ഒക്ടോബറിൽ ഉറങ്ങാത്ത പുരിസൈ ഗ്രാമത്തിൻ്റെ ഇടുങ്ങിയ വഴികളിൽ, കലാകാരന്മാർ തങ്ങളുടെ ഭാഗം പരിശീലിക്കുന്ന ശബ്ദം മുഴങ്ങുന്നുണ്ട്. ഗ്രാമീണർ ആകാംക്ഷയോടെ ഗ്രാമചത്വരത്തിൽ സമ്മേളിക്കുകയും അന്തരീക്ഷത്തിൽ സംഗീതം നിറയുകയും വഴിയോരങ്ങളിലെ ചെറിയ വീടുകൾ അണിയറകളായി മാറുകയും ചെയ്യുന്നു. രാത്രി മുഴുവൻ ആളുകളെ വിരുന്നൂട്ടാൻ കുപുസാമിയുടേയും ചന്ദ്രൻ്റേയും ചായക്കടകളടക്കമുള്ള ചെറിയ സ്ഥാപനങ്ങൾ തുറന്നിട്ടുണ്ട്. രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കലാകാരന്മാർ സന്നിഹിതരാണ് – ജാർഘണ്ടിൽനിന്നുള്ള നാടോടി നാടകക്കാർ, പ്രദേശവാസികളായ തെരുക്കൂത്ത് കലാകാരന്മാർ, തമിഴ് നാടിൻ്റെ ഇതരഭാഗങ്ങളിൽനിന്നുള്ള പറവാദ്യക്കാർ, കേരളം, പുതുച്ചേരി തുടങ്ങിയ ഇടങ്ങളിൽനിന്നുള്ളവർ, ചെന്നയിൽനിന്നും അതിനപ്പുറത്തുനിന്നുമുള്ള ആധുനിക നാടക കലാകാരന്മാർ ആദിയായവർ. 2024 ഒക്ടോബർ 6 ആണ് ദിവസം. പുരിസൈ ഉത്സവം എന്ന പേരിലും അറിയപ്പെടുന്ന പുകൾപെറ്റ കലൈമാമണി കണ്ണപ്പ തമ്പിരാൻ മെമ്മോറിയൽ ഉത്സവം, തിരിച്ചുവന്നിരിക്കുന്നു
മുമ്പൊക്കെ ഇത് മൂന്ന് ദിവസത്തെ പരിപാടിയായിരുന്നു. കോവിഡ്-19-ന് ശേഷം ഇത്തരം പാരമ്പര്യങ്ങൾക്കൊക്കെ തടസ്സം നേരിട്ടപ്പോൾ, ഒന്നിടവിട്ട വർഷങ്ങളിൽ, പരമാവധി ഒന്നരദിവസം നീളുന്ന ഉത്സവമായി ഇതും മാറി. 1989-ലേക്കാണ് ഈ ഉത്സവത്തിൻ്റെ വേരുകൾ നീളുന്നത്. അന്ന് കോടൈ വിഴ (വേനലുത്സവം) എന്ന പേരിലായിരുന്നു ഇത് അറിയപ്പെട്ടിരുന്നത്. ആധുനിക നാടകപ്രവർത്തകനായ എൻ. മുത്തുസാമിയും കണ്ണപ്പ തമ്പിരാനും അദ്ദേഹത്തിൻ്റെ മൂത്ത മകൻ, പുരിസൈയിലെ കാശിയും ചേർന്ന് തുടങ്ങിയതാണ് ഇത്. ഈ നാടകരൂപത്തിൻ്റെ വന്യമായ ഊർജ്ജത്താൽ പ്രചോദിതനായ മുത്തുസാമി, തമ്പിരാൻ്റെ കൂടെ ചേർന്ന്, തെരുക്കൂത്തിൻ്റെ ആധുനിക കഥപറച്ചിൽ രീതികൾ ഇതിൽ സംയോജിപ്പിക്കുകയായിരുന്നു.
തെരുക്കൂത്ത് കലാകാരന്മാരുടെ കേന്ദ്രം എന്ന് ഈ ഗ്രാമത്തിന് പേരുണ്ട്. “ഇവിടെ എല്ലാവരും കലാകാരന്മാരാണ്; കർഷകരായാലും, ദിവസക്കൂലിക്കാരായാലും എല്ലാം,” ഉത്സവത്തിൻ്റെ സംഘാടകരിലൊരാളും, തെരുക്കൂത്ത് കലാകാരനും, ഈ ഗ്രാമത്തിൽ താമസിക്കുന്നയാളുമായ 49 വയസ്സുള്ള പളനി മുരുഗൻ പറയുന്നു. “പരിശീലിച്ച് ചെയ്യുന്ന നാടകങ്ങളിൽ വർഷങ്ങളോളം പ്രവർത്തിച്ചതിനുശേഷം,സ്വാഭാവികമായ ഈ നാടകരൂപത്തിലേക്കുള്ള മടക്കം ഒരു വെല്ലുവിളിയാണെങ്കിലും, അത് സ്വന്തം വീട്ടിലേക്കുള്ള തിരിച്ചുവരവാണ്,” അദ്ദേഹം കൂട്ടിച്ചേർത്തു. നഗരകേന്ദ്രിതമായ ആധുനിക നാടകവേദിയിലും സമകാലിക നൃത്തരൂപത്തിലും ദശാബ്ദങ്ങളോളം പ്രവർത്തിച്ചശേഷം തെരുക്കൂത്തിലേക്ക് മടങ്ങിയ കലാകാരനാണ് മുരുഗൻ.
































