സൂര്യോദയത്തിന് ഏറെ മുൻപുതന്നെ കാട്ടുപ്പള്ളിയിലെ കടൽത്തീരങ്ങൾ സജീവമാകും. ബംഗാൾ ഉൾക്കടലിൽ വേലിയിറക്കമുണ്ടാകുന്നതും നോക്കി ഇരുളർ സമുദായക്കാർ മുട്ടറ്റം വെള്ളത്തിൽ കാത്തുനിൽപ്പുണ്ടാകും. വെള്ളം ഇറങ്ങുന്നതോടെ അവർ പ്രത്യേകം തയ്യാറാക്കിയ വലകളുപയോഗിച്ച് വേലിയേറ്റ സമയത്ത് തീരത്ത് അടിഞ്ഞ കിളിഞ്ചൽ (ചിപ്പി) ശേഖരിക്കും.
"വേലിയേറ്റ സമയത്ത് ഞങ്ങൾക്ക് ചിപ്പി ശേഖരിക്കാനാകില്ല; അതുകൊണ്ട് ഞങ്ങൾ വേലിയിറക്കം തുടങ്ങാൻ കാത്തിരിക്കും. ഇതിനിടെയുള്ള സമയം ഞങ്ങൾ ഒന്നുകിൽ ഭക്ഷണം കഴിക്കാൻ വീട്ടിൽ പോകുകയോ അല്ലെങ്കിൽ ഇവിടെ തീരത്തുതന്നെ തുടരുകയോ ആണ് പതിവ്," രമേശ് (അദ്ദേഹം ഈ പേര് മാത്രമാണ് ഉപയോഗിക്കുന്നത്) കൂട്ടിച്ചേർക്കുന്നു. രമേശ് ഉൾപ്പെടെയുള്ള ഇരുളർ സമുദായാംഗങ്ങൾക്ക്ചിപ്പി ശേഖരിക്കൽ വെറുമൊരു തൊഴിലല്ല; തമിഴ് നാട്ടിലെ തിരുവള്ളൂർ ജില്ലയിൽ കടലിന്റെ താളത്തോട് ആഴത്തിൽ ബന്ധപ്പെട്ടു കിടക്കുന്ന പരമ്പരാഗത ഉപജീവനമാർഗവുമാണ്.
കടൽത്തീരത്തുനിന്ന് ശേഖരിക്കുന്ന ചിപ്പികൾ ഉണക്കിയെടുത്തതിന് ശേഷം, അവ പൊടിച്ച് ചുണ്ണാമ്പുകല്ലുണ്ടാക്കുന്ന സ്ഥലങ്ങളിലേക്ക് കാളവണ്ടികളിൽ കൊണ്ടുപോകുന്നു. ഒരു വണ്ടി ചിപ്പിയ്ക്ക് ജോലിക്കാർക്ക് 500 രൂപയാണ് ലഭിക്കുക. ഒരു തൊഴിലാളിയ്ക്ക് ആഴ്ചയിൽ ശരാശരി ഏഴ് തവണ ഇത്തരത്തിൽ ചിപ്പി കൊണ്ടുപോകാനാകും. ഈ ചിപ്പികൾ സംസ്കരിച്ചാണ് ചുണ്ണാമ്പുകല്ലും ചുണ്ണാമ്പും-കെട്ടിടനിർമ്മാണത്തിന് ഉപയോഗിക്കുന്ന സാമഗ്രി- ഉത്പാദിപ്പിക്കുന്നത്.
























