മാസങ്ങളായി ആന്ധ്രാപ്രദേശിന്റെ പുതിയ തലസ്ഥാനമായ അമരാവതിയിൽ കെട്ടിടംപണിക്കാരായി ജോലിചെയ്തശേഷം, ബീഹാറിലെ സ്വന്തം ഗ്രാമമായ ബെൽഗച്ചിയിലേക്ക് മടങ്ങാനായി, വിജയവാഡാ ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിലെ പത്താം നമ്പർ പ്ലാറ്റ്ഫോമിൽ ബംഗളുരുവിൽനിന്നും പാട്നയിലേക്ക് പോകുന്ന സംഘമിത്ര എക്സ്പ്രസ്സിനുവേണ്ടി കാത്തുനിൽക്കുകയാണ് ഏകദേശം പത്ത് കുടിയേറ്റത്തൊഴിലാളികൾ.
"അവർ കഴിഞ്ഞ അരമണിക്കൂറിൽ മൂന്നുതവണയെങ്കിലും ഞങ്ങളോട് ടിക്കറ്റ് കാണിച്ചുകൊടുക്കാൻ ആവശ്യപ്പെട്ടു", 24-കാരനായ മുഹമ്മദ് ആലം പറഞ്ഞു. "ഇവറ്റകൾ ടിക്കറ്റ് വാങ്ങില്ല", പ്ലാറ്റ്ഫോമിൽ അങ്ങിങ്ങായി നിന്നിരുന്ന ടിക്കറ്റ് പരിശോധകരിൽ ഒരാൾ എന്നോട് പറഞ്ഞു, "അതുകൊണ്ട് ചില തീവണ്ടികളിൽ കൂടുതൽ ടിക്കറ്റ് പരിശോധകരെ നിയമിക്കേണ്ടിവരാറുണ്ട്. വടക്കേ ഇന്ത്യയിലേക്കും കിഴക്കൻ ഭാഗത്തേക്കും പോകുന്നവരെ കൂടുതൽ ശ്രദ്ധിക്കണം ", അയാൾ കൂട്ടിച്ചേർത്തു.
ഭീമൻ നിർമ്മാണ കമ്പനികളായ ലാർസെൻ ആൻഡ് ടൂബ്രോ (L&T), ഷപൂർജി പല്ലോൻജി പ്രൈവറ്റ് ലിമിറ്റഡ്, എന്നിവിടങ്ങളിൽ ദിവസക്കൂലിക്കായി പണിയെടുത്തിരുന്ന നിർമ്മാണത്തൊഴിലാളികളാണ് തങ്ങളുടെ ജന്മദേശമായ പുർണിയ ജില്ലയിലെ ഡഗരുവ ബ്ലോക്കിലേക്ക് മടങ്ങുന്നത്. ഇത്തരം വമ്പൻ നിർമ്മാണ കമ്പനികളും കോർപ്പറേറ്റ് ഭീമന്മാരും ചേർന്ന് അമരാവതിയെ 'ജസ്റ്റിസ് സിറ്റി' അഥവാ എംഎൽ.എ. മാരുടെ വാസസ്ഥലങ്ങളും ഐഎഎസ് ഓഫീസർ കോളനികളുമടങ്ങുന്ന ഒരു ഹൈ കോർട്ട് ക്യാമ്പസാക്കി മാറ്റാനുള്ള ഉദ്യമത്തിലാണ്.
തിങ്ങിനിറഞ്ഞ സംഘമിത്ര എക്സ്പ്രസ്സ് പ്ലാറ്റഫോമിനോടടുക്കുമ്പോൾ, ടിക്കറ്റ് പരിശോധകരുടെ ഒരു കൂട്ടം ജനറൽ കമ്പാർട്മെന്റിലേക്ക് ഓടിയെത്തി, ട്രെയിനിന്റെ വാതിലിൽ തൂങ്ങിനിൽക്കുന്ന തൊഴിലാളികളെ പിടികൂടി, അവരോട് ടിക്കറ്റ് കാണിക്കാൻ ആവശ്യപ്പെട്ടു. ഇതേസമയം, ആലം, അവന്റെ സുഹൃത്തുക്കളോടൊപ്പം തിരക്കേറിയ ബോഗിക്കുള്ളിൽ കയറിപ്പറ്റാൻ പ്രയാസപ്പെടുകയായിരുന്നു.
“ട്രെയിനിലെ തിരക്ക് സഹിക്കാവുന്നതിലും എത്രയോ കൂടുതലാണ്. ഹൈദരാബാദിൽനിന്നോ ബെംഗളൂരുവിൽനിന്നോ ചെന്നൈയിൽനിന്നോ യാത്ര തുടങ്ങുന്ന ട്രെയിനുകളായതിനാൽ തിങ്ങിനിറഞ്ഞാണ് ഇവിടെ എത്തുന്നത്” ആലം പറഞ്ഞു. ഗുണ്ടൂർ ജില്ലയിലെ തുള്ളൂർ മണ്ഡലത്തിലെ നെലപാഡ് ഗ്രാമത്തിലെ ഒരു നിർമ്മാണ സൈറ്റിൽവെച്ചാണ് ഞാൻ ആദ്യമായി ആലാമിനെ പരിചയപ്പെട്ടത്.
യാത്രക്കാരുടെ എണ്ണം കണക്കാക്കാനായി ഞാൻ കമ്പാർട്മെന്റിൽ കയറിപ്പറ്റാൻ ശ്രമിച്ചു. ഏതാണ്ട് 200-ഓളം പുരുഷ തൊഴിലാളികളാണ് കേവലം അമ്പതുപേർക്ക് മാത്രം യാത്ര ചെയ്യാൻ പറ്റുന്ന ബോഗിക്കുള്ളിലുണ്ടായിരുന്നത്. ഇവരിൽ മിക്കവരും തറയിൽ ഇരുന്നോ നിന്നോ ആണ് യാത്ര ചെയ്യുന്നത്. മറ്റുചിലർ സീറ്റുകളിൽ തിങ്ങിനിറഞ്ഞ് ഇരുന്നിരുന്നു.
"പാട്ന എത്താനായി ഇത്പോലെ 40 മണിക്കൂർ ട്രെയിനിൽ യാത്ര ചെയ്യണം. അവിടെനിന്ന് ഞങ്ങളുടെ ഗ്രാമത്തിലെത്താൻ ഒരു 10 മണിക്കൂർ പിന്നെയും ബസ്സിൽ സഞ്ചരിക്കണം", ആലമിന്റെ 19-കാരനായ സഹോദരൻ മുഹമ്മദ് റിസ്‌വാൻ അറിയിച്ചു. റിസ്‌വാൻ അവനുവേണ്ടി ഒരു താത്കാലിക മെത്ത ഒരുക്കിയിട്ടുണ്ട്. രണ്ട് വടികളിൽ ഊഞ്ഞാൽപോലെ കെട്ടിയ ഒരു പുതപ്പായിരുന്നു അവന്റെ കിടക്ക. "ഞങ്ങളുടെ ഗ്രാമത്തിൽനിന്നുള്ള 22 പേർ അമരാവതിയിൽ ജോലിചെയ്യുന്നുണ്ട്", അവൻ തുടർന്നു.
കുടിയേറ്റത്തൊഴിലാളികളെ അമരാവതിയിലെത്തിച്ചത് മുഹമ്മദ് സുബൈർ എന്ന കരാറുകാരനാണ്. "ഏതാണ്ട് 100-ഓളം പേർ എന്റെ കീഴിൽ പണിയെടുക്കുന്നുണ്ട്. ബംഗളുരുവിലും, ഹൈദരാബാദിലും, ചെന്നൈയിലും നടക്കുന്ന എൽ & ടി.യുടെ നിർമ്മാണ പദ്ധതികളിലേക്ക് തൊഴിലാളികളെ വിതരണം ചെയ്യുന്നത് ഞാനാണ്, നേപ്പാളിലേക്കും ആളുകളെ അയയ്ക്കുന്നുണ്ട്", സുബൈർ പറഞ്ഞു. കരാറുകാരനായ സുബൈറും പുർണിയ ജില്ലക്കാരനാണ്.
2018 ജനുവരിയിലാണ് ആലമും റിസ്‌വാനും ആദ്യമായി അമരാവതിയിൽ എത്തിയത്. "ഞങ്ങളുടെ കുടുംബസ്വത്തായ ഏഴേക്കർ സ്ഥലത്ത് ഞങ്ങൾ നെല്ലും ഗോതമ്പും കൃഷിചെയ്യാറുണ്ട്. ഞങ്ങളുടെ രണ്ട് സഹോദരന്മാരും അച്ഛനും അമ്മയും ചേർന്നാണ് കൃഷി നോക്കിനടത്തുന്നത്. നാലുമാസത്തെ കെട്ടിടം പണിക്കുശേഷം ഞങ്ങൾ തിരികെ ഗ്രാമത്തിലേക്ക് പോകു,. അപ്പോഴേക്കും കൊയ്ത്തുകാലം തുടങ്ങിയിട്ടുണ്ടാവും. കൊയ്ത്തിനുശേഷം ഞങ്ങൾ പോയി രണ്ടാം വിള വിതയ്ക്കും (ഇതിന് കൂടുതൽ പേരുടെ അധ്വാനം ആവശ്യമാണ്). ഏകദേശം ഒരുമാസത്തിനുശേഷം തെക്കേ ഇന്ത്യയിലേക്കുള്ള വണ്ടിയിൽ കയറി, കരാറുകാരൻ പറയുന്ന സ്ഥലങ്ങളിലേക്ക് ജോലിക്കായി പോവും. അതാണ് പതിവ്," റിസ്‌വാൻ തുടർന്നു.
"ഈ യാത്രകളും ഗ്രാമത്തിൽനിന്ന് മാറിനിൽക്കലും എല്ലാം ബുദ്ധിമുട്ടായിക്കൊണ്ടിരിക്കുകയാണ്”, ആലം കൂട്ടിച്ചേർത്തു. കഴിഞ്ഞ ആറുവർഷമായി ആലം ഒരു നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്യാൻ തുടങ്ങിയിട്ട്. ദിവസേനയുള്ള 12 മണിക്കൂർ ഡ്രില്ലിങ് ജോലിയിൽനിന്ന് 350 രൂപ സമ്പാദിക്കാറുണ്ട് അയാൾ. "രാവിലെ 8 മണി മുതൽ വൈകീട്ട് 8 മണിവരെയോ രാത്രി 8 മുതൽ രാവിലെ 8 വരെയോ ഒക്കെയാണ് പതിവായുള്ള ജോലിസമയം" ആലം പറഞ്ഞു. അവന്റെയും റിസ്‌വാന്റെയും ആകെ വരുമാനം ആ സീസണിലെ അവർ ജോലി ചെയ്യുന്ന ദിവസങ്ങളുടെ എണ്ണത്തിനെ ആശ്രയിച്ചിരിക്കും.
ബിഹാർ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ്, ഒഡീഷ, അസം എന്നിവിടങ്ങളിൽനിന്നുള്ള 10,000-ത്തോളം ആളുകൾ അമരാവതിയിലെ എൽ.ആൻഡ്.ടി, ഷപൂർജി പല്ലോൻജി നിർമ്മാണ സൈറ്റുകളിൽ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്ക്.
മിക്ക കുടിയേറ്റത്തൊഴിലാളികളും താമസിക്കുന്നത് നിർമ്മാണസ്ഥലത്തിന്റെ അരികെയുള്ള ലേബർ കോളനികളിലാണ്. അവിടെ അവർ ജീവിക്കുന്നതാകട്ടെ സിമെന്റും അസ്‌ബെസ്റ്റോസുംകൊണ്ട് നിർമിക്കുന്ന താത്കാലികമായ കൂരകളിലും. "ഞങ്ങൾ 20 ഓളം പേർ ഒരു ചെറിയ മുറിയിലാണ് താമസിക്കുന്നത്. ഞങ്ങൾ അവിടെ ഭക്ഷണം പാകം ചെയ്യുകയും, കഴിക്കുകയും, വിശ്രമിക്കുകയും ചെയ്യുന്നു. മഴ പെയ്താൽ ആ കോളനി മുഴുവൻ ഒരു ചതുപ്പുനിലമായി മാറും", ആലം പറഞ്ഞുനിർത്തി.
ചില തൊഴിലാളികൾ പുകയില ഉണക്കുകയും പൊടിക്കുകയും ചെയ്യുന്ന പുകയിലത്തൊഴുത്തുകളിൽ താമസിക്കാറുണ്ട്. അവർ ആ സ്ഥലത്തിന് പ്രതിമാസം 1,000 രൂപ വരെ വാടക കൊടുക്കുന്നു. "കളപ്പുരയിൽ വായുസഞ്ചാരം കുറവും താപനില കൂടുതലുമാണ്. എന്നാൽ ലേബർ കോളനികളുടെ അവസ്ഥ ഇതിനേക്കാൾ പരിതാപകരമായതിനാൽ ചിലർ ഇവിടെത്തന്നെ തങ്ങും", 24-കാരനായ വിവേക് സിൽ പറഞ്ഞു. പശ്ചിമ ബംഗാളിലെ ഹൂഘലി ജില്ലയിൽ സ്ഥിതിചെയ്യുന്ന താരാകേസ്വർ ബ്ലോക്കിലെ താരാകേസ്വർ ഗ്രാമവാസിയാണ് വിവേക്. അമരാവതിയിലെ 'ജസ്റ്റിസ് സിറ്റി' നിർമ്മാണത്തിനായി എത്തുന്നതിനുമുൻപ് നവംബർ 2017വരെ വിവേക് ഹൈദരാബാദ് മെട്രോ റെയിലിന്റെ നിർമ്മാണത്തൊഴിലാളിയായി ജോലി ചെയ്തിരുന്നു. ശേഷം അവൻ അമരാവാതിയിലേക്കെത്തി. "ഹൈദരാബാദിലെ ജോലി ഇതിനേക്കാൾ എത്രയോ ഭേദമായിരുന്നു. മാത്രവുമല്ല, ഞങ്ങൾ ഒഴിവുദിവസങ്ങളിൽ ചാർമിനാറിലും, ഹുസൈൻ സാഗറിലും പാർക്കുകളിലും കറങ്ങാൻ പോകാറുണ്ടായിരുന്നു. ഇവിടെ അതൊന്നുമില്ല", വിവേക് പറഞ്ഞു.
നിർമ്മാണത്തൊഴിലാളിയായി ജോലിചെയ്യാൻ തുടങ്ങിയിട്ട് അനവധി വർഷങ്ങളായെങ്കിലും വിവേക് സിൽ ഇന്നും ഒരു താത്കാലിക ജോലിക്കാരനാണ്, അവന് ഇതുവരെ സ്ഥിരനിയമനം ലഭിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സ്ഥിരനിയമിതരായ തൊഴിലാളികൾക്ക് ലഭിക്കുന്ന ഇൻഷുറൻസോ പ്രൊവിഡന്റ് ഫണ്ടോ മറ്റ് നിയമ പരിരക്ഷയോ വിവേകിന് ലഭിക്കാറില്ല. നിർമ്മാണസ്ഥലത്തെ മറ്റ് തൊഴിലാളികളെപ്പോലെ വിവേകും ആഴ്ചയിൽ ഏഴുദിവസവും 12 മണിക്കൂർവീതം ഷിഫ്റ്റിൽ ജോലിചെയ്യുന്നു. ജോലിയില്ലാത്ത ദിവസങ്ങളിൽ അവന് വേതനം കിട്ടാറില്ല.
പശ്ചിമ ബംഗാളിൽനിന്നുള്ള മറ്റ് കുടിയേറ്റക്കാർ അമരാവതിയിൽ പച്ചക്കറിക്കച്ചവടവും മരുന്ന് കടകളും നടത്തിവരുന്നു. അമരാവതിയെന്ന മെഗാ ക്യാപിറ്റൽ സിറ്റിയിൽ ആദ്യമായി കച്ചവടത്തിനെത്തിയത് അവരായിരുന്നു. അതല്ലാതെ, ചന്ദ്രബാബു നായിഡു അവകാശപ്പെട്ടതുപോലെ, അന്തർദേശീയ കോർപ്പറേറ്റ് ഭീമന്മാരോ, സിങ്കപ്പൂരിൽനിന്നും ജപ്പാനിൽനിന്നുമുള്ള സംരംഭകരോ അല്ല.
ശുഭാങ്കർ ദാസ് എന്ന 42-കാരൻ 3,000 രൂപയ്ക്ക് നിർമ്മാണസ്ഥലത്തിനടുത്തായി സ്ഥലം വാടകയ്ക്കെടുത്താണ് ഒരു ചെറിയ മരുന്നുകട നടത്തുന്നത്. "കരാറുകാർ ഞങ്ങളെ ഇങ്ങോട്ടേക്ക് വിളിച്ചത് തൊഴിലാളികൾക്ക് ഇവിടുത്തെ പ്രാദേശിക ഭാഷ കൈകാര്യം ചെയ്യാൻ അറിയാത്തതുകൊണ്ടാണ്," ദാസ് വിശദീകരിച്ചു. ദാസ് ബീഹാറിൽനിന്നുള്ള കുടിയേറ്റത്തൊഴിലാളികളോട് ഹിന്ദിയിലാണ് സംസാരിക്കുക.
ദാസിനെപോലെത്തന്നെ പശ്ചിമ ബംഗാളിൽനിന്നും അമരാവതിയിലേക്ക് കുടിയേറി കച്ചവടം നടത്തുന്നയാളാണ് റഫീഖുൽ ഇസ്ലാം സദർ. ഒരു നിർമ്മാണകേന്ദ്രത്തിന്റെ അരികിലായി അയാൾ പച്ചക്കറി കച്ചവടം നടത്തുന്നു. "ഞാൻ ദിവസക്കൂലിയായി ഏകദേശം 600-700 രൂപ സമ്പാദിക്കും. ബംഗാളികൾ ഇവിടെ ജോലി ചെയ്യുന്നുണ്ടെന്ന് പരിചയക്കാരിലൊരാൾ പറഞ്ഞറിഞ്ഞിട്ടാണ് ഞാൻ കൊൽക്കത്തയിൽനിന്നും ഇവിടെ എത്തിയത്", 48-കാരനായ സദർ അറിയിച്ചു.
സിംഗപ്പൂരിൽനിന്നുള്ള നിർമ്മാണക്കമ്പനികളുടെ കൺസോർഷ്യം തയ്യാറാക്കിയ അമരാവതി സുസ്ഥിര തലസ്ഥാന നഗരവികസന പദ്ധതിയുടെ മാസ്റ്റർ പ്ലാൻ 2035-ഓടെ 33.6 ലക്ഷം തൊഴിലവസരങ്ങളും 2050-ഓടെ 56.5 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്നാണ് അവകാശപ്പെടുന്നത്. "സംസ്ഥാനത്തെ ഓരോ കുടുംബത്തിലും ഒരാൾക്ക് ഒരു ജോലിവീതം ലഭിക്കും" എന്നാണ് 2014-ലെ തിരഞ്ഞെടുപ്പ് പ്രചരണത്തിൽ ചന്ദ്രബാബു നായിഡു വാഗ്ദാനം ചെയ്തത്. എന്നാൽ, അമരാവതിയിലെ കുടുംബങ്ങൾക്ക് ലഭ്യമായ സ്ഥിരതയുള്ള ഒരേയൊരു ജോലി കെട്ടിടനിർമ്മാണമാണ്.
"ഇവിടെ ലഭ്യമായ ചെറുകിട ജോലികൾപോലും കരാറടിസ്ഥാനത്തിലുള്ളവയാണ്. അത്തരത്തിലുള്ള ജോലികളാവട്ടെ തൊഴിലാളികൾക്കുള്ള അവകാശങ്ങളും അർഹമായ നിയമപരിരക്ഷയും നിഷേധിക്കുന്നവയുമാണ്. ഇതൊരു വലിയ മാറ്റത്തിന്റെ തുടക്കമായി കണക്കാക്കിയാൽപ്പോലും സംസ്ഥാന സർക്കാരിന്റെ ജോലിവാഗ്ദാന കണക്കുകൾ അതിശയോക്തിയായി മാത്രമേ കാണാൻ പറ്റുകയുള്ളൂ," നഗരങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്ന ഫ്രാൻസിലെ ലില്ലെ സർവകലാശാലയിലെ ജിയോഗ്രഫി ആൻഡ് പ്ലാനിംഗ് പ്രൊഫസറായ എറിക് ലെ ക്ലെർക്ക് എന്ന പ്രൊഫസർ പറയുന്നു.
എന്നാൽ തൊഴിലാളികൾക്ക് മറ്റ് മാർഗ്ഗങ്ങളില്ലാത്തതിനാൽ, ശാശ്വതമല്ലാത്ത ജോലിയുടെയും കാലാനുസൃതമായ കുടിയേറ്റത്തിന്റെയും ചക്രം കറങ്ങിക്കൊണ്ടേയിരിക്കുന്നു. ചിലപ്പോൾ വിളവെടുപ്പിനും വിതയ്ക്കലിനുംവേണ്ടി വീട്ടിലേക്ക് മടങ്ങും. വിജയവാഡയിൽനിന്ന് വിശാഖപട്ടണത്തേക്കുള്ള കോറോമാണ്ടൽ എക്‌സ്‌പ്രസിലെ ജനറൽ കമ്പാർട്ട്‌മെന്റിൽ, അമരാവതിയിൽ ജോലി ചെയ്യുന്ന ഒരു കൂട്ടം കുടിയേറ്റത്തൊഴിലാളികൾ സംഘമിത്ര എക്‌സ്‌പ്രസിലെ ആലമിന്റെ ഗ്രൂപ്പിന് സമാനമായ അനുഭവങ്ങളെക്കുറിച്ച് സംസാരിക്കുന്നു. “വടകക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ, ബിഹാർ എന്നിവിടങ്ങളിലേക്ക് പോകുന്ന എല്ലാ ട്രെയിനുകളിലും ഇതുപോലെ തിരക്കാണ്,” ബീഹാറിലെ കതിഹാർ ജില്ലയിൽനിന്നുള്ള 30-വയസ്സുകാരനായ വിജയ് കുമാർ പറയുന്നു. ഭൂരഹിത ദളിത് കുടുംബത്തിൽനിന്നുള്ള അദ്ദേഹം 2017 ജൂൺമുതൽ അമരാവതിയിൽ ജോലി ചെയ്യുന്നു. ഭാര്യയും മൂന്നുവയസ്സുള്ള മകളും ഒരുവയസ്സുള്ള മകനും ഗ്രാമത്തിലുണ്ട്. "2009-ൽ ബംഗളൂരുവിൽ നിർമാണത്തൊഴിലാളിയായി ജോലി ചെയ്യാനാണ് ഞാൻ ആദ്യമായി ബീഹാറിന് പുറത്ത് പോയത്. ഹൈദരാബാദ്, കുർണൂൽ, കൊച്ചി തുടങ്ങി പല സ്ഥലങ്ങളിലും ഞാൻ ജോലി ചെയ്തിട്ടുണ്ട്, ”അദ്ദേഹം പറയുന്നു.
"ഇങ്ങനെ തിക്കിത്തിരക്കി യാത്ര ചെയ്യാൻ എനിക്കൊട്ടും ഇഷ്ടമല്ല പക്ഷേ സ്വന്തം കുടുംബത്തെ കാണാതെ എത്രനാൾ തള്ളിനീക്കും?" അയാൾ ചോദിച്ചു. ഏതാണ്ട് 35 മണിക്കൂർവരെ നീണ്ടുനിൽക്കുന്ന ആ യാത്രയിൽ, അയാളോടൊപ്പം സഞ്ചരിക്കുന്നത് ബന്ധുവായ 25 വയസ്സുകാരനായ മനോജ് കുമാറാണ്. മനോജ് 2017 ജൂൺ മാസംമുതൽ അമരാവതിയിൽ ജോലിചെയ്ത് വരുന്നു. അവർ ലഗേജ് ഡെക്കിന് സമീപം എതിർവശങ്ങളിലായിരുന്ന് നടുവിൽ ഒരു ടൗവൽ വിരിച്ച് ചീട്ട് കളിക്കാൻ തുടങ്ങി.
അധികം വൈകാതെ അവരുടെ ബോഗിയിൽ ഒരു വാക്കുതർക്കമുടലെടുത്തു. ഒരു യാത്രക്കാരൻ തന്റെ സീറ്റിൽ ചാരിയിരുന്ന് യാത്രചെയ്തുകൊണ്ടിരുന്ന യുവാവിനോട് ആക്രോശിക്കുകയും അവനോട് ഇരിക്കാൻ സ്ഥലമാവശ്യപ്പെടുകയും ചെയ്തു. "നിങ്ങൾ നിങ്ങൾക്ക് ചെയ്യാൻ പറ്റുന്നതൊക്കെ ചെയ്തോളു, ഞാൻ ഇവിടെനിന്ന് ഒരിഞ്ചുപോലും അനങ്ങില്ല," ക്ഷീണിതനായ ആ ചെറുപ്പക്കാരൻ മറുപടി കൊടുത്തു. വിജയ് ഇടപെട്ടുകൊണ്ട് പറഞ്ഞു, "സഹോദരാ, നമുക്ക് ഒരു 30 മണിക്കൂർകൂടി ഒരുമിച്ച് യാത്ര ചെയ്യേണ്ടതാണ്. അതുവരെ ഇണക്കത്തോടെ യാത്ര ചെയ്യേണ്ടവരാണ് നമ്മൾ. അവന് നീ ഇത്തിരി സ്ഥലം കൊടുത്താൽ നിനക്കാവശ്യം വരുമ്പോൾ മറ്റുള്ളവർ നിന്നെ സഹായിക്കും." ഇത്രയും കേട്ട ചെറുപ്പക്കാരൻ മറ്റ് രണ്ട് യാത്രക്കാർക്ക് ഇരിക്കാനായി സ്ഥലം നൽകി.
അരമണിക്കൂറിനുശേഷം ട്രെയിൻ വിശാഖപട്ടണത്ത് നിർത്തിയപ്പോൾ ഞാൻ ഇറങ്ങി. ക്ഷീണവും ശരീരവേദനയും കാരണം എനിക്ക് യാത്ര പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. പക്ഷെ വിജയിയും ആലമും ഉൾപ്പെടെ നിരവധി പേർക്ക് വിശ്രമിക്കാൻ ഇനിയും ബഹുദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.
ഈ പരമ്പരയിലെ മറ്റ് കഥകൾ:
‘This is not a people’s capital’
പുതിയ തലസ്ഥാനം, വിഭജനത്തിന്റെ പഴയ രീതികൾ
‘Let the state give us the jobs it promised’
Soaring land prices, falling farm fortunes
പരിഭാഷ: അരുന്ധതി ബാബുരാജ്