“ഈ ശവകുടീരം ഞങ്ങൾ നിർമ്മിച്ച താത്ക്കാലിക സംവിധാനമാണ്. സാവ്ല പീറിന്റെ യഥാർത്ഥ മന്ദിരം, ഇന്തോ-പാക് മാരിടൈം അതിർത്തിയുടെ തന്ത്രപ്രധാനമായ മേഖലയിലാണ്,” ഫക്കീരാനി ജാട്ടുകളുടെ ആത്മീയനേതാവായ 70 വയസ്സുള്ള ആഗാ ഘാൻ സവ്ലാനി പറയുന്നു. താത്കാലിക സംവിധാനം എന്ന വാക്കുകൊണ്ട് അദ്ദേഹം ഉദ്ദേശിച്ചത്, ഒറ്റപ്പെട്ട് നിൽക്കുന്ന ഇളം പച്ച നിറത്തിലുള്ള ചെറിയ ശവകുടീരത്തെയാണ്. ലാഖ്പത് താലൂക്കിലെ പീപർ കോളണിക്കടുത്തുള്ള തുറസ്സായ ഒരു സ്ഥലത്തിന്റെ നടുക്കാണത് നിൽക്കുന്നത്. ഏതാനും മണിക്കൂറിനുള്ളിൽ, ആ സ്ഥലം, സാവ്ല പീർ ഉത്സവം ആഘോഷിക്കാൻ വരുന്ന ആളുകളെക്കൊണ്ട് നിറയും.
യഥാർത്ഥ മന്ദിരം നിൽക്കുന്നത് ഒരു ദ്വീപിലാണ്. സുരക്ഷാകാരണങ്ങളാൽ, 2019 മുതൽ അത് അടച്ചുപൂട്ടി ആരാധന വിലക്കിയിരിക്കുന്നു. ആ സ്ഥലത്ത് അതിർത്തി രക്ഷാസേനയ്ക്ക് (ബോർഡർ സെക്യൂരിറ്റി ഫോഴ്സ് – ബി.എസ്.എഫ്) ഒരു പോസ്റ്റുണ്ട്. “സ്വാതന്ത്ര്യത്തിനുമുൻപ്, മേള നടത്തിയിരുന്നത്, കോടേശ്വറിന്റെ അപ്പുറത്തുള്ള കോരി ക്രീക്കിലുള്ള ദ്വീപിലെ സാവ്ല പീറിന്റെ മന്ദിരത്തിലാണ്. ആ കാലത്ത്, ഇന്നത്തെ പാക്കിസ്താനിലെ സിന്ധിൽനിന്നുള്ള ജാട്ട് കന്നുകാലിമേച്ചിലുകാർ ബോട്ടിൽ വന്ന് പൂജ അർപ്പിച്ചിരുന്നു,” എന്ന് ഒരു ബയോകൾച്ചറൽ കമ്മ്യൂണിറ്റി പ്രൊട്ടൊക്കോൾ പറയുന്നു.
എല്ലാ ജാതിവിഭാഗങ്ങളിൽനിന്നുമുള്ള ഹിന്ദു, മുസ്ലിം കുടുംബങ്ങൾ ഈ മേളയിൽ പങ്കെടുക്കുകയും പ്രാർത്ഥിക്കുന്നതും ഈ മേഖലയിലെ പാരമ്പര്യമാണ്. ഗുജറാത്തി കലണ്ടർ പ്രകാരം, എല്ലാ വർഷവും ചൈത്രമാസത്തിലെ മൂന്നാമത്തെയോ നാലാമത്തെയോ ദിവസം (മാർച്ച്, ഏപ്രിലിനോടടുപ്പിച്ച്) നടക്കുന്ന ഈ മേള സംഘടിപ്പിക്കുന്നത് ഫക്കീരാനി ജാട്ട് സമുദായമാണ്.
“സവ്ല പീറിന്റെ മന്ദിരത്തിൽ എല്ലാവർക്കും വന്ന് പ്രാർത്ഥിക്കാം. ഒരു വിവേചനവുമില്ല. ആർക്കും വന്ന്, അനുഗ്രഹങ്ങൾ തേടാം. വൈകീട്ടുവരെ കാത്തിരുന്നാൽ നിങ്ങൾക്ക് തിരക്ക് കാണാൻ സാധിക്കും,” കച്ചിലെ പീപർ കോളണിയിലെ താമസക്കാരനായ 40-കളിലെത്തിയ സോണു ജാട്ട് പറയുന്നു. ഈ കൊളണിയിൽ 50-80 ഫക്കീരാണി ജാട്ട് കുടുംബങ്ങൾ താമസിക്കുന്നുണ്ട്.


















