പണി പൂർത്തിയാകാത്ത മൺപാത കിലോ മീറ്ററുകളോളം നീണ്ടു കിടക്കുന്നു. അതിലൂടെ സൗറയിലെ ആശുപത്രിയിലേക്കുള്ള യാത്ര ദുഷ്കരമാണ്. മുബീനക്കും അർഷിദ് ഹുസൈൻ അഖൂനിനും മകൻ മുഹ്‌സിന്‍റെ വൈദ്യ പരിശോധനക്കായി മാസത്തിൽ ഒരു തവണയെങ്കിലും ആശുപത്രി സന്ദർശിക്കണം. രഖ്-ഏ-അർഥ് പുനരധിവാസ കോളനിയിലെ അഴുക്കുചാലൊഴുകുന്ന, മഞ്ഞു വീഴുന്ന വഴികളിലൂടെ അർഷിദ് അയാളുടെ ഒൻപത് വയസ്സ് പ്രായമുള്ള മകനെയും തോളിലേറ്റി നടക്കും.
സാധാരണ 2-3 കിലോ മീറ്ററുകൾ നടന്നാൽ അവർക്ക് ഓട്ടോറിക്ഷ കിട്ടാറുള്ളതാണ്. 500 രൂപക്ക് അത് അവരെ 10 കിലോമീറ്റർ അകലെയുള്ള നോർത്ത് ശ്രീനഗറിലെ സൗറ പ്രദേശത്തെ ഷേർ-ഈ-കശ്മീർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ എത്തിക്കും. ചില സമയങ്ങളിൽ ഈ ദൂരം മുഴുവൻ നടക്കേണ്ടിയും വന്നിട്ടുണ്ട് ഈ കുടുംബത്തിന്. കഴിഞ്ഞ വർഷത്തെ ലോക്ക്ഡൗണിൽ ആശുപത്രിയിലെത്താൻ അവർ ഇതാണ് ചെയ്തത്. “ഒരു ദിവസം മുഴുവൻ എടുക്കും അതിന്,”മുബീന പറയുന്നു.
മുബീനയുടെയും അർഷിദിന്‍റെയും ലോകം മറ്റൊന്നായിട്ട് ഒൻപത് വർഷമാകുന്നു. 2012 ൽ ബിലിറൂബിന്‍റെ അളവ് കൂടിയ നിലയിൽ പനിയും മഞ്ഞപ്പിത്തവും വരുമ്പോൾ മൊഹ്‌സിന് ഏതാനും ദിവസങ്ങള്‍ മാത്രമായിരുന്നു പ്രായം. പല ഡോക്ടർമാരെയും മാറി മാറി സന്ദർശിച്ചു. ശ്രീനഗറിലെ കുട്ടികൾക്കായുള്ള സർക്കാർ ജി.ബി. പന്ത് ആശുപത്രിയിൽ അവൻ രണ്ടു മാസം ചിലവഴിച്ചു. അവസാനം, അവരുടെ കുഞ്ഞ് ഭിന്നശേഷിയുള്ളവനാണെന്ന് അവർ തിരിച്ചറിഞ്ഞു.
“അവന്‍റെ സ്ഥിതി മെച്ചപ്പെടുന്നത് കാണാതിരുന്നപ്പോൾ ഞങ്ങൾ അവനെ ഒരു സ്വകാര്യ ഡോക്ടറുടെ പക്കൽ കൊണ്ടു പോയി. അദ്ദേഹം പറഞ്ഞു അവന്‍റെ തലച്ചോറ് പൂർണമായും നശിച്ചുവെന്നും അവനൊരിക്കലും ഇരിക്കാനോ നടക്കാനോ കഴിയില്ലെന്നും,” 30കളിൽ എത്തിനിൽക്കുന്ന മുബീന ഓർത്തെടുത്തു.
പിന്നീട് മൊഹ്‌സിന് സെറിബ്രൽ പാൾസി ആണെന്ന് തിരിച്ചറിഞ്ഞു. അന്ന് തൊട്ടിങ്ങോട്ട് മുബീന അവരുടെ ഭൂരിഭാഗ സമയവും മകന്‍റെ പരിചരണത്തിനായി ചെലവഴിക്കുന്നു. “അവന്‍റെ മൂത്രം എടുക്കണം, കിടക്ക കഴുകണം, തുണികൾ കഴുകണം, അവനെ നേരെ ഇരുത്തണം. എപ്പോഴും അവനെന്‍റെ മടിയിലായിരിക്കും,” അവർ പറയുന്നു.
2019-ൽ വിള്ളലുകൾ വന്ന ചുമരുകളും പകുതി പണിഞ്ഞ മേൽക്കൂരയുമടങ്ങിയ ഈ ഒഴിഞ്ഞ കോണ്ക്രീറ്റ് കെട്ടിടങ്ങളുള്ള രഖ്-ഏ-അർഥ് പുനരധിവാസ കോളനിയിൽ എത്തും വരെ ഈ കുടുംബത്തിന്‍റെ കഷ്ടപ്പാടുകൾ താരതമ്യേന കുറഞ്ഞതായിരുന്നു.
ദാൽ തടാകത്തിലെ മീര്‍ ബേഹ്രി പ്രദേശത്താണ് അവർ മുൻപ് താമസിച്ചിരുന്നത്. മുബീനക്ക് ജോലിയും വേതനവും ഉണ്ടായിരുന്നു. “മാസത്തിൽ 10 മുതൽ 15 ദിവസം വരെ ഞാൻ ദാൽ തടാകത്തിലെ പുല്ലരിയുമായിരുന്നു,” അവർ പറയുന്നു. ഇതു വെച്ച് അവർ പായകൾ ഉണ്ടാക്കി ഒന്നിന് 50 രൂപ വെച്ച് അങ്ങാടിയിൽ വിൽക്കുമായിരുന്നു. കൂടാതെ മാസത്തിൽ 15 മുതൽ 20 ദിവസങ്ങളോളം അവർ തടാകത്തിലെ ആമ്പൽ പറിച്ച് നാലു മണിക്കൂറിന് 300 രൂപ വെച്ച് സമ്പാദിക്കുമായിരുന്നു. അർഷിദ് കാര്‍ഷികവൃത്തിയിലൂടെ 1,000 രൂപ ദിവസവേതനത്തിൽ മാസം 20-25 ദിവസത്തോളം (സീസണിൽ) സമ്പാദിക്കുമായിരുന്നു. പച്ചക്കറികൾ വിറ്റ് ദിവസം 500 രൂപയും ഉണ്ടാക്കുമായിരുന്നു.
കുടുംബത്തിന്‍റെ മാസവരുമാനം ദൃഢമായിരുന്നു. ജീവിതം നന്നായി മുന്നോട്ട് കൊണ്ടുപോകാനും അവർക്ക് കഴിഞ്ഞു. മൊഹ്‌സിന് വേണ്ടി സന്ദർശിക്കേണ്ടിയിരുന്ന ഡോക്ടർമാരും ആശുപത്രികളുമെല്ലാം മീര്‍ ബേഹ്രിയിൽ തന്നെ ഉണ്ടായിരുന്നു.
“പക്ഷെ മൊഹ്‌സിൻ ജനിച്ചതിനു ശേഷം ഞാൻ ജോലിക്ക് പോകുന്നത് നിർത്തി,” മുബീന പറയുന്നു. “എന്‍റെ ഭർത്താവിന്‍റെ അമ്മക്ക് പരാതിയായി ഞാൻ എപ്പോഴും കുഞ്ഞിന്‍റെ കൂടെയാണെന്നും അവരെ വീട്ടിൽ സഹായിക്കുന്നില്ലെന്നും. പിന്നെയെന്താണ് ഞങ്ങളെ അവിടെ (മീര്‍ ബേഹ്രിയിൽ) താമസിപ്പിക്കുന്നതിന്‍റെ അർത്ഥം?”
