെ ദശലക്ഷക്കണക്കിനാളുകളുടെ ഉപജീവനമാർഗ്ഗത്തെ നമ്മൾ ഇല്ലാതാക്കിക്കളഞ്ഞു.

‘എതിർകുടിയേറ്റ’ത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടതുതന്നെയാണ്. പക്ഷേ എന്തുകൊണ്ടാണ് അവർക്ക് സ്വന്തം ഗ്രാമങ്ങൾ വിട്ടുപോകേണ്ടിവന്നതെന്ന് ആദ്യം ചോദിക്കുകതന്നെ വേണം.

1993-ൽ ഇന്നത്തെ തെലങ്കാന സംസ്ഥാനത്തിലെ മഹ്ബൂബ്നഗറിൽനിന്ന് മുംബൈയിലേക്ക് ആഴ്ചയിൽ ഒരു ബസ് സർവീസുണ്ടായിരുന്നു തിങ്ങിനിറഞ്ഞ അത്തരമൊരു ബസിൽ 2003 മേയിൽ ഞാൻ കയറിയപ്പോൾ അതേ റൂട്ടിൽ ആഴ്ചയിൽ 34 ബസുകളുണ്ടായിരുന്നു. ആ മാസാവസാനത്തോടെ അത് 45 ആയി വർദ്ധിക്കുകയും ചെയ്തു. കാർഷികസമ്പദ്‌വ്യവസ്ഥയുടെ തകർച്ചമൂലം ഓടിപ്പോകേണ്ടിവന്നവരായിരുന്നു എന്റെ കൂടെയുണ്ടായിരുന്ന യാത്രക്കർ. അവരിലൊരാൾ, തനിക്ക് 15 ഏക്കർ ഭൂമിയുണ്ടായിരുന്നുവെന്നും, അത് നശിച്ചതോടെയാണ് ഇപ്പോൾ മുംബൈയിലേക്ക് പോവേണ്ടിവന്നതെന്നും എന്നോട് പറഞ്ഞു. അയാളുടെ തൊട്ടടുത്തിരുന്നിരുന്ന ഒരാൾ ഒരിക്കൽ ആ ഭൂവുടമയുടെ കീഴിൽ പണിയെടുത്ത ആളായിരുന്നു. അയാളും തൊഴിലന്വേഷിച്ച് മുംബൈയിലേക്ക് പോവുകയായിരുന്നു.

പെട്ടെന്ന് എനിക്ക് തോന്നി. നമ്മളെല്ലാവരും ഒരു ബസ്സിലകപ്പെട്ടവരാണെന്ന്.

1994-ൽ കേരളത്തിലെ വയനാട് ജില്ലയിലെ മാനന്തവാടിയേയും കർണ്ണാടകയിലെ കുട്ട പട്ടണത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ബസ്സുകൾ ഉണ്ടായിരുന്നില്ല. കാർഷികപ്രതിസന്ധിയുടെ ആഘാതമേൽക്കുന്നതുവരെ, നാണ്യവിളകളാൽ സമ്പന്നമായ വയനാട് ജില്ലയെ കുടിയേറ്റം ബാധിച്ചിരുന്നില്ല. 2004-ഓടെ, കെ.എസ്.ആർ.ടി.സി കുട്ടയിലേക്ക് പ്രതിദിനം 24 യാത്രകൾ നടത്താൻ തുടങ്ങി. കൃഷിയോടൊപ്പം വയനാട്ടിലെ തൊഴിലും തകർന്നുപോയിരുന്നു.

