പ്രിയപ്പെട്ട പാരി വായനക്കാരേ,
www.ruralindiaonline.org –ന് ഇത് തിരക്കുള്ള വർഷമായിരുന്നു.
2023 അവസാനിക്കുമ്പോൾ, പാരി സംഘം നിങ്ങൾക്കായി വർഷാന്ത്യ അവലോകന പരമ്പര തയ്യാറാക്കുകയാണ്. അവിസ്മരണീയമായ ചില ദൃശ്യങ്ങളുടെ ശീർഷകത്തോടെ; പാരിയിൽ വന്ന റിപ്പോർട്ടുകളിൽനിന്ന് ഞങ്ങളുടെ എഡിറ്റർമാർ തിരഞ്ഞെടുത്ത ഏറ്റവും നല്ല കഥകളും, കവിതകളും, സംഗീതങ്ങളും, ചിത്രങ്ങളും, ഫോട്ടോഗ്രാഫുകളും, പരിഭാഷകളും, ലൈബ്രറിയും, ഫേസസും, സാമൂഹികമാധ്യമവും, വിദ്യാർത്ഥികളുമായുള്ള ഇടപെടലുകളും അടുത്ത ഒമ്പത് ദിവസങ്ങളിലായി ഞങ്ങൾ അവതരിപ്പിക്കുകയാണ്.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി ഞങ്ങൾ കഥകൾ പ്രസിദ്ധീകരിക്കുന്നത് തുടർന്നുപോരുന്നു. ഈ വർഷം, വടക്കു-കിഴക്കൻ പ്രദേശങ്ങളടക്കം പുതിയ ചില സ്ഥലങ്ങളെയും ഞങ്ങൾ പാരിയിൽ ഉൾക്കൊള്ളിച്ചു. കൃഷിയെക്കുറിച്ചുള്ള ഞങ്ങളുടെ റിപ്പോർട്ടിംഗിൽ, മുല്ലപ്പൂക്കൾ, ഉണക്കമത്സ്യങ്ങൾ, ആദിയായവയെക്കുറിച്ച് അപർണ്ണ കാർത്തികേയൻ നടത്തിയ വിശദമായ ഗവേഷണങ്ങളും, മനുഷ്യ-മൃഗ സംഘർഷങ്ങളെക്കുറിച്ചും, വന്യജീവി സങ്കേതങ്ങൾക്കടുത്ത് താമസിക്കുന്ന മനുഷ്യരുടെ ജീവിതത്തിൽ അതുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും ഇടതടവില്ലാതെ ജയ്ദീപ് ഹാർദികർ എഴുതിയ റിപ്പോർട്ടുകളും ഉൾപ്പെടുന്നു. മറ്റൊരുതരം ‘വരൾച്ച’യാണ് അതുണ്ടാക്കുന്നതെന്ന് തിരിച്ചറിയാൻ കഴിയും.
എന്നും അവഗണിക്കപ്പെടുന്ന സമൂഹങ്ങളുടെ – വിഗ്രഹനിർമ്മാതാക്കൾ, ഭിന്നലൈംഗിക നടന്മാർ, മുക്കുവന്മാർ തുടങ്ങിയവരുടെ – അവിസ്മരണീയമായ ചിത്രങ്ങളാണ് പളനി കുമാർ ഒപ്പിയെടുത്തത്. മാറിക്കൊണ്ടിരിക്കുന്ന കാലാവാസ്ഥയുമായി പൊരുത്തപ്പെടാൻ ശ്രമിക്കുന്ന ഇടയന്മാരുടെകൂടെ, കശ്മീരിലേയും ലഡാക്കിലേയും ഉയരംകൂടിയ മലനിരകളിൽ സഞ്ചരിച്ചുകൊണ്ട് റിതായൻ മുഖർജിയും മുസാമിൽ ഭട്ടും ചിത്രങ്ങൾ പകർത്തി. മഹാരാഷ്ട്രയിലെ ഗ്രാമീണമേഖലയിൽ നിലനിൽക്കുന്ന വിവിധതരത്തിലുള്ള അനീതികളെക്കുറിച്ച് – യുവാക്കളായ അത്‌ലറ്റുകളെക്കുറിച്ചും, കുടിയേറ്റക്കാരുടെ മക്കളുടെ വിദ്യാഭ്യാസത്തെക്കുറിച്ചും, ആർത്തവസംബന്ധിയായ വിലക്കുകളെക്കുറിച്ചും മറ്റും ജ്യോതി ഷിനോലി നിരവധി റിപ്പോർട്ടുകൾ എഴുതി. ബിഹാറിലെ മുസാഹർ സമുദായത്തെക്കുറിച്ചും, മദ്യം മൂലമുണ്ടായ മരണങ്ങളെക്കുറിച്ചുമുള്ള ഉള്ളുലയ്ക്കുന്ന കഥകളാണ് പാരി ഫെല്ലോവായ ഉമേഷ് കെ.റേയിൽനിന്ന് കിട്ടിയത്.
സമുദായങ്ങളേയും അവരുടെ പ്രകൃതിസംരക്ഷണത്തെയുംകുറിച്ചുമുള്ള കഥകളിലൂടെ പുതിയ മേഖലകളിലേക്കും പാരി എത്തുകയുണ്ടായി. കിഴക്കൻ ഹിമാലയത്തിലെ ബുഗുൻ ലിയോസിച്‌ല എന്ന പക്ഷികൾ നേരിടുന്ന ഭീഷണിയേയും അത് പരിഹരിക്കാൻ നാട്ടുകർ നടത്തുന്ന ശ്രമങ്ങളേയും വിശാഖ ജോർജ് കണ്ടെത്തി. രാജസ്ഥാനിലെ വംശനാശം വന്നുകൊണ്ടിരിക്കുന്ന ഗ്രേറ്റ് ഇന്ത്യൻ ബുസ്റ്റാർഡ് എന്ന പക്ഷിവർഗ്ഗത്തെക്കുറിച്ചും, കന്യാവനങ്ങളിലേക്ക് അതിക്രമിച്ച് കയറുന്ന പുനരുപയോഗ വൈദ്യുതി പ്ലാന്റുകളെക്കുറിച്ചും പ്രീതി ഡേവിഡ് എഴുതി.
ഓരോരോ കഥകൾ പുതുതായുണ്ടാവുമ്പോഴും ഞങ്ങൾ അവയെയെല്ലാം പകർത്തിവെച്ചു. മഹാരാഷ്ട്രയിൽ പ്രതിഷേധത്തിലേർപ്പെട്ടിരുന്ന കർഷകരോടൊത്ത് ഞങ്ങൾ നടന്നു. ആദിവാസികളോട് അവരുടെ അവകാശങ്ങളെക്കുറിച്ച് ഞങ്ങൾ സംസാരിച്ചു, സമരമാർഗ്ഗത്തിലെത്തിനിൽക്കുന്ന അങ്കണവാടി തൊഴിലാളികളെക്കുറിച്ചും ഞങ്ങൾ എഴുതി. 2023 ഡിസംബറിൽ മധ്യ പ്രദേശിലും ചത്തീസ്ഗഢിലും നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളോടനുബന്ധിച്ച്, ആ സംസ്ഥാനങ്ങളിലെ പൊലീസ് കസ്റ്റഡി മരണങ്ങളെക്കുറിച്ചും, ബുൾഡോസറിലൂടെ നടപ്പാക്കിയ അനീതിക്ക് ഇരയായവരെക്കുറിച്ചും, ഗോത്രവർക്കാർക്കെതിരെ നടക്കുന്ന അതിക്രമങ്ങളെക്കുറിച്ചും പാർത്ഥ് എം.എൻ വിശദമായിത്തന്നെ എഴുതി.
തട്ടകത്തിൽനിന്നുള്ള റിപ്പോർട്ടിംഗിനിടെ, ചിലപ്പോൾ മുസാഫിറുകളുടേതുപോലെയുള്ള (സഞ്ചാരികളുടേതുപോലുള്ള) കഥകളും വീണുകിട്ടിയിട്ടുണ്ട്. മൂർഷിദാബാദിലെ ബീഡിത്തൊഴിലാളികളെക്കുറിച്ച് റിപ്പോർട്ട് ചെയ്യാൻ പോയപ്പോൾ സ്ത്രീകളുടെ പാട്ടിനെക്കുറിച്ചും, കുട്ടികളുടെ നാടകത്തെക്കുറിച്ചുമുള്ള കഥകൾ സ്മിതാ ഖാടോറിന് കിട്ടിയതുപോലുള്ള അനുഭവങ്ങൾ. ചില കഥകൾക്ക് വ്യക്തിപരമായ ഒരു അനുഭവതലമുണ്ടാകാറുണ്ട്. സ്പെഷ്യൽ അദ്ധ്യാപകരെക്കുറിച്ചുള്ള മേധയുടെ കഥ അതിനൊരു ഉദാഹരണമാണ്. സ്വയം ഒരു അദ്ധ്യാപികകകൂടിയാണ് മേധ എന്ന് ഓർമ്മിക്കുക. ഗ്രാമീണ ഇന്ത്യയിലെ ഉത്സവങ്ങളെക്കുറിച്ച് - മാ ബോൺബീബി, ശൈല നൃത്യ, ചാദർ ബാദ്നി, പീലി വേഷ പോലുള്ളവയെ – ഞങ്ങളുടെ റിപ്പോർട്ടർമാർ വളരെ അടുത്തുനിന്ന് നിരീക്ഷിക്കുകയും അവയെക്കുറിച്ച് എഴുതുകയും ചെയ്തു. “ആരുടെ മന്ദിരമാണ് അത്?” എന്ന ഒരു കഥയും ആ വിഭാഗത്തിൽ നിങ്ങൾക്ക് വായിക്കാം.
ഇന്ത്യയുടെ വിവിധഭാഗങ്ങളിലായി പാരി സംഘം വ്യാപിച്ചുകിടക്കുന്നതുകൊണ്ടാണ് ഇന്ത്യയുടെ സമഗ്രസ്വഭാവമുള്ള കഥകൾ പാരിക്ക് ചെയ്യാൻ സാധിച്ചത്. നിസ്സഹായരായ ഗിഗ് തൊഴിലാളികളെക്കുറിച്ചും, പരിഭാഷയുടെ ദുർഘടങ്ങളേയും ആനന്ദങ്ങളേയുംകുറിച്ചും, കുടിയേറ്റത്തൊഴിലാളികളെക്കുറിച്ചും ഭാഷയുടെ കുടിയേറ്റത്തെക്കുറിച്ചും, എന്തിനേറെ, ഗ്രാമീണ ഇന്ത്യയിൽ സ്ത്രീകൾ അവരുടെ ‘ഒഴിവുസമയം’ എങ്ങിനെ ചിലവഴിക്കുന്നു എന്നതിനെക്കുറിച്ചുപോലും ഞങ്ങൾ എഴുതി. അടുത്ത വർഷം കൂടുതൽ കഥകൾ ചെയ്യാൻ കഴിയുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.






