പാടത്ത് നടക്കുമ്പോഴും, തടാകത്തിൽ നീന്തുമ്പോഴും, ആകാശത്ത് വെളിച്ചം ചെരിഞ്ഞുവീഴുമ്പോഴും, നിറങ്ങൾ മാറുമ്പോഴും, മണ്ണിനോട് കാത് ചേർത്തുവെക്കുക..ശ്രദ്ധിച്ച് കേൾക്കുക. ആളുകൾ തങ്ങളുടെ ജീവിതത്തെക്കുറിച്ചും, സന്തോഷങ്ങളെക്കുറിച്ചും ഇഷ്ടങ്ങളെക്കുറിച്ചും നഷ്ടങ്ങളെക്കുറിച്ചും പറയുന്നത് കേൾക്കുക. ആ വികാരങ്ങളെല്ലാം ഒരു ചിത്രത്തിൽ പകർത്തി, ആ ആളുകളുടെ മുഖങ്ങളിലേക്കും ആ സ്ഥലശരീരത്തിലേക്കും വായനക്കാരെ കൊണ്ടുപോവുക.
ഇന്ത്യയിലെ ചെറുപട്ടണങ്ങളിലേക്കും ഗ്രാമീണ, നാഗരിക ഹൃദയങ്ങളിലേക്കും ഈ ആറ് ചിത്ര ലേഖനങ്ങൾ നിങ്ങളെ കൊണ്ടുപോകും. പശ്ചിമ ബംഗാളിലെ അവസാനിക്കാത്ത പട്ടിണിയുടേയും മരിച്ചുകൊണ്ടിരിക്കുന്ന കലാരൂപത്തിന്റേയും, ഹിമാചൽ പ്രദേശിലെ ക്വീർ ജനതയുടെ ചെറുത്തുനിൽപ്പുകളുടേയും ആനന്ദങ്ങളുടേയും, സ്വന്തം അനുഭവങ്ങൾ രേഖപ്പെടുത്തുന്ന തമിഴ് നാട്ടിലെ പ്രാന്തവത്കൃത സമുദായങ്ങളുടേയും, പെരുമ്പറയ്ക്കൊപ്പം തലകുത്തിമറിയുകയും നൃത്തമാടുകയും ചെയ്യുന്ന തീരദേശ കർണ്ണാടകയിലെ നാടോടിനൃത്തത്തിന്റേയും ചിത്രങ്ങൾ. വൈവിധ്യപൂർണ്ണമായ ഇന്ത്യയുടെ പ്രകൃതിദൃശ്യങ്ങളിലും സമുദായങ്ങളിലും ഉപജീവനങ്ങളിലും വ്യാപിക്കുന്ന ചിത്രങ്ങൾ.
ക്യാമറ ശക്തമായ ഒരു ആയുധമാണ്. പുറത്തേക്ക് തുറന്നുവെച്ച്, അനീതികൾ പകർത്താനും, ഒരുപക്ഷേ അവയ്ക്ക് പരിഹാരം കണ്ടെത്താൻപോലും ശേഷിയുള്ള സ്വയം പ്രതിഫലനത്തിന്റെ ഒരു സ്രോതസ്സ്
താഴെ പറയുന്ന കഥകൾ ഒന്നുകിൽ നിങ്ങളുടെ ഹൃദയത്തെ കുതിച്ചുചാടിക്കും. അതല്ലെങ്കിൽ, നിങ്ങളുടെ വയറ്റിനൊരു തൊഴി നൽകും.




















