മാറിടം പുനർനിർമ്മിക്കാനുള്ള ശസ്ത്രക്രിയയ്ക്കായി, 18 വയസ്സുള്ള സുമിത് (പേര് യഥാർത്ഥമല്ല) ആദ്യമായി ഹരിയാനയിലെ റോത്തക്കിലെ ഒരു സർക്കാർ ജില്ലാ ആശുപത്രിയിൽ പോയപ്പോൾ അയാൾക്ക് കിട്ടിയ ഉപദേശം പൊള്ളലേറ്റ രോഗിയായി ആശുപത്രിയിൽ പ്രവേശനം നേടണമെന്നായിരുന്നു.

ജനിച്ചുവീണ ശരീരത്തിൽനിന്ന്, തങ്ങൾക്ക് സ്വസ്ഥത അനുഭവപ്പെടുന്ന ഒരു ശരീരത്തിലേക്ക് മാറുന്നതിനുള്ള തടസ്സങ്ങൾ ഒഴിവാക്കാൻ, ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമുദായത്തിന് ഇത്തരം നുണകളെയാണ് ആശ്രയിക്കേണ്ടിവരുന്നത്. എന്നിട്ടുപോലും ആ നുണകൊണ്ട് പ്രയോജനമുണ്ടായില്ല.

എട്ടുവർഷത്തെ കടലാസ്സുജോലികളും, അവസാനിക്കാത്ത മനശ്ശാസ്ത്ര വിലയിരുത്തലുകളും, വൈദ്യോപദേശങ്ങളും, വായ്പയടക്കം ഒരുലക്ഷത്തിലേറെ രൂപയും, വലിഞ്ഞുമുറുകിയ കുടുംബ ബന്ധങ്ങളും പൂർവ്വാവസ്ഥയിലെ മാറിടത്തോടുള്ള മാറാത്ത അസംതൃപ്തിയും എല്ലാം മറികടന്നാണ്, ഒടുവിൽ, റോത്തക്കിൽനിന്ന് ഏകദേശം 100 കിലോമീറ്റർ അപ്പുറത്തുള്ള ഒരു സ്വകാര്യാശുപത്രിയിൽനിന്ന് സുമിതിന്, “ടോപ്പ് സർജറി’എന്ന് ഗ്രാമ്യഭാഷയിൽ അറിയപ്പെടുന്ന ആ ശസ്ത്രക്രിയ ലഭ്യമായത്.

ഒന്നരവർഷത്തിനുശേഷം, ഇപ്പൊഴും നടക്കുമ്പോൾ, 26 വയസ്സുള്ള സുമിത്, അല്പം കൂനിയാണ് നടക്കുന്നത്. സ്തനങ്ങൾ ഒരു നാണക്കേടും അസൗകര്യവുമായി തോന്നിയിരുന്ന, ശസ്ത്രക്രിയാപൂർവ്വ ദിനങ്ങൾ നൽകിയ ഒരു സ്വഭാവമായിരുന്നു ആ അല്പം കുനിഞ്ഞുള്ള നടപ്പ്.

ജനനസമയത്തുണ്ടായിരുന്ന ലിംഗത്തിൽനിന്ന് വ്യത്യസ്തമായ ഒരു ലിംഗത്തോട് താദാത്മ്യം തോന്നുന്ന സുമിതിനെപ്പോലെയുള്ള എത്രപേർ ഇന്ത്യയിലുണ്ടെന്നുള്ളതിന്റെ കൃത്യമായ കണക്കുകളൊന്നുമില്ല. ദേശീയ മനുഷ്യാവകാശ കമ്മീഷനുമായി ചേർന്ന് നടത്തിയ ഒരു പഠനപ്രകാരം, 2017-ൽ ഇന്ത്യയിലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ എണ്ണം 4.88 ലക്ഷമാണ് .

“മൂന്നാം ലിംഗ”ക്കാരും, അവർ “സ്വയം തീരുമാനിച്ച” ലിംഗസ്വത്വവുമായി താദാത്മ്യം പ്രാപിക്കാനുള്ള അവരുടെ അവകാശത്തെയും അംഗീകരിക്കുകയും, അവർക്ക് ആരോഗ്യപരിരക്ഷ ഉറപ്പുവരുത്താൻ സർക്കാരുകൾക്ക് നിർദ്ദേശം നൽകുകയും ചെയ്തുകൊണ്ട്, നാഷണൽ ലീഗൽ സർവീസസ് അഥോറിറ്റി 2014-ഉം, യൂണിയൻ ഓഫ് ഇന്ത്യ യും തമ്മിലുള്ള ഒരു കേസിൽ സുപ്രീം കോടതി സുപ്രധാനമായ ഒരു വിധി പ്രസ്താവിച്ചിരുന്നു. ലിംഗനിർണ്ണയ ശസ്ത്രക്രിയ, ഹോർമോൺ ചികിത്സ, മാനസികാരോഗ്യ ചികിത്സാ സേവനങ്ങൾ എന്നിവയുൾപ്പെടെ, ഈ സമുദായത്തിന് സമഗ്രമായ ആരോഗ്യപരിചരണ സേവനങ്ങൾ നൽകുന്നതിൽ സർക്കാരിന്റെ പങ്ക് നിർവ്വചിച്ചുകൊണ്ട്, 2019-ലെ ട്രാൻസ്ജെൻഡർ വ്യക്തികൾ (സംരക്ഷണ) നിയമവും , അഞ്ചുവർഷം കഴിഞ്ഞ്, നിലവിൽ വന്നു.

