അടുക്കളയിൽ തീ കൂട്ടിക്കഴിഞ്ഞു. പാഴാക്കാൻ ടിയാമോംഗ്ളയുടെ കൈയ്യിൽ സമയമില്ല. അന്ന് രാവിലെ വിളവെടുത്ത കാച്ചിലും വെളുത്തുള്ളിയല്ലികളും, റ്റൊറ്റൊചെടിയിൽനിന്ന് പറിച്ചെടുത്ത ഇലകളും, ഞണ്ടിൻ്റെ പേസ്റ്റും എല്ലാമായി, അവർ അടുക്കളയിൽ തിരക്കിലായിരുന്നു.
ഒരു ആവ് നാഗ സവിശേഷ വിഭവമായ മിപാംഗ്മിംഗ് പാചകം ചെയ്യാനുള്ള തിരക്കിലാന് ആ 55-കാരിയായ കർഷക. “ഞങ്ങളുടെ ഗോത്രത്തിൽ സാധാരണയായി ഉണ്ടാക്കുന്ന പലയിനം പച്ചക്കറികൾകൊണ്ടുള്ള റോസുപ് എന്ന പ്രചാരമുള്ള വിഭവത്തേക്കാൾ വ്യത്യസ്തമാണ് ഇത്,” ടിയാമോംഗ്ല ലോംഗ്ചാരി അവരുടെ ചാംഗ്കി ഭാഷയിൽ വിശദീകരിക്കുന്നു. സ്വന്തം കൃഷിയിടത്തിൽനിന്നുള്ള നെല്ലും, ഒരു കോഴി വറുത്തതും ചേർത്താണ് അവർ മിപാന്മിംഗ് വിളമ്പുക.
ഈ വിഭവത്തിൽ അവർ ചേർക്കുന്നത്, ഉപ്പ്, പച്ചമുളക്, തക്കാളി, സെഷ്വാൻ കുരുമുളകിൻ്റെ ഇലകൾ, വെളുത്തുള്ളി അല്ലികൾ, വെളുത്തുള്ളി ഇലകൾ, പുളിപ്പിച്ച ഞണ്ട് പേസ്റ്റ് എന്നിവയാണ്. പച്ചക്കറിയുടെ സീസണിൽ അതും ഉപയോഗിക്കും.
ചാംഗ്കി ഗ്രാമത്തിൽ 2,486 ആളുകളുണ്ട് (സെൻസസ് 2011). ഭൂരിഭാഗവും, പട്ടികഗോത്രക്കാരായ ആവ് നാഗ സമുദായക്കാരാണ്. ഈ ഗ്രാമത്തിലെ ആളുകൾ മാത്രം സംസാരിക്കുന്ന ഭാഷയാണ് ചാംഗ്കി.
മറ്റ് ചാംഗ്കി സ്ത്രീകളെപ്പോലെ, ടിയാമോംഗ്ലയും കാട്ടിലൂടെയും ജലാശയങ്ങൾക്കരികിലൂടെയും നെൽപ്പാടങ്ങളിലൂടെയും ഒന്നുരണ്ട് മണിക്കൂർവരെ യാത്രചെയ്താണ് മിപാംഗ്, റ്റൊറ്റൊ മറ്റ് ചേരുവകൾ എന്നിവ ശേഖരിക്കുന്നത്
”മറ്റ് സ്ഥലങ്ങളിൽനിന്ന് കിട്ടാൻ ബുദ്ധിമുട്ടുണ്ടായിരുന്നതിനാൽ, പഴയ കാലത്ത് ഇതൊക്കെ തപ്പിപ്പിടിച്ച് ശേഖരിക്കുകയായിരുന്നു ചെയ്തിരുന്നത്,” അവർ പാരിയോട് പറയുന്നു. പ്രാദേശികമായി കിട്ടുന്ന സാധനങ്ങൾ ഉപയോഗിക്കുന്നത്, അവരുടെ തലമുറയിലെ സ്ത്രീകളുടെ ശീലമാണ്. “ഞങ്ങളുടെ ഝും പാടത്തും, നെൽപ്പാടത്തും, അടുക്കളത്തോട്ടത്തിലും വളർത്തുന്ന സാധനങ്ങൾ മാത്രമാണ് ഞങ്ങൾ കഴിക്കുക. ഇന്ന്, അടുത്തുള്ള കമ്പോളത്തിൽനിന്നും വാങ്ങുകയും ചെയ്യുന്നു,” അവർ പറയുന്നു.
ശേഖരിക്കുന്ന ജോലി ചെയ്യുന്നത് അധികവും സ്ത്രീകളാണ്. കാട്ടിലും പാടത്തും പോവുമ്പോൾ പുരുഷന്മാരും സാധനങ്ങൾ തപ്പിപ്പിടിച്ച് കൊണ്ടുവരും. “ഞങ്ങളുടെ പൂർവ്വികരിൽനിന്നാണ്, ഭക്ഷ്യയോഗ്യമായ വസ്തുക്കളും അല്ലാത്തതും വേർതിരിച്ചറിയാൻ ഞങ്ങൾ പഠിച്ചത്”. എന്നാൽ കൃഷിക്കും, ഇരതേടലിനും പകരം, പുതിയ തലമുറ മറ്റ് ജോലികളിലേക്ക് തിരിയുന്നു,” അയൽക്കാരി ദിമാപുർ ചന്തയിൽനിന്ന് കൊണ്ടുവന്ന ഓയ്സ്റ്റർ കൂണുകളും റ്റൊറ്റൊവും തയ്യാറാക്കുമ്പോൾ അവർ പറയുന്നു. ‘റ്റൊറ്റൊ മിപാംഗിൻ്റെ കൂടെ നന്നായി ചേരും.”
ഒരു പ്രധാന ചേരുവ ഞണ്ടിൻ്റെ പേസ്റ്റാണ്. ആവ് നാഗ പാചകത്തിൽ പരക്കെ ഉപയോഗിക്കുന്ന ഒന്നാണത്. “ചാംഗ്കിയിലുണ്ടാക്കുന്ന ഞണ്ട് പേസ്റ്റാണ് ഏറ്റവും രുചിയുള്ളത്. ഏറ്റവുമധികം ആവശ്യക്കാരുള്ളതും അതിനാന്,” ടിയാമോംഗ്ല അഭിമാനത്തോടെ പറയുന്നു.
അവർ ഭരണി തുറക്കുമ്പോൾ, മുറിയിലാകെ, പുളിപ്പിച്ച മീനിൻ്റെ ഒരു പരിമളം പരന്നു. ജംഗ്പംഗ്നാത്സു എന്നത്, പാടത്തിനരികിലുള്ള വെള്ളക്കെട്ടുകളിൽ കാണുന്ന ഞണ്ടുകളെ ഉപയോഗിച്ചുകൊണ്ടുള്ള ഒരു സവിശേഷ വിഭവമാണ്. നന്നായി വറുത്ത്, തൊണ്ട് കളഞ്ഞ ഞണ്ടിനെ കറുത്ത എള്ളുമായി ചേർത്ത് പൊടിച്ച്, കുറച്ചുദിവസം വാഴയിലയിൽ പൊതിഞ്ഞ്, അടുപ്പിനടുത്തുവെച്ച് പുളിപ്പിച്ചെടുക്കുന്ന വിഭവമാണ്. വിവിധ ചട്ടണികൾ, കറികൾ, സ്റ്റ്യൂ എന്നിവയ്ക്ക് രുചി പകരാൻ ഇത് അത്യന്താപേക്ഷിതമാണ്, ആവ് നാഗ പാചകത്തിൽ.
വിവിധ കഴിവുകളുള്ള ടിയാമോംഗ്ല ഒരു മികച്ച പാത്രനിർമ്മാതാവും മുഴുവൻ സമയ കർഷകയുമാണ്. വായിക്കാം: ചംഗ്കിയിലെ വനിതാ മൺപാത്രനിർമ്മാതാക്കൾ
ഈ വർഷം (2025), കാലാവസ്ഥ പ്രവചനാതീതമായിരുന്നുവെന്ന് അവർ പറയുന്നു. പലതവണ ആവർത്തിച്ച മണ്ണിടിച്ചിലുകളിൽ നെൽപ്പാടങ്ങൾ നശിക്കുകയും ചെയ്തു. “എൻ്റെ പാടത്തിൻ്റെ ഒരു ഭാഗവും അതിനോട് ചേർന്നുള്ള നഴ്സറിയും, ഒരു മണ്ണിടിച്ചിലിൽ നശിച്ചു. അതിനാൽ എൻ്റെ ഝും പാടത്ത് (തീയിട്ട് കരിച്ച്, പിന്നീട് കൃഷി ചെയ്യുന്ന പാടം) ഞാൻ കൂടുതലായും കൃഷി ചെയ്യുന്നത് ഇഞ്ചിയാണ്. വിൽക്കുമ്പോൾ കൂടുതൽ ലാഭം അതിനാണ്.”
പാചകം ചെയ്യാൻ അവരുപയോഗിക്കുന്നത്, അവരുണ്ടാക്കിയ ചാംഗ്കി ചട്ടികളാണ്. അതിൽ ഭക്ഷണം പാകം ചെയ്താൽ, രുചി കൂടുമെന്ന് അവർ പറയുന്നു. കടുകെണ്ണയുടെ രൂക്ഷമായ ഗന്ധം, പുളിപ്പിച്ച ഞണ്ടിൻ്റെ മദിപ്പിക്കുന്ന ഗന്ധവുമായി ചേർന്ന് അടുക്കളയിൽ പരക്കുന്നു. ഞങ്ങൾക്ക് വിശപ്പ് തടുക്കാൻ കഴിയാതായി.


