“സാധാരണയായി ഞങ്ങൾ ജോലി ചെയ്യുമ്പോൾ ഉച്ചയ്ക്ക് കഴിക്കുന്നത് ഗാബിയാണ്,” അസിനൊ മെസെസിയ്നോ മെയാസെ പറയുന്നു. ലളിതമായി പാചകം ചെയ്ത ഈ കറിക്ക് ഒന്നുരണ്ട് സാധനങ്ങൾ മാത്രം മതി. അതാകട്ടെ, എല്ലാ, ഖൊനമയിൽ കിട്ടുന്നവയും. പാടത്ത് ജോലി ചെയ്യുന്ന കർഷകർക്ക് എളുപ്പത്തിൽ കിട്ടാവുന്ന ദൂരത്തും.
“ചിലപ്പോൾ ഞങ്ങൾ ഗാൽഹോയും ഉണ്ടാക്കും,” അവർ കൂട്ടിച്ചേർത്തു. അരി, പച്ചയിലകൾ അല്ലെങ്കിൽ കാട്ടിലകൾ, നാട്ടിലെ ചേരുവകൾ, പുകച്ചെടുത്ത പോർക്ക് അല്ലെങ്കിൽ പശുവിറച്ചി എന്നിവയെല്ലാം ചേരുന്ന ഒരു കഞ്ഞിയാണ് ഗാൽഹോ. “ഇതൊരു അംഗാമി വിഭവമാണ്,” 36 വയസ്സുള്ള അസിനോ പാരിയോട് പറഞ്ഞു.
ചെറിയ തണുപ്പുള്ള ആ പ്രഭാതത്തിൽ, അസിനൊ, തൻ്റെ പ്രിയസഹൃത്ത് ഉത്സിനോ മേരുവിനോടൊപ്പം ഖൊനമയിലെ ജും പാടത്തേക്കുള്ള ഇടുങ്ങിയ വഴിയിലൂടെ പോവുകയായിരുന്നു. നാഗലൻഡിൽ, പർവ്വതപ്രദേശങ്ങളിൽ പൊതുവെ ജും കൃഷിയാണ് (മാറ്റക്കൃഷി) പതിവ്. ഞങ്ങൾ നടക്കുന്നതിനിടയിൽ അവരിരുവരും പെട്ടെന്ന് കുനിഞ്ഞ് ചെടികളുടെ ഭാഗങ്ങളും മറ്റും എടുത്തു. സംസാരത്തിനിടയിൽ അവർ ചിരിക്കുന്നുമുണ്ടായിരുന്നു. “ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്. ഒരുമിച്ചിരിക്കുമ്പോഴാണ് ഞങ്ങൾ ഏറ്റവുമധികം സന്തോഷിക്കുന്നത്.” അതിനാൽ ഈ ബാല്യകാല സുഹൃത്തുക്കൾ ഏകദേശം ഒരേസമയം കണക്കാക്കിയാണ് ജും പാടങ്ങളിൽ പണിക്ക് പോവുക.
തൻ്റെ കൈയ്യിലുള്ള പുതുതായി പറിച്ചെടുത്ത ഔഷധച്ചെടികളിലേക്ക് ചൂണ്ടിക്കൊണ്ട്, 42 വയസ്സുള്ള ഉത്സൊനോ അവയുടെ ടെനിഡി ഭാഷയിലെ പേരുകൾ പറയാൻ തുടങ്ങി. ഗാത, (മീൻ തുളസി, ഹൗട്ടുനിയ കോർഡേറ്റ), ഗാഗെയ് (ഹിമാലയൻ നോട്ട്വീഡ്, കൊനിഗീ പോളിസ്റ്റാച്ചിയ) ഖാമ (വൈൽഡ് പെരില്ല, പെരില്ല ഫ്രൂട്ടെസെൻസ്, ഗാക്ര (ജാവ വാട്ടർ ഡ്രോപ്വോർട്ട്, ഓനാന്ത ജവാനിക).
“ഗാത ഉപയോഗിച്ച് മുളകിൻ്റെ കൂടെ ഞങ്ങൾ ചട്ട്ണിയുണ്ടാക്കും, ഗാബി കഴിക്കാൻ. ബാക്കിയുള്ള പച്ചയിലകളും ഗാബിയിൽ ഇടും. എന്തെങ്കിലും ബാക്കിയുണ്ടെങ്കിൽ അത് പിന്നീട് പാചകം ചെയ്യാൻ വീട്ടിലേക്ക് കൊണ്ടുപോകും,” അവർ വിശദീകരിച്ചു.