PHOTO • Ekta Sonawane

ജന്മനാ പെൺകുട്ടിയായി അടയാളപ്പെടുത്തപ്പെട്ട സുമിത്, ഹരിയാനയിലെ റോത്തക്ക് ജില്ലയിലാണ് ജനിച്ചത്. മൂന്ന് വയസ്സായപ്പോൾത്തന്നെ, പാവാടയും മറ്റും ധരിക്കുന്നതിൽ തനിക്ക് ആശങ്ക തോന്നിയിരുന്നതായി സുമിത് ഓർക്കുന്നു

ഇത്തരം നിയമങ്ങൾ വരുന്നതിന് മുമ്പുള്ള വർഷങ്ങളിൽ നിരവധി ട്രാൻസ് വ്യക്തികൾക്ക്, ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കുള്ള അവസരങ്ങൾ നിഷേധിക്കപ്പെട്ടിരുന്നു. ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയ എന്നറിയപ്പെടുന്ന ഈ ശസ്ത്രക്രിയയിൽ, മുഖത്തിനുള്ള ശസ്ത്രക്രിയയും,‘ടോപ്പ്’ അല്ലെങ്കിൽ ‘ബോട്ടം’ ശസ്ത്രക്രിയയും (സ്തനങ്ങളും പുരുഷലിഗവും ഉൾപ്പെടുന്ന പ്രക്രിയകൾ) എല്ലാം ഉൾപ്പെട്ടേക്കാം.

എട്ടുവർഷത്തോളവും, 2019-നുശേഷവും സുമിതിനും ഇതെല്ലാം നിഷേധിക്കപ്പെട്ടു.

ഹരിയാനയിലെ റോത്തക്ക് ജില്ലയിൽ ഒരു ദളിത് കുടുംബത്തിൽ പെൺകുട്ടിയായി ജനിച്ച സുമിത്, താഴെയുള്ള സഹോദരങ്ങൾക്ക് രക്ഷകർത്താവിനെപ്പോലെയായിരുന്നു. കുടുംബത്തിൽനിന്ന് ആദ്യമായി സർക്കാരുദ്യോഗത്തിൽ ചേർന്ന അച്ഛൻ കുടുംബവുമായി അധികവും അകൽച്ചയിലായിരുന്നു. രക്ഷിതാക്കൾക്കിടയിലെ ബന്ധം അത്ര സുഖകരമായിരുന്നില്ല. സുമിതിന്റെ ചെറിയ പ്രായത്തിൽത്തന്നെ, കർഷകത്തൊഴിലാളികളായിരുന മുത്തച്ഛനും അമ്മൂമ്മയും മരിച്ചുപോയിരുന്നു. അതിനാൽ, കുടുബത്തിലെ ഉത്തരവാദിത്തങ്ങളെല്ലാം ചുമലിൽ വീണ സുമിതിനെക്കുറിച്ച്, വീട്ടിലെ മുതിർന്ന പെൺകുട്ടിയെക്കുറിച്ചുള്ള കാഴ്ചപ്പാടുകളായിരുന്നു ചുറ്റുമുള്ളവർക്കുണ്ടായിരുന്നത്. എന്നാൽ അത്, സുമിതിന്റെ സ്വത്വവുമായി യോജിക്കുന്ന ഒന്നായിരുന്നില്ല. “ഒരു പുരുഷൻ എന്ന നിലയിൽത്തന്നെ ആ ഉത്തരവാദിത്തങ്ങളൊക്കെ ഞാൻ നിർവ്വഹിച്ചു”, സുമിത് പറയുന്നു.

മൂന്ന് വയസ്സുള്ളപ്പോൾത്തന്നെ, പാവാടയും മറ്റും ധരിക്കുന്നതിൽ തനിക്ക് ആശങ്കയുണ്ടായിരുന്നതായി സുമിത് ഓർമ്മിക്കുന്നു. എന്നാൽ ഭാഗ്യവശാൽ, ഹരിയാനയുടെ കായികരംഗ സംസ്കാരം ചെറിയൊരു ഇളവ് കൊടുത്തിരുന്നു പെൺകുട്ടികൾക്ക്. പെൺകുട്ടികൾ, നിഷ്പക്ഷമോ, അല്ലെങ്കിൽ പുരുഷന്മാരുടേതിന് തുല്യമോ ആയ വസ്ത്രങ്ങൾ ധരിക്കുന്നത് അവിടെ പതിവായിരുന്നു. “വളർന്നുവന്നപ്പോൾ, ഞാൻ എനിക്കിഷ്ടമുള്ള വസ്ത്രങ്ങൾ ധരിച്ചിരുന്നു. ‘മുകൾഭാഗത്തെ’ ശസ്ത്രക്രിയ ചെയ്യുന്നതിന് മുമ്പേ ഞാൻ പുരുഷനെപ്പോലെ ജീവിച്ചു”, സുമിത് പറയുന്നു. എന്നിട്ടും എന്തോ ഒരു കുറവുള്ളതുപോലെ തോന്നിയിരുന്നു എന്നും അയാൾ കൂട്ടിച്ചേർത്തു.

13 വയസ്സായപ്പോഴേക്കും, ശരീരം, അതിനിണങ്ങിയ ഭാഗത്തേക്ക് – ആൺകുട്ടികളുടെ – ചായാൻ തുടങ്ങുന്നതായി സുമിതിന് തോന്നി. “എന്റേത് മെലിഞ്ഞ ശരീരമായിരുന്നു. നെഞ്ച് ഒട്ടും ഉണ്ടായിരുന്നില്ല. പക്ഷേ വെറുപ്പ് തോന്നാൻ അത് മതിയായിരുന്നു”, അയാൾ പറയുന്നു. അതിനപ്പുറം, തന്റെ ഡിസ്ഫോറിയയെക്കുറിച്ച് (ഡിസ്ഫോറിയ – ജന്മനാ ഉള്ള ലിംഗവും, ലിംഗബോധവും തമ്മിലുള്ള ചേർച്ചയില്ലായ്മ മൂലം ഒരാൾക്ക് തോന്നുന്ന അസ്വസ്ഥത) സുമിതിന് മറ്റൊരു അറിവും ഉണ്ടായിരുന്നില്ല.

ഒരു സുഹൃത്താണ് രക്ഷയ്ക്കായി വന്നത്.

കുടുംബത്തോടൊപ്പം ഒരു വാടകവീട്ടിലായിരുന്നു ആ സമയത്ത് സുമിത് താമസിച്ചിരുന്നത്. വീട്ടുടമസ്ഥന്റെ മകളുമായി സൌഹൃദത്തിലായി. ആ പെൺകുട്ടിക്ക് ഇന്റർനെറ്റ് ലഭ്യതയുണ്ടായിരുന്നു. താൻ ആഗ്രഹിക്കുന്ന ചെസ്റ്റ് സർജറിയെക്കുറിച്ചുള്ള വിവരങ്ങൾ കിട്ടാൻ അത് ഉപകരിച്ചു. സാവധാനത്തിൽ, വിവിധ അളവുകളിൽ ഇത്തരം ഡിസ്ഫോറിയ അനുഭവിക്കുന്ന ട്രാൻസ് ആൺകുട്ടികളുടെ ഒരു സംഘത്തെ സുമിത് കണ്ടെത്തി. അടുത്ത ഏതാനും വർഷങ്ങളിൽ, ഓൺ‌ലൈനായും നേരിട്ടുള്ള സുഹൃത്തുക്കൾ മുഖേനയും ആവശ്യമായ വിവരങ്ങൾ സംഘടിപ്പിച്ച്, ആശുപത്രിയിൽ പോകാനുള്ള ധൈര്യം സമ്പാദിച്ചു.

2014 ആയിരുന്നു കാലം. 18 വയസ്സ് കഴിഞ്ഞ സുമിത്, വീട്ടിനടുത്തുള്ള പെൺകുട്ടികൾക്കായുള്ള സ്കൂളിൽനിന്ന് 12-ആം ക്ലാസ് പാസ്സായി. അച്ഛൻ ജോലിക്ക് പോയിരുന്നു. അമ്മ വീട്ടിലുണ്ടായിരുന്നില്ല. ആരും തടയാനോ, ചോദ്യങ്ങൾ ചോദിക്കാനോ, പിന്തുണയ്ക്കാനോ ഇല്ലാതെ അയാൾ ഒറ്റയ്ക്ക് റോത്തക്ക് ജില്ലാ ആശുപത്രിയിൽ പോയി, സംശയിച്ച് സംശയിച്ച്, സ്തനങ്ങൾ മാറ്റിവെക്കാനുള്ള പ്രക്രിയയെപ്പറ്റി ആരാഞ്ഞു.

PHOTO • Ekta Sonawane

ട്രാൻസ് പുരുഷന്മാർക്കുള്ള സാധ്യതകൾ വളരെ പരിമിതമാണ്. അവരുടെ കാര്യത്തിലുള്ള ജി.എ.എസ് ചെയ്യാൻ, സവിശേഷ വൈദഗ്ദ്ധ്യമുള്ള ഒരു ഗൈനക്കോളജിസ്റ്റും, യൂറോളജിസ്റ്റും പ്ലാസ്റ്റിക്ക് സർജനും ആവശ്യമാണ്

അയാൾക്ക് കിട്ടിയ പ്രതികരണങ്ങളിൽ പലതും വേറിട്ട് നിൽക്കുന്നവയായിരുന്നു.

പൊള്ളലേറ്റ രോഗി എന്ന പേരിൽ മാറിട പുനസ്സൃഷ്ടി ശസ്ത്രക്രിയ (ചെസ്റ്റ് റീകൺസ്ട്രക്ഷൻ സർജറി) ചെയ്യാൻ സാധിക്കുമെന്ന് അവർ അറിയിച്ചു. റോഡ് അപകടങ്ങളായാൽ‌പ്പോലും, സർക്കാർ ആശുപത്രികളിലെ പൊള്ളൽ വിഭാഗത്തിലൂടെ പ്ലാസ്റ്റിക്ക് സർജ്ജറി ചെയ്യാനുള്ള സംവിധാനങ്ങൾ നിലവിലുണ്ട്. എന്നാൽ മനപ്പൂർവ്വം രേഖാമൂലം ഒരു കള്ളം പറഞ്ഞ്, പൊള്ളൽ രോഗി എന്ന നിലയ്ക്ക് രജിസ്റ്റർ ചെയ്യാ‍നായിരുന്നു അവർ പറഞ്ഞത്. തനിക്ക് ആവശ്യമുള്ള ശസ്ത്രക്രിയയുടെ പേര് ഒരു കാരണവശാലും രേഖപ്പെടുത്തരുതെന്നും അവർ ആവശ്യപ്പെട്ടു. എങ്കിൽ തീർത്തും സൌജന്യമായിരിക്കുമെന്നും അവർ പറഞ്ഞു. പക്ഷേ, സർക്കാർ ആശുപത്രികളിൽ, പൊള്ളലുമായി ബന്ധപ്പെട്ടുള്ള ശസ്ത്രക്രിയയ്ക്ക് അത്തരമൊരു സൌജന്യവും ചട്ടപരമായി നിലവിലില്ല.

എന്നാൽ ഈയൊരു നിബന്ധനയിൽനിന്ന്, അടുത്ത ഒന്നൊന്നരക്കൊല്ലം ആശുപത്രിയിൽ കയറിയിറങ്ങാനുള്ള കാരണവും പ്രതീക്ഷയും സുമിതിന് ലഭിച്ചു. പക്ഷേ, മറ്റൊരു വലിയ വില കൊടുക്കേണ്ടിവരുമെന്ന് ആ സമയത്തിനുള്ളിൽ സുമിതിന് മനസ്സിലായി – മനശ്ശാസ്ത്രപരമായ വില.

“ഡോക്ടർമാർ വലിയ തോതിൽ വിധിയെഴുത്തുകാരായിരുന്നു. ഞാൻ ഒരു ഭ്രമാത്മകജീവിയാണെന്ന് അവർ പറയുമായിരുന്നു. ‘ഇങ്ങനെയൊരു ശസ്ത്രക്രിയയുടെ ആവശ്യമെന്താണ്?’, ‘ഇതേ മട്ടിൽത്തന്നെ ഏതൊരു സ്ത്രീയോടൊപ്പവും കഴിയാമല്ലോ’ എന്നൊക്കെ അവർ എന്നോട് ചോദിച്ചു. ചോദ്യങ്ങൾ ചോദിച്ച് അവരെന്നെ വലച്ചു,” സുമിത് ഓർമ്മിക്കുന്നു.