മുബീനയോടും അർഷിദിനോടും വീടു വിട്ടിറങ്ങാൻ ആവശ്യപ്പെട്ടു. അവർ അടുത്ത് തന്നെ ഒരു കൊച്ചു തകരക്കൂര പണിതു. ആ ദുർബലമായ പാർപ്പിടം 2014 സെപ്റ്റംബറിലെ വെള്ളപ്പൊക്കത്തിൽ തകർന്നു വീണു. അവർ ബന്ധുക്കളുമായി മാറി താമസിച്ചു, വീണ്ടും മാറി താമസിച്ചു – ഓരോ തവണയും താൽക്കാലിക കെട്ടിടങ്ങളിൽ.
പക്ഷെ എല്ലാ തവണയും മൊഹ്‌സിന്‍റെ ഡോക്ടർമാരും ആശുപത്രികളും ലഭ്യമാവുന്ന അകലത്തിലായിരുന്നു.
2017-ൽ ജമ്മു ആൻഡ് കശ്‌മീർ ലേക്‌സ് ആൻഡ് വാട്ടർ വേയ്‌സ് ഡെവലപ്‌മെന്‍റ് അതോറിറ്റി (LAWDA) ദാൽ തടാക പ്രദേശത്ത് ഒരു പുനരധിവാസ പദ്ധതി തുടങ്ങി. അധികാരികൾ അർഷിദിന്‍റെ പിതാവ് ഗുലാം റസൂൽ അഖൂനിനെ സമീപിച്ചു. 70-കളിൽ എത്തിനിൽക്കുന്ന അദ്ദേഹം തടാകങ്ങളിലെ ദ്വീപുകളില്‍ കര്‍ഷകനാണ്. ദാൽ തടാകത്തിൽ നിന്നും 12 കിലോമീറ്റർ അകലെയുള്ള ബെമിന പ്രദേശത്തെ രഖ്-ഏ-അർഥ് പുനരധിവാസ കോളനിയിൽ 2,000 ചതുരശ്ര അടി ഭൂമിയിൽ വീട് നിര്മിക്കുന്നതിനായുള്ള 1 ലക്ഷം രൂപയുടെ വാഗ്ദാനം അദ്ദേഹം സ്വീകരിച്ചു.
“എന്‍റെ അച്ഛൻ പറഞ്ഞു അദ്ദേഹം പോകുകയാണ്, വേണമെങ്കിൽ എനിക്ക് കൂടെ പോവാം അല്ലെങ്കിൽ ഇവിടെ നിൽക്കാം എന്ന്. അപ്പോഴേക്കും ഞങ്ങൾക്ക് ഒരു മകൻ കൂടെ ജനിച്ചിരുന്നു - 2014-ൽ അലി ജനിച്ചു. ഞാൻ അദ്ദേഹത്തിന്‍റെ കൂടെ പോകാൻ തീരുമാനിച്ചു. അച്ഛന്‍റെ വീടിനു പുറകിലായി (രഖ്-ഏ-അർഥിൽ) ഞങ്ങൾക്ക് കുറച്ച് സ്ഥലം തന്നു, അവിടെ ഞങ്ങൾ നാലു പേർക്കുമായി ഒരു കൊച്ചു കുടിൽ പണിതു,” അർഷിദ് പറയുന്നു.
2019-ലായിരുന്നു അത്. റോഡുകളോ മറ്റ് യാത്രാ മാർഗങ്ങളോ വിദ്യാലയമോ ആശുപത്രിയോ ജോലി സാധ്യതകളോ ഇല്ലാത്ത ഈ വിദൂര കോളനിയിലേക്ക് കുടിയേറിയ 1,000 കുടുംബങ്ങളിൽ ഒന്നായിരുന്നു അഖൂൻ കുടുംബം. വൈദ്യുതിയും വെള്ളവും മാത്രമാണ് അവിടെ ലഭ്യമായിരുന്നത്. “ഞങ്ങൾ ആദ്യത്തെ ക്ലസ്റ്ററും [മൂന്നെണ്ണം ഉള്ളതില്‍] 4,600 പുരയിടങ്ങളുമാണ് തയ്യാറാക്കിയിട്ടുള്ളത്. ഇതുവരെ 2,280 കുടുംബങ്ങൾക്ക് ഭൂമി പതിച്ചു നൽകി,” എൽ.എ.ഡബ്ല്യൂ.ഡി.എയുടെ ഉപാദ്ധ്യക്ഷൻ തുഫൈൽ മട്ടു പറയുന്നു.
ദിവസ വേതന ജോലികൾ കണ്ടെത്തുന്നതിനായി അർഷിദ് രഖ്-ഏ-അർഥിൽ നിന്ന് മൂന്ന് കിലോമീറ്റർ അകലെയുള്ള പണിച്ചന്തയിലേക്ക് പോകും. “അവിടെ രാവിലെ 7 ആവുമ്പോള്‍ കുറേ പേർ എത്തിയിട്ടുണ്ടാകും,” അയാൾ പറയുന്നു, “എന്നിട്ട് ഉച്ച വരെ ജോലിക്കായി കാത്തുനിൽക്കും. എനിക്ക് നിർമാണ സ്ഥലത്തെ കല്ലുകൾ എടുക്കുന്ന പണിയാണ് സാധാരണ കിട്ടാറ്.” 500 രൂപ ദിവസക്കൂലിയുള്ള ഈ ജോലി മാസത്തിൽ 12-15 ദിവസങ്ങളിലേ ലഭിക്കൂ. ദാൽ തടാകത്തിലെ അയാളുടെ വരുമാനത്തിൽ നിന്ന് എത്രയോ താഴെയാണ് അത്.
ജോലിയില്ലാത്തപ്പോൾ ബാക്കിയുള്ളവർ സമ്പാദ്യം ഉപയോഗിച്ച് കഴിഞ്ഞു കൂടാൻ നോക്കും, അർഷിദ് പറയുന്നു. “പക്ഷെ ഞങ്ങൾക്ക് പണമില്ലെങ്കിൽ മൊഹ്‌സിന്‍റെ ചികിത്സ മുടങ്ങും.”
രഖ്-ഏ-അർഥിൽ ആകെ ഒരു ഉപ-ആരോഗ്യ കേന്ദ്രമാണുള്ളത്. അവിടെ പ്രമേഹം, രക്തസമ്മർദം തുടങ്ങിയ അസാംക്രമിക രോഗങ്ങൾ, കുട്ടികളുടെ പ്രതിരോധ കുത്തിവെപ്പ്, ഗർഭകാല പരിശോധനകൾ എന്നിവയൊക്കെയേ കൈകാര്യം ചെയ്യുന്നുള്ളൂ എന്നാണ് ഈ കോളനി സ്ഥിതി ചെയ്യുന്ന ശ്രീനഗറിലെ ബട്ടമാലൂ പ്രവിശ്യയിലെ സോണൽ ആരോഗ്യ ഉദ്യോഗസ്ഥ ഡോ. സമീന ജൻ പറയുന്നത്.
ഒരു ആരോഗ്യ കേന്ദ്രവും ആശുപത്രിയും വരുന്നുണ്ട് രഖ്-ഏ-അർഥിൽ. “കെട്ടിട നിർമ്മാണം പൂർത്തിയായിട്ടുണ്ട്, ഉടൻ തന്നെ പ്രവർത്തനം തുടങ്ങും,” തുഫൈൽ മട്ടൂ പറയുന്നു. “നിലവിൽ ഉപ-ആരോഗ്യ കേന്ദ്രത്തിലെ ഒരു ചെറിയ ചികിത്സാലയം മാത്രമാണ് പ്രവർത്തനയോഗ്യമായിട്ടുള്ളത്. ദിവസവും കുറച്ചു മണിക്കൂറുകളിലേക്ക് ഒരു ഡോക്ടറും അവിടെ വരുന്നുണ്ട്.” അടിയന്തര ആവശ്യങ്ങൾക്ക് 15 കിലോമീറ്റർ അകലെ പന്താ ചൗക്കിലുള്ള നഗര പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പോകണം. അല്ലെങ്കിൽ അഖൂൻ കുടുംബത്തെ പോലെ സൗറയിലെ ആശുപത്രിയിൽ പോകണം.
ഈ കോളനിയിലേക്ക് മാറിയതിനു ശേഷം മുബീനയുടെ ആരോഗ്യം ക്ഷയിച്ചു, അവർക്ക് നിലവിൽ അസാധാരണ കിതപ്പാണ്. “എന്‍റെ കുഞ്ഞിന് വയ്യാത്തതു മൂലം ഞാനും ഒത്തിരി പ്രശ്‌നങ്ങൾ നേരിടുന്നു,” അവർ പറയുന്നു. “അവന്‍റെ കൈകൾ ചലിക്കില്ല, കാലുകൾ ചലിക്കില്ല, തലച്ചോറ് പ്രവർത്തിക്കില്ല. ഞാൻ രാവിലെ തൊട്ട് വൈകുന്നേരം വരെ അവനെ എന്‍റെ മടിയിലിരുത്തും. ദിവസം അവസാനിക്കുമ്പോഴേക്ക് എന്‍റെ ശരീരമാകെ കലശലായ വേദന ആയിരിക്കും. അവനെ കുറിച്ച് വേവലാതിപ്പെട്ടും അവനെ ശുശ്രൂഷിച്ചും ഞാൻ രോഗിയായി. ഡോക്ടറുടെ അടുത്ത് പോകുമ്പോൾ അവർ ചികിത്സ തേടാനും കൂടുതൽ പരിശോധനകൾ നടത്താനും പറയും. ഒരു 10 രൂപ വരുമാനം പോലുമില്ല എന്‍റെ പക്കൽ ചികിത്സ നടത്താൻ.”
അവരുടെ മകന്‍റെ 10 ദിവസത്തേക്കുള്ള മരുന്നിന് ഒരു ബാച്ചിന് 700 രൂപ വെച്ച് ചെലവുണ്ട്. എല്ലാ മാസവും ആവർത്തിച്ചുള്ള പനിക്കും, അൾസറിനും, ചൊറിക്കുമുള്ള ചികിത്സക്കായി അവനെ ആശുപത്രിയിൽ കൊണ്ടു പോകുകയും വേണം. ജമ്മു ആൻഡ് കശ്‌മീർ ബില്‍ഡിംഗ് ആന്‍ഡ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് വെല്‍ഫയര്‍ ബോര്‍ഡ് നൽകുന്ന ലേബർ കാർഡ് വഴി അർഷിദിന്‍റെ ആശ്രിതർക്ക് വർഷത്തിൽ 1 ലക്ഷം രൂപ വരെയുള്ള ചികിത്സകളെല്ലാം സൗജന്യമാണ്. പക്ഷേ, അതിന് വേണ്ട കുറഞ്ഞ വാർഷിക സംഖ്യ അടക്കാനോ, പുതുക്കാൻ വേണ്ട 90 ദിവസം ജോലി ഉറപ്പാക്കാനോ അയാൾക്ക് കഴിയാറില്ല.
“മൊഹ്‌സിന് സ്കൂളിൽ പോകാനോ, കളിക്കാനോ, മറ്റു കുട്ടികളെ പോലെ കാര്യങ്ങളിൽ ഏർപ്പെടാനോ കഴിയില്ല,” ജി.ബി. പന്ത് ആശുപത്രിയിലെ ഡോ. മുദാസിർ റാഥർ പറയുന്നു. അണുബാധ, ചുഴലി, മറ്റു ആരോഗ്യ പ്രശ്നങ്ങൾ എന്നിവകളില്‍നിന്നും സംരക്ഷണത്തിനുള്ള ചികിൽസ, പക്ഷാഘാതത്തിന്‍റെ ശാരീരിക ചികിൽസ എന്നിവ നൽകുക മാത്രമാണ് ഡോക്ടർമാർക്ക് ചെയ്യാൻ കഴിയുന്നത്. “സെറിബ്രൽ പാൾസി ഒരിക്കലും ചികിൽസിച്ചു ഭേദമാക്കാൻ കഴിയാത്ത നാഡീ സംബന്ധ രോഗമാണ്,” ശ്രീനഗറിലെ സർക്കാർ മെഡിക്കൽ കോളേജിലെ ശിശുരോഗ വിദഗ്ദ്ധ ഡോ. ആസിയ ഉൻജൂം വിശദമാക്കുന്നു. “നവജാതശിശുവിന്‍റെ മഞ്ഞപ്പിത്തം ജനനസമയത്ത് തന്നെ ശരിയായി ചികിൽസിച്ചില്ലെങ്കിൽ ഇപ്രകാരം സംഭവിച്ചേക്കാം. അത് മസ്തിഷ്ക ക്ഷയത്തിനും, ചലനവൈകല്യത്തിനും, പക്ഷാഘാത്തിനും, ബുദ്ധിമാന്ദ്യത്തിനും കാരണമായേക്കാം.”
ജോലി കണ്ടെത്താൻ പെടാപ്പാട് പെട്ടും, പല ഡോക്ടർമാരെ ഓടിനടന്ന് കണ്ടും മുബീനയും അർഷിദും അവരുടെ ഭൂരിഭാഗ സമയവും പണവും മൊഹ്‌സിനെയും ഇളയ മകനെയും പരിചരിക്കാനായി ചെലവഴിക്കുന്നു. ഏഴ് വയസ്സ് പ്രായമുള്ള അലി പരാതിപ്പെടുന്നു, “അമ്മ എപ്പോഴും ബായയെ (സഹോദരൻ) മടിയിൽ വെച്ചോണ്ടിരിക്കും. എന്നെ അങ്ങനെ ഇരുത്താറേ ഇല്ല.” അവന് അവന്‍റെ സഹോദരനോട് സൗഹൃദം സ്ഥാപിക്കാൻ ബുദ്ധിമുട്ടാവുന്നു, എന്തെന്നാൽ “അവൻ എന്നോട് സംസാരിക്കുകയോ കൂടെ കളിക്കുകയോ ചെയ്യുന്നില്ല, ഞാൻ ഇത്ര ചെറുപ്പത്തിൽ എങ്ങനെ അവനെ സഹായിക്കാനാ.”
അലി സ്കൂളിൽ പോകുന്നില്ല. “എന്‍റെ അച്ഛന്‍റെ കൈവശം കാശില്ല, പിന്നെ ഞാൻ എങ്ങനെ പോകും” അവൻ ചോദിക്കുന്നു. കൂടാതെ, രഖ്-ഏ-അർഥിൽ സ്കൂളുമില്ല. എൽ.എ.ഡബ്ല്യൂ.എ. വാഗ്‌ദാനം ചെയ്തതാകട്ടെ പണി പൂർത്തിയാകാതെ കിടക്കുന്നു. രണ്ടു കിലോമീറ്റർ അകലെ ബെമിനയിൽ സർക്കാർ സ്കൂളുണ്ട്, പക്ഷേ അത് മുതിർന്ന കുട്ടികൾക്കുള്ളതാണ്.
“രഖ്-ഏ-അർഥിലേക്ക് മാറി ആറ് മാസങ്ങൾക്കകം ഞങ്ങൾക്ക് മനസ്സിലായി അധികകാലം ഇവിടെ തുടരാൻ കഴിയില്ലെന്ന്,” മുബീന പറയുന്നു, “വളരെ പരിതാപകരമാണ് ഇവിടുത്തെ അവസ്ഥ. മൊഹ്‌സിനെ ആശുപത്രിയിൽ കൊണ്ടുപോകാൻ യാത്രാമാർഗ്ഗങ്ങൾ ഇല്ല. അതിന് പണമില്ലാതാകുമ്പോൾ വലിയ ബുദ്ധിമുട്ടാണ് ഞങ്ങൾ അനുഭവിക്കുന്നത്.”
“ഇവിടെ ജോലിയൊന്നും ലഭ്യമല്ല,” അർഷിദ് കൂട്ടിച്ചേർക്കുന്നു. “എന്തു ചെയ്യും ഞങ്ങൾ? ഞാൻ പണിയന്വേഷിക്കും, അല്ലെങ്കിൽ കടം എടുക്കും. മറ്റൊരു മാർഗ്ഗവും ഞങ്ങൾക്ക് മുന്നിലില്ല.”
പരിഭാഷ: അഭിരാമി ലക്ഷ്മി