“ആഹ്..!” വട്ടത്തിലിരുന്ന് കളിക്കുന്ന ആ അഞ്ച് സ്ത്രീകളിൽനിന്ന് വിയോജിപ്പും നിരാശയും ഒരുമിച്ച് പ്രകടമാകുന്ന ഒരു ആരവവും അതേത്തുടർന്നുള്ള കൂട്ടച്ചിരിയും ഉയർന്നപ്പോൾ, ഒച്ചയനക്കമില്ലാത്ത ആ തെരുവ് ഒന്ന് ഉണർന്നു. ഞങ്ങൾ വീണ്ടും വിഡ്ഡികളായി. പൊളിച്ച നാല് പുളിങ്കുരുകൾ നാല് ഭാഗത്തേക്കായി തെറിച്ച് നിലത്ത് വീണുകിടന്നു. ലുഡോവിലേതുപോലെ കളിക്കാനുള്ളതായിരുന്നില്ല അത്. ഹാലമ്മ ഉടനെ ഇടപെട്ട് പുളിങ്കുരു എറിയേണ്ട വിധം കാണിച്ചുതന്നു. കുരുക്കളെടുത്ത്, മുഷ്ടി സാവധാനത്തിൽ ഒന്ന് വെട്ടിച്ച്, ഒരു ലെഗ് സ്പിന്നറുടെ ചാതുരിയോടെ അവർ എറിഞ്ഞു.
ഇത്തവണ അത് പ്രതീക്ഷിച്ചതുപോലെ, ക്രമരഹിതമായി വീണു. ചിലതിൻ്റെ പരന്ന ഭാഗം മുകളിലേക്കായിരുന്നു, ചിലത് താഴത്തേക്കും. എത്രയെണ്ണം മലർന്നുവീണു എന്ന് കണക്കാക്കി ഹാലമ്മ തൻ്റെ കരുക്കൾ നീക്കി. ഒരു പൊട്ടിയ പച്ച വളക്കഷണമായിരുന്നു കരു. “ഒരു കുരു മലന്നുവീണാൽ, ഒരു ചതുരത്തിലേക്ക് നീക്കാം. രണ്ടെണ്ണം മലർന്നാൽ, രണ്ട് ചതുരം, അങ്ങിനെ,” അവർ വിശദീകരിച്ചു. കന്നഡ അറിയാത്ത അന്യനാട്ടുകാരായ രണ്ടുപേരെ പറഞ്ഞുമനസ്സിലാക്കിക്കാനായി അവർ മുറി ഹിന്ദിയിലേക്ക് അവരുടെ സംസാരം മാറ്റി. ‘ഞങ്ങളുടെ കരു’വിനെ അവർ കള്ളികളിലൂടെ നീക്കി, വീണ്ടും പുളിങ്കുരു എറിഞ്ഞു. ഇത്തവണ അവരുടെ ഊഴമായിരുന്നു.





