കുടുംബത്തെ എങ്ങിനെ പോറ്റുമെന്നാലോചിച്ച് ഇനി തീ തിന്നേണ്ട ആവശ്യമില്ലല്ലോ എന്ന് ആശ്വസിക്കുകയായിരുന്നു രുഖ്സാന ഖാത്തൂൻ. രണ്ടുവർഷം നീണ്ടുനിന്ന പരിശ്രമത്തിനൊടുവിൽ, മൂന്നാമത്തെ ശ്രമത്തിലാണ് 2020 നവംബറിൽ അവർക്ക് റേഷൻ കാർഡ് കൈയ്യിൽ കിട്ടിയത്. മഹാവ്യാധിയുടെ ദുരിതപൂർണ്ണമായ നാളുകൾ കഴിഞ്ഞുവെന്ന ഒരു തോന്നലുണ്ടായി അവർക്ക്.
ദേശീയ ഭക്ഷ്യസുരക്ഷാ നിയമത്തിന്റെ (എൻ.എഫ്.എസ്.എ) കീഴിലുള്ള ‘മുൻഗണനാ‘ വിഭാഗത്തിൽ ഉൾപ്പെട്ട കാർഡായിരുന്നു അത്. അർഹരായ ഗുണഭോക്താക്കളെ സംസ്ഥാന സർക്കാരാണ് തിരഞ്ഞെടുക്കുന്നത്.
അതിൽ, നാട്ടിൽ അവർ താമസിച്ചിരുന്ന വീടിന്റെ മേൽവിലാസം രേഖപ്പെടുത്തിയിരുന്നു. ബിഹാറിലെ ദർഭംഗ ജില്ലയിലെ നഗരകൌൺസിലുമായി ഈയടുത്ത് കൂട്ടിച്ചേർക്കപ്പെട്ട ഒരു ഗ്രാമത്തിലെ മേൽവിലാസം. അങ്ങിനെ ഏഴുപേരടങ്ങുന്ന അവരുടെ കുടുംബത്തിന് വിലക്കുറവിൽ റേഷൻ കിട്ടാൻ തുടങ്ങി.
അതിനുശേഷം 2021 ഓഗസ്റ്റിൽ അവരെല്ലാവരും ദില്ലിയിലെത്തി. അതോടെ, അവർക്കവകാശപ്പെട്ട റേഷൻ വീണ്ടും മുടങ്ങി.
കേന്ദ്രസർക്കാരിന്റെ വൺ നേഷൻ വൺ റേഷൻ കാർഡ് (ഒ.എൻ.ഒ.ആർ.സി) പ്രകാരം, എൻ.എഫ്.എസ്.എ.യുടെ ‘മുൻഗണനാ വിഭാഗ’ത്തിലുൾപ്പെടുന്നവരും, ‘ദരിദ്രരിൽ ദരിദ്ര’രുമായ ജനവിഭാഗങ്ങൾക്ക് ഏത് ന്യായവില കടകളിൽനിന്നും അവർക്ക് അർഹമായ ഭക്ഷ്യധാന്യങ്ങൾ വാങ്ങാൻ കഴിയേണ്ടതായിരുന്നു. പൊതുവിതരണശൃംഖലക്ക് കീഴിൽ, ആധാറുമായി ബന്ധപ്പെടുത്തിയ തിരിച്ചറിയൽ സംവിധാനമുപയോഗിച്ച്, ഭക്ഷ്യധാന്യങ്ങൾ വിൽക്കാൻ അനുവാദമുള്ള സ്ഥാപനങ്ങളാണ് ഈ ന്യായവില ഷോപ്പുകൾ. പക്ഷേ, മാസാമാസം അനുവദിക്കുന്ന റേഷൻ വാങ്ങാൻ പടിഞ്ഞാറൻ ദില്ലിയിലെ ശാദിപുർ മേയ്ൻ ബാസാർ ഭാഗത്തുള്ള കടയിൽ ഓരോ തവണ പോയി ‘ഇപോസ്‘ (ഇലക്ട്രോണിക്ക് പോയിന്റ് ഓഫ് സെയിൽ) മെഷിനിൽ വിരലമർത്തുമ്പോഴും, “ഐ.എം.പി.ഡി.എസ്സിൽ ഈ റേഷൻ കാർഡ് കാണുന്നില്ല’ എന്ന സന്ദേശമായിരുന്നു കിട്ടിയിരുന്നത്.
സംസ്ഥാനങ്ങളിൽ വിതരണം ചെയ്യാനുള്ള ഭക്ഷ്യധാന്യങ്ങൾ പൊതുവിതരണസംവിധാനത്തിലൂടെ സംസ്ഥാനങ്ങൾക്ക് അയയ്ക്കുന്നത് കേന്ദ്രസർക്കാരാണെങ്കിലും രാജ്യത്തിന്റെ ഏതുഭാഗത്തുനിന്നും കുടിയേറ്റത്തൊഴിലാളികൾക്ക് റേഷൻ വാങ്ങുന്നതിനുവേണ്ടിയാണ് ഐ.എം.പി.ഡി.എസ് (ഇന്റർഗേറ്റഡ് മാനേജുമെന്റ് ഓഫ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ സിസ്റ്റം) എന്ന സംവിധാനം 2018-ൽ ഏർപ്പെടുത്തിയത്.













