ഭാനുബെൻ ഭർവാഡ്, ബനസ്കന്ത ജില്ലയിലുള്ള തന്റെ രണ്ടരയേക്കർ കൃഷിഭൂമിയിലേക്ക് പോയിനോക്കിയിട്ട് ഒരുവർഷത്തോളമായിരിക്കുന്നു. ഒരുകാലത്ത്, ഭാനുബെനും അവരുടെ ഭർത്താവും ദിവസേന അവിടെ പോകുകയും വർഷത്തിലുടനീളം അവരുടെ ഭക്ഷണാവശ്യത്തിന് ഉതകുന്ന വിളകൾ - ബജ്‌റ, ചെറുപയർ പരിപ്പ്, ജോവാർ - വളർത്തിയെടുക്കുകയും ചെയ്തിരുന്നു. 2017-ൽ ഗുജറാത്തിലുണ്ടായ അതിവിനാശകാരിയായ പ്രളയം ഈ ദമ്പതികളുടെ ഭൂമി തകർത്തെറിയുംവരെ, ഈ കൃഷിയിടത്തിൽനിന്നാണ് അവർ ഭക്ഷണത്തിനുള്ള വക കണ്ടെത്തിയിരുന്നത്. "അതിനുശേഷം ഞങ്ങളുടെ ഭക്ഷണം ആകെ മാറി.", മുപ്പത്തിയഞ്ചു വയസ്സുകാരിയായ ഭാനുബെൻ പറയുന്നു. "ഞങ്ങൾ കൃഷിയിടത്തിൽ വളർത്തിയിരുന്ന വിളകൾ പുറത്തുനിന്ന് വാങ്ങാൻ തുടങ്ങി."
ഭാനുബെനിന്റെ കൃഷിഭൂമിയിലെ അരയേക്കറിൽ ബജ്‌റ കൃഷിയിറക്കിയാൽ ഏകദേശം നാല് ക്വിന്റൽ (400 കിലോ) കാമ്പ് വിളവ് ലഭിക്കും. ഇത്രയും കാമ്പ് ഇന്ന് വിപണിയിൽനിന്ന് വാങ്ങണമെങ്കിൽ 10,000 രൂപയോടടുത്താകും. "വിലക്കയറ്റം കണക്കിലെടുത്താൽപ്പോലും, അര ഏക്കറിൽ ബജ്‌റ കൃഷിയിറക്കാനുള്ള ചിലവ് വിപണിവിലയുടെ പകുതിയോളമേ വരൂ.", അവർ പറയുന്നു. "മറ്റു വിളകളുടെയും കണക്ക് സമാനമാണ്. (ഞങ്ങൾ വളർത്തിയിരുന്ന) എല്ലാ വിളകളുടെയും വിപണിവില ഇപ്പോൾ ഇരട്ടിയാണ്."
ഭാനുബെനും ഭർത്താവ് 38 വയസ്സുകാരനായ ഭോജാഭായിയും അവരുടെ മൂന്ന് മക്കളുമൊത്ത് ബനസ്കന്തയിലെ കാൻക്രേജ് താലൂക്കയിലെ തൊട്ടാന ഗ്രാമത്തിലാണ് താമസിക്കുന്നത്. സ്വന്തം ഭൂമിയിൽ കൃഷിയിറക്കിയിരുന്ന സമയത്തും ഭോജാഭായി കർഷകത്തൊഴിലാളിയായി ജോലി ചെയ്ത് വരുമാനം കണ്ടെത്തിയിരുന്നു. 2017-നുശേഷം, അദ്ദേഹം മുഴുവൻ സമയവും തൊഴിലാളിയായി ജോലി ചെയ്യുകയാണ് - തൊട്ടടുത്തുള്ള കൃഷിയിടങ്ങളിലും 30 കിലോമീറ്റർ അകലെ പഠാനിലുള്ള കെട്ടിടനിർമ്മാണ സ്ഥലങ്ങളിലുമാണ് അദ്ദേഹം ജോലി കണ്ടെത്തുന്നത്. "ഇപ്പോഴും അദ്ദേഹം ജോലിയന്വേഷിച്ച് പോയിരിക്കുകയാണ്. ജോലിയുള്ള ദിവസങ്ങളിൽ അദ്ദേഹം 200 രൂപയോടടുത്ത് സമ്പാദിക്കും.", ഭാനുബെൻ പറയുന്നു.
ഭാനുബെനിന്റെയും ഭോജാഭായിയുടെയും ഏറ്റവും ഇളയ കുഞ്ഞായ സുഹാന പ്രളയമുണ്ടായ അതേ വർഷമാണ് ജനിച്ചത്. അവളുടെ നെറ്റിയിൽ മൃദുവായി തലോടവേ, അഞ്ച് വർഷം കടന്നുപോയെന്ന് വിശ്വസിക്കാനാകുന്നില്ലെന്ന് ഭാനുബെൻ പറയുന്നു.
ബനസ്കന്ത, പഠാൻ, സുരേന്ദ്രനഗർ, ആരാവല്ലി, മോർബി എന്നിവ ഉൾപ്പെടെ ഗുജറാത്തിലെ പല ജില്ലകളിലും 2017 ജൂലൈയിൽ അതിതീവ്രമായ മഴ രേഖപ്പെടുത്തുകയുണ്ടായി. അറബിക്കടലിനും ബംഗാൾ ഉൾക്കടലിനും മീതെ ഒരേസമയത്ത് രൂപപ്പെട്ട ചുഴലിക്കാറ്റുകളാണ് ഇത്രയും കനത്ത മഴയ്ക്ക് കാരണമായത്. തീർത്തും അപൂർവമായ ഒരു പ്രതിഭാസമായിരുന്നു അത്. ദേശീയ ദുരന്തനിവാരണ അതോറിറ്റിയുടെ റിപ്പോർട്ടനുസരിച്ച്, 112 വർഷത്തിനിടെയുള്ള ഏറ്റവും ശക്തമായ മഴയാണ് ഈ പ്രദേശത്ത് അന്ന് പെയ്തത്.









