മർഹായ് മാതാ ക്ഷേത്രത്തിന്റെ അകത്തേയ്ക്ക് പ്രവേശിക്കുന്ന മിക്ക വിശ്വാസികൾക്കും, നാലടി മാത്രം പൊക്കമുള്ള അതിന്റെ വാതിലിലൂടെ കടക്കുമ്പോൾ ചെറുതായെങ്കിലും ഒന്ന് തല കുനിക്കേണ്ടിവരും. ഇനി അതല്ലെങ്കിൽക്കൂടിയും, രോഗസൗഖ്യം നൽകുന്ന ദേവതയോടുള്ള ആരാധനയാൽ മർഹ ഗ്രാമത്തിൽനിന്നും ചുറ്റുവട്ടത്തുനിന്നും ക്ഷേത്രത്തിലെത്തുന്ന നൂറുകണക്കിന് ഭക്തർ സമാദരപൂർവ്വം ഇവിടെ തല കുമ്പിടുന്നു.
"നിങ്ങളുടെ കുടുംബത്തിൽ ആരെങ്കിലും രോഗബാധിതരാണെങ്കിൽ, ഇവിടെ വന്ന് ഭഗവതിയോട് പ്രാർത്ഥിച്ചാൽ മതി," ബാബു സിംഗ് പറയുന്നു. അദ്ദേഹം ഉൾപ്പെടെ ഒരു കൂട്ടം ആളുകൾ പടർന്ന് പന്തലിച്ച ആൽ മരത്തിന് കീഴിൽ പൂജ തുടങ്ങുന്നത് കാത്തിരിക്കുകയാണ്. ഇവിടത്തെ ക്ഷേത്രത്തിലെ ദേവതയാണ് ഭഗവതി. "രോഗമോ ഭൂതബാധയോ മന്ത്രവാദിനികളുടെ ശല്യമോ-പ്രശ്നം എന്തുതന്നെയായാലും ഭഗവതി പരിഹരിക്കും," അദ്ദേഹം ആത്മവിശ്വാസത്തോടെ കൂട്ടിച്ചേർക്കുന്നു.
ബുധനാഴ്ച ദിവസത്തെ ദർശനം കുറച്ചധികം വിശിഷ്ടമാണ്- അന്നേദിവസം, പ്രാദേശികമായി പാണ്ട എന്ന് അറിയപ്പെടുന്ന ക്ഷേത്രപൂജാരിയുടെ ദേഹത്ത് ദേവത ആവേശിക്കും. അയാളിലൂടെ ദേവത തന്റെ ഭക്തരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും അവരുടെ പ്രശ്നനങ്ങൾക്ക് - മിക്കതും ആരോഗ്യവുമായി ബന്ധപ്പെട്ടവയാകും - പരിഹാരം നിർദ്ദേശിക്കുകയും ചെയ്യും.
ക്ഷേത്രത്തിൽ വന്നിട്ടുള്ള ഭക്തരിലേറെയും ഗഹദ്ര, കോനി, കൂടൻ, ഖാംരി, മജോഹി, മർഹ, രക്‌സേഹ, കഠേരി ബിൽഹാട്ട എന്നീ ഗ്രാമങ്ങളിൽനിന്നുള്ള പുരുഷന്മാരാണ്. പിന്നെയുള്ള ഏതാനും സ്ത്രീകൾ സാരിത്തുമ്പുകൊണ്ട് മുഖം മറച്ചിരുന്നു.
"എട്ട് ഗ്രാമങ്ങളിൽനിന്നുള്ള ആളുകൾ ഇവിടെ വരാറുണ്ട്," പ്രാദേശിക പുരോഹിതനും രോഗങ്ങളുടെ വ്യാഖ്യാതാവുമായ ഭയ്യാ ലാൽ ആദിവാസി ഉച്ചത്തേയ്ക്കുള്ള തയ്യാറെടുപ്പിനിടെ പറയുന്നു. ഗോണ്ട് ആദിവാസി സമൂഹത്തിലെ അംഗമായ അദ്ദേഹത്തിന്റെ കുടുംബം പല തലമുറകളായി ദേവതയെ ഉപാസിക്കുന്നവരാണ്.