“500-700 ചോദ്യങ്ങളുള്ള ചോദ്യാവലികൾ രണ്ടും മൂന്നും തവണ ഞാൻ പൂരിപ്പിച്ചു.” രോഗിയുടെ വൈദ്യശാസ്ത്രപരവും കുടുംബപരവുമായ ചരിത്രം, മാനസികമായ അവസ്ഥ, ദുശ്ശീലങ്ങൾ എന്നിവയെക്കുറിച്ചായിരുന്നു ചോദ്യങ്ങൾ. പക്ഷേ ചെറുപ്പക്കാരനായ സുമിതിന് അവയൊക്കെ തന്നെ ഒഴിവാക്കാനുള്ള ശ്രമങ്ങളായി തോന്നി. “എന്റെ ശരീരത്തിനകത്ത് ഞാൻ സന്തോഷവാനല്ല, അതുകൊണ്ടാണ് ഞാൻ ആ ശസ്ത്രക്രിയ ആവശ്യപ്പെടുന്നത് എന്ന് അവർക്ക് മനസ്സിലായതേയില്ല,” അയാൾ പറഞ്ഞവസാനിപ്പിച്ചു.

അനുതാപത്തിന് പുറമേ, മറ്റൊരു പ്രശ്നം‌കൂടി – വലിയ തോതിൽ - അവശേഷിക്കുന്നുണ്ട്. ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയ (ജെൻഡർ അഫർമേറ്റീവ് സർജറി– ജി.എ.എസ്) ആവശ്യമുള്ള ട്രാ‍ൻസ് സമൂഹത്തിനാവശ്യമായ ചികിത്സാനൈപുണ്യത്തിന്റെ ഒരു കുറവ്.

പുരുഷനിൽനിന്ന് സ്ത്രീയാവാനുള്ള ലിംഗ പുനർനിർണ്ണയ ശസ്ത്രക്രിയയിൽ രണ്ട് പ്രധാന ശസ്ത്രക്രിയകൾ മാത്രമേയുള്ളു (സ്തനങ്ങൾ വെച്ചുപിടിപ്പിക്കലും – ബ്രസ്റ്റ് ഇം‌പ്ലാന്റ് – യോനി പുനർനിർമ്മാണവും – വജൈനോപ്ലാസ്റ്റി). എന്നാൽ സ്ത്രീയിൽനിന്ന് പുരുഷനാവുന്നതിലേക്ക് സങ്കീർണ്ണമായ ഏഴ് പ്രധാന ശസ്ത്രക്രിയകൾ ആവശ്യമാണ്. അതിൽ ആദ്യത്തേതാണ് ശരീരത്തിന്റെ മുകൾഭാഗത്തിന്റെ ശസ്ത്രക്രിയ. സ്തനങ്ങൾ മുറിച്ചുമാറ്റുന്ന – ചെസ്റ്റ് റീ കൺസ്ട്രക്ഷൻ, അഥവാ, മാറിട പുനർനിർമ്മാണ പ്രക്രിയ).

“ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്ത് (2012 കാലത്ത്), വൈദ്യശാസ്ത്ര സിലബസ്സിൽ ഇത്തരം പ്രക്രിയകൾ സൂചിപ്പിച്ചിട്ടുപോലുമില്ലായിരുന്നു. പുരുഷലിംഗം ശരിയാക്കാനുള്ള ചില പ്രക്രിയകൾ പ്ലാസ്റ്റിക്ക്സ് പാഠ്യഭാഗത്തുണ്ടായിരുന്നുവെങ്കിലും അത്, മുറിവുകളുടേയും അപകടങ്ങളുടേയും പശ്ചാത്തലത്തിലായിരുന്നു. എന്നാലിന്ന് കാര്യങ്ങൾ വളരെയധികം മാറിക്കഴിഞ്ഞു” എന്ന്, ന്യൂ ദില്ലിയിലെ സർ ഗംഗാ റാം ആശുപത്രിയിലെ പ്ലാസ്റ്റിക്ക് സർജറി ഡിപ്പാർട്ട്മെന്റിന്റെ വൈസ് ചെയർമാനായ ഡോ. ഭീം സിംഗ് നന്ദ ഓർമ്മിക്കുന്നു.

PHOTO • Ekta Sonawane

ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള വൈദ്യ പാഠപദ്ധതിയും ഗവേഷണവും പുന:പരിശോധിക്കണമെന്ന് 2019-ലെ ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്ട് ആവശ്യപ്പെട്ടു. അഞ്ചുവർഷം കഴിഞ്ഞിട്ടും, ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ജി.എ.എസ് ലഭ്യമാക്കാനും, ചിലവ് കുറയ്ക്കാനുമുള്ള വ്യാപകമായ പ്രവർത്തനങ്ങളൊന്നും സർക്കാരിൽനിന്ന് ഉണ്ടായിട്ടില്ല

ട്രാൻസ്ജെൻഡർ വ്യക്തികൾക്കുള്ള വൈദ്യ പാഠപദ്ധതിയും ഗവേഷണവും പുന:പരിശോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള 2019-ലെ ട്രാൻസ്ജെൻഡർ പേഴ്സൺസ് ആക്ട് ഒരു നാഴികക്കല്ലായിരുന്നു. എന്നാൽ, അഞ്ചുവർഷം കഴിഞ്ഞിട്ടും, ഇന്ത്യയിലെ ട്രാൻസ്ജെൻഡർ സമൂഹത്തിന് ജി.എ.എസ് ലഭ്യമാക്കാനും, ചിലവ് കുറയ്ക്കാനുമുള്ള വ്യാപകമായ പ്രവർത്തനങ്ങളൊന്നും സർക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. സർക്കാർ ആശുപത്രികളും ജി.എ.എസ്സിൽനിന്ന് മിക്കവാറും അകന്നുനിൽക്കുകയാണ്.

ട്രാൻസ് പുരുഷന്മാർക്കുള്ള മാർഗ്ഗങ്ങൾ വളരെ പരിമിതമാണ്. അവരുടെ കാര്യത്തിൽ ജി.എ.എസ് ചെയ്യണമെങ്കിൽ, സവിശേഷ വൈദഗ്ദ്ധ്യമുള്ള ഒരു ഗൈനക്കോളജിസ്റ്റും, യൂറോളജിസ്റ്റും റീ കൺസ്ട്രക്റ്റീവ് പ്ലാസ്റ്റിക്ക് സർജനും അത്യാവശ്യമാണ്. “ഈ വിഷയത്തിൽ വൈദഗ്ദ്ധ്യവും പരിശീലനവും കിട്ടിയ വൈദ്യശാസ്ത്ര പ്രൊഫഷണലുകൾ ദുർല്ലഭമാണ്. സർക്കാർ ആശുപത്രികളിൽ തീരെ കുറവും,” ട്രാൻസ് പുരുഷനും, തെലുങ്കാന ഹിജ്‌റ ഇന്റർസെക്സ് ട്രാൻസ്ജെൻഡർ സമിതിയുടെ സജീവപ്രവർത്തകനുമായ കാർത്തിക് ബിട്ടു കൊണ്ടയ്യ പറയുന്നു.

ട്രാൻസ് വ്യക്തികൾക്കുള്ള പൊതുവായ മാനസികാരോഗ്യ സേവനത്തിന്റെ അവസ്ഥയും ഇതേപോലെ നിരാശാജനകമാണ്. ദൈനംദിന ജീവിതവുമായി പൊരുത്തപ്പെടാൻ സഹായിക്കുന്ന ഒരു ഉപകരണമെന്നതിനേക്കാൾ, ഏതൊരു ലിംഗനിർണ്ണയ പ്രക്രിയയ്ക്കും മുമ്പ് നിയമപരമായി ചെയ്യേണ്ട ഒരു പ്രക്രിയയാണ് കൌൺസലിംഗ് എന്നത്. ട്രാൻസ് വ്യക്തികൾ കൌൺസലിംഗിന് അർഹരാണെന്ന് തെളിയിക്കുന്ന ഒരു ജെൻഡർ ഐഡൻ‌റ്റിറ്റി ഡിസോർഡർ സർട്ടിഫിക്കറ്റും വിശകലന റിപ്പോർട്ടും ട്രാൻസ് വ്യക്തികൾ, മനശ്ശാസ്ത്രജ്ഞരിൽനിന്നോ, മനോരോഗചികിത്സകരിൽനിന്നോ വാങ്ങേണ്ടതാണ്. അറിവോടെയുള്ള സമ്മതം, തീർച്ചപ്പെടുത്തിയ ലിംഗത്തോടെ ജീവിച്ച കാലം, ജെൻഡർ ഡിസ്ഫോറിയയുടെ അളവ്, പ്രായത്തിനനുസരിച്ചുള്ള ആവശ്യങ്ങൾ, സമബുദ്ധിയുണ്ടെന്ന് തെളിയിക്കുന്നതിനാവശ്യമായ സമഗ്രമായ മാനസികാരോഗ്യ പരിശോധന എന്നിവയാണ് അതിനുള്ള മാനദണ്ഡങ്ങൾ. ചുരുങ്ങിയത് ഒരു സെഷൻ മുതൽ നാല് സെഷൻ വരെ ഈ പ്രക്രിയ നീളാം. ആഴ്ചയിലൊരു ദിവസം, ഒരു മനശ്ശാസ്ത്രജ്ഞന്റേയോ മനോരോഗചികിത്സകന്റേയോ കൂടെ സമയം ചിലവഴിക്കണം.

ദൈനംദിന ജീവിതത്തിനോ, ലിംഗ പരിവർത്തനത്തിനുള്ള വലിയ യാത്രയ്ക്കോ ആവശ്യമായ സമഗ്രവും അനുതാപപൂർണ്ണവുമായ മാനസികാരോഗ്യസേവനങ്ങൾ അനിവാര്യമാണെങ്കിലും അതിപ്പോഴും ഒരു സ്വപ്നമായി അവശേഷിക്കുന്നുവെന്ന്, 2014-ലെ സുപ്രീം കോടതി വിധി വന്ന് ഒരു പതിറ്റാണ്ട് കഴിഞ്ഞ്, ഇപ്പോൾ, ട്രാൻസ് വ്യക്തികളുടെ സമൂഹം തിരിച്ചറിയുന്നു.

“ജില്ലാ ആശുപത്രിയിൽ ടോപ്പ് സർജറിക്കായുള്ള എന്റെ കൌൺസലിംഗ് രണ്ടുവർഷത്തോളം നീണ്ടുപോയി.”, സുമിത് പറയുന്നു. ഒടുവിൽ, 2016-ലെപ്പോഴോ അയാൾ അവിടെ പോകുന്നത് അവസാനിപ്പിച്ചു. “ഒരു പരിധി കഴിഞ്ഞാൽ നിങ്ങൾക്ക് മടുത്തുപോകും.”.

എന്നാൽ തന്റെ ലിംഗസ്വത്വം സ്ഥാപിക്കാനുള്ള ആഗ്രഹം, മടുപ്പിനെ കീഴ്പ്പെടുത്തി. തനിക്ക് അനുഭവപ്പെടുന്നതിനെക്കുറിച്ച് കൂടുതൽ ഗവേഷണം നടത്താനും, ഇത് എല്ലാവർക്കും അനുഭവപ്പെടുന്നതാണോ, ജി.എ.എസ് എന്നാൽ എന്താണ്, ഇന്ത്യയിൽ ഇത് എവിടെയൊക്കെ ഒരാൾക്ക് ലഭ്യമാക്കാം എന്നൊക്കെ അയാൾ അന്വേഷിക്കാൻ തുടങ്ങി.

കുടുംബത്തോടൊപ്പം താമസിക്കുന്നതിനാൽ, ഇതെല്ലാം രഹസ്യമായിട്ടായിരുന്നു അയാൾ ചെയ്തത്. ഒരു ഹെന്ന കലാകാരിയും തുന്നൽക്കാരിയുമൊക്കെയായി അയാൾ ജോലി ചെയ്തു. ഇതിൽനിന്നുള്ള സമ്പാദ്യംകൊണ്ട് ടോപ്പ് സർജറി ചെയ്യണമെന്ന നിശ്ചയദാർഢ്യമായിരുന്നു അയാൾക്ക്.

PHOTO • Ekta Sonawane
PHOTO • Ekta Sonawane

മൂന്ന് ജോലികൾ ചെയ്തിട്ടും, രണ്ടറ്റം കൂട്ടിമുട്ടിക്കാൻ സുമിത് പാടുപെട്ടു. സ്ഥിരമായ ഒരു ജോലി അയാൾക്ക് കിട്ടുന്നില്ല. ഇപ്പോഴും 90,000 രൂപയുടെ കടമുണ്ട്

2022-ൽ വീണ്ടും അയാൾ ശ്രമിച്ചു. ഇത്തവണ, സുഹൃത്തായ മറ്റൊരു ട്രാൻസ് പുരുഷനോടൊപ്പം റോത്തക്കിൽനിന്ന് 100 കിലോമീറ്റർ അകലെയുള്ള ഹരിയാനയിലെ ഹിസാർ ജില്ലയിലേക്ക് അയാൾ യാത്ര ചെയ്തു. ഒരു സ്വകാര്യ സൈക്കോളജിസ്റ്റിനെ കണ്ട്, രണ്ട് സെഷനിൽ കൌൺസലിംഗ് തീർത്തു. 2,300 രൂപയാണ് അയാൾ വാങ്ങിയത്. അടുത്ത രണ്ടാഴ്ചയ്ക്കുള്ളിൽ ടോപ്പ് സർജറിക്ക് സുമിതിന് അർഹതയുണ്ടെന്ന് അയാൾ അറിയിച്ചു.

ഹിസാറിലെ ഒരു സ്വകാര്യാശുപത്രിയിൽ അയാൾ അഡ്മിറ്റായി. സർജറിയടക്കം ഒരുലക്ഷം രൂപ ചിലവ് വന്നു. “ഡോക്ടർമാരും മറ്റ് ജീവനക്കാരും വളരെ നല്ല രീതിയിൽ, വിനയത്തോടെ പെരുമാറി. സർക്കാർ ആശുപത്രിയിൽനിന്നുണ്ടായ അനുഭവത്തിന്റെ നേർ വിപരീതമായിരുന്നു” സുമിത് പറയുന്നു.

എന്നാൽ ഈ സന്തോഷത്തിന് അധികം ആയുസ്സുണ്ടായില്ല.

റോത്തക്കുപോലെയുള്ള ചെറിയ പട്ടണത്തിൽ, ടോപ്പ് സർജറി എന്നത്, എൽ.ജി.ബി.ടി.ക്യു.ഐ.എ.+ സമുദായത്തെ സംബന്ധിച്ചിടത്തോളം, ‘രഹസ്യം വെളിപ്പെടുത്തുന്നതു’പോലെയുള്ള ഒരു കാര്യമായിരുന്നു. സുമിതിന്റെ രഹസ്യം വെളിപ്പെട്ടു. അയാളുടെ കുടുംബത്തിന് അത് ഉൾക്കൊള്ളാൻ കഴിയുന്നതായിരുന്നില്ല. ശസ്ത്രക്രിയ കഴിഞ്ഞ് കുറച്ചുദിവസത്തിനുശേഷം വീട്ടിലേക്ക് മടങ്ങിയപ്പോൾ തന്റെ സാധനങ്ങളെല്ലാം പുറത്തേക്കെറിഞ്ഞതായി അയാൾ കണ്ടു. “എന്നോട് വീട്ടിൽനിന്ന് ഇറങ്ങാൻ പറഞ്ഞു. യാതൊരുവിധ സാമ്പത്തികവും വൈകാരികവുമായ പിന്തുണയില്ലാതെ. അവർ എന്റെ അവസ്ഥ ആലോചിച്ചതുപോലുമില്ല.” ടോപ്പ് സർജറി കഴിഞ്ഞിട്ടും നിയമപരമായി സുമിത് സ്ത്രീയായിരുന്നിട്ടും, സ്വത്തവകാശത്തെക്കുറിച്ചുള്ള ആശങ്കകൾ ഉയർന്നുവന്നിരുന്നു. “ജോലി ചെയ്ത്, ഒരു പുരുഷനെപ്പോലെ, എന്റെ ഉത്തരവാദിത്തങ്ങൾ ചെയ്യണമെന്നുപോലും ചിലർ സൂചിപ്പിച്ചു.”

ജി.എ.എസ് കഴിഞ്ഞാൽ കുറച്ച് മാസത്തേക്ക് ശ്രദ്ധിച്ച് ജീവിക്കണമെന്നും, സങ്കീർണ്ണതകൾ വരാനുള്ള സാധ്യതയുള്ളതിനാൽ കഴിവതും ആശുപത്രിക്കടുത്ത് താമസിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെടാറുണ്ട്. ഇത്, സാമ്പത്തികവും യാത്രാസംബന്ധിയുമായ പ്രയാസങ്ങൾ ട്രാൻസ് വ്യക്തികൾക്ക് ഉണ്ടാക്കാറുണ്ട്, പ്രത്യേകിച്ചും അധികവരുമാനമൊന്നുമില്ലാത്ത, പാർശ്വവത്കൃത സമൂഹത്തിലെ ആളുകൾക്ക്. സുമിതിന്റെ കാര്യത്തിൽ, ഓരോ തവണ ഹിസാറിലേക്കും അവിടെനിന്ന് തിരിച്ചും പോകുന്നതിന് 700 രൂപയും മൂന്ന് മണിക്കൂർ യാത്രയും വേണമായിരുന്നു. പത്തുതവണയെങ്കിലും അയാൾ ഇത്തരത്തിൽ യാത്ര ചെയ്തിട്ടുണ്ട്.

ശസ്ത്രക്രിയ കഴിഞ്ഞാൽ, രോഗികൾ അവരുടെ നെഞ്ചിന് ചുറ്റും ബൈൻഡേഴ്സ് എന്ന ഒരുതരം തുണി വരിഞ്ഞുകെട്ടണം. “ഇന്ത്യയിലെ ചൂട് കാലാവസ്ഥയും, മിക്ക രോഗികൾക്കും എയർ കണ്ടീഷണറുകളൊന്നും ഇല്ലാത്തതുംമൂലം, മിക്കവരും തണുപ്പുകാലത്താണ് ഇത്തരം ശസ്ത്രക്രിയകൾ ചെയ്യാറുള്ളത്,” ഡോ. ഭീം സിംഗ് നന്ദ വിശദീകരിക്കുന്നു. വിയർത്തുകഴിഞ്ഞാൽ, ശസ്ത്രക്രിയ ചെയ്ത തുന്നലിന്റെ ഭാഗത്ത് അണുബാധയുണ്ടാവാനിടയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സുമിതിന്റെ ശസ്ത്രക്രിയയും വീട്ടിൽനിന്ന് പുറത്താക്കലും നടന്നത് വടക്കേന്ത്യയിലെ മേയ് മാസത്തെ കൊടും ചൂടിലായിരുന്നു “പിന്നീടുള്ള ചില ആഴ്ചകൾ വളരെ വേദനാജനകമായിരുന്നു. ആരോ എല്ല് വലിച്ചൂരുന്നതുപോലെയുള്ള വേദന. ബൈൻഡർ കാരണം ഇളകാനും ബുദ്ധിമുട്ടായി,“ അവർ ഓർമ്മിക്കുന്നു. “എന്റെ ട്രാൻസ് സ്വത്വം മറച്ചുവെക്കാതെ ഒരു സ്ഥലം വാടകയ്ക്ക് കിട്ടാൻ ഞാൻ ശ്രമിച്ചു. ആറ് തവണ വീട്ടുടമസ്ഥന്മാർ വിസമ്മതിച്ചു. ശസ്ത്രക്രിയ കഴിഞ്ഞിട്ട് ഒരുമാസം പോലും വിശ്രമിക്കാൻ കഴിഞ്ഞില്ല,“ സുമിത് പറയുന്നു. സർജറി കഴിഞ്ഞ് ഒമ്പത് ദിവസവും, അച്ഛനമ്മമാർ വീട്ടിൽനിന്ന് പുറത്താക്കി നാലുദിവസവും കഴിഞ്ഞപ്പോൾ, സുമിത്, രണ്ട് മുറികളുള്ള ഒരു ഒറ്റവീടിലേക്ക് താമസം മാറ്റി. തന്നെക്കുറിച്ച് നുണ പറയേണ്ടിവരാതെതന്നെ.

ഇന്ന് സുമിത് റോത്തക്കിൽ, ഒരു ഹെന്ന ആർട്ടിസ്റ്റും, തയ്യാൽക്കാരനും, ഒരു ചായക്കടയിൽ സഹായിയും, ഗിഗ് അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആളുമായി ജീവിക്കുന്നു. മാസത്തിൽ എങ്ങിനെയൊക്കെയോ 5,000-7000 രൂപ സമ്പാദിക്കുന്നു. അതിൽ ഭൂരിഭാഗവും വാടകയ്ക്കും, ഭക്ഷണത്തിനും, ഗ്യാസിനും, കറന്റിനും കടത്തിന്റെ തിരിച്ചടവിനും ചിലവാവും. നെഞ്ചിലെ ശസ്ത്രക്രിയയ്ക്കായി നൽകിയ ഒരുലക്ഷം രൂപയിൽ 30,000 രൂപ, 2016-2022 കാലഘട്ടത്തിൽ ജോലി ചെയ്ത് സമ്പാദിച്ചതായിരുന്നു. ബാക്കി 70,000 രൂപ അഞ്ച് ശതമാനം പലിശയ്ക്ക് വാങ്ങിയതും കൂട്ടുകാരിൽനിന്ന് കടം വാങ്ങിയതുമായിരുന്നു.

PHOTO • Ekta Sonawane
PHOTO • Ekta Sonawane

ഇടത്ത്: തന്റെ ടോപ്പ് സർജറിക്കുള്ള പൈസയുണ്ടാക്കാനായി സുമിത് ഹെന്ന ആർട്ടിസ്റ്റും തയ്യൽക്കാരനുമായി ജോലി ചെയ്തു. വലത്ത്: സുമിത് തന്റെ വീട്ടിൽ ഹെന്ന ഡിസൈനിംഗ് പരിശീലിക്കുന്നു

2024 ജനുവരിയിലും സുമിതിന് 90,000 രൂപ കടമുണ്ടായിരുന്നു. മാസത്തിൽ 4,000 രൂപ പലിശ അതിന് വരും. “കിട്ടുന്ന ചെറിയ വരുമാനംകൊണ്ട്, ജീവിതച്ചിലവും കടത്തിന്റെ പലിശയും എങ്ങിനെ കൊടുത്തുതീർക്കുമെന്ന് എനിക്കറിയില്ല. പതിവായി ജോലികൾ കിട്ടുന്നില്ല”, സുമിത് പറയുന്നു പത്തുവർഷം നീണ്ടുനിന്ന ഒറ്റപ്പെടലും, ലിംഗപരിണാമത്തിലേക്കുള്ള സഞ്ചാരവും എല്ലാം ചേർന്ന് അയാളുടെ ആരോഗ്യത്തെ ബാധിച്ചിട്ടുണ്ട്. ആശങ്കയും ഉറക്കമില്ലാത്ത രാത്രികളുമാണ് ഇപ്പോൾ കൂട്ടിന്. “ഈയിടെയായി ശ്വാസം മുട്ടുന്നതുപോലെ. ഒറ്റയ്ക്ക് വീട്ടിലിരിക്കുമ്പോൾ, പേടിയും ഒറ്റപ്പെടലും ആശങ്കകളും. ഇങ്ങനെയൊന്നുമായിരുന്നില്ല പണ്ട്.”

വീട്ടിൽനിന്ന് പുറത്താക്കി ഒരു കൊല്ലം കഴിഞ്ഞപ്പോഴേക്കും കുടുംബാംഗങ്ങൾ വീണ്ടും അയാളുമായി സംസാരിക്കാനും മറ്റും തുടങ്ങി. ചിലപ്പോൾ സാമ്പത്തികമായും സഹായിക്കാറുണ്ട്. ചോദിക്കുമ്പോൾ.

അഭിമാനിയായ ഒരു ട്രാൻസ്മാനൊന്നുമല്ല സുമിത്. അഭിമാനത്തോടെ കഴിയുക എന്നത് ഇന്ത്യയിൽ ഭൂരിപക്ഷത്തിനും സവിശേഷ ഭാഗ്യമാണ്. ഒരു ദളിതനായാൽ പ്രത്യേകിച്ചും. “ശരിക്കുള്ള പുരുഷനല്ല’ എന്ന് ആരെങ്കിലും മുദ്രകുത്തുമോ എന്ന പേടി അയാളെ വേട്ടയാടുന്നുണ്ട്. സ്തനങ്ങളില്ലാത്തതിനാൽ, കായികമായ, അല്ലറചില്ലറ ജോലികൾ ചെയ്യാൻ എളുപ്പമാണെങ്കിലും, പുരുഷന്റേതായ മറ്റ് അടയാളങ്ങൾ - മുഖത്തെ രോമം, ഘനമുള്ള ശബ്ദം എന്നിവ – ഇല്ലാത്തതിനാൽ സംശയത്തോടെയാണ് ചിലപ്പോൾ അയാൾ വീക്ഷിക്കപ്പെടുന്നത്. ജനിച്ചപ്പോഴുള്ള പേരും – നിയമപരമായി അത് ഇനിയും അയാൾ മാറ്റിയിട്ടില്ല.

ഹോർമോൺ മാറ്റിവെക്കൽ തെറാപ്പിക്ക് അയാൾ ഇനിയും സജ്ജമായിട്ടില്ല. അതിന്റെ പാർശ്വഫലങ്ങളെക്കുറിച്ച് അയാൾക്ക് ഉറപ്പില്ല. “എന്നാൽ, സാമ്പത്തികമായി അല്പം സ്ഥിരത നേടിയാൽ ഞാനുടനെ അത് ചെയ്യും,” സുമിത് പറയുന്നു.

ഓരോരോ ചുവടുകളായിട്ടാണ് അയാൾ നീങ്ങുന്നത്.

ടോപ്പ് സർജറി കഴിഞ്ഞ് ആറ് മാസമായപ്പോൾ, മിനിസ്ട്രി ഓഫ് സോഷ്യൽ ജസ്റ്റീസ് ആൻഡ് എം‌പവർമെന്റിന്റെ (സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം) കീഴിൽ ഒരു ട്രാൻസ്മാനായി സുമിത് രജിസ്റ്റർ ചെയ്തു. ദേശീയമായി അംഗീകരിക്കപ്പെട്ട ട്രാൻസ്ജെൻഡർ സർട്ടിഫിക്കറ്റും തിരിച്ചറിയൽ കാർഡും അയാൾക്ക് കിട്ടി. ഇനി അയാൾക്ക് അർഹതയുള്ള പദ്ധതികളിൽ ഒന്ന്, ആയുഷ്മാൻ ഭാ‍രത് ഹെൽത്ത് ഇൻഷുറൻസ് സ്കീ മിന്റെ കീഴിൽ, ട്രാൻസ്ജെൻഡർ വ്യക്തികൾക്കായുള്ള സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽ‌സ് ഫോർ ലൈവ്‌ലിഹുഡ് ആൻഡ് എന്റർപ്രൈസ് (സ്മൈൽ - പാർശ്വവത്കൃതരായ വ്യക്തികൾക്ക് ഉപജീവനത്തിനും വ്യവസായത്തിനുമുള്ള പിന്തുണ) ആണ്.

“മുഴുവനായി മാറണമെങ്കിൽ ഇനിയും എന്തെല്ലാം ശസ്ത്രക്രിയകൾ ആവശ്യമാണെന്ന് എനിക്കറിയില്ല,” സുമിത് പറയുന്നു. “ഞാൻ അതൊക്കെ മെല്ലെമെല്ലെ ചെയ്യും. എല്ലാ രേഖകളിലും എന്റെ പേരും മാറ്റും. ഇതൊരു തുടക്കം മാത്രമാണ്”.

ലിംഗപരവും ലൈംഗികവുമായ അക്രമങ്ങളെ (എസ്.ജി.ബി.വി) അതിജീവിച്ചവർക്ക് പരിചരണം കൊടുക്കുന്നതിനുവേണ്ടി, സാമൂഹികവും സ്ഥാപനപരവും ഘടനാപരവുമായ തടസ്സങ്ങളെക്കുറിച്ച് പഠിക്കാനുള്ള ദേശവ്യാപകമായ ഒരു റിപ്പോർട്ടിംഗ് പ്രോജക്ടിന്റെ ഭാഗമാണ് ഈ കഥ. ഡോക്ടേഴ്സ് വിത്തൌട്ട് ബോർഡേഴ്സിന്റെ പിന്തുണയോടെയുള്ള ഒരു സംരംഭമാണ് ഇത്.

അതിജീവിതകളുടേയും അവരുടെ കുടുംബാംഗങ്ങളുടേയും പേരുകൾ, അവരുടെ സ്വകാര്യത മാനിച്ച്, മാറ്റിയിട്ടുണ്ട്.

പരിഭാഷ: രാജീവ് ചേലനാട്ട്

Ekta Sonawane

একতা সোনাওয়ানে স্বাধীনভাবে কর্মরত সাংবাদিক। জাতি, শ্রেণি এবং লিঙ্গ মিলে পরিচিতির যে পরিসর, সেই বিষয়ে তিনি লেখালিখি করেন।

Other stories by Ekta Sonawane
Editor : Pallavi Prasad

পল্লবী প্রসাদ মুম্বই-ভিত্তিক একজন স্বতন্ত্র সাংবাদিক, ইয়ং ইন্ডিয়া ফেলো এবং লেডি শ্রী রাম কলেজ থেকে ইংরেজি সাহিত্যে স্নাতক। তিনি লিঙ্গ, সংস্কৃতি এবং স্বাস্থ্য ইত্যাদি বিষয়ের উপর লেখেন।

Other stories by Pallavi Prasad
Series Editor : Anubha Bhonsle

২০১৫ সালের পারি ফেলো এবং আইসিএফজে নাইট ফেলো অনুভা ভোসলে একজন স্বতন্ত্র সাংবাদিক। তাঁর লেখা “মাদার, হোয়্যারস মাই কান্ট্রি?” বইটি একাধারে মণিপুরের সামাজিক অস্থিরতা তথা আর্মড ফোর্সেস স্পেশাল পাওয়ারস অ্যাক্ট এর প্রভাব বিষয়ক এক গুরুত্বপূর্ণ দলিল।

Other stories by Anubha Bhonsle
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat