10 വർഷമായി, പ്രൈമറി സ്കൂൾ കുട്ടികളെ അടിസ്ഥാന പാഠങ്ങൾ പഠിപ്പിച്ച് ജീവിതം ചിലവഴിച്ച അദ്ധ്യാപകനാണ് താരിഖ് അഹമ്മദ്. 2009 മുതൽ 2019 വരെ കേന്ദ്രസർക്കാരിന്റെ സമഗ്ര ശിക്ഷാ പദ്ധതിയിൽ വിദ്യാഭ്യാസ സന്നദ്ധപ്രവർത്തകനായിരുന്നു 37 വയസ്സുള്ള അദ്ദേഹം. ആടുകളേയും ചെമ്മരിയാടുകളേയും ലഡാക്കിലേക്ക് മേയ്ക്കാൻ കൊണ്ടുവരുന്ന ബക്കർവാൾ കുടുംബത്തിലെ കുട്ടികളെ പഠിപ്പിക്കാനായി ദ്രാസ്സ് എന്ന ഉയർന്ന മലമ്പ്രദേശത്ത് നിയോഗിക്കപ്പെട്ടിട്ടുള്ള ആളാണ് താരിഖ്.

എന്നാൽ 2019-ൽ സംസ്ഥാനത്തിനെ ജമ്മു ആൻഡ് ക്ശ്മീരെന്നും (ജെ&കെ), ലഡാക്കെന്നും രണ്ട് വ്യത്യസ്ത കേന്ദ്രഭരണപ്രദേശമാക്കി വിഭജിച്ചപ്പോൾ അദ്ദേഹത്തിന് ജോലി നഷ്ടമായി. ജെ&കെ. സ്വദേശിയായ അദ്ദേഹത്തിന്റെ വീട് രജൌരി ജില്ലയിലെ കലകോട്ടയിലായതിനാൽ, ജെ&കെ എന്ന കേന്ദ്രഭരണപ്രദേശത്തിന്റെ വെളിയിലുള്ള കുട്ടികളെ പഠിപ്പിക്കാനുള്ള അർഹത അദ്ദേഹത്തിന് നിയമപരമായി നഷ്ടപ്പെട്ടു.

“രണ്ട് കേന്ദഭരണപ്രദേശങ്ങളാക്കിയതോടെ, ഞങ്ങളുടെ കുട്ടികളുടെ പഠനം ആകെ അവതാളത്തിലായി” എന്ന് താരിഖ്പറയുന്നു. നാടോടികളുടെ കുട്ടികളെ അവഗണിക്കുന്ന അധികാരികളെയാണ് ഇതിനദ്ദേഹം കുറ്റപ്പെടുത്തുന്നത്.

“കാർഗിൽ ജില്ലയിലെ സീറോ പോയന്റുമുതൽ ദ്രാസ്സുവരെ സഞ്ചരിക്കുന്ന സ്കൂളുകളോ, അദ്ധ്യാപകരോ ഞങ്ങൾക്കില്ല. ഞങ്ങളുടെ കുട്ടികൾ ദിവസം മുഴുവൻ ചുറ്റിനടന്നും, ഭക്ഷണത്തിനായി നാട്ടുകാരോട് യാചിച്ചും സമയം കളയുന്നു”, കലകോട്ടയിലെ ബതേരാ ഗ്രാമത്തിലെ സർപാഞ്ചായ ഷമീം അഹമ്മദ് ബജ്രാൻ പറയുന്നു.

ജെ&കെ-യുടെ അകത്ത് ആയിരക്കണക്കിന് താത്ക്കാലിക സ്കൂളുകളുണ്ടെങ്കിലും, മേയ് മാസത്തിനും ഒക്ടോബറിനുമിടയ്ക്ക് ആറുമാസക്കാലം ലഡാക്കിലേക്ക് പോകേണ്ടിവരുമ്പോൾ കുട്ടികൾക്ക് പഠനം നഷ്ടപ്പെടുന്നുണ്ടെന്ന് ബക്കർവാൾ സമുദായം പറയുന്നു. അവിടെ എത്തിയാൽ വിദ്യാഭ്യാസവുമായുള്ള അവരുടെ ബന്ധം അവസാനിക്കുകയും, പഠനത്തിൽ സഹപാഠികളുടെ പിന്നിലാവുകയും ചെയ്യുന്നു അവർ. ബക്കർവാൾ സമുദായത്തിന്റെ സാക്ഷരതാനിരക്കായ 32 ശതമാനം സംസ്ഥാനത്തെ മറ്റ് ഗോത്രവർഗ്ഗക്കാരേക്കാളും ഏറ്റവും താഴെയാണെന്ന്, പട്ടികഗോത്രക്കാരെക്കുറിച്ചുള്ള 2013-ലെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു

A Bakarwal settlement in Meenamarg, Kargil district of Ladakh. The children of pastoralists travel with their parents who migrate every year with their animals
PHOTO • Muzamil Bhat
A Bakarwal settlement in Meenamarg, Kargil district of Ladakh. The children of pastoralists travel with their parents who migrate every year with their animals
PHOTO • Muzamil Bhat

ലഡാക്കിലെ കാർഗിൽ ജില്ലയിലെ മീനാമാർഗ്ഗിലെ ഒരു ബക്കർവാൾ ജനവാസകേന്ദ്രം, വളർത്തുമൃഗങ്ങളുമായി എല്ലാ വർഷവും ഇങ്ങോട്ട് കുടിയേറുന്ന അച്ഛനമ്മമാരെ മക്കളും അനുഗമിക്കുന്നു

“ഞങ്ങളുടെ കുട്ടികൾക്ക് പഠിക്കാൻ ആഗ്രഹമുണ്ടായാലും ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. ഞങ്ങൾ കുടിയേറിക്കഴിഞ്ഞാൽ, അവരുടെ പഠനവും അവസാനിക്കുന്നു. കാരണം, ഏറ്റവുമടുത്തുള്ള സ്കൂൾ ഏകദേശം, 100 കിലോമീറ്റർ അകലെയാണ്. അഞ്ച് വയസ്സുള്ള ഹുസൈഫിന്റേയും മൂന്ന് വയസ്സുള്ള ഷൊയ്‌യേബിന്റെയും അച്ഛനായ അം‌ജാദ് അലി ബജ്രാൻ പറയുന്നു. മീനാമാർഗ്ഗിൽനിന്ന് ദ്രാസ്സിലേക്ക് പോകുന്ന ഭാഗത്ത് താമസമാക്കിയ 16 ബക്കർവാൾ കുടുംബങ്ങളിലൊന്നാണ് അദ്ദേഹത്തിന്റേത്.

“രജൌരിയിൽനിന്ന് പോരുമ്പോൾ കുട്ടികളേയും കൂടെ കൂട്ടേണ്ടിവരും. കാരണം, 5-6 മാസം കുടുംബമില്ലാതെ കഴിയാൻ ബുദ്ധിമുട്ടാണ്”, 30 വയസ്സുള്ള ആ ഇടയൻ പറയുന്നു.

ഈ പ്രദേശത്തുള്ള വിദ്യാഭ്യാസ ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്താൽ മാത്രമേ സ്കൂളിനുള്ള സംവിധാനമൊരുക്കാൻ പറ്റൂ എന്നാണ് സംസ്ഥാനം പറയുന്ന ന്യായം. എന്നാൽ, “ഒരു ഇടയസംഘം ഞങ്ങളുടെ പരിധിയിൽനിന്ന് പുറത്ത് പോയാൽ (കശ്മീരിൽനിന്ന് ലഡാക്കിലെ കാർഗിലിലേക്ക്), ലഡാക്കിലെ കാർഗിലിലുള്ള ചീഫ് എഡ്യുക്കേഷൻ ഓഫീസർക്ക് (സി.ഇ.ഒ.) ജെ&കെ-യിലെ പൌരന്മാരുടെ കാര്യത്തിൽ ഭരണപരമായ ഒരു നിയന്ത്രണവുമില്ല”, എന്ന് ഡോ. ദീപ് രാജ് കനേത്തിയ പറയുന്നു. താൻ നിസ്സഹായനാണെന്നാണ് സ്കൂൾ വിദ്യാഭ്യാസവകുപ്പായ സമഗ്ര ശിക്ഷയുടെ പ്രൊജ്ക്ട് ഡയറക്ടറായ അദ്ദേഹം പറയുന്നത്. “സംസ്ഥാനം രണ്ട് കേന്ദ്രഭരണപ്രദേശങ്ങളായതിൽ‌പ്പിന്നെ കാർഗിലിലെ വിദ്യാഭ്യാസകാര്യത്തിൽ ഞങ്ങൾക്ക് ഭരണപരമായ യാതൊരു പങ്കുമില്ല”.

വിദ്യാഭ്യാസ റിപ്പോർട്ടിന്റെ (റൂറൽ 2022) വാർഷികസ്ഥിതി പ്രകാരം, 2022-ൽ ജമ്മു-കശ്മീരിൽ 55.5 ശതമാനം കുട്ടികൾ സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടിയിട്ടുണ്ട്. 2018-ൽ ഇത് 58.3 ശതമാനമായിരുന്നുവെന്ന് ഓർക്കണം.

Left: Tariq Ahmad is a herder who was a teacher for 10 years. Here in Meenamarg he spends a few hours every day teaching children ages 3-10.
PHOTO • Muzamil Bhat
Right: Ishrat, Rifat and Nawaz (from left to right) reading under Tariq's watchful eye
PHOTO • Muzamil Bhat

ഇടത്ത്: 10 വർഷം അദ്ധ്യാപകനായിരുന്ന ആളാണ് താരിഖ് അഹമ്മദ്. ഇവിടെ മീനാമാർഗ്ഗിൽ അദ്ദേഹം 3 വയസ്സിനും 10 വയസ്സിനുമിടയിലുള്ള കുട്ടികളെ ദിവസവും ഏതാനും മണിക്കൂറുകൾ പഠിപ്പിക്കുന്നു. വലത്ത്: താരിഖിന്റെ ജാഗ്രത്തായ ശിക്ഷണത്തിലിരുന്ന് വായിക്കുന്ന ഇസ്രത്ത്, റിഫാത്ത്, നവാസ് എന്നിവർ (ഇടത്തുനിന്ന് വലത്തേക്ക്)

PHOTO • Muzamil Bhat

കുട്ടികൾ പാഠങ്ങളൊന്നും മറന്നുപോയിട്ടില്ലെന്ന് ഇടയ്ക്ക് പരിശോധിക്കാറുണ്ടെന്ന് താരിഖ് പറയുന്നു

ലഡാക്കിലെ കാർഗിലിലേക്ക് കുടിയേറുന്ന കുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിക്കാനായി ജെ&കെ സർക്കാർ ആറ് അർദ്ധ-സമയ അദ്ധ്യാപകരെ നിയമിച്ചിട്ടുണ്ടെങ്കിലും ഫലത്തിൽ, ഒരു അദ്ധ്യാപകൻപോലും ഉണ്ടാവാറില്ലെന്ന് സർപഞ്ചായ ഷമീം പറയുന്നു.

“ഞങ്ങൾ നിസ്സഹായരാണ്. അതുകൊണ്ടാണ് ഞങ്ങളുടെ കുട്ടികൾക്ക് ആടുമാടുകളെ മേച്ചുനടക്കേണ്ടിവരികയും മറ്റ് ചില്ലറ ജോലികൾ ചെയ്യേണ്ടിയും വരുന്നത്. കുട്ടികൾ പഠിക്കണമെന്നും അവർക്ക് നല്ലൊരു ഭാവിയുണ്ടാവണമെന്നും ആഗ്രഹിക്കാത്ത അച്ഛനമ്മമാരുണ്ടാവുമോ?” അംജദ് ചോദിക്കുന്നു.

എന്നാൽ, ഭാഗ്യമെന്ന് പറയട്ടെ, അംജദിനും മറ്റിടയന്മാരുടെ മക്കൾക്കും പരിശീലനം കിട്ടിയ ഒരു അദ്ധ്യാപകനെ കിട്ടി. താരിഖ്. സമഗ്ര ശിക്ഷയുടെ കീഴിലുള്ള ജോലി നഷ്ടപ്പെട്ടുവെങ്കിലും മീനാമാർഗ്ഗിലെ ബക്കർവാളുകളുടെ കുട്ടികളെ, ഇംഗ്ലീഷ്, കണക്ക്, സയൻസ്, ഉറുദു എന്നിവ പഠിപ്പിക്കാൻ ഇപ്പോഴും അദ്ദേഹം സമയം കണ്ടെത്തുന്നു. “ഈ കുട്ടികളെ പഠിപ്പിക്കുക എന്നത് എന്റെ സമുദായത്തോടുള്ള എന്റെ കടമയാണെന്ന് ഞാൻ വിശ്വസിക്കുന്നു. അതെനിക്ക് സന്തോഷവും സമാധാനവും നൽകുന്നുണ്ട്”, ആ ബക്കർവാൾ യുവാവ് പറയുന്നു.

ശമ്പളം പറ്റുന്ന അദ്ധ്യാപകനല്ലാത്തതിനാൽ, അദ്ദേഹവും ആടുകളെ മേയ്ക്കാൻ പോകാറുണ്ട്. രാവിലെ 10 മണിക്ക് ഇറങ്ങിയാൽ 4 മണിയാവും തിരിച്ചുവരാൻ. താരിഖിന്റെ കുടുംബത്തിന് ആടുകളും ചെമ്മരിയാടുകളുമായി 60 മൃഗങ്ങളുണ്ട്. ഭാര്യയും മകൾ റഫീക്ക് ബാനൊവും അദ്ദേഹത്തോടൊപ്പം ഇവിടെയുണ്ട്.

വെല്ലുവിളികളില്ലാത്ത ജീവിതമായിരുന്നില്ല ഈ അദ്ധ്യപകന്റേത്. “സ്കൂൾ പഠനത്തിന് തടസ്സം വരാതിരിക്കാൻ ഞാൻ എന്റെ ബന്ധുക്കളുടെ കൂടെ ശ്രീനഗറിലേക്ക് പോയി”, തന്റെ സ്കൂൾ ദിവസങ്ങൾ ഓർമ്മിച്ചെടുത്ത് അദ്ദേഹം പറയുന്നു. പിന്നീട് താരിഖ് 2003-ൽ സൌരാ ശ്രീനഗറിലെ ഗവണ്മെന്റ് ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് 12-ആം ക്ലാസ് പൂർത്തിയാക്കി

PHOTO • Muzamil Bhat
PHOTO • Muzamil Bhat

താത്ക്കാലിക സ്കൂളിൽ പലപ്പോഴും അദ്ധ്യാപകരുണ്ടാവാറില്ലെന്ന് ഗ്രാമത്തിലെ മുതിർന്നവർ പറയുന്നു. ‘അതുകൊണ്ടാണ് ഞങ്ങളുടെ കുട്ടികൾക്ക് ആടുകളെ മേയ്ച്ചും മറ്റ് പണികൾ ചെയ്തും ജീവിക്കേണ്ടിവരുന്നത്’, ഒരു രക്ഷകർത്താവായ അംജദ് പറയുന്നു

ചെയ്യുന്ന പ്രവൃത്തിയുടെ ഗുണഫലങ്ങൾ ബക്കർവാൾ സമുദായത്തിൽനിന്ന് തിരിച്ചുകിട്ടാൻ തുടങ്ങുന്നുവെന്നാണ് താരിഖിന് ഇപ്പോൾ തോന്നുന്നത്. “ഇവിടെ അബ്ബ (അച്ഛൻ) എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്നുണ്ട്. നാട്ടിലെ ഞങ്ങളുടെ സ്കൂളിൽ ഓരോ വിഷയത്തിനും വെവ്വേറെ അദ്ധ്യാപകരുണ്ടായിരുന്നു”, റഫീക്ക് ബാനോ പറയുന്നു. രജൌരി ജില്ലയിലെ കലകോട്ട തെഹിസിലിലെ പനിഹാർ ഗ്രാമത്തിലെ ജെ&കെ ഗവണ്മെന്റ് ഗേൾസ് മിഡിൽ സ്കൂളീലെ 6-ആം ക്ലാസ് വിദ്യാർത്ഥിനിയാണ് അവൾ.

“പഠിച്ച്, സ്വയം ഒരു ടീച്ചറാവാനാണ് എനിക്ക് ആഗ്രഹം. എന്റെ അബ്ബ ചെയ്യുന്നതുപോലെ എനിക്കും ഈ കുട്ടികളെ പഠിപ്പിക്കാൻ അപ്പോൾ സാധിക്കും. ഇവിടെ ഞങ്ങൾക്ക് ടീച്ചർമാരാരുമില്ല. അതുകൊണ്ട് ഞാനൊരു ടീച്ചറാവും”, ആ ചെറിയ പെൺകുട്ടി പറയുന്നു.

മലകളിൽ ചുറ്റിനടന്ന് സമയം പാഴാക്കി കളഞ്ഞിരുന്ന കുട്ടികൾക്ക് ഇപ്പോൾ താരിഖിനോടൊപ്പം ദിവസത്തിൽ അല്പനേരമെങ്കിലും പഠിക്കാൻ കഴിയുന്നുണ്ട്. ജൂലായിൽ ഈ റിപ്പോർട്ടർ കാണുമ്പോൾ കുട്ടികൾ പുസ്തകം വായിക്കുകയായിരുന്നു. അധികം മരങ്ങളധികമില്ലാത്ത ഈ ഉയരമുള്ള മലമ്പ്രദേശത്തെ, മീനാമാർഗ്ഗിൽ, തങ്ങളുടെ വീടുകൾക്കടുത്തുള്ള ഒരു തണലിടത്തിൽ 3-നും 10-നുമിടയിലുള്ള 25 കുട്ടികളുടെ ഒരു സംഘം താരിഖിനെ ശ്രദ്ധയോടെ കേൾക്കുന്നുണ്ടായിരുന്നു.

“ഇവിടെ ഇവർക്ക് ഞാനുള്ളതുകൊണ്ട് പഠിക്കാൻ പറ്റുന്നു. എന്നാൽ കൂടുതൽ ഉയരമുള്ള മറ്റ് സ്ഥലങ്ങളിലും ഇതുപോലുള്ള കുട്ടികളുണ്ട്. അവരുടെ കാര്യമോ? ആരാണവരെ പഠിപ്പിക്കുക?”, ഫീസ് വാങ്ങാതെ പഠിപ്പിക്കുന്ന ആ അദ്ധ്യാപകൻ ചോദിക്കുന്നു.

2019-ൽ നിലവിൽ വന്ന ലഡാക്ക് എന്ന കേന്ദ്രഭരണപ്രദേശത്താണ് കാർഗിൽ സ്ഥിതി ചെയ്യുന്നത്. അതിനുമുമ്പ് ജമ്മു-കശ്മീർ സംസ്ഥാനത്തിന്റെ ഭാഗമായിരുന്നു അത്.

പരിഭാഷ: രാജീവ് ചേലനാട്ട്

Muzamil Bhat

முசாமில் பட், ஸ்ரீநகரை சேர்ந்த சுயாதீன புகைப்படக் கலைஞரும் பட இயக்குநரும் ஆவார். 2022ம் ஆண்டில் பாரியின் மானியப்பணியில் இருந்தார்.

Other stories by Muzamil Bhat
Editor : PARI Desk

பாரி டெஸ்க், எங்களின் ஆசிரியப் பணிக்கு மையமாக இருக்கிறது. இக்குழு, நாடு முழுவதும் இருக்கிற செய்தியாளர்கள், ஆய்வாளர்கள், புகைப்படக் கலைஞர்கள், பட இயக்குநர்கள் மற்றும் மொழிபெயர்ப்பாளர்களுடன் இணைந்து இயங்குகிறது. பாரி பதிப்பிக்கும் எழுத்துகள், காணொளி, ஒலி மற்றும் ஆய்வு அறிக்கைகள் ஆகியவற்றை அது மேற்பார்வையிட்டு கையாளுகிறது.

Other stories by PARI Desk
Translator : Rajeeve Chelanat

Rajeeve Chelanat is based out of Palakkad, Kerala. After spending 25 years of professional life in the Gulf and Iraq, he returned home to work as a proof reader in the daily, Mathrubhumi. Presently, he is working as a Malayalam translator.

Other stories by Rajeeve Chelanat