"അവസരമുണ്ടായിരുന്നെങ്കിൽ ഞാൻ ഒരിക്കലും ആശുപത്രിയിൽ പോകുമായിരുന്നില്ല”, അവർ വ്യക്തമായി പറഞ്ഞു. "ഞങ്ങളെ അവിടെ മൃഗങ്ങളെപ്പോലെയാണ് സമീപിക്കുന്നത്. ഡോക്ടർമാർ ഞങ്ങളെ ശ്രദ്ധിക്കുന്നില്ല. നഴ്സുമാർ പറയുന്നത് ‘എവിടെയാണിവർ ജീവിക്കുന്നത്! ദുർഗന്ധമുള്ള ഈ മനുഷ്യർ എവിടെ നിന്നും വരുന്നു?’ എന്നൊക്കെയാണ്”, എന്തുകൊണ്ടാണ് അഞ്ചു കുട്ടികൾക്ക് വീട്ടിൽ ജന്മം നൽകിയത് എന്നതിനെക്കുറിച്ച് ഓർമ്മിച്ചുകൊണ്ട് വാരാണസി ജില്ലയിലെ ആനേ ഗ്രാമത്തിൽ നിന്നുള്ള സുദാമ ആദിവാസി പറഞ്ഞു.
സുദാമയ്ക്ക് കഴിഞ്ഞ 19 വർഷങ്ങൾ കൊണ്ട് 9 കുട്ടികൾ ഉണ്ടായിട്ടുണ്ട്. 49-ാം വയസ്സിലും അവർക്ക് ആർത്തവ വിരാമം ആയിട്ടില്ല.
ബാരാഗാവ് ബ്ലോക്കിൽ ഉയർന്ന ജാതിക്കാരായ താക്കൂർ, ബ്രാഹ്മണ, ഗുപ്ത വിഭാഗങ്ങൾ വസിക്കുന്ന ഗ്രാമത്തിന്‍റെ ഒരറ്റത്ത് 57 മുസഹർ കുടുംബങ്ങൾ വസിക്കുന്ന ഒരു ബസ്തിയിലാണ് സുദാമ ജീവിക്കുന്നത്. കുറച്ച് മുസ്ലീങ്ങളും ചമാർ, ധർകാർ, പാസി എന്നീ പട്ടികജാതി വിഭാഗങ്ങളും ഈ ബസ്തിയിൽ ജീവിക്കുന്നു. സമുദായത്തെക്കുറിച്ചുള്ള വിവിധ വാർപ്പ് മാതൃകകൾ - പാതി വേഷം ധരിച്ചവർ, മെലിഞ്ഞ ശരീരത്തിന് ചുറ്റും മൂളിക്കൊണ്ട് പറക്കുന്ന ഈച്ചകൾ, ഭക്ഷണാവശിഷ്ടങ്ങളോടു കൂടിയ മുഖങ്ങൾ, ഒട്ടും ശുചിത്വമില്ലായ്മ എന്നിവയൊക്കെ - ബസ്തി ഉറപ്പിക്കുന്നു. പക്ഷേ വളരെ അടുത്തുനിന്നുള്ള നോട്ടം വ്യത്യസ്തമായ ഒരു കഥയാണ് പറയുന്നത്.
ഉത്തർപ്രദേശിൽ പട്ടികജാതി വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന മുസഹറുകൾ യഥാർത്ഥത്തിൽ കൃഷി നശിപ്പിക്കുന്ന എലികളെ പിടിക്കാൻ വിദഗ്ദ്ധരാണ്. കാലങ്ങൾ കൊണ്ട് അവരുടെ തൊഴിൽ അവർക്ക് അപമാനമായി തീർന്നു. ‘എലിതീറ്റക്കാർ’ എന്ന് അവർ അറിയപ്പെടാൻ തുടങ്ങി. ‘മുസഹർ’ എന്ന വാക്കിനർത്ഥം അതാണ്. സമുദായത്തെ മറ്റു സാമൂഹ്യ വിഭാഗങ്ങൾ ബഹിഷ്കരിക്കുകയും അപമാനിക്കുകയും, സർക്കാർ അവഗണിക്കുകയും ചെയ്യുന്നു. വളരെ കഷ്ടം ആണ് അവരുടെ ജീവിതം. അയൽ സംസ്ഥാനമായ ബീഹാറിൽ അവരെ ‘ മഹാദളിത് ’ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പട്ടികജാതിക്കാരിൽ ഏറ്റവും ദരിദ്രരും വിവേചനം നേരിടുന്നവരുമായ വിഭാഗമാണിത്.
ആനേ ഗ്രാമത്തിലെ പോഷകാഹാരക്കുറവുള്ള ബസ്തിയുടെ (ഒരുപക്ഷേ ചേരി എന്ന പദം ആയിരിക്കും കൂടുതൽ ചേരുക) മദ്ധ്യത്തിൽ മേഞ്ഞ മൺകുടിലിന് പുറത്ത് ഒരു കട്ടിലിൽ ഇരിക്കുകയാണ് സുദാമ. "ഞങ്ങളുടെ സമുദായത്തിന് കുടിലുകളിൽ ഇത്തരം കട്ടിലുകൾ ഉണ്ടാവേണ്ടതാണെന്ന സങ്കൽപ്പമേ ഇല്ലാത്ത സമയങ്ങൾ ഞങ്ങൾ കണ്ടിട്ടുണ്ട്”, താനിരിക്കുന്ന കട്ടിൽ ചൂണ്ടിക്കാട്ടി അവർ പറഞ്ഞു. "അവ ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ഉദ്ദേശിച്ചിരുന്നത്. താക്കൂർ വിഭാഗക്കാർ ഗ്രാമത്തിലൂടെ പോകുമ്പോൾ ഇത്തരം കട്ടിലിൽ ഞങ്ങളെ കാണുകയാണെങ്കിൽ അവർ ഞങ്ങളെ പറയാത്തതായി ഒന്നുണ്ടായിരുന്നില്ല.” നിർദ്ദയമായ അസഭ്യം എന്നതു തന്നെയാണ് അവർ ഉദ്ദേശിച്ചത്.
ഈ കാലത്ത് ആളുകൾ ജാതിയിൽ വിശ്വസിക്കുന്നത് കുറഞ്ഞു വരുന്നതായാണ് കാണുന്നതെങ്കിലും തങ്ങളുടെ ജീവിതത്തിൽ അതിന്‍റെ സ്വാധീനം തുടരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. "ഇപ്പോൾ [ഇവിടെയുള്ള] എല്ലാ വീടുകളിലും കട്ടിലുണ്ട്. ആളുകൾ അതിൽ ഇരിക്കുകയും ചെയ്യുന്നു.” എന്നിരിക്കിലും സ്ത്രീകൾക്ക് ഇപ്പോഴും ഈ അവകാശം നിഷേധിക്കപ്പെടുന്നു: "സ്ത്രീകൾക്ക് ഇപ്പോഴും അതിന് കഴിയില്ല - ഞങ്ങളിലെ മുതിർന്നവർ [ഭർതൃ മാതാപിതാക്കൾ] അടുത്തുള്ളപ്പോൾ പറ്റില്ല. ഒരിക്കൽ എന്‍റെ അമ്മായിയമ്മ അയൽവാസികളുടെ മുന്നിൽ വച്ച് എന്നോടാക്രോശിച്ചു. കാരണം, ഞാൻ കട്ടിലിൽ ഇരിക്കുകയായിരുന്നു.”
സുദാമ ഒരു കുട്ടിയേയും കൈയിലെടുത്ത് കട്ടിലിലിരിക്കുമ്പോൾ മറ്റ് മൂന്ന് മക്കൾ കട്ടിലിനു ചുറ്റും ഓടുകയായിരുന്നു. എത്ര കുട്ടികൾ ഉണ്ടെന്ന് ഞാൻ ചോദിച്ചപ്പോൾ അവർ ചെറുതായൊന്ന് സംഭ്രമിച്ചു. ആദ്യം അവർ ഏഴെന്ന് പറഞ്ഞു. പിന്നീടവർ മകളായ അഞ്ചലിന്‍റെ കാര്യമോർത്തപ്പോൾ അത് തിരുത്തി. വിവാഹിതയായ അഞ്ചല്‍ ഭർതൃമാതാപിതാക്കളോടൊപ്പം താമസിക്കുന്നു. മറ്റൊരു കുട്ടിയേക്കുറിച്ചോർത്തപ്പോൾ അവർ വീണ്ടും തീരുത്തി. ആ കുട്ടി കഴിഞ്ഞ വർഷം മരിച്ചു പോയി. അവസാനം അവർ ഇപ്പോൾ തന്നോടൊപ്പമുള്ള ഏഴ് പേരെ കൈവിരലുകൾ കൊണ്ടെണ്ണി: "റാം ബാലാക് (19), സാധന (17), ബികാസ് (13), ശിവ് ബാലാക് (9), അർപ്പിത (3), ആദിത്യ (4), ഒന്നര വയസ്സുകാരനായ അനുജ് എന്നിങ്ങനെ 7 പേര്‍.
“ അരേ ജാവോ, ഔര്‍ ജാകെ ചാചി ലോഗോ കോ ബുലാ ലാവോ” [ഹേയ്, പോയി ആന്‍റിമാരെ കൊണ്ടുവാ], അടുത്തുള്ള ചില സ്ത്രീകളെ ഞങ്ങളോടൊപ്പം ചേരാന്‍ ക്ഷണിക്കാനായി കൈകള്‍ ഒരു വശത്തേക്ക് കാണിച്ചുകൊണ്ട് അവര്‍ മകളോട് പറഞ്ഞു. “വിവാഹിതയായപ്പോള്‍ എനിക്ക് 20 വയസ്സായിരുന്നു. മൂന്നോ നാലോ കുട്ടികള്‍ ഉണ്ടാകുന്നതുവരെ ഗര്‍ഭനിരോധന ഉറകളെക്കുറിച്ചോ ശസ്ത്രക്രിയകളെക്കുറിച്ചോ [വന്ധ്യംകരണ നടപടിക്രമങ്ങള്‍] എനിക്കൊന്നും അറിയില്ലായിരുന്നു. അവസാനം അതിനെക്കുറിച്ചറിഞ്ഞപ്പോള്‍ അത് ചെയ്യാനുള്ള ധൈര്യം സംഭരിക്കാന്‍ ഒരിക്കലും എനിക്ക് കഴിഞ്ഞില്ല. ശസ്ത്രക്രിയ ചെയ്യുമ്പോഴുണ്ടാകുന്ന വേദന എനിക്ക് ഭയമായിരുന്നു. അത് ചെയ്യുന്നതിനായി ഏതാണ്ട് 10 കിലോമീറ്റര്‍ അകലെയുള്ള ബാരാഗാവ് ബ്ലോക്ക് ഭരണസിരാകേന്ദ്രത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് (പി.എച്.സി.) അവര്‍ക്ക് പോകണമായിരുന്നു. പ്രാദേശിക പ്രാഥമികാരോഗ്യ കേന്ദ്രം അത്തരം ശസ്ത്രക്രിയകള്‍ ചെയ്യാന്‍ പര്യാപ്തമായിരുന്നില്ല.
സുദാമ ഒരു വീട്ടമ്മയാണ്. അവരുടെ ഭര്‍ത്താവ് 57-കാരനായ രാംബഹാദൂര്‍ “നെല്‍പ്പാടത്താണ്. ഇത് കൊയ്ത്തുകാലമാണ്”, അവര്‍ പറഞ്ഞു. കൊയ്ത്തിനു ശേഷം അദ്ദേഹം, മറ്റ് നിരവധി ആളുകളെപ്പോലെ, അടുത്തുള്ള നഗരങ്ങളിലേക്ക് നിര്‍മ്മാണ തൊഴില്‍ മേഖലയില്‍ ജോലിചെയ്യാന്‍ കുടിയേറുന്നു.
ഇവിടുത്തെ മുസഹര്‍ സമുദായത്തിലുള്ള കുറച്ചു കുടുംബങ്ങള്‍ അധിയ , തീസരിയ , ചൗ ഥിയ എന്നിങ്ങനെയുള്ള ക്രമീകരണങ്ങളുടെ അടിസ്ഥാനത്തില്‍ (മറ്റുള്ളവരുടെ പാടത്ത് പണിയെടുത്ത് വിളകളുടെ പകുതിയോ മൂന്നിലൊന്നോ നാലിലൊന്നോ പങ്ക് സ്വീകരിക്കുന്ന ഒരു ക്രമീകരണം) കൃഷി ചെയ്യുമ്പോള്‍, ഭൂരിപക്ഷം പുരുഷന്മാരും ഭൂരഹിത തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നു. സുദാമയുടെ ഭര്‍ത്താവ് തീസരിയയുടെ അടിസ്ഥാനത്തില്‍ ജോലി ചെയ്ത് വീട്ടിലേക്ക് കൊണ്ടുവരുന്ന നെല്ലിന്‍റെ കുറച്ചുഭാഗം, കുടുംബത്തിനുവേണ്ട അവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി വില്‍ക്കുന്നു.
ഇന്ന് സുദാമ ഉച്ചഭക്ഷണമായി ചോറാണ് തയ്യാറാക്കിയിരിക്കുന്നത്. മണ്ണുകൊണ്ടുള്ള അടുപ്പിലാണ് അരി വേകാനുള്ള പാത്രം വച്ചിരിക്കുന്നത്. കുടുംബത്തിന്‍റെ ഭക്ഷണം മിക്കപ്പോഴും ചോറും കുറച്ച് ഉപ്പും എണ്ണയും ആയിരിക്കും. വളരെ നല്ല ദിനങ്ങളില്‍ ഇത് പയര്‍ വര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, കോഴിയിറച്ചി എന്നിവയോടൊപ്പം കഴിക്കുന്നു. ആഴ്ചയിലൊന്ന് റോട്ടി ഉണ്ടാവും.
“ഞങ്ങള്‍ മാങ്ങാ അച്ചാര്‍ കൂട്ടി ചോറ് കഴിക്കും”, സ്റ്റീല്‍ പാത്രത്തില്‍ സഹോദരങ്ങള്‍ക്ക് ഭക്ഷണം നല്‍കുന്നതിനിടെ മകള്‍ സാധന പറഞ്ഞു. ഏറ്റവും ഇളയ കുട്ടി അനുജ് സാധനയുടെ പാത്രത്തില്‍ നിന്ന് കഴിക്കുമ്പോള്‍ രാം ബാലാകും ബികാസും മറ്റൊരു പാത്രത്തില്‍ നിന്നും കഴിക്കുകയായിരുന്നു.
അപ്പോഴേക്കും അടുത്തു നിന്നുള്ള കുറച്ചു സ്ത്രീകള്‍ ഞങ്ങള്‍ക്കൊപ്പം ചേര്‍ന്നു. അവരിലൊരാളായ 32-കാരി സന്ധ്യ 5 വര്‍ഷത്തിലധികമായി ഈ ബസ്തിയില്‍ മാനവധികാര്‍ ജന്‍ നിഗ്രാണി സമിതി എന്ന ഒരു മനുഷ്യാവകാശ കൂട്ടായ്മയുടെ അംഗമായി പ്രവര്‍ത്തിക്കുന്നു. വ്യാപകമായ പ്രശ്നമായ വിളര്‍ച്ചയെക്കുറിച്ച് പറഞ്ഞുകൊണ്ടാണ് സന്ധ്യ സംസാരിക്കാന്‍ ആരംഭിച്ചത്. ഉത്തര്‍പ്രദേശിലെ 52 ശതമാനം സ്ത്രീകളും വിളര്‍ച്ചബാധിതരാണെങ്കില്‍, ആനേയിലെ 100 ശതമാനം സ്ത്രീകളും ഏറിയോ കുറഞ്ഞോ വിളര്‍ച്ചബാധിതര്‍ ആണെന്ന് 2015-16-ലെ ദേശീയ കുടുംബാരോഗ്യ സര്‍വെ ( എന്‍.എഫ്.എച്.എസ്.-4 ) ചൂണ്ടിക്കാണിക്കുന്നുവെന്ന് സന്ധ്യ പറഞ്ഞു.
“അടുത്തസമയത്ത് ഈ ഗ്രാമത്തിലെ എല്ലാ സ്ത്രീകളേയും ചേര്‍ത്ത് ഞങ്ങളൊരു പോഷണ ഭൂപടം തയ്യാറാക്കുകയും അവരിലൊരാള്‍ക്കുപോലും 10 gm/dL-ന് (ഒരു ഡെസിലിറ്ററിന് അഥവാ ലിറ്ററിന്‍റെ പത്തിലൊന്നിന് 10 ഗ്രാം എന്ന അനുപാതത്തിന്) മുകളില്‍ ഹീമോഗ്ലോബിന്‍ ഇല്ലെന്ന് കണ്ടെത്തുകയും ചെയ്തു. അവരിലോരോരുത്തരും വിളര്‍ച്ച ബാധിതരാണ്. ഇത് കൂടാതെ വെള്ളപോക്കും കാല്‍സ്യത്തിന്‍റെ അപര്യാപ്തതയുമാണ് സ്ത്രീകളുടെയിടയില്‍ പൊതുവായി കാണുന്ന പ്രശ്നം.
ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്കും അപര്യാപ്തതകള്‍ക്കുമൊപ്പം പൊതു ആരോഗ്യസുരക്ഷ സംവിധാനത്തോടുള്ള അവിശ്വാസവും നിലനില്‍ക്കുന്നു. അവിടെ അവര്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധമാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ എന്തെങ്കിലും അടിയന്തിര ആവശ്യമില്ലെങ്കില്‍ സ്ത്രീകള്‍ ആശുപത്രിയില്‍ പോകില്ല. “എന്‍റെ ആദ്യത്തെ 5 പ്രസവങ്ങള്‍ വീട്ടില്‍ തന്നെയാണ് നടന്നത്. പിന്നീട് ആശ പ്രവര്‍ത്തക (അംഗീകൃത സാമൂഹ്യാരോഗ്യ പ്രവര്‍ത്തക - Accredited Social Health Activist - ASHA) എന്നെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തുടങ്ങി”, സുദാമ ക്ലിനിക്കുകളോടുള്ള അവരുടെ ഭയത്തെപ്പറ്റി പറഞ്ഞു.
“ഞങ്ങളുടെ കാര്യത്തില്‍ വരുമ്പോള്‍ ഡോക്ടര്‍മാര്‍ വിവേചനം കാണിക്കുന്നു. പക്ഷെ അത് പുതിയതല്ല. യഥാര്‍ത്ഥ വെല്ലുവിളി വീട്ടില്‍ തന്നെ ആരംഭിക്കുന്നു”, അയല്‍വാസിയായ 47-കാരി ദുര്‍ഗാമതി ആദിവാസി പറഞ്ഞു. “സര്‍ക്കാരും ഡോക്ടര്‍മാരും ഞങ്ങളുടെ പുരുഷന്മാരും ഞങ്ങളെ അവജ്ഞയോടെ കാണുന്നു. അവര്‍ക്ക് [പുരുഷന്മാര്‍ക്ക്] ശരീരത്തിന്‍റെ സന്തോഷത്തില്‍ മുഴുകാനേ കഴിയൂ, അതിനു ശേഷമുള്ള കാര്യമറിയില്ല. കുടുംബത്തിനുവേണ്ട ഭക്ഷണം നല്‍കുക മാത്രമാണ് തങ്ങളുടെ ഉത്തരവാദിത്തമെന്ന് അവര്‍ കരുതുന്നു. ബാക്കിയുള്ളതെല്ലാം ഞങ്ങള്‍ സ്ത്രീകളുടെ ഉത്തരവാദിത്തമാണെന്ന് ഉദ്ദേശിക്കുന്നു”, ദുര്‍ഗാമതി കൂട്ടിച്ചേര്‍ത്തു. അവരുടെ ശബ്ദത്തില്‍ കടുത്ത അമര്‍ഷം നിഴലിച്ചിരുന്നു.
ഈ ആരോഗ്യ പ്രശ്നങ്ങള്‍ക്കും അപര്യാപ്തതകള്‍ക്കുമൊപ്പം പൊതു ആരോഗ്യസുരക്ഷ സംവിധാനത്തോടുള്ള അവിശ്വാസവും നിലനില്‍ക്കുന്നു. അവിടെ അവര്‍ക്ക് വളരെ കുറഞ്ഞ ശ്രദ്ധമാത്രമാണ് ലഭിക്കുന്നത്. അതിനാല്‍ എന്തെങ്കിലും അടിയന്തിര ആവശ്യമില്ലാതെ സ്ത്രീകള്‍ ആശുപത്രിയില്‍ പോകില്ല
“ഹര്‍ ബിരാദരി മേം മഹിള ഹി ഓപറേഷന്‍ കരാത്തി ഹേ” [ഓരോ സമുദായത്തിലും സ്ത്രീകളാണ് വന്ധ്യംകരണത്തിന് (tubectomy) വിധേയരാകുന്നത്], അയണ്‍ ഗുളികകള്‍ വിതരണം ചെയ്യാനായി ആനേയില്‍ എത്തിയ 45-കാരിയായ ആശ പ്രവര്‍ത്തക മനോരമ സിംഗ് പറഞ്ഞു. “ഗ്രാമത്തിലേക്ക് പോകൂ, വന്ധ്യംകരണം (vasectomy) നടത്തിയ ഒരൊറ്റ പുരുഷനെ പോലും നിങ്ങള്‍ കാണില്ല. കുട്ടികള്‍ക്ക് ജന്മം കൊടുക്കുകയും, അതിനുശേഷം ശസ്ത്രക്രിയയ്ക്കും വിധേയരാവുക എന്നത് സ്ത്രീകളുടെ മാത്രം ഉത്തരവാദിത്തം ആകുന്നതെന്നതെന്തുകൊണ്ടാണെന്ന് ദൈവത്തിനറിയാം”, അവര്‍ കൂട്ടിച്ചേര്‍ത്തു. 2019-21-ലെ എന്‍.എഫ്.എച്.എസ്.-5 പറയുന്നത് വാരാണസിയിലെ 23.9 ശതമാനം സ്ത്രീകള്‍ വന്ധ്യംകരിക്കപ്പെട്ടിട്ടുള്ളപ്പോള്‍, പുരുഷന്മാരില്‍ 0.1 ശതമാനം മാത്രമാണ് വന്ധ്യംകരിക്കപ്പെട്ടിട്ടുള്ളത് എന്നാണ്.
എന്‍.എഫ്.എച്.എസ്.-4 പോലും ഇങ്ങനെ സ്ഥിരീകരിക്കുന്നു: “ഗര്‍ഭനിരോധനം സ്ത്രീകളുടെ മാത്രം ജോലിയാണെന്നും ഒരു പുരുഷന്‍ അതെപ്പറ്റി ആശങ്കപ്പെടേണ്ടതില്ലെന്നുമുള്ള അഭിപ്രായത്തോട് ഉത്തര്‍പ്രദേശിലെ 15 മുതല്‍ 49 വയസ്സ് വരെ പ്രായമുള്ള ഏതാണ്ട് അഞ്ചില്‍ രണ്ട് പുരുഷന്മാരും (38 ശതമാനം) യോജിക്കുന്നു.”
ഗ്രാമത്തിലെ തന്‍റെ പ്രവര്‍ത്തനത്തിന്‍റെ അടിസ്ഥാനത്തില്‍ സന്ധ്യ സമാനമായൊരു നിരീക്ഷണം നടത്തുന്നു. “കുടുംബാസൂത്രണത്തിന്‍റെ പ്രാധാന്യത്തെപ്പറ്റി ഞങ്ങളവരോട് [പുരുഷന്മാരോട്] ശക്തമായി പറഞ്ഞുകൊണ്ടിരിക്കുകയും അവര്‍ക്കിടയില്‍ ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്യുകയും ചെയ്യുന്നു. മിക്ക സംഭവങ്ങളിലും പുരുഷ പങ്കാളികള്‍ ഉറകള്‍ ഉപയോഗിക്കാന്‍ കൂട്ടാക്കുകയില്ല, ഭാര്യമാര്‍ പറഞ്ഞാല്‍ പോലും. കൂടാതെ, കുടുംബത്തിനും ഭര്‍ത്താവിനും വേണ്ടപ്പോള്‍ മാത്രമെ പ്രസവവും നിര്‍ത്തുകയുള്ളൂ.”
എന്‍.എഫ്.എച്.എസ്.-4 അനുസരിച്ച് ഉത്തര്‍പ്രദേശിലെ 15 മുതല്‍ 49 വരെ പ്രായത്തിലുള്ള സ്ത്രീകള്‍ക്കിടയിലെ ഗര്‍ഭനിരോധന വ്യാപന നിരക്ക് (Contraceptive Prevalence Rate - CPR) 46 ശതമാനമാണ് - എന്‍.എഫ്.എച്.എസ്.-3 പ്രകാരമുള്ള 44 ശതമാനത്തേക്കാള്‍ കുറച്ച് കൂടുതല്‍. സര്‍വെ പറയുന്നത്, ഒരു മകനുണ്ടെങ്കില്‍ ഉത്തര്‍പ്രദേശിലെ സ്ത്രീകള്‍ ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാനുള്ള സാദ്ധ്യതകള്‍ വളരെ കൂടുതല്‍ ആണെന്നാണ്. “അവരാരും തന്നെ കുടുംബാസൂത്രണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കുന്നതായി തോന്നുന്നില്ല - പ്രത്യേകിച്ച് പുരുഷന്മാര്‍”, മനോരമയുടെ കൂടെയുണ്ടായിരുന്ന താരാദേവി കൂട്ടിച്ചേര്‍ത്തു. അടുത്തുള്ള മറ്റൊരു സ്ഥലത്തെ ആശ പ്രവര്‍ത്തക കൂടിയാണ് അവര്‍. “ഇവിടുള്ള കുടുംബങ്ങളിലെ കുട്ടികളുടെ ശരാശരി എണ്ണം 6 ആണ്. പ്രായമാകുമ്പോള്‍ പ്രസവം തനിയെ നിലയ്ക്കുകയാണ്. പുരുഷന്മാരോട് ചോദിച്ചാല്‍, അവര്‍ പറയുന്നത് അവര്‍ക്ക് വന്ധ്യംകരണത്തിന്‍റെ വേദനയും സങ്കീര്‍ണ്ണതകളും സഹിക്കാന്‍ വയ്യെന്നാണ്.”
“അദ്ദേഹത്തിന് വരുമാനം ഉണ്ടാക്കണം, കുടുംബ കാര്യങ്ങളും നോക്കണം”, സുദാമ പറഞ്ഞു. “അദ്ദേഹത്തിന് ശസ്ത്രക്രിയ നടത്തണമെന്ന് എങ്ങനെയെനിക്ക് ചിന്തിക്കാന്‍ പറ്റും? അതൊരു മാര്‍ഗ്ഗമേയല്ല.”
ഗ്രാമീണ ഇന്ത്യയിലെ കൗമാരക്കാരായ പെൺകുട്ടികളെയും യുവതികളെയും കുറിച്ച് പ്രോജക്റ്റ് പോപുലേഷൻ ഫൗ ണ്ടേഷൻ ഓഫ് ഇന്ത്യയുടെ പിന്തുണയോടെ പാരിയും കൗ ണ്ടർ മീഡിയ ട്രസ്റ്റും രാജ്യവ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. പ്രധാനപ്പെട്ട ജനവിഭാഗവും എന്നാല്‍ പാര്‍ശ്വവത്കൃതരുമായ മേല്‍പ്പറഞ്ഞ വിഭാഗങ്ങളുടെ അവസ്ഥ സാധാരണക്കാരുടെ ശബ്ദത്തിലൂടെയും ജീവിതാനുഭവങ്ങളിലൂടെയും മനസ്സിലാക്കുന്നതിനുള്ള ഒരു ഉദ്യമത്തിന്‍റെ ഭാഗമാണ് ഈ പ്രോജക്റ്റ്.
ഈ ലേഖനം പുനഃപ്രസിദ്ധീകരിക്കണമെന്നുണ്ടെങ്കിൽ [email protected] എന്ന മെയിലിലേക്ക് , [email protected] എന്ന മെയിൽ ഐഡി കൂടി കാർബൺ കോപ്പി ചെയ്ത്, എഴുതുക .
താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ ജിഗ്യാസ മിശ്ര പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
ജിഗ്യാസ മിശ്രയുടെ പ്രധാന ചിത്രീകരണത്തിനുള്ള പ്രചോദനം പടചിത്ര ചിത്രകല പാരമ്പര്യമാണ്
പരിഭാഷ: റെന്നിമോന്‍ കെ. സി.