തന്റെ വിവാഹശേഷം ലൂണാദേയി ഗ്രാമത്തിലെ ഭർതൃവീട്ടിൽ ആദ്യമായി പ്രവേശിച്ചപ്പോൾ റീന പർതേതി അത്ഭുതപ്പെട്ടു.
"കുടുംബത്തിലെ കൊച്ചുകുട്ടികൾക്കുപോലും എന്റെ മാതൃഭാഷയിൽ [ഗോണ്ടി] നന്നായി സംസാരിക്കാൻ കഴിയുമായിരുന്നു", അവർ ഓർക്കുന്നു. റീനയാകട്ടെ, അവളുടെ ഗോണ്ട് സമുദായത്തിന്റെ ഭാഷ മനസ്സിലാക്കാൻപോലും പ്രയാസപ്പെടുകയായിരുന്നു. "എന്റെ ഗ്രാമത്തിൽ [മോയ] ആരും ഗോണ്ടി സംസാരിക്കാറില്ല" എന്നാണ്. അതിനുള്ള കാരണമായി 34-കാരിയായ ഈ ആദിവാസി കർഷക പറയുന്നത്.
ലൂണാദേയിലെ ജനസംഖ്യയുടെ 80 ശതമാനവും ഗോണ്ട് ഗോത്രവർഗക്കാരാണ്. "ഗോണ്ട് സമുദായത്തിൽപ്പെടാത്ത ആളുകൾക്കുപോലും ആ ഭാഷ സംസാരിക്കാൻ സാധിക്കും", അവർ ചൂണ്ടിക്കാണിക്കുന്നു.
"ഞങ്ങളുടെ അമ്മായിക്ക് ഗോണ്ടിയിൽ സംസാരിക്കാൻ അറിയില്ല! എന്ന് പറഞ്ഞ്, റീനയുടെ മരുമക്കളും അവരെ തമാശയ്ക്ക് കളിയാക്കുമായിരുന്നു, ഒരു ചിരിയോടുകൂടി ആ സംഭവം ഓർത്തുകൊണ്ട് അവർ കൂട്ടിച്ചേർക്കുന്നു, "തുടക്കത്തിൽ ഞാൻ വളരെയധികം തപ്പിത്തടയുമായിരുന്നെങ്കിലും ഒടുവിൽ ഞാൻ അവരുമായി എന്റെ മാതൃഭാഷയിൽ സംസാരിക്കാൻ ആരംഭിച്ചു".
ഒരുകാലത്ത്, മധ്യപ്രദേശിൽ മാത്രമല്ല, മധ്യേന്ത്യയുടെ മറ്റ് ഭാഗങ്ങളിലും വ്യാപകമായി സംസാരിച്ചിരുന്ന ദ്രാവിഡ ഭാഷയാണ് ഗോണ്ടി. നാശത്തിന്റെ വക്കിലെത്താൻ സാധ്യതയുള്ള ഭാഷകളിലൊന്നായി യുനെസ്കോ ഇന്നതിനെ പട്ടികപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ ഏറ്റവും വലിയ ആദിവാസി സമൂഹങ്ങളിലൊന്നാണ് ഗോണ്ട് സമുദായമെങ്കിലും അവരുടെ ഭാഷയുടെ നിലനിൽപ്പ് ഭീഷണിയിലാണ്.
















