चाण्डालश्च वराहश्च कुक्कुटः श्वा तथैव च ।
रजस्वला च षण्ढश्च नैक्षेरन्नश्नतो द्विजान् ॥
ഒരു ദ്വിജൻ ഭക്ഷണം
കഴിക്കുന്നത്,
ചണ്ഡാളനോ, നാട്ടുപന്നിയോ, പൂവൻകോഴിയോ,
പട്ടിയോ
ഋതുമതിയോ, നപുംസകമോ
നോക്കുന്നത് നിഷിദ്ധമാണ്
— മനുസ്മൃതി 3.239
വെറുമൊരു ഒളിഞ്ഞുനോട്ടമായിരുന്നില്ല. ഈ ഒമ്പതുവയസ്സുകാരന്റെ കുറ്റം അതിനേക്കാൾ ഗുരുതരമായിരുന്നു. മൂന്നാം ക്ലാസ്സുകാരനായ ഇന്ദ്ര കുമാർ മേഘ്‌വാൾ എന്ന കുട്ടിക്ക് അവന്റെ ദാഹം അടക്കാനായില്ല. സവർണ്ണരായ അദ്ധ്യാപകർക്കുവേണ്ടി മാറ്റിവെച്ച കുടത്തിൽനിന്നുള്ള വെള്ളം, ആ ദളിതനായ ആൺകുട്ടി കുടിച്ചു.
ശിക്ഷ കിട്ടുകയും ചെയ്തു. രാജസ്ഥാനിലെ സുരാന ഗ്രാമത്തിലെ സരസ്വതി വിദ്യാ മന്ദിർ എന്ന സ്കൂളിലെ ചായ്‌ൽ സിംഗ് എന്ന സവർണ്ണ അദ്ധ്യാപകൻ അവനെ തല്ലിച്ചതച്ചു.
25 ദിവസങ്ങൾക്കുശേഷം, 7 ആശുപത്രികൾ കയറിയിറങ്ങിയ ജലോർ ജില്ലയിലെ ആ കുട്ടി, സ്വാതന്ത്ര്യദിനത്തലേന്ന്, അഹമ്മദാബാദിലെ ഒരു നഗരത്തിൽവെച്ച് എന്നന്നേക്കുമായി കണ്ണടച്ചു.
കൂജയിലെ പുഴുക്കൾ
ഒരിക്കൽ
ഒരു സ്കൂളിൽ ഒരു കൂജയുണ്ടായിരുന്നു
അദ്ധ്യാപകൻ ദിവ്യനുമായിരുന്നു
നിറച്ചുവെച്ച മൂന്ന് സഞ്ചികൾ
അവർ കൊണ്ടുവന്നു.
ഒന്ന് ബ്രാഹ്മണന്,
ഒന്ന് രാജാവിന്,
പിന്നെ ഒന്ന്,ചില്ലിത്തുട്ടുകൾ
കൊണ്ടുവരുന്ന
ഒരു ദളിതനും.
ഇല്ലാത്തൊരു നാട്ടിൽ ഒരിക്കൽ,
ഇരട്ടിസമയത്തിൽ,
“ദാഹം തെറ്റാണെന്ന്
നിന്റെ അദ്ധ്യാപകൻ ഇരുവട്ടം
ജനിച്ചതാണെന്ന്
ജീവിതം ഒരു കളങ്കമാണെന്ന്
നീ, കൂജയിൽ കഴിയുന്ന
പുഴുവാണെന്ന്”
കൂജ കുട്ടിയെ പഠിപ്പിച്ചു
കുടത്തിന് വിചിത്രമായൊരു
പേരുണ്ടായിരുന്നു
സനാതന ദേശം
“നിന്റെ നിറം പാപമാണ് കുഞ്ഞേ,
നിന്റെ വംശം നശിക്കാനുള്ളതാണ് കുഞ്ഞേ,
എന്നിട്ടും, വരണ്ട
മണൽക്കൂനപോലുള്ള കടലാസ്സുനാവിനാൽ
അവൻ ആ നനവിൽനിന്ന് ഒരുതുള്ളി കുടിച്ചു
കഷ്ടം!
സഹിക്കാവുന്നതിലുമപ്പുറമായിരുന്നു
ദാഹം
“കൊടുക്കൂ, സ്നേഹിക്കൂ, പങ്കിടൂ”
എന്ന്
പുസ്തകങ്ങളിൽ പറഞ്ഞിട്ടില്ലേ,
അവന്റെ കൈകൾ ആ തണുത്ത
കൂജയിൽത്തൊട്ടു
അദ്ധ്യാപകൻ ദിവ്യനായിരുന്നു
അവൻ, ഒരു വെറും ഒമ്പതുവയസ്സുകാരനും.
മുഷ്ടികൊണ്ട് ഒരു ഇടി, ഒരു ചവിട്ട്
നന്നായി പ്രയോഗിച്ച ഒരു ചൂരൽ
കുട്ടിയെ മെരുക്കി
തീരാത്ത കലിയോടെ ദിവ്യൻ ചിരിച്ചു
ഒരു അസംബന്ധ കവിതപോലെ
ഇടത്തേ കണ്ണിൽ ഒരു മുറിവ്
വലത്തേ കണ്ണിൽ പുഴുക്കൾ
ചുണ്ടുകൾ കറുത്ത് കരുവാളിച്ചുപോയിരുന്നു
അദ്ധ്യാപകന് സന്തോഷമായി
അവന്റെ ദാഹം പവിത്രമായിരുന്നു
അവന്റെ വംശം പരിശുദ്ധമായിരുന്നു
അവന്റെ ഹൃദയമാകട്ടെ,
മരണം അധിവസിക്കുന്ന ഒരു പൊത്തും
ഒരു നിശ്വാസത്തോടെ,
‘എന്ത്‘ എന്ന ഒരു ചോദ്യത്തോടെ
വർദ്ധിച്ച വെറുപ്പോടെ
മെരുങ്ങാത്ത ദേഷ്യത്തോടെ
ദാഹത്തെ മെരുക്കി
ക്ലാസ്സിലെ ബ്ലാക്ക്ബോർഡ്
മൂളിക്കരഞ്ഞു,
ശ്മശാനത്തിലെ മണിയനീച്ചയെപ്പോലെ
പണ്ടുപണ്ടൊരിടത്ത്
ഒരു സ്കൂളിൽ ഒരു
മൃതദേഹമുണ്ടായിരുന്നു,
അതെ സർ, അതെ സർ,
മൂന്ന് തുള്ളി നിറയെ,
ഒരു തുള്ളി ക്ഷേത്രത്തിന്,
ഒരു തുള്ളി രാജാവിന്,
ഒരു തുള്ളി
ദളിതുകളെ മുക്കിക്കൊല്ലുന്ന കൂജയ്ക്കും
പരിഭാഷ: രാജീവ് ചേലനാട്ട്