“നടക്ക്, നടക്ക്, പ്രസവചാലിലേക്ക് വരുന്നതിന് ഗർഭസ്ഥശിശുവിനെ ഞാൻ സഹായിക്കുന്നു”.
ദായിയായി (വയറ്റാട്ടിയായി) നിന്ന്, കുട്ടികളെ ഈ ലോകത്തേക്ക് കൊണ്ടുവന്ന ആ ദിവസങ്ങൾ ഓർക്കുമ്പോൾ ഇന്നും ഗുണമയി മനോഹർ കാംബ്ലെയുടെ കണ്ണുകൾ തിളങ്ങുന്നു. അവരുടെ 86 വർഷങ്ങൾ കടന്നുപോയി. ഒരിക്കൽക്കൂടി, അവർ ആ പഴയ ജാഗ്രത്തായ വയറ്റാട്ടിയായി മാറുന്നു. പ്രസവചാലിൽനിന്ന് കുട്ടി പുറത്തേക്ക് വരുന്ന പ്രക്രിയയെ അവർ ലളിതമായി വിവരിച്ചു. “നമ്മൾ കയ്യിലേക്ക് വളകളിടുന്നില്ലേ, അതുതന്നെ”. അവരുടെ കൈകളിലെ ചുവന്ന വളകൾ അപ്പോൾ തിളങ്ങി.
ഏഴ് ദശാബ്ദങ്ങൾക്കുമുമ്പാണ് വാഗ്‌ദാരി ഗ്രാമത്തിലെ ഗുണമയി എന്ന ദളിതസ്ത്രീ ആദ്യത്തെ പ്രസവമെടുക്കാൻ സഹായിച്ചത്.അതിൽപ്പിന്നെ, ഒസ്മാനാബാദിലെ നൂറുകണക്കിന് കുട്ടികളെ അവർ സുരക്ഷിതമായി അമ്മമാരുടെ ഗർഭപാത്രത്തിൽനിന്ന് പുറത്തെത്തിച്ചു. “കൈകളുടെ മാന്ത്രികശക്തിയാണത്”, നാലുവർഷം മുമ്പ്, 82-ആം വയസ്സിൽ അവസാനമായി പ്രസവത്തിന് സഹായിച്ച ആ മുത്തശ്ശി പറയുന്നു. അവർ അഭിമാനത്തോടെ കൈകൾ കാട്ടി പറയുന്നു. “എന്റെ കൈകