“ഞങ്ങൾ സമ്പന്നരൊന്നുമല്ലെന്ന് നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവുമല്ലോ, പക്ഷേ ഞങ്ങളുടെ അതിഥികളെ എങ്ങിനെ പരിചരിക്കണമെന്ന് ഞങ്ങൾക്കറിയാം, അതുകൊണ്ട്, ദയവായി വന്നാലും” ലഖ്പത് താലൂക്കിലെ മോറി ഗ്രാമത്തിലെ കരിം ജാട്ട് പറയുന്നു. വർഷങ്ങളായി പാരിക്കുവേണ്ടി ഞാൻ ഫകീരാനി ജാട്ടുകളുടെ ജീവിതം രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നു. അവരിലൊരാളാണ് 40-ൻ്റെ മധ്യത്തിലെത്തിയ കരിം ജാട്ട്. സവ്ല പീർ മേള കഴിഞ്ഞ് ലഖ്പതിനോട് യാത്ര പറയാൻ തുടങ്ങിയ എന്നെ അവരോടൊത്ത് ഈദ് അൽ ഫിത്തർ ആഘോഷിക്കാൻ ക്ഷണിക്കുകയായിരുന്നു അദ്ദേഹം. അത് മാർച്ച് 2024-നായിരുന്നു. ഇപ്പോൾ 2025 മാർച്ച് മാസമാണ്. കരിം ഭായിയുടെ ക്ഷണം സ്വീകരിക്കാൻ, ഗുജറാത്തിലെ കച്ചിലെ മോറിയിലേക്ക് വീണ്ടും പോവുകയായിരുന്നു ഞാൻ.
എന്നെ കെട്ടിപ്പിടിച്ച് സ്വീകരിക്കാൻ കാത്തുനിൽക്കുകയായിരുന്നു കരിം ഭായി. “നിങ്ങൾ വന്നത് വലിയ സന്തോഷം നൽകുന്നു. ഈ വർഷത്തെ റമദാനിലെ അവസാനത്തെ നിസ്കാരത്തിന് കുറച്ചുകൂടി സമയമുണ്ട്. ആ സമയംകൊണ്ട് നമുക്കൊന്ന് ചുറ്റിവരാം,” പ്രത്യക്ഷമായ സന്തോഷവും ആവേശവും തുളുമ്പുന്ന സ്വരത്തിൽ അദ്ദേഹം പറയുന്നു. മോറിക്ക് അതിൻ്റേതായ സൗന്ദര്യമുണ്ട്. വന്ധ്യമായ ഒരു പ്രദേശമായിരുന്നു അത്. ചക്രവാളത്തിൻ്റെ അങ്ങേത്തലയ്ക്കൽ കുറച്ച് കള്ളിമുൾച്ചെടികൾ കാണാം. വൈകുന്നേരമായിരുന്നെങ്കിലും സൂര്യൻ മുകളിലുണ്ടായിരുന്നു. എന്നാൽ കച്ച് ഉൾക്കടലിൽനിന്നുള്ള കാറ്റ്, നട്ടെല്ലിലൂടെ ഒരു വിറ കൊണ്ടുവരുന്നുണ്ടായിരുന്നു.
സൂര്യനഭിമുഖമായി, ഒരു ചെറിയ കുളത്തിൻ്റെ വക്കത്ത് ഞങ്ങൾ നിന്നു. “ഞാൻ കാളവണ്ടികൾ വിറ്റു. ഇപ്പോഴും 200 ഒട്ടകങ്ങളുണ്ട്. മകനാണ് നോക്കുന്നത്. പക്ഷേ വരുമാനം ക്ഷയിക്കുകയാണ്. മേച്ചിൽപ്പുറങ്ങളും” സ്വകാര്യമായി പറഞ്ഞ്, ഒന്ന് നിർത്തി കരിം ഭായി. എന്നിട്ട് ശബ്ദം ശരിയാക്കി തുടർന്നു. “വൈകീട്ടത്തെ നമസ്കാരത്തിനുള്ള സമയമായി. നാളെയാണ് ഈദ്. പ്രാരാബ്ധങ്ങൾ പറഞ്ഞിട്ടൊന്നും കാര്യമില്ല. നമുക്കൊരുമിച്ച് സായാഹ്നം ആസ്വദിക്കാം.”










