2023 ഡിസബർ 7-ന് ഞങ്ങളുടെ സഹ പരിഭാഷകനും, കവിയും, എഴുത്തുകാരനും, വിദ്യാഭ്യാസവിചക്ഷണനും, കോളമിസ്റ്റും രാഷ്ട്രീയപ്രവർത്തകനുമായ റെഫാത്ത് അൽആരീർ എന്ന ഫലസ്തീൻ സുഹൃത്ത് ഗാസയിൽ നടന്നുകൊണ്ടിരിക്കുന്ന വംശഹത്യയിൽ ഒരു ബോംബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. എന്നാൽ, അദ്ദേഹത്തെ നിശ്ശബ്ദമാക്കിയ ആ ദിവസംതന്നെ, അദ്ദേഹത്തിന്റെ ഒരു കവിത, ലോകമൊട്ടുക്കുമുള്ള പന്ത്രണ്ടോളം ഭാഷകളിൽ പ്രതിധ്വനിച്ചു.
അത്തരമൊരു കാലത്ത്, അത്തരമൊരു ലോകത്തിരുന്നാണ്, പാരിയുടെ ഭാഷലോകത്തെക്കുറിച്ചും അതിന്റെ പങ്കിനെക്കുറിച്ചും ഞങ്ങളുടെ ജോലിയെക്കുറിച്ചും ഞങ്ങൾ ചിന്തിക്കുന്നത്. റെഫാത്തിന്റെ വാക്കുകൾ മനസ്സിലോർത്തുകൊണ്ട് ഞങ്ങൾ തുടങ്ങട്ടെ.
ഞങ്ങളുടെ പോരാട്ടങ്ങൾക്ക് ശബ്ദം നൽകാനും പ്രത്യാക്രമണം നടത്താനും ഞങ്ങൾക്കുള്ളത് ഭാഷ മാത്രമാണ്. സ്വയം പഠിക്കുന്നതിനും മറ്റുള്ളവരെ പഠിപ്പിക്കുന്നതിനും വേണ്ടി ഞങ്ങൾക്ക് ഉപയോഗിക്കാനുള്ള ഏറ്റവും അമൂല്യമായ നിധിയാണ് വാക്കുകൾ. കഴിയുന്നത്ര ഭാഷകളിലൂടെ ഈ വാക്കുകൾ വിനിമയം ചെയ്യാൻ കഴിയണം. കഴിയുന്നത്ര ആളുകളുടെ ഹൃദയത്തേയും മനസ്സിനേയും സ്പർശിക്കാൻ കഴിയുന്ന ഒരു ഭാഷയെയാണ് ഞാൻ വിശ്വസിക്കുന്നത്. മനുഷ്യകുലത്തിന് സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിലൊന്ന് പരിഭാഷയാണ്. തടസ്സങ്ങളെ തകർക്കുകയും പാലങ്ങൾ പണിയുകയും തിരിച്ചറിവിനെ സൃഷ്ടിക്കുകയും ചെയ്യുന്നു അത്. എന്നാൽ ‘മോശപ്പെട്ട’ പരിഭാഷകൾ തെറ്റിദ്ധാരണകൾ സൃഷ്ടിക്കുകയും ചെയ്യും.
ആളുകളെ ഒരുമിപ്പിക്കാനും പുതിയ അവബോധം സൃഷ്ടിക്കാനുമുള്ള പരിഭാഷയുടെ കഴിവിലുള്ള വിശ്വാസമാണ് പാരിഭാഷ ജോലിയുടെ കേന്ദ്രബിന്ദു.
2023 ഞങ്ങളെ സംബന്ധിച്ചിടത്തോളം പ്രസക്തമായ ഒരു വർഷമായിരുന്നു.
രണ്ട് ഭാഷകൾകൂടി – ചത്തീസ്ഗഢിയും ഭോജ്പുരിയും – ചേർത്തുകൊണ്ട്, 14 ഇന്ത്യൻ ഭാഷകളിലാണ് ഇന്ന് പാരി പുറത്തുവന്നുകൊണ്ടിരിക്കുന്നത്.
ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുക എന്നതിനുമപ്പുറത്തേക്ക്, ഗ്രാമീണ പത്രപ്രവർത്തനത്തിന്റെ ഒരു യഥാർത്ഥ ബഹുഭാഷാ പ്ലാറ്റ്ഫോം എന്ന തലത്തിലേക്കുള്ള ഞങ്ങളുടെ മാറ്റത്തെ പ്രതിഫലിപ്പിച്ചുകൊണ്ട് പാരിഭാഷ എന്നൊരു വാക്ക് ഞങ്ങൾക്ക് സ്വായത്തമായ ഒരു വർഷംകൂടിയാണ് 2023.
നമ്മുടെ രാജ്യത്തെ സാധാരണക്കാരായ മനുഷ്യരുടെ നിത്യജീവിതത്തിൽ ഭാഷകൾക്കും മാതൃഭാഷകൾക്കുമുള്ള പങ്കിനെക്കുറിച്ചുള്ള ഞങ്ങളുടെ അന്വേഷണം ഇപ്പോഴും തുടർന്നുകൊണ്ടേയിരിക്കുന്നു. പരിഭാഷകളേയും ഭാഷകളേയും ചുറ്റിപ്പറ്റിയുള്ള ഞങ്ങളുടെ കഥകളിലൂടെയും സംഭാഷണങ്ങളിലൂടെയും പാരിയുടെ സ്ഥാനത്തെ ഞങ്ങൾ ഈ ഇടത്ത് സ്ഥാനപ്പെടുത്തുന്നു.




