നാശത്തിൻ്റെ ഒരു അരങ്ങിന് നടുക്ക്, ഉണക്കപുല്ലിൻ്റെ ഒരു വലിയ കെട്ടിൻ്റെ പുറത്താണ് ആ സ്ത്രീയുടെ ഇരിപ്പ്. പൊട്ടിയ മുളങ്കഷണങ്ങൾ, കീറിപ്പറിഞ്ഞ ടർപ്പോളിൻ ഷീറ്റുകൾ, പ്ലൈവുഡ് ഷീറ്റുകൾ, കയറിൻ്റെ കഷണങ്ങൾ, ചുളിഞ്ഞ സാരികൾ, വീട്ടുപകരണങ്ങൾ, ചളിയിൽ പുതഞ്ഞ തുണികൾ തുടങ്ങി, നിത്യോപയോഗ സാധനങ്ങളെല്ലാം ചിതറിക്കിടക്കുന്നു. വീടെന്ന് അവർ വിളിക്കുന്ന ഇടമാണത്. ഇപ്പോഴും അതാണ് അവരുടെ വീട്. എന്നാൽ, ദില്ലി വികസന അതോറിറ്റിയുടെ ബുൾഡോസറുകൾ അവരുടെ കൂരകൾ നിരത്തിക്കളഞ്ഞതിൻ്റെ രണ്ടാമത്തെ ദിവസം അത് തീർത്തും വ്യത്യസ്തമായി കാണപ്പെട്ടു. ചില്ല സരോഡ ഖാദർ എന്ന ഈ സെൻസസ് പട്ടണത്തിലെ ചേരിയിലെ 10-15 വീടുകളിൽ ഒന്നായിരുന്നു റീതാ ദേവിയുടെ ഈ വീട്.
എന്നാൽ, അവർക്കൊരു ഭാവഭേദവുമുണ്ടായിരുന്നില്ല. ഒരുകൈയ്യിൽ പരന്ന, സ്വർണ്ണനിറമുള്ള, ഒരിഞ്ച് വീതിയുള്ള പുല്ല് പിടിച്ച്, മറ്റൊരു കൈയ്യിലെ അരിവാളുകൊണ്ട് അതിനെ രണ്ടോ മൂന്നോ കനം കുറഞ്ഞ നാരുകളാക്കി മുറിക്കുകയായിരുന്നു അവർ. വീട്ടുപടിക്കൽ ഒരു ബുൾഡോസർ വരുന്നത്, യമുന ക്ഷേത്രയ്ക്കടുത്തുള്ള ചേരിയിലെ ആ സ്ത്രീയ്ക്കും മറ്റ് കുടുംബങ്ങൾക്കും ഒരു പുതുമയോ ഭയപ്പെടേണ്ട ഒരു സംഭവമോ ആയിരുന്നില്ല. ആറ് ജൈവവൈവിദ്ധ്യ പാർക്കുകൾ സ്ഥാപിക്കാൻ സർക്കാർ തിരഞ്ഞെടുത്ത സ്ഥലങ്ങളിലൊന്നായിരുന്നു അത്. “സ്ഥലം സർക്കാരിൻ്റേതാണ്. അതുകൊണ്ടാണ് അവർ ഞങ്ങളുടെ കുടിലുകൾ പൊളിക്കുന്നത്. കൃഷി ചെയ്യുന്നവർ മാത്രമാണ് ഒരു വർഷത്തെ പാട്ടത്തിന് സ്ഥലം എടുക്കുന്നത്.”
“ഞങ്ങൾ അക്ഷർധാമിന് സമീപത്ത് താമസിക്കുമ്പോഴും ഇത് സംഭവിച്ചിട്ടുണ്ട്. ആരോ മീൻ വൃത്തിയാക്കുമ്പോൾ ഒരു കാക്ക വന്ന് മത്സ്യങ്ങളുടെ മാലിന്യം അമ്പലത്തിനകത്ത് കൊണ്ടുപോയി ഇട്ടു. അതുകാരണം അവർ ചേരി മുഴുവൻ തകർത്തുകളഞ്ഞു. അത് 2015-ലായിരുന്നു. പിന്നെ ഞങ്ങൾ ചില്ല ഖാദറിൻ്റെ പരിസരത്തെത്തി. ഇവിടെയും 4-5 തവണ അതുതന്നെ സംഭവിച്ചു. എന്നിട്ടും ഞങ്ങളിവിടെ കഴിയുകയാണ്.” മാസം 500 രൂപ വാടകയ്ക്കെടുത്ത സ്ഥലത്ത് അവരുടെ കുടുംബം 8X10 അടി വലിപ്പമുള്ള ഒരു ചെറിയ മുറി പണിതിട്ടുണ്ട്.
“ഒരു ഗുജ്ജാറിനാണ് ഞങ്ങൾ വാടക കൊടുക്കുന്നത്. രാജ്വീർ എന്നാണ് അയാളുടെ പേര്. അയാളും ചില്ലയിലാണ് താമസം. അദ്ദേഹത്തിൻ്റെ മുത്തച്ഛൻ സർക്കാരിന് വിറ്റ സ്ഥലമാണിത്. അതിന് അവർക്ക് നഷ്ടപരിഹാരവും കിട്ടി. എന്നിട്ടും ഇത് തൻ്റെ സ്ഥലമാണെന്ന് അയാൾ അവകാശപ്പെടുന്നു. അയാൾ ഞങ്ങളെപ്പോലുള്ള പാവങ്ങളെ തല്ലുകയും പണം പിടിച്ചുപറിക്കുകയും ചെയ്യാറുണ്ട്,” റീത പറയുന്നു. “നിങ്ങളുടെ പാടം, നിങ്ങളുടെ സ്ഥലം. നിങ്ങൾക്കല്ലേ കൂടുതൽ അറിയുക. ഞങ്ങൾക്കെന്താന്? താമസിക്കാൻ ഒരു സ്ഥലം വേണം ഞങ്ങൾക്ക്. അതുമാത്രം മതി. ഞങ്ങൾ സ്ഥിരമായ വീടുകൾ കെട്ടുന്നില്ല. ഓരോ തവണയും തകർക്കാനാണെങ്കിൽ ആരാണ് നല്ല വീടുകൾ വെക്കുക?” പുല്ലിൻ്റെ നാരുകൾ ഒരു ചെറിയ കെട്ടാക്കുകയായിരുന്നു അവർ.
ഏറ്റവുമൊടുവിലത്തെ തകർക്കലിനുശേഷം, കുടിലിൻ്റെ ഇരുവശത്തുമുള്ള ചുവരുകളും പ്ലാസ്റ്റിക്ക് മേൽക്കൂരയും പുതുക്കിപ്പണിയാൻ റീതയുടെ കുടുംബത്തിന് എങ്ങിനെയൊക്കെയോ സാധിച്ചു. ചേരിയിലെ മിക്കയാളുകളും ഉത്തർ പ്രദേശ്, ബിഹാർ എന്നിവിടങ്ങളിൽനിന്നുള്ള ദിവസവേതനക്കാരായ കുടിയേറ്റക്കാരാണ്. ബിഹാറിലെ സുപാവുൾ ജില്ലക്കാരിയാണ് റീത്ത. 1993-ൽ ബസ്പിതി ഗ്രാമത്തിൽനിന്ന് ദില്ലിയിലേക്ക് ഉപജീവനാർത്ഥം മാതാപിതാക്കൾ വന്നതുമുതൽ റീത്ത ദില്ലിയിലാണ്. 2011-ലെ സെൻസസ് പ്രകാരം, ബിഹാറിൽനിന്ന് 9.30 ദശലക്ഷം ആളുകളാണ് ഉപജീവനാർത്ഥം മറ്റ് സംസ്ഥാനങ്ങളീലേക്ക് കുടിയേറ്റം നടത്തുന്നത്. നിഷാദ്, അഥവാ ധീമർ എന്നറിയപ്പെടുകയും, ബിഹാറിൽ പിന്നാക്കജാതിയായി അടയാളപ്പെടുത്തിയിട്ടുമുള്ള മല്ല എന്ന മുക്കുവസമുദായക്കാരിയാണ് റീത്ത.




















