ഗുർപ്രീത് സിംഗ് തന്റെ 22-ാം വയസ്സിൽ മരിക്കുന്ന അന്നുവരെ പുതിയ കാർഷിക നിയമങ്ങളെ എതിർക്കുന്നതിനായി ഗ്രാമത്തിലെ കർഷകരെ അണിനിരത്തുകയായിരുന്നു. വടക്കുപടിഞ്ഞാറൻ പഞ്ചാബിലെ ഗ്രാമത്തിൽ 5 ഏക്കർ ഭൂമിയുള്ള അദ്ദേഹത്തിന്റെ അച്ഛൻ കർഷകനായ ജഗ്താർ സിംഗ് കടാരിയ അദ്ദേഹത്തിന്റെ അവസാന പ്രസംഗം ഓർമ്മിക്കുന്നു. പതിനഞ്ചോളം കേൾവിക്കാർ അദ്ദേഹം പറയുന്നത് സശ്രദ്ധം കേൾക്കുകയായിരുന്നു. ഡൽഹിയുടെ അതിർത്തികളിൽ ചരിത്രം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും അതിനു സംഭാവന നൽകുന്നതിനായി അവരും അവിടേക്ക് പോകണമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്. 2020 ഡിസംബറിലെ ആ പ്രഭാതത്തിൽ നടത്തിയ ആവേശകരമായ പ്രസംഗത്തിന്റെ അവസാനം അദ്ദേഹത്തെ ശ്രവിച്ചുകൊണ്ടിരുന്ന ആ കൂട്ടം തലസ്ഥാനത്തേക്ക് ജാഥ നയിക്കാൻ തയ്യാറായി.
കഴിഞ്ഞവർഷം ഡിസംബർ 14-ന് പഞ്ചാബിലെ ശഹീദ് ഭഗത് സിംഗ് നഗർ ജില്ലയിലെ ബലാചൗർ തെഹ്സീലിലെ മകോവൽ ഗ്രാമത്തിൽ നിന്നും അവർ പോയതാണ്. പക്ഷെ, യാത്ര ഏകദേശം 300 കിലോമീറ്ററോളം എത്തിയപ്പോൾ അംബാല ജില്ലയിലെ മോഹ്റയ്ക്കടുത്ത് വച്ച് വലിയൊരു വാഹനം അവരുടെ ട്രാക്ടർ ട്രോളിയെ ഇടിച്ചു. "അത് വലിയൊരു കൂട്ടിയിടിയായിരുന്നു. ഗുർപ്രീത് മരിച്ചു”, ജഗ്താർ സിംഗ് തന്റെ മകനെക്കുറിച്ച് പറഞ്ഞു. മകൻ പട്യാലയിലെ മോദി കോളേജിൽ ബി.എ. വിദ്യാർത്ഥിയായിരുന്നു. "അതായിരുന്നു പ്രസ്ഥാനത്തിന് അവന്റെ സംഭാവന – അവന്റെ ജീവൻ.”
ഇന്ത്യൻ പാർലമെന്റ് 2020 സെപ്റ്റംബറിൽ അവതരിപ്പിച്ച 3 കാർഷിക നിയമങ്ങൾക്കെതിരെ പ്രക്ഷോഭം നയിച്ചതിന്റെ ഭാഗമായി മരണമടഞ്ഞ 700, അല്ലെങ്കിൽ അതിലധികം വരുന്ന, ആളുകളിൽ ഒരാളായിരുന്നു ഗുർപ്രീത്. കുറഞ്ഞ താങ്ങുവിലയെ (Minimum Support Price – MSP) നശിപ്പിക്കുമെന്നും സ്വകാര്യ വ്യാപാരികൾക്കും വലിയ കോർപ്പറേഷനുകൾക്കും വിളകളുടെ വില നിയന്ത്രിക്കാനും വിപണിയിൽ അനർഹമായ നേട്ടങ്ങൾ ഉണ്ടാക്കാൻ കാരണമാകുമെന്നും വിശ്വസിച്ച നിയമങ്ങളെ രാജ്യത്തുടനീളം കർഷകർ എതിർത്തു. കര്‍ഷക സമരങ്ങള്‍ കർഷകരെ (പ്രധാനമായും പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നും) 2020 നവംബർ 26 മുതൽ ഡൽഹിയുടെ അതിർത്തികളിൽ എത്തിച്ചു. നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അവർ ഡൽഹി-ഹരിയാന അതിർത്തിയിലെ സിംഘുവിലും ഡൽഹി-ഉത്തർപ്രദേശ് അതിർത്തിയിലെ ഘാസിപൂരിലും ടിക്രിയിലും ക്യാമ്പുകൾ നിർമ്മിച്ചു.
സമരങ്ങൾ ആരംഭിച്ച് ഒരു വർഷത്തിനുശേഷം 2021 നവംബർ 19-ന് പ്രധാനമന്ത്രി നിയമങ്ങൾ പിൻവലിച്ചതായി പ്രഖ്യാപിച്ചു. കാർഷിക നിയമങ്ങൾ പിൻവലിക്കൽ ബിൽ (Farm Laws Repeal Bill) നവംബർ 29-ന് പാർലമെന്റിൽ പാസാക്കി. പക്ഷെ കർഷക യൂണിയനുകൾ മുന്നോട്ടുവച്ച മിക്ക ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചതിനു ശേഷം 2021 ഡിസംബർ 11-ന് മാത്രമാണ് പ്രക്ഷോഭം അവസാനിച്ചത്.
സമരകാലത്ത് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട ചില കുടുംബങ്ങളോട് ഞാൻ സംസാരിച്ചു – നേരിട്ടും ഫോണിലൂടെയും. തകർന്ന് ദുഃഖിതരായിരിക്കുന്നതിനൊപ്പം കുപിതരുമായ അവർ ഈ വിഷയത്തിനു വേണ്ടി ജീവൻ ത്യജിച്ച രക്തസാക്ഷികളുടെ ഇടയിൽനിന്നും തങ്ങളുടെ പ്രിയപ്പെട്ടവരെ ഓർത്തെടുത്തു.
“ഞങ്ങൾ കർഷകരുടെ വിജയം ആഘോഷിക്കുന്നു, പക്ഷെ നിയമങ്ങൾ പിൻവലിക്കുന്നതായുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രഖ്യാപനം എന്നെ സന്തോഷിപ്പിച്ചു”, ജഗ്താർ സിംഗ് കടാരിയ പറഞ്ഞു. "സർക്കാർ കർഷകർക്ക് വേണ്ടി നല്ലതൊന്നും ചെയ്തിട്ടില്ല. കർഷകരെയും മരിച്ചവരെയും സർക്കാർ അവഹേളിച്ചിരിക്കുന്നു.”

