രാജ്യത്തെമ്പാടും ഇത് സംഭവിക്കുന്നുണ്ടായിരുന്നു. പക്ഷേ നമ്മുടെ വളർച്ചാനിരക്കുകളുമായി നമ്മൾ പ്രണയസല്ലാപത്തിലായിരുന്നു. എഡ്വേഡ് ആബിയുടെ പ്രസിദ്ധമായ വരികളെയാണ് അത് എന്നെ ഓർമ്മിപ്പിക്കുന്നത് “വളർച്ചയ്ക്കുവേണ്ടിയുള്ള വളർച്ച എന്നത് അർബ്ബുദകോശങ്ങളുടെ പ്രത്യയശാസ്ത്രമാണ്”. ആഘോഷത്തിന്റെ മൂഡിലായിരുന്ന നമ്മളാകട്ടെ, ഗ്രാമങ്ങൾ തകരാൻ തുടങ്ങിയതിന്റെ സൂചനകൾ നൽകിയവരെ പരിഹസിക്കുകയും ചെയ്തു.

ഇനിയും മനസ്സിലായിട്ടില്ലാത്ത പത്രാധിപന്മാരും അവതാരകരുമുണ്ടെങ്കിൽ (അവരുടെ ചെറുപ്പക്കാരായ റിപ്പോർട്ടർമാർക്ക് പലപ്പോഴും അത് മനസ്സിലായിട്ടുണ്ടെങ്കിലും): കാർഷികപ്രതിസന്ധി എന്നത് കൃഷിയുടെ തകർച്ച മാത്രമല്ല - അതിനോടനുബന്ധിച്ചുള്ള ദശലക്ഷക്കണക്കിന് കൃഷിയേതര ഉപജീവനമാർഗ്ഗങ്ങളുടെകൂടി തകർച്ചയാണ്. നെയ്ത്തുകാരുടെ, കുശവന്മാരുടെ, ആശാരിമാരുടെ, ഉൾനാടൻ മുക്കുവരുടെ, അങ്ങിനെ, കാർഷികസമ്പദ്‌രംഗവുമായി ബന്ധപ്പെട്ട നിരവധിയാളുകളുടെ ജീവിതമാണ് കാർഷികപ്രതിസന്ധിയുടെ വരവോടെ തകർന്നത്.

കഴിഞ്ഞ 30 വർഷമായി നമ്മൾ നശിപ്പിച്ച ഉപജീവനമാർഗ്ഗങ്ങളിലേക്ക് തിരികെ പോകാൻ ശ്രമിക്കുകയാണ് ഇന്ന് ആളുകൾ.

കഴിഞ്ഞുപോയ 10 വർഷത്തിനുള്ളിൽ കുടിയേറ്റത്തിന്റെ തോത് അസാധാരണമായി വർദ്ധിച്ചിട്ടുണ്ടെന്ന് 2011-ലെ സെൻസസ് നമ്മളോട് പറഞ്ഞപ്പോൾ മാധ്യമങ്ങളൊന്നും അത് ശ്രദ്ധിച്ചതേയില്ല. 1921-ന് ശേഷം ആദ്യമായി ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിൽ ഉള്ളതിനേക്കാൾ അധികം ആളുകൾ നഗരങ്ങളിലുണ്ടെന്ന് നമ്മൾ മനസ്സിലാക്കി. 1991-ൽ ഉണ്ടായിരുന്നതിനേക്കാൾ 15 ദശലക്ഷം കർഷകരുടെ (മുഴുവൻ സമയ കർഷകരുടെ) കുറവ് രാജ്യത്തുണ്ടെന്നും നമ്മൾ മനസ്സിലാക്കി. 1991-മുതൽ ഓരോ ദിവസവും ശരാശരി 2000 കർഷകർക്ക് അവരുടെ ‘മുഖ്യകർഷക’ പദവി നഷ്ടപ്പെട്ടു.

ലളിതമായി പറഞ്ഞാൽ: വ്യാപകവും പരിഭ്രാന്തി നിറഞ്ഞതുമായ കുടിയേറ്റങ്ങൾ വർദ്ധിക്കുകയാണ്. കർഷകപദവിയിൽനിന്ന് വീണവർ വലിയ നഗരങ്ങളിലേക്ക് പോയില്ല. അവർ കാർഷികമായി തകർന്നടിഞ്ഞവരുടെ ഗണത്തിലേക്കെത്തിപ്പെട്ടു. കർഷകത്തൊഴിലാളികളുടെ എണ്ണത്തിൽ വലിയ വർദ്ധനവുണ്ടായതായി സെൻസസ് കാണിക്കുന്നു. കുടിയേറ്റക്കാർകൂടി അവരോടൊപ്പം ചേർന്നാൽ, കൃഷിയിൽ, ഈ സമ്മർദ്ദത്തിന്റെ ഫലമെന്തായിരിക്കും? ഉത്തരം നിങ്ങൾക്കറിയാം.

Many labourers from Udaipur district, who migrate to different parts of the country, are stranded because of the lockdown (file photo)
PHOTO • Manish Shukla

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കുടിയേറുന്ന ഉദയ്‌പുർ ജില്ലയിലെ ധാരാളം തൊഴിലാളികൾ, ലോക്ഡൌൺ മൂലം പെരുവഴിയിലായി (ഫയൽ ഫോട്ടോ)

ആരാണവർ?

വലിയ നഗരങ്ങളിലേക്ക് പോകാൻ വേണ്ടിയല്ല എല്ലാവരും ചെറിയ ഗ്രാമങ്ങൾ വിട്ടുപോകുന്നത്. ശരിയാണ്, ഗ്രാമപ്രദേശത്തുനിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്നവർ പലതരക്കാരാണ്. പക്ഷേ ഗ്രാമങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് പോവുന്ന കുടിയേറ്റക്കാരുമുണ്ട്. റാബി വിളവെടുപ്പിന്റെ കാലത്ത് മറ്റ് ഗ്രാമങ്ങളിലേക്കും ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും പോകാറുണ്ടായിരുന്ന പലർക്കും ഈ മാർച്ച് – ഏപ്രിലിൽ പോകാൻ സാധിച്ചില്ല. അവർ വലിയ പ്രതിസന്ധിയിലാണ്.

നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന മറ്റൊരു വലിയ വിഭാഗവുമുണ്ട്. പിന്നെ, നഗരങ്ങളിൽനിന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന താരത‌മ്യേന ചെറിയൊരു വിഭാഗവും.

അവരെയെല്ലാം, പ്രത്യേകിച്ചും ‘നാടോടികളായ കുടിയേറ്റക്കാരെ’യും പരിഗണിക്കേണ്ടതുണ്ട്. കൃത്യമോ സ്ഥിരമായ ആയ ഒരു ലക്ഷ്യമില്ലാതെ, തൊഴിലിനുവേണ്ടിപരക്കം‌പായാൻ നിർബന്ധിതരായ പാവപ്പെട്ട മനുഷ്യരെ ഒരു സെൻസസും പരിഗണിക്കാറില്ല. അവർ ചിലപ്പോൾ റിക്ഷ വലിക്കാൻ വേണ്ടി, റായ്‌പുരിൽനിന്ന് കുറച്ച് മാസത്തേക്ക് കാളഹന്ദിയിലേക്ക് പോയെന്നുവരും. ചിലപ്പോൾ മുംബൈയിൽ ഒരു 40 ദിവസം ഏതെങ്കിലും കെട്ടിട നിർമ്മാണ സൈറ്റിൽ ജോലി കിട്ടിയെന്നുവരും. ചിലപ്പോൾ തൊട്ടടുത്ത ജില്ലയിൽ ഏതാനും ദിവസത്തെ വിളവെടുപ്പ് ജോലി കണ്ടെത്തിയെന്നുവരാം. ഒരുപക്ഷേ. സംസ്ഥാനാതിർത്തികൾ കടന്നുപോകുന്ന 54 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്ന് 2011-ലെ സെൻസസ് കാണിക്കുന്നു. പക്ഷേ ആ കണക്കുകൾ ശരിയായ അവസ്ഥ പ്രതിഫലിപ്പിക്കുന്നതല്ല. സെൻസസ് കുടിയേറ്റത്തെ മനസ്സിലാക്കുന്നത് ഒരിടത്തുമാത്രം നിൽക്കുന്ന പ്രക്രിയയായിട്ടാണ്. ‘എ’ എന്ന ബിന്ദുവിൽനിന്ന് ‘ബി’ എന്ന ബിന്ദുവിലേക്കെത്തുകയും സെൻസസ് നടക്കുമ്പോൾ അവിടെ ചുരുങ്ങിയത് ആറുമാസമായി താമസിക്കുകയും ചെയ്തുവരുന്ന വ്യക്തിയെയാണ് സെൻസസ് പരിഗണിക്കുക. പക്ഷേ മുംബൈയിലെത്തുന്നതിന് മുൻപ്, വർഷങ്ങളോളം അയാൾ പലയിടത്തും സഞ്ചരിച്ചിട്ടുണ്ടാവാം. സഞ്ചാരത്തിന്റെ ആ ദൃശ്യങ്ങളൊന്നും ക്യാമറയിൽ പതിയില്ല. ഇത്തരം ഹ്രസ്വകാല, ചെറിയ ചുവടുകൾ‌വെച്ചുള്ള യാത്രകൾ രേഖപ്പെടുത്താനുള്ള സംവിധാനമൊന്നും സെൻസസിലോ നാഷണൽ സാമ്പിൽ സർവ്വേയിലോ ഇല്ല.

