വലിച്ചെറിഞ്ഞ തുണിനാരുകളെ വിവിധ വലിപ്പത്തിലുള്ള കയറാക്കി മാറ്റുകയാണ് ഈ നാടോടി സമുദായത്തിലെ സ്ത്രീകൾ. ഗുജറാത്തിന്റെ വിവിധ പ്രദേശങ്ങളിൽ സഞ്ചരിച്ചും, രാത്രികളിൽ തീവണ്ടികളിൽ യാത്ര ചെയ്തും അവർ ശേഖരിക്കുകയാണ് പാഴായ തുണിനാരുകൾ
“നാലോ അഞ്ചോ മിനിറ്റുനേരത്തേക്ക് മാത്രമാണ് വണ്ടി നിർത്തുക. തിക്കിത്തിരക്കുന്ന ആൾക്കൂട്ടത്തിനിടയിലൂടെ ഞങ്ങളും അതിൽ കയറിപ്പറ്റുന്നു. ചിലപ്പോൾ വണ്ടി നീങ്ങിക്കഴിഞ്ഞിട്ടുണ്ടെങ്കിൽ, പ്ലാറ്റ്ഫോമിൽ ചില ചാക്കുകൾ ഉപേക്ഷിച്ച് പോകേണ്ടിവരാറുണ്ട് ഞങ്ങൾക്ക്”. സാരംഗ രാജ്ഭോയ് ഒരു കയർ നിർമ്മാതാവാണ്. അവർ ഉപേക്ഷിക്കുന്ന ആ ചാക്കുകളിലുള്ളത്, അവരെപ്പോലുള്ള സ്ത്രീകൾ തുണിഫാക്ടറികളിൽനിന്ന് ശേഖരിക്കുന്ന തുണിനാരുകളാണ്. അവയെ കയറുകളാക്കുകയാണ് ഈ സ്ത്രീകൾ ചെയ്യുന്നത്. പശുക്കളേയും എരുമകളേയും കെട്ടാനും, ട്രക്കുകളിലും ട്രാക്ടറുകളിലും സാധനങ്ങൾ വെച്ചുകെട്ടാനും, തുണി തോരിടാനുമൊക്കെയാണ് ഉപയോഗിക്കുന്ന കയറുകളാണ് അവരുണ്ടാക്കുന്നത്.
“ഞങ്ങളുടേത് ഒരു കുടുംബ ബിസിനസ്സാണ്”, സാന്ദ്ര രാജ്ഭോയ് പറയുന്നു. അഹമ്മദാബാദിലെ വാട്‌വയിലെ മുനിസിപ്പൽ ഹൌസിംഗ് ബ്ലോക്കിലെ അവരുടെ വീടിന്റെയടുത്തുള്ള തുറസ്സായ സ്ഥലത്തിരിക്കുകയായിരുന്ന അവർ ഒരു കുന്ന് തുണിനാരുകളിലെ കുരുക്കുകൾ ഓരോന്നായി അഴിക്കുകയായിരുന്നു.
ഗുജറാത്തിലെ ഒരു നാടോടി സമൂഹമായ രാജ്ഭോയിയിലെ അംഗങ്ങളാണ് സാരംഗയും സാന്ദ്രയും. അഹമ്മദാബാദിൽനിന്ന് സൂറത്തിലേക്ക് സഞ്ചരിച്ച്, വഴിയിലുള്ള തുണിമില്ലുകളിൽനിന്ന് അവർ പാഴ്ത്തുണിനാരുകൾ ശേഖരിച്ച്, അവയെ കയറുകളാക്കുന്നു. രാത്രി പതിനൊന്ന് മണിയോടെ വീട്ടിൽനിന്നിറങ്ങി, പിറ്റേന്ന് വൈകീട്ട് ഏഴുമണിയാവും അവർ വീട്ടിൽ തിരിച്ചെത്താൻ. തിരിച്ചെത്തുന്നതുവരെ, സ്വന്തം കുഞ്ഞുങ്ങളെ അയൽക്കാരേയും ബന്ധുക്കളേയും ഏൽപ്പിച്ചാണ് അവർ പോവുക.
രാത്രി അവർ കയറുന്ന വണ്ടി അതിരാവിലെ ഒരുമണിക്കോ രണ്ടുമണിക്കോ ലക്ഷ്യസ്ഥാനത്തെത്തും. അതുകൊണ്ട്, പകൽവെളിച്ചം വീഴുന്നതുവരെ അവർ റയിൽവേ പ്ലാറ്റ്ഫോമുകളിൽ കഴിയും. അതിന് അവരെ പലപ്പോഴും ഉപദ്രവിക്കാറുണ്ട്. “ചിലപ്പോൾ ഞങ്ങളെ പൊലീസ് സ്റ്റേഷനുകളിൽ കൊണ്ടുപോയി, രണ്ടുമൂന്ന് മണിക്കൂർ ചോദ്യം ചെയ്യും. പൊലീസുകാർക്ക് പാവപ്പെട്ട മനുഷ്യരെ എപ്പോൾ വേണമെങ്കിലും പിടിച്ച് അകത്തിടാമല്ലോ”, കരുണ പറയുന്നു.
വട്‌വയിലെ ചാർ മാലിയ മുനിസിപ്പൽ ഹൌസിംഗിലെ അയൽക്കാരാണ് കരുണയും, സാന്ദ്രയും സാരംഗിയുമെല്ലാം. വെള്ളം, അഴുക്കുചാൽ തുടങ്ങിയ അടിസ്ഥാനസൌകര്യങ്ങളൊന്നും വീടുകളിലില്ല എന്ന് അവർ പറയുന്നു. വൈദ്യുതിതന്നെ എത്തിയത്, ഏറെക്കാലത്തെ പോരാട്ടത്തിനുശേഷമാണ്.
ഇവർ രാജ്ഭോയ് സമുദായത്തിലെ അംഗങ്ങളാണ്. കയറുകളുണ്ടാക്കുകയാണ് അവരുടെ പരമ്പരാഗത തൊഴിൽ. പുരുഷന്മാരാണെങ്കിൽ, ചെവി തോണ്ടി വൃത്തിയാക്കുന്നവരും. കൂടുതൽ അംഗീകാരവും ജീവിതനിലവാരവും സംസ്ഥാനത്തിന്റെ സഹായവും തേടുന്നവരാണ് ഇവർ. നാടോടി സമുദായക്കാരാണെങ്കിലും “ഞങ്ങളുടെ ജാതിയെ നിഗമിൽ (ഗുജറാത്ത് നൊമാഡിക്ക് ഏൻഡ് ഡീനോട്ടിഫൈഡ് ട്രൈബ്സ് ഡെവലപ്പ്മെന്റ് കോർപ്പറേഷൻ - നാടോടി,) ഉൾപ്പെടുത്തിയിട്ടില്ല എന്ന്, സമുദായത്തിന്റെ തലവൻ രാജേഷ് രാജ്ഭോയ് പറയുന്നു.
നാടോടി സമുദായങ്ങൾക്കുവേണ്ടിയുള്ള തൊഴിലവസരങ്ങളും മറ്റ് പദ്ധതികളും ലഭ്യമാക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല അവർക്ക്. “കാരണം, രാജ്ഭോയിക്ക് പകരം ഞങ്ങളെ, ഭോയ്‌രാജ് ആയിട്ടാണ് പട്ടികപ്പെടുത്തിയിട്ടുള്ളത്. സർക്കാർ ജോലിയുടെ കാര്യം വരുമ്പോൾ അത് ബുദ്ധിമുട്ടായിത്തീരുന്നു”, അദ്ദേഹം പറയുന്നു.
ഗുജറാത്ത് സർക്കാരിന്റെ വെബ്‌സൈറ്റിലുള്ള 28 നാടോടി ഗോത്രങ്ങളുടേയും ഡീനോട്ടിഫൈഡ് ഗൊത്രങ്ങളുടേയും പട്ടികയിൽ രാജ്ഭോയിയോ ഭോയ്‌രാജോ ഉൾപ്പെടുന്നില്ല. ഗുജറാത്തിലെ ‘ഭോയ്”കളെ ഇന്ത്യയിലെ ഡീനോട്ടിഫൈഡ് ട്രൈബ്സ്, നൊമാഡിക്ക് ട്രൈബ്സ് ഏൻഡ് സെമി നൊമാഡിക്ക് ട്രൈബ്സ് ഡ്രാഫ്റ്റ് ലിസ്റ്റിൽ ആണ് (സാമൂഹികനീതി, ശാക്തീകരണ മന്ത്രാലയം) ഉൾപ്പെടുത്തിയിട്ടുള്ളത്. ഭോയ്‌രാജിനെ മറ്റ് പിന്നാക്കവിഭാഗത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. “ഗുജറാത്തിന് വെളിയിൽ ഞങ്ങളുടെ സമുദായക്കാരെ സാലത്-ഘേര എന്നും വിളിക്കാറുണ്ട്. അരകല്ലുകളും ഉരലുകളും ഉണ്ടാക്കുന്ന ജോലിയിലാണ് ഏർപ്പെട്ടിരിക്കുന്നത്” എന്ന് രാജേഷ് സൂചിപ്പിക്കുന്നു. സലാട്-ഘേരയും ഒരു നാടോടിസമുദായമാണ്. വെബ്‌സൈറ്റിലും ആ വിധത്തിലാണ് പരാമർശിക്കപ്പെട്ടിരിക്കുന്നത്.
*****
കയറുണ്ടാക്കാനുള്ള തുണിക്കഷണങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള യാത്ര, ഈ സ്ത്രീകളെ സൂറത്തിലെ ടെക്സ്റ്റൈൽ ഫാക്ടറികളിലേക്ക് എത്തിക്കുന്നു. വാട്‌വയിൽനിന്ന് മണിനഗർ, മണിനഗറിൽനിന്ന് കിമ്മിലേക്ക്. കിലോഗ്രാമിന് ഇരുപത്തഞ്ച് രൂപയ്ക്കാണ് ഈ അസംസ്കൃതവസ്തു ഞങ്ങൾ വാങ്ങുന്നത്”. വെറ്റില ചവച്ചുകൊണ്ട് സാരംഗ രാജ്ഭോയ് പറയുന്നു. സംസാരിക്കുമ്പോഴും അവരുടെ കൈകൾ, തുണിനാരുകളിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു.
അഹമ്മദാബാദിലെ മണിനഗറിൽനിന്ന് സൂറത്തിലെ കിമ്മിലേക്ക് ഏകദേശം 230 കിലോമീറ്റർ ദൂരമുണ്ട്. തീവണ്ടിയല്ലാതെ മറ്റ് മാർഗ്ഗങ്ങളൊന്നുമില്ല. ടിക്കറ്റ് നിരക്ക് കൂടുതലാണെങ്കിലും “ഞങ്ങൾ ടിക്കറ്റെടുക്കാറില്ല” എന്ന് പറഞ്ഞ്, താടിയിലൂടെ ഒഴുകിയ വെറ്റിലച്ചാർ തുടച്ച്, സാരംഗ ചിരിച്ചു. കിം റെയിൽവേ സ്റ്റേഷനിൽനിന്ന് ഈ സ്ത്രീകൾ പ്രദേശത്തെ തുണിഫാക്ടറികളിലേക്ക് റിക്ഷയിൽ പോവുന്നു.
“കേടുവന്ന തുണികൾ അവർ മാറ്റിവെക്കും. തൊഴിലാളികൾ അത് ഞങ്ങൾക്ക് വിൽക്കും. അല്ലെങ്കിൽ ആക്രിക്കാർക്ക്. അവർ അത് ഞങ്ങൾക്ക് വിൽക്കും”, 47 വയസ്സുള്ള ഗീത രാജ്ഭോയ് പറയുന്നു. എല്ലാ തുണിക്കഷണങ്ങളും ഉപയോഗിക്കാൻ പറ്റില്ല എന്ന് കരുണ വിശദീകരിച്ചു. “പരുത്തികൊണ്ട് ഞങ്ങൾക്ക് ഒരു ഗുണവുമില്ല. രസം (സിന്തറ്റിക്ക് സിൽക്ക്) മാത്രമേ ഞങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കൂ. അതുപയോഗിക്കുന്ന ഫാക്ടറികൾ കിമ്മിൽ മാത്രമേയുള്ളു”, അവർ തുടർന്നു.
മിക്കപ്പോഴും ഈ തുണിനാരുകൾ കെട്ടുപിണഞ്ഞ് കിടക്കുന്നുണ്ടാകുമെന്ന് ഗീത പറയുന്നു. വിലയും കുറവാണ്. ഒരു കിലോഗ്രാമിന്15 മുതൽ 27 രൂപവരെയാണ് വില. സോഫകളിലും കിടക്കകളിലും തലയിണകളിലും ഉപയോഗിക്കുന്ന വെളുത്ത കഷണങ്ങൾക്ക് വില കൂടുതലാണ്. കിലോഗ്രാമിന് 40 രൂപ.
“ഒരു സ്ത്രീയ്ക്ക് 100 കിലോഗ്രാം വരെ കിട്ടിയേക്കും ചിലപ്പോൾ അത് 25-ഓ, 10 കിലോയോ ആവുകയും ചെയ്തേക്കാം”, സാന്ദ്ര പറയുന്നു. അത്രയധികം കിട്ടുമെന്ന് ഒരു ഉറപ്പുമില്ല. ആവശ്യക്കാർ ധാരാളമാണ്. തുണിക്കഷണങ്ങൾ അധികമുണ്ടാവാറുമില്ല.
തുണിക്കഷണങ്ങൾ കിമ്മിൽനിന്ന് അഹമ്മദാബാദിലേക്കെത്തിക്കാൻ (കിമ്മിലെ) വിവിധ ഫാക്ടറികളിൽ പോകേണ്ടിവരാറുണ്ട്. അത് വാങ്ങി സ്റ്റേഷനിലെത്തിക്കണം”, സാരംഗ വിശദീകരിക്കുന്നു.
സ്റ്റേഷനിൽ ഇത്ര വലിയ ഭാണ്ഡങ്ങൾ കൊണ്ടുവരുമ്പോൾ റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ണിൽപ്പെടാനിടയുണ്ട്. “ഞങ്ങളെ പിടിച്ചാൽ, പാവങ്ങളാണെന്ന് പറഞ്ഞാൽ ചിലപ്പോൾ അവർ വിട്ടയയ്ക്കും. എന്നാൽ ചില മുരത്ത ഉദ്യോഗസ്ഥർ വന്നാൽ 100-200 രൂപയൊക്കെ ഞങ്ങൾക്ക് കൊടുക്കേണ്ടിയും വരാറുണ്ട്”, കരുണ രാജ്ഭോയി കൂട്ടിച്ചേർത്തു. “ആയിരം രൂപ വില വരുന്ന സാമഗ്രികൾ വാങ്ങിയാൽ, അതിൽനിന്ന് പത്ത് മുന്നൂറുരൂപ (യാത്രയ്ക്ക്) ചിലവാകും”. 300 രൂപ എന്നത് അവരെസംബന്ധിച്ച് വലിയൊരു തുകതന്നെയാണ്.
30 കൈനീളമുള്ള, പണി തീർന്ന ഒരു കയർ 80 രൂപയ്ക്കാണ് വിൽക്കുന്നത്. 50 കൈനീളമുള്ള കയറിന് 100 രൂപയും.
സ്ത്രീകൾ അവരുടെ കൈയ്യിൽ 40-50 കയറുകൾ കരുതും. ചിലപ്പോൾ എല്ലാം വിറ്റുപോവും. മഹെമ്മദാബാദ്, ആനന്ദ്, ലിംബാച്ചി, താരാപുർ, കാത്തിയാൽ, ഖേട, ഗോവിന്ദപുര, മാതർ, ചാംഗ, പല്ല, ഗോംതിപുർ തുടങ്ങിയ ചെറിയ പട്ടണങ്ങളിലും നഗരങ്ങളിലും ചിലപ്പോൾ 20 എണ്ണമോ മറ്റോ വിറ്റുപോവും.
“ഞങ്ങൾ അദ്ധ്വാനിച്ച് കയറുണ്ടാക്കി, കൈയ്യിൽനിന്ന് പണം ചിലവാക്കി നാദിയാദ്, ഖേഡ ഗ്രാമങ്ങളിൽ പോയി വിൽക്കാൻ നോക്കുമ്പോൾ, ആളുകൾ വിലപേശും. 100 രൂപയുടെ സാധനം 50-നും 60-നും വിൽക്കേണ്ടിവരും”, സാരംഗ പറയുന്നു. യാത്രാച്ചിലവുകളും പിഴകളും അവരുടെ സമ്പാദ്യത്തെ തിന്നുതീർക്കുന്നു.
വീട്ടുജോലികൾക്കിടയിലാണ്, കയറുണ്ടാക്കുക എന്ന അദ്ധ്വാനമുള്ള ഈ പണി സ്ത്രീകൾ ചെയ്യുന്നത്. “ടാപ്പിൽ വെള്ളം വന്നാൽ ഞങ്ങൾ എഴുന്നേൽക്കും”, അരുണ രാജ്ഭോയ് പറയുന്നു.
വീട് തീരെ ചെറുതായതുകൊണ്ട്, പണി ചെയ്യാനുള്ള ഇടം അതിനകത്തില്ല. അതിനാൽ, വെളിയിൽ, വെയിലത്തിരുന്നാണ് അവർ ഈ ജോലി ചെയ്യുന്നത്. “രാവിലെ ഏഴുമുതൽ ഉച്ചവരെ, പിന്നെ രണ്ടുമണി മുതൽ അഞ്ചരവരെ’, അവർ കൂട്ടിച്ചേർത്തു. “വേനൽക്കാലത്ത്, പകൽ കൂടുതലായതിനാൽ, കൂടുതൽ കയറുകളുണ്ടാക്കാൻ സാധിക്കും. ദിവസത്തിൽ 20-25 വരെ. തണുപ്പുകാലത്ത് അത് 10-15-ൽ ഒതുങ്ങും”, രൂപ പറയുന്നു.
ഒരു ചെറിയ കൈച്ചക്രവും ഉറപ്പിച്ചുനിർത്തിയ ഒരു വലിയ ചർക്കയുമാണ് ഈ തൊഴിലിലെ പ്രധാനപ്പെട്ട രണ്ട് ഉപകരണങ്ങൾ.
ഒരു സ്ത്രീ ചക്രം കറക്കുമ്പോൾ മറ്റൊരാൾ നാരുകൾ ഒട്ടിപ്പിടിക്കാതെ കൈയ്യിൽ പിടിക്കുന്നു. മറ്റൊരു സ്ത്രീ കയറിന്റെ അറ്റം കൈകാര്യം ചെയ്യുന്നു. ഒരേ സമയം മൂന്നുനാലാളുകളുടെ ആവശ്യമുള്ളതിനാൽ കുടുംബം ഒരുമിച്ച് ജോലി ചെയ്യുകയാണ് പലപ്പോഴും പതിവ്. “ഞങ്ങൾ ചക്രം കറക്കുമ്പോൾ തുണിക്കഷണങ്ങൾ നാരുകളായി മാറുന്നു. ഈ വ്യത്യസ്ത നാരുകൾ കൂട്ടിയോജിപ്പിച്ച് പിരിച്ചാൽ കയറുകളായി മാറും”, സർവില രാജ്ഭോയ് പറയുന്നു. 15-20 നീളമുള്ള ഒരു കയറുണ്ടാക്കാൻ 3-45 മിനിറ്റെടുക്കുമെന്ന് അവർ സൂചിപ്പിച്ചു. ദിവസത്തിൽ, സംഘം ചേർന്ന് 8-10 കയറുകളോ, വേണ്ടിവന്നാൽ ഇരുപതെണ്ണമോ ഉണ്ടാക്കാൻ അവർക്ക് സാധിക്കും. ആവശ്യമനുസരിച്ച്, 50-100 അടി നീളമുള്ള കയറുകൾവരെ അവരുണ്ടാക്കാറുണ്ട്.
സൌരാഷ്ട്ര മേഖലയിലാണ് ഭോയ് സമുദായക്കാർ കൂടുതലുള്ളത്. ഒരുകാലത്ത്, തുകൽ ഊറയ്ക്കിടുന്ന തൊഴിലിലേർപ്പെട്ടിരുന്ന ‘പിന്നാക്ക ശൂദ്ര സമുദായ’ക്കരായാണ് ഭോയികളെ, ഭഗ്വദ് ഗോമണ്ഡൽ എന്ന ഗുജറാത്തി എൻസൈക്ലോപീഡിയ നിഘണ്ടു നിർവ്വചിക്കുന്നത്. 1940-കളിൽ പ്രസിദ്ധീകരിച്ച നിഘണ്ടുവാണ് ഇത്. എന്നാൽ, മൃഗങ്ങളെ അറവ് ചെയ്യുന്നതിനോടുള്ള ജൈനന്മാരുടെ എതിർപ്പുമൂലം, ഈ സമുദായക്കാരിൽ പലരും കൃഷിയിലേക്കും മറ്റ് തൊഴിലുകളിലേക്കും തിരിഞ്ഞു. വിവിധ ജോലികളിലേർപ്പെട്ട ഭോയികൾ വിവിധ പേരുകളിൽ അറിയപ്പെട്ടുതുടങ്ങി. രാജ്ഭോയികൾ പല്ലക്ക് ചുമക്കുന്നവരായിരുന്നിരിക്കണം.
എന്നാൽ സ്ത്രീകളുടെ ഈ കഠിനാദ്ധ്വാനത്തെ, ഭാനു രാജ്ഭോയ് അടക്കമുള്ള സമുദായത്തിലെ പുരുഷന്മാർ എഴുതിത്തള്ളുന്നു. ചെവി വൃത്തിയാക്കുന്ന പണി ചെയ്യുന്ന അദ്ദേഹം പറയുന്നത്, സ്ത്രീകൾ സമ്പാദിക്കുന്ന പണം, “അത്ര അധികമൊന്നുമില്ല, വീട്ടുചിലവിന്റെ ഒരു ചെറിയ അംശം മാത്രമേ നിർവഹിക്കുന്നുള്ളു” എന്നാണ്. ജാത്യധിഷ്ഠിതവും പരമ്പരാഗതമായി കൈമാറിവന്നതുമായ തൊഴിലുകൾ “വീട്ടുചിലവിന്റെ വളരെ കുറച്ച് ഭാഗമേ’ നിവർത്തിക്കുന്നുള്ളു.
എന്നാൽ ഗീത രാജ്ഭോയിയെ സംബന്ധിച്ചിടത്തോളം, ശമ്പളമുള്ള ഒരു ജോലി കണ്ടെത്തുന്നതിനേക്കാൾ നല്ലതാണ് ഇത്. “10-ആം ക്ലാസ്സും 12-ആം ക്ലാസ്സും പിന്നീട് കൊളേജ് പഠനവും കഴിഞ്ഞാലേ ആർക്കും ജോലി കിട്ടൂ. അതിനേക്കാൾ നല്ലത്, സ്വന്തമായിട്ട് കച്ചവടം ചെയ്യലാണ്” എന്നാണ് അവരുടെ വ്യക്തമായ കാഴ്ചപ്പാട്.
ആതിഷ് ഇന്ദ്രേക്കർ ചാരയോട് ഈ റിപ്പോർട്ടർ നന്ദി പറയുന്നു.
പരിഭാഷ: രാജീവ് ചേലനാട്ട്