എന്നാൽ ഗോണ്ടി ഭാഷയ്ക്ക് ഒരു നല്ലകാലം ഉണ്ടായിരുന്നു.
"ഗോണ്ട്വാന എന്ന പ്രാചീന രാജവംശത്തിന്റെ ഔദ്യോഗിക ഭാഷയായിരുന്ന ഗോണ്ടിയ്ക്ക് തനതായ ലിപിയും വ്യാകരണവും ഭാഷാശൈലികളും നിരുക്തിയും സാഹിത്യവുമുണ്ടായിരുന്നു. അവ ഇന്നും നമുക്ക് ലഭ്യമാണ്," ഭാഷാ റിസേർച്ച് ആൻഡ് പബ്ലിക്കേഷൻ സെന്ററിന്റെ വെബ്സൈറ്റിൽ ഗോണ്ടി സാഹിത്യത്തിൽ വിദഗ്ധനായ മോത്തിറാം കങ്കാലിയുടേതായി നൽകിയിരിക്കുന്ന ഉദ്ധരണിയാണിത്.
ഇന്നത്തെ മധ്യപ്രദേശിന്റെ വലിയൊരു ഭാഗം ഒരുകാലത്ത് ഗോണ്ട് വിഭാഗക്കാരാണ് ഭരിച്ചിരുന്നത്. "ഞങ്ങൾ ഗൗരാ ദേവിയുടെ (ഹിന്ദു ഐതിഹ്യങ്ങളിൽ പാർവതി എന്നും ദുർഗ എന്നും അറിയപ്പെടുന്നു) സന്തതിപരമ്പരകളായതിനാലാണ് സ്വയം ഗോണ്ടുകൾ എന്ന് വിളിക്കുന്നത്," ഛിന്ദ്വാഡയിൽനിന്നുള്ള ഗോണ്ട് സാമൂഹിക പ്രവർത്തകനായ രാംനാഥ് പർതേതി പറയുന്നു. എന്നാൽ ഗോണ്ട് സമുദായത്തിന്റെ സമ്പന്നമായ ചരിത്രത്തെയും പാരമ്പര്യത്തെയും അടയാളപ്പെടുത്തുക എന്നത് ഇന്ന് നാമമാത്രമായ ചില പ്രകടനങ്ങളിൽ ഒതുങ്ങുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു. ഗോണ്ട് രാജ്ഞിയായിരുന്ന റാണി കമലാപതിയുടെ പേര് ഒരു റെയിൽവേ സ്റ്റേഷന് നൽകിയതും അത്തരമൊരു പ്രഹസനമായിരുന്നു.
ഗോണ്ട് സമുദായക്കാരുടെ ഭാഷയും ഇന്ന് അവരുടെ വീടുകൾക്കകത്ത് ഒതുങ്ങിയിരിക്കുന്നു. വീടിന് പുറത്ത്, പൊതുസ്ഥലങ്ങളിൽ ഇടപഴകുമ്പോൾ സമുദായാംഗങ്ങൾ സംസാരം ഹിന്ദിയിലാക്കും. ഇന്നിപ്പോൾ ഗോണ്ട് സമുദായത്തിലെ മുതിർന്ന തലമുറക്കാർ മാത്രമാണ് ഗോണ്ടിയിൽ സംസാരിക്കുന്നത്; യുവതലമുറയ്ക്ക് ഗോണ്ടി പഠിക്കാനും സംസാരിക്കാനും ക്രമേണ താത്പര്യം നഷ്ടപ്പെടുകയാണ്. തെറ്റിദ്ധരിക്കപ്പെടുമെന്ന ഭീതിയും, അതിലുപരി ഗോണ്ടി സംസാരിക്കാത്തവരുടെ പരിഹാസത്തിന് പാത്രമാകുമോയെന്ന ആശങ്കയുമാണ് ഈ പ്രവണതയ്ക്ക് കാരണമായി പലരും ചൂണ്ടിക്കാട്ടുന്നത്.
പ്രാർത്ഥനയുടെ അച്ഛനും ലോണാദേയിയിലെ കർഷകനുമായ മന്ഥ്റാം പർതേതി വീട്ടിൽ മാത്രമാണ് മക്കളോട് ഗോണ്ടിയിൽ സംസാരിക്കാറുള്ളത്; പുറത്തിറങ്ങുമ്പോൾ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾപോലും തമ്മിൽത്തമ്മിൽ ഹിന്ദിയിലാണ് സംസാരം. "അവർ (ഗോണ്ടി സംസാരിക്കാത്തവർ) ഞങ്ങളെ കളിയാക്കും; ചിലപ്പോഴെല്ലാം ഞങ്ങൾ പറയുന്നത് തെറ്റിദ്ധരിക്കുകയും ചെയ്യും," അദ്ദേഹം പറയുന്നു. "ഇപ്പോഴും ആളുകൾ ഇതേച്ചൊല്ലി (ഞങ്ങൾ ഗോണ്ടി സംസാരിക്കുമ്പോൾ) ഞങ്ങളെ പരിഹസിക്കാറുണ്ട്."
മകൻ പൃഥ്വിരാജ് താമസിച്ച് പഠിക്കുന്ന സ്ക്കൂളിൽ ഈയടുത്ത് അവനെ കാണാൻ പോയപ്പോഴുണ്ടായ ഒരു സംഭവം മന്ഥ്റാം വിവരിച്ചു. "ഞാൻ അവനോട് ഗോണ്ടിയിൽ സംസാരിക്കുന്നത് കേട്ട്, ഗോണ്ടി ഭാഷ അറിയാത്ത അധ്യാപകരും മറ്റ് കുട്ടികളും ഞങ്ങളെ പരിഹസിക്കാൻ തുടങ്ങി. എനിക്ക് വല്ലാത്ത നാണക്കേട് തോന്നി," അദ്ദേഹം പറയുന്നു. സ്കൂളിൽ അവനെ കാണാൻ ചെല്ലുമ്പോൾ ഗോണ്ടിയിൽ സംസാരിക്കരുതെന്ന് അവൻ വീട്ടുകാരെ വിലക്കിയിരിക്കുകയാണ്. "ഞാൻ വീട്ടിൽ വരുമ്പോൾ നിങ്ങൾ എത്രവേണമെങ്കിലും ഗോണ്ടിയിൽ സംസാരിച്ചോളൂ എന്നാണ് അവൻ എന്നോട് പറഞ്ഞത്."
ഗോണ്ട് സമുദായക്കാർ കൂടുതലും താമസിക്കുന്ന ലോണാദേയി ഗ്രാമത്തിൽപ്പോലും യുവതലമുറയെക്കൊണ്ട്, അവരുടെ മാതൃഭാഷ സംസാരിപ്പിക്കാനോ, അതിൽ അഭിമാനം കൊള്ളിക്കാനോ കാര്യമായി സാധിക്കുന്നില്ല. ലോണാദേയിയിൽ സംഭവിക്കുന്നത് ജില്ലയിലൊന്നാകെ പ്രകടമാകുന്ന പ്രവണതയുടെ പ്രതിഫലനം മാത്രമാണെന്ന് രാംനാഥ് ചൂണ്ടിക്കാട്ടുന്നു. "ഇവിടെ ഛിന്ദ്വാഡയിൽ, ഗോണ്ട് സമുദായത്തെ കീഴ്ജാതിക്കാരായാണ് കണക്കാക്കുന്നത്. അതിനാൽ, പൊതുസ്ഥലങ്ങളിൽ ഗോണ്ടി ഭാഷ സംസാരിച്ചാൽ മറ്റുള്ളവർ അവരെ വിലകുറച്ച് കാണുമെന്ന് സമുദായാംഗങ്ങൾ ഭയപ്പെടുന്നു. പരസ്പരം സംസാരിക്കുമ്പോൾ മാത്രം ഗോണ്ടി ഉപയോഗിക്കാനാണ് എല്ലാവർക്കും താത്പര്യം," അദ്ദേഹം പറയുന്നു.
ഗോണ്ടി ഭാഷയെ അത് സംസാരിക്കുന്നവരിൽനിന്ന് അകറ്റുക മാത്രമല്ല, ഗോണ്ട് സമുദായത്തിന് നേരെയുള്ള വിവേചനം ശക്തിപ്പെടുത്തുന്നതിലും സ്കൂൾ സംവിധാനം ഒരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് രാംനാഥ് വിശ്വസിക്കുന്നത്. അതർവാഡ ബ്ലോക്കിലുള്ള അദ്ദേഹത്തിന്റെ ഗ്രാമത്തിലെ സർക്കാർ സ്കൂളിൽ പഠിച്ചിരുന്ന കാലത്ത്, ഗോണ്ട് സമുദായത്തിൽനിന്നുള്ള താൻ ഉൾപ്പെടെയുള്ള കുട്ടികൾ നേരിട്ടിരുന്ന അപമാനം അദ്ദേഹത്തിന് ഇന്നും ഓർമ്മയുണ്ട്.
മേൽജാതിക്കാരനായ അധ്യാപകൻ ഗോണ്ട് വിദ്യാർത്ഥികളെ ഇതരജാതിക്കാരായ വിദ്യാർത്ഥികളിൽനിന്നും ആദിവാസി വിദ്യാർത്ഥികളിൽനിന്നും അകറ്റിയാണ് ഇരുത്തിയിരുന്നത്. അദ്ദേഹത്തിന്റെ വിവേചനപരമായ പെരുമാറ്റം അതിൽമാത്രം ഒതുങ്ങിയിരുന്നില്ല. "ഞാൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോഴായിരുന്നു എന്ന് തോന്നുന്നു ആ സംഭവം. എന്റെ ഗ്രാമത്തിലെ രണ്ട് ഗോണ്ട് പയ്യന്മാരെ ശർമ്മ സാർ ശാപവാക്കുകൾ ചൊരിഞ്ഞുകൊണ്ട് പൊതിരെ തല്ലുന്നത് ഞാൻ കണ്ടു. "നീയൊക്കെ ഗോണ്ടുകളുടെ മക്കളാണ്. ഞാൻ എത്ര ബുദ്ധിമുട്ടി പഠിപ്പിച്ചാലും നീയൊന്നും ഒരിക്കലും ഒന്നും പഠിക്കാൻ പോകുന്നില്ല." അന്നത്തെ ദിവസത്തിന് ശേഷം ആ പയ്യന്മാർ സ്കൂളിൽ വരുന്നത് നിർത്തി."