കുടിയേറ്റക്കാരെക്കുറിച്ച് യാതൊരു ധാരണയുമില്ലാത്തവരെപ്പോലെ മാധ്യമങ്ങൾ തോന്നിപ്പിച്ചുവെങ്കിൽ, അതിനുള്ള കാരണം, അവർക്കത് ഉണ്ടായിരുന്നില്ലെന്നത് മാത്രമാണ്. മാർച്ച് 26-നാണ് മാധ്യമങ്ങൾ അങ്ങിനെയൊരു കൂട്ടരെക്കുറിച്ച് അറിയുന്നത്. ഈ മേഖലയിൽ റിപ്പോർട്ടിംഗ് നടത്തുന്നവർ മാധ്യമങ്ങളിലില്ല. ദീർഘകാലത്തേക്കും ഹ്രസ്വകാലത്തേക്കും, ഋതുക്കൾക്കനുസരിച്ചും കുടിയേറ്റം നടത്തുന്നവർതമ്മിലുള്ള വ്യത്യാസം അവർക്കറിയില്ല. പൈസ ഉണ്ടാക്കാൻ കഴിയാത്ത മേഖലകളെക്കുറിച്ച് എന്തിന് റിപ്പോർട്ട് ചെയ്യണം?

*****

ഉദ്ദേശ്യശുദ്ധിയുള്ള ഒന്നിൽക്കൂടുതൽ ആളുകളെങ്കിലും എന്നോട് പറഞ്ഞിട്ടുണ്ട്: ഇത് ഭീകരമാണ്. ഈ കുടിയേറ്റത്തൊഴിലാളി സാഹചര്യം. നമുക്കവരെ സഹായിക്കണം. അമ്പേ ദുരിതത്തിലായ കഠിനാദ്ധ്വാനികളായ മനുഷ്യരാണവർ. ഫാക്ടറിത്തൊഴിലാളികളെപ്പോലെയോ അവരുടെ യൂണിയനുകളെപ്പോലെയോ എപ്പോഴും പ്രശ്നങ്ങളുണ്ടാക്കുന്നവരല്ല അവർ. അവർ നമ്മുടെ സഹതാപം അർഹിക്കുന്നു.

തീർച്ചയായും, അത് ശരിയാണ്. സഹതാപം കാണിക്കുന്നത് ചിലപ്പോൾ സൌകര്യപ്രദം കൂടിയാണ്. പക്ഷേ കുടിയേറ്റത്തൊഴിലാളികൾക്ക് നമ്മുടെ സഹതാപമോ, അനുകമ്പയോ, ആശങ്കയോ ആവശ്യമില്ല. അവർക്കാവശ്യം നീതിയാണ്. അവരുടെ അവകാശങ്ങൾ യഥർത്ഥമായിരിക്കണമെന്നും ബഹുമാനിക്കപ്പെടണമെന്നും പ്രാബല്യത്തിൽ വരണമെന്നുമാണ് അവർ ആഗ്രഹിക്കുന്നത്. ബഹളക്കാരായ ആ ഫാക്ടറി തൊഴിലാളികൾക്ക് ഇന്ന് എന്തെങ്കിലും അവകാശം കിട്ടുന്നുണ്ടെങ്കിൽ, അതിനുള്ള കാരണം, അവർ സംഘടിതരും കൂട്ടായി വിലപേശാൻ കഴിവുള്ളവരുമായതുകൊണ്ടാണ്. ആ പ്രശ്നക്കാരായ യൂണിയനുകളാണ് അതിനവരെ സഹായിച്ചത്. കുടിയേറ്റത്തൊഴിലാളിയോടുള്ള നിങ്ങളുടെ അനുകമ്പയും സഹതാപവും കേവലം ഉപരിതലസ്പർശിയും സോപാധികവുമല്ലെങ്കിൽ നിങ്ങൾ ചെയ്യേണ്ടത്, നീതിക്കും അവകാശങ്ങൾക്കും വേണ്ടിയുള്ള എല്ലാ തൊഴിലാളികളുടേയും പോരാട്ടങ്ങളെ പിന്തുണയ്ക്കുക എന്നതാണ്.

Census 2011 indicates there were 54 million migrants who cross state borders. But that’s got to be a huge underestimate
PHOTO • Rahul M.
Census 2011 indicates there were 54 million migrants who cross state borders. But that’s got to be a huge underestimate
PHOTO • Parth M.N.

സംസ്ഥാനാതിർത്തികൾ കടക്കുന്ന 54 ദശലക്ഷം കുടിയേറ്റക്കാരുണ്ടെന്ന് 2001-ലെ സെൻസസ് ചൂണ്ടിക്കാണിക്കുന്നു. പക്ഷേ ഈ കണക്ക് വളരെയധികം കുറച്ച് കാണിക്കപ്പെട്ടതാണ്

കുടിയേറ്റക്കാരും മറ്റ് തൊഴിലാളികളും തമ്മിലുള്ള വ്യത്യാസം സവിശേഷമായ ഒന്നാണ്. ‘കുടിയേറ്റത്തൊഴിലാളി’ എന്ന പദത്തിലെ പ്രാവർത്തികമായ പദം ‘തൊഴിലാളി’ എന്നതാണ്. ഇൻഫോസിസിന്റെ സി.ഇ.ഒ. തന്റെ ബാംഗളൂരു ആസ്ഥാനമായ കമ്പനി വിട്ട് കൂടുതൽ നല്ലൊരു ജോലിക്കായി ദില്ലിയിലേക്ക് മാറിയെന്ന് സങ്കല്പിക്കുക. അപ്പോൾ അയാൾ കുടിയേറ്റക്കാരനേ ആവൂ. തൊഴിലാളിയാവില്ല. നമ്മൾ ഇന്ന് സഹതാപം ചൊരിയുന്ന കുടിയേറ്റത്തൊഴിലാളിയിൽനിന്ന് ഈ ഉദ്യോഗസ്ഥനെ ജാതീയമായും വർഗ്ഗപരമായും സാമൂഹികമൂലധനപരവുമായി വ്യത്യസ്തനാക്കുന്ന നിരവധി ഘടകങ്ങളുണ്ട്. നമ്മൾ വെറുക്കുന്ന മറ്റ് തൊഴിലാളികളെ നോക്കൂ, അവരിന്ന് നമ്മോട് മറുത്ത് സംസാരിക്കുകയും ലജ്ജയില്ലാതെ അവരുടെ അവകാശങ്ങൾ ചോദിക്കുകയും ചെയ്യുന്നു. മുമ്പത്തെ തലമുറയിലെ കുടിയേറ്റത്തൊഴിലാളികളായിരിക്കണം അവർ.

കൊങ്കണിൽനിന്നും മഹാരാഷ്ട്രയിൽനിന്നും വന്ന കുടിയേറ്റത്തൊഴിലാളികളായിരുന്നു മുംബൈയിലെ ആദ്യകാലത്തെ മിൽത്തൊഴിലാളികളിൽ മിക്കവരും. പിന്നീട്, രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽനിന്ന് ആളുകൾ അവിടേക്ക് വന്നു. ഇക്കോണമിക്ക് ആൻഡ് പൊളിറ്റിക്കൽ വീക്ൿലിയിൽ പ്രസിദ്ധീകരിച്ച ഉൾക്കഴ്ചയുള്ള ഒരു ലേഖനത്തിൽ ഡോ. രവി ഡുഗ്ഗൽ സൂചിപ്പിക്കുന്നതുപോലെ, മുംബൈയിലേക്ക് വന്ന ആ കുടിയേറ്റത്തൊഴിലാളികളും, 1896-97-ൽ നഗരത്തിൽ ബുബോണിക് പ്ലേഗ് പടർന്നുപിടിച്ചപ്പോൾ അവിടെനിന്ന് പലായനം ചെയ്തു. ആദ്യത്തെ ആറുമാസത്തിനുള്ളിൽത്തന്നെ മുംബൈയിൽ മാത്രം 10,000-ലധികം ആളുകൾ മരിച്ചു. 1914-ഓടെ, ഇന്ത്യയൊട്ടാകെ, 8 ദശലക്ഷം ആളുകളെ പ്ലേഗ് തട്ടിയെടുത്തു.

“നഗരത്തിലെ 850,000 വരുന്ന ജനസംഖ്യയിലെ 80,000-വും മിൽത്തൊഴിലാളികളായിരുന്നു” ഡുഗ്ഗൽ എഴുതുന്നു. അണുനശീകരണവും, ക്വാറന്റീനും ദുരിതാവസ്ഥയിലായ രോഗികളുടെ കുടുംബങ്ങളെ മാറ്റിനിർത്തലും, അവരുടെ താമസസ്ഥലങ്ങൾ പൊളിച്ചുനീക്കലുമടക്കം പ്ലേഗ് നിയന്ത്രണ നടപടികളിൽ‌ വലഞ്ഞ്, 1897-ന്റെ ആദ്യകാലത്ത് തൊഴിലാളികൾ നിരവധിതവണ പണിമുടക്ക് നടത്തി. പ്ലേഗ് തുടങ്ങി ആദ്യത്തെ മൂന്നോ നാലോ മാസങ്ങൾക്കകം, 400,000 ആളുകൾ - അവരിൽ നിരവധി മിൽത്തൊഴിലാളികളും – ബോംബെയിൽനിന്ന് അവരുടെ ഗ്രാമങ്ങളിലേക്ക് മടങ്ങിപ്പോയത് നഗരത്തെ കടുത്ത സാമ്പത്തികപ്രതിസന്ധിയിലേക്ക് തള്ളിയിട്ടു”.

തിരിച്ചുവരാൻ അവരിൽ‌പ്പലരേയും പ്രേരിപ്പിച്ചത് എന്തായിരുന്നു? “തൊഴിലാളികളും ഉടമകളും തമ്മിൽ നല്ല ബന്ധമുണ്ടാക്കാൻ പാകത്തിൽ, തൊഴിലാളികൾക്ക് മെച്ചപ്പെട്ട താമസസൌകര്യങ്ങളേർപ്പെടുത്തുകയും പണിസ്ഥലത്തും വീട്ടുപരിസരത്തും മെച്ചപ്പെട്ട സാഹചര്യങ്ങൾ ഏർപ്പെടുത്തുകയും ചെയ്യണമെന്ന, നവരോസ്ജി വാഡിയയുടെ നിർദ്ദേശത്തെ സ്വീകരിക്കാൻ നിരവധി മില്ലുടമകൾ തയ്യാറായി (സർക്കാർ 2014). പ്ലേഗ് പൂർണ്ണമായി വിട്ടുപോയില്ലെങ്കിലും, ഒന്നാം ലോകമഹായുദ്ധക്കാലത്ത് താത്ക്കാലികമായി അപ്രത്യക്ഷമായതേ ഉള്ളുവെങ്കിലും തൊഴിലാളികളെ ബോംബെയിലേക്ക് തിരിച്ചുവരാൻ പ്രേരിപ്പിച്ചത് ഈ പരിഷ്കാരങ്ങളായിരുന്നു”

ബോംബെ ഇം‌പ്രൂവ്‌മെന്റ് ട്രസ്റ്റ് എന്ന പേരിൽ ഒരു നിയമം പാസ്സാക്കിയതിലൂടെ ബ്രിട്ടീഷ് സർക്കാരും ഇടപെടുകയുണ്ടായി. മുനിസിപ്പൽ കോർപ്പറേഷനും സർക്കാരും ചേർന്ന് ഒഴിഞ്ഞുകിടക്കുന്ന എല്ലാ ഭൂമിയും ഈ ട്രസ്റ്റിലേക്ക് മാറ്റുകയും ട്രസ്റ്റ് അവിടത്തെ ജീവിത-ശുചിത്വ സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്യുകയുണ്ടായി. എല്ലാം ഭംഗിയായി നടന്നുവെന്നല്ല. ഉണ്ടാക്കിയതിനേക്കാളേറെ കിടപ്പാടങ്ങൾ ട്രസ്റ്റ് നശിപ്പിക്കുകയുണ്ടായെങ്കിലും പൊതുവെ സ്ഥിതിഗതികൾ കുറേക്കൂടി മെച്ചപ്പെടുകയാണുണ്ടായത്. നഗരത്തിനെ പോറ്റുന്ന ദരിദ്രരും പാർശ്വവത്കരിക്കപ്പെട്ടവരുമായ ആളുകളുടെ യഥാർത്ഥ ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനുപകരം, ഇന്നത്തെപ്പോലെ അന്നും പ്രധാന ശ്രദ്ധ, നഗരത്തിനെ മോടിപിടിപ്പിക്കുന്നതിലും അതിന്റെ പ്രതിച്ഛായ നന്നാക്കുന്നതിലുമായിരുന്നു.

Left: Migrant workers from Odisha stranded at Telangana's brick kilns during the lockdown. Right: The long road home from Nagpur
PHOTO • Varsha Bhargavi
Left: Migrant workers from Odisha stranded at Telangana's brick kilns during the lockdown. Right: The long road home from Nagpur
PHOTO • Sudarshan Sakharkar

ഇടത്ത്: ലോക്ഡൌൺ കാലത്ത് തെലങ്കാനയിലെ ഇഷ്ടികച്ചൂളകളിൽ കുടുങ്ങിപ്പോയ ഒഡിഷയിലെ കുടിയേറ്റത്തൊഴിലാളികൾ. വലത്ത്: നാഗ്പുരിൽനിന്ന് വീട്ടിലേക്കുള്ള ദീർഘമായ വഴി

പ്ലേഗും അതിനെക്കുറിച്ചുള്ള ഓർമ്മകളും അവസാനിച്ചതോടെ, ദരിദ്രരോടുള്ള സഹതാപവും അവസാനിച്ചമട്ടായി. ഏതാണ്ട് ഇന്നത്തെയും നാളത്തെയും അവസ്ഥപോലെത്തന്നെ. നമുക്ക് ഇതുവരെ സ്വാഭാവികമായി കിട്ടിയിരുന്ന പല സേവനങ്ങളും നിന്നപ്പോൾമാത്രം കുടിയേറ്റത്തൊഴിലാളികളുടെ ദുരിതാവസ്ഥകളെക്കുറിച്ച് മാർച്ചുമാസത്തിൽ നമുക്കോർമ്മവന്നതുപോലെ. സഹതാപത്തിനുള്ള ഒരു പ്രത്യേകത, സൌകര്യങ്ങൾ തിരിച്ചുവരുമ്പോൾ അത് ആവിയായിപ്പോവുമെന്നതാണ്.

1994-ൽ സൂറത്തിൽ 54 ആളുകൾ പ്ലേഗിൽ കൊല്ലപ്പെട്ടു. വർഷാവർഷം 1.5 ദശലക്ഷം നവജാതശിശുക്കൾ അതിസാരം പിടിപെട്ടും, 450,000 ആളുകൾ ക്ഷയരോഗത്താലും മരിക്കുന്ന ഒരു കാലഘട്ടമായിരുന്നു അത്. എന്നിട്ടും, ചികിത്സിച്ചാൽ മാറ്റാവുന്നതും മുപ്പതിനായിരത്തിലുമിരട്ടി ആളുകളെ കവർന്നതുമായ ആ രണ്ട് രോഗങ്ങളേക്കാൾ വാർത്താപ്രാധാന്യം ലഭിച്ചത് സൂറത്തിലെ പ്ലേഗിനായിരുന്നു.

പ്ലേഗ് അതിവേഗം അപ്രത്യക്ഷമായതോടെ, പ്രാഥമികമായും ദരിദ്രരെ കൊന്നുകൊണ്ടിരുന്ന ആ രണ്ട് രോഗങ്ങളേയും നമ്മൾ അവഗണിക്കാൻ തുടങ്ങി. നമ്മളേക്കാളധികം അവരെ അതിന്റെ ഇരകളാക്കുന്ന അവരുടെ ശോചനീയമായ ജീവിതസാഹചര്യങ്ങളേയും നമ്മൾ വീണ്ടും മറക്കാൻ തുടങ്ങി.

നമ്മുടെ കാലത്താകട്ടെ, കോവിഡ് 19-ന് മുൻപും, നമ്മുടെ വികസന നയത്തിൽ ഉൾപ്പെട്ടിരുന്നത്, നിലവിലുള്ള ജനസംഖ്യയിലെ 3 മുതൽ 5 ശതമാനംവരെ ജനങ്ങൾ താമസിക്കുന്ന സ്മാർട്ട് സിറ്റികൾ മാത്രമായിരുന്നു. ബാക്കിയുള്ളവരെ അനാരോഗ്യത്തിനും അവഗണനയ്ക്കും വിട്ടുകൊടുത്തുകൊണ്ട്.

ഗ്രാമങ്ങളിൽനിന്നുള്ള കുടിയേറ്റക്കാർക്ക് നഗരങ്ങളിൽ മെച്ചപ്പെട്ട വേതനങ്ങൾ കിട്ടിയേക്കാം. പക്ഷേ അവരുടെ - പ്രത്യേകിച്ചും സ്ത്രീകളുടേയും കുട്ടികളുടേയും - ജീവിത, ആരോഗ്യ സാഹചര്യങ്ങൾ തുലോം ശോചനീയമാണ്.

നമുക്ക് ഇതിലെന്തെങ്കിലും ചെയ്യാൻ പറ്റുമോ? ധാരാളം. പക്ഷേ പഴയ രീതിയിലേക്ക് മടങ്ങിക്കളയാമെന്ന ധാരണ ഉപേക്ഷിക്കുകയാണ് അതിനാദ്യം വേണ്ടത്. കമ്പോളപ്രമാണത്തിന്റെ 30 വർഷത്തെ അന്ധവിശ്വാസങ്ങളും മൂഢധാരണകളും തകർത്തുകളയേണ്ടതുണ്ട്. ‘എല്ലാ പൌരന്മാർക്കും സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതി ഉറപ്പാക്കണമെന്ന്’ ഭരണഘടന വിഭാവനം ചെയ്ത ഒരു രാജ്യത്തെ നിർമ്മിക്കണം.

കവർച്ചിത്രം: സുദർശൻ സഖർക്കർ

ലേഖനം ആദ്യം പ്രസിദ്ധീകരിച്ചത്, 2020 മേയ് 30-നാണ്

പരിഭാഷ: രാജീവ് ചേലനാട്ട്

P. Sainath is Founder Editor, People's Archive of Rural India. He has been a rural reporter for decades and is the author of 'Everybody Loves a Good Drought' and 'The Last Heroes: Foot Soldiers of Indian Freedom'.

Other stories by P. Sainath
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat