“വർഷങ്ങൾക്കു മുമ്പുള്ളതുപോലെയല്ല ഇപ്പോൾ. ലഭ്യമായ ഗർഭനിരോധന മാർഗ്ഗങ്ങളെക്കുറിച്ച് ഇന്നത്തെ സ്ത്രീകൾക്ക് അവബോധവും ധാരണയുമുണ്ട്,” ഇഷ്ടികയും കുമ്മായവും ചേർത്തുണ്ടാക്കിയ ചെറിയൊരു വീടിന്‍റെ വരാന്തയിൽ വെയിലത്ത് നിൽക്കവെ സലഹാ ഖാതുൻ പറഞ്ഞു. വീടിന്റെ ചുവരുകൾക്ക് നീല കലർന്ന പച്ചനിറമായിരുന്നു.
അവരുടെ അനുഭവത്തിൽ നിന്നാണ് അവർ സംസാരിക്കുന്നത്. കഴിഞ്ഞ ഒരു ദശാബ്ദമായി സലഹയും അവരുടെ അനന്തരവന്‍റെ ഭാര്യ ശമ പർവീനും ബീഹാറിലെ മധുബനി ജില്ലയിലെ ഹസൻപൂർ ഗ്രാമത്തിലെ സ്ത്രീകളുടെ കുടുംബാസൂത്രണ, ആർത്തവശുചിത്വ കാര്യങ്ങളിന്മേൽ അനൗദ്യോഗിക ഉപദേശകരായി മാറിയിരിക്കുകയാണ്.
ഗർഭനിരോധനത്തെക്കുറിച്ചുള്ള ചോദ്യങ്ങളും സംശയങ്ങളും, അടുത്ത ഗർഭധാരണത്തിന് മുമ്പുള്ള ഇടവേള, കൂടാതെ പ്രതിരോധ കുത്തിവയ്പ്പ് ഇടവേള എന്നിവകളെക്കുറിച്ചൊക്കെ അറിയുന്നതിനായി സ്ത്രീകൾ പലപ്പോഴും അവരെ സമീപിക്കുന്നു. ചിലർ, ആവശ്യമെങ്കിൽ, രഹസ്യമായി, കുത്തിവയ്ക്കാവുന്ന ഹോർമോൺ ഗർഭനിരോധന മാർഗ്ഗവും തേടുന്നു.
ശമയുടെ വീടിന്‍റെ ഒരു മൂലയിൽ, അലമാരയിൽ ഇരിക്കുന്ന ചെറിയ കുപ്പികളും ബ്ലിസ്റ്റർ പാക്കുകളാക്കിയ (ഗുളികകൾ ഉൾപ്പെടെയുള്ള സാധനങ്ങൾ പ്ലാസ്റ്റിക്കിൽ പാക്ക് ചെയ്യുന്ന ഒരു പാക്കിങ് രീതി) മരുന്നുകളുടെ സ്ട്രിപ്പുകളുമടങ്ങിയ ഒരു ചെറിയ ക്ലിനിക്കിന്‍റെ സ്വകാര്യതയിൽ, 40-കളുടെ തുടക്കത്തിൽ ഉള്ള ഷമയും, 50-കളിൽ എത്തിനിൽക്കുന്ന സലഹയും ഇൻട്രാ-മസ്‌കുലർ കുത്തിവയ്പ്പ് (മസിലുകൾക്കുള്ളിൽ കുത്തി വയ്ക്കുന്ന രീതി) നടത്തുന്നു. എന്നാൽ ഇരുവരും നഴ്‌സിങ് പരിശീലനം ലഭിച്ചവരല്ല. "ചിലപ്പോൾ സ്ത്രീകൾ ഒറ്റയ്ക്ക് വരും, കുത്തിവയ്പ്പ് എടുത്തതിനു ശേഷം വേഗത്തിൽ പോകും. അവരുടെ വീട്ടിൽ ആരും ഒന്നും അറിയാതിരിക്കാൻ”, സലഹ പറഞ്ഞു. "മറ്റുള്ളവർ അവരുടെ ഭർത്താക്കൻമാർ അല്ലെങ്കിൽ ബന്ധുക്കളായ സ്ത്രീകളോടൊപ്പം വരുന്നു.”
ഒരു പതിറ്റാണ്ട് മുൻപു വരെയും ഫുൽപാരസ് ബ്ലോക്കിലെ സൈനി ഗ്രാമപഞ്ചായത്തിലെ ഏകദേശം 2,500-ൽപരം ഹസൻപൂർ നിവാസികൾ കുടുംബ ആസൂത്രണ വിദ്യകൾ കഷ്ടിച്ച് ഉപയോഗിച്ചിരുന്നതിൽ നിന്നുമുള്ള നാടകീയമായ മാറ്റമാണിത്.
എങ്ങനെയാണ് ഈ മാറ്റമുണ്ടായത്? "യേ അന്തർ കി ബാത് ഹേ [അതൊരു രഹസ്യ (ആന്തരിക) കഥയാണ്],” ശമ പറഞ്ഞു.







