അവസാനമായി ഒരു വര്‍ഷം തികച്ചും വീട്ടില്‍ ചിലവഴിച്ച സമയം ഓര്‍മ്മിച്ചെടുക്കാന്‍ രമേശ് ശര്‍മയ്ക്ക് കഴിയില്ല. “കഴിഞ്ഞ 15-20 വര്‍ഷങ്ങളായി ഞാന്‍ ഇതുതന്നെ ചെയ്തുകൊണ്ടിരിക്കുന്നു”, ഹരിയാനയിലെ കര്‍ണാല്‍ ജില്ലയിലെ ഗഗസീന ഗ്രാമത്തിലെ പാടത്ത് കരിമ്പു മുറിച്ചുകൊണ്ടിരിക്കുമ്പോള്‍ അദ്ദേഹം പറഞ്ഞു.
ബീഹാറിലെ ആരാരിയ ജില്ലയിലെ ശോയിര്‍ഗാവ് ഗ്രാമത്തില്‍ നിന്നുള്ള 44-കാരനായ രമേശ് വര്‍ഷത്തിന്റെ പകുതി – ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെ – ഹരിയാനയിലേക്കും പഞ്ചാബിലേക്കും കര്‍ഷക തൊഴിലാളിയായി ജോലി ചെയ്യാനായി കുടിയേറുന്നു. “ബീഹാറില്‍ കര്‍ഷകനായി ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ഹരിയാനയില്‍ തൊഴിലാളിയായി ഞാന്‍ ഉണ്ടാക്കുന്നു”, അദ്ദേഹം പറഞ്ഞു.
ശോയിര്ഗാവില് രമേശിന് മൂന്നേക്കര്‍ കൃഷിസ്ഥലമുണ്ട്. വര്‍ഷത്തില്‍ 6 മാസം അദ്ദേഹം അവിടെ കൃഷി ചെയ്യുന്നു. ഖാരിഫ് (മണ്‍സൂണ്‍) സീസണില്‍ (ജൂണ്‍-നവംബര്‍) അദ്ദേഹം നെല്‍കൃഷി നടത്തുന്നു. “അതു മുഖ്യമായും സ്വന്തം ഉപഭോഗത്തിനാണ്”, മുറിച്ചുകൊണ്ടിരിക്കുന്ന കരിമ്പില്‍ നിന്നും കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു.
ശര്‍മയുടെ ഒരു വര്‍ഷത്തെ പ്രധാന നാണ്യവിള ചോളമാണ്. റാബി സീസണിലാണ് (ശൈത്യകാലം) (ഡിസംബര്‍-മാര്‍ച്ച്) അതു വളര്‍ത്തുന്നത്. പക്ഷെ ഈ വിളയില്‍ നിന്നും വളരെക്കുറച്ചു പണമേ അദ്ദേഹത്തിനു ലഭിക്കുന്നുള്ളൂ. “കഴിഞ്ഞ വര്‍ഷം [2020] ക്വിന്റലിന് 900 രൂപയ്ക്കാണ് വിളവു വിറ്റത്”, 60 ക്വിന്റല്‍ വിളവെടുത്ത അദ്ദേഹം പറഞ്ഞു. “ദല്ലാള്‍ ശിപായി (കമ്മീഷന് എജന്റ് ) ഗ്രാമത്തില്‍ വച്ചുതന്നെ അതു ഞങ്ങളോടു വാങ്ങി. വര്‍ഷങ്ങളായി ഇങ്ങനെയാണ്.”
മിനിമം താങ്ങു വില (എം.എസ്.പി.) യേക്കാള്‍ 50 ശതമാനത്തില്‍ താഴെ വിലയാണ് രമേശിനു ലഭിച്ചത്. 2019-20 വര്‍ഷം ചോളം ക്വിന്റലിന് 1,760 രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ എം.എസ്.പി.യായി നിശ്ചയിച്ചത്. സര്‍ക്കാര്‍ നിയന്ത്രിത മണ്ഡികളില്‍ താങ്ങു വിലയ്ക്കു വില്‍ക്കുകയെന്നത് ബീഹാറില്‍ ഒരു സാദ്ധ്യത അല്ലാതായി മാറിയിരിക്കുന്നു. അതുകൊണ്ട് ശര്‍മയെപ്പോലുള്ള ചെറുകിട കര്‍ഷകര്‍ നേരിട്ടു ദല്ലാള്‍ ശിപായിമാരോട് (കമ്മീഷന് എജന്റുമാര്‍) വില പേശാന്‍ നിര്‍ബ്ബന്ധിതരാകുന്നു.
ബീഹാര്‍ സര്‍ക്കാര്‍ 2006-ല്‍ 1960-ലെ ‘ബീഹാര്‍ കാര്‍ഷികോത്പന്ന വിപണി നിയമം’ (Bihar Agriculture Produce Market Act, 1960) പിന്‍വലിച്ചു. അതോടുകൂടി ‘കാര്‍ഷികോത്പന്ന വിപണി സമിതി’ (എ.പി.എം.സി.) യുമായി ബന്ധപ്പെട്ട മണ്ഡി സമ്പ്രദായം സംസ്ഥാനത്തു നിന്നും നീക്കപ്പെട്ടു. സ്വകാര്യ ഉടമസ്ഥതയിലുള്ള വ്യാപാര മേഖലകള്‍ കര്‍ഷകര്‍ക്ക് അനുവദിച്ചുകൊണ്ട് ഈ നീക്കം കാര്‍ഷിക മേഖലയെ ഉദാരവത്കരിക്കുമെന്ന് സര്‍ക്കാര്‍ അവകാശപ്പെട്ടു. പക്ഷെ എ.പി.എം.സി.കള്‍ ഇല്ലാതായത് ബീഹാര്‍ കര്‍ഷകര്‍ക്ക് മെച്ചമൊന്നും ഉണ്ടാക്കിയില്ല. അവര്‍ ഇടനിലക്കാരേയും വ്യാപാരികള്‍ നിശ്ചയിക്കുന്ന വിലകളേയും കൂടുതല്‍ ആശ്രയിക്കാന്‍ നിര്ബ്ബന്ധിതരായതെയുള്ളൂ.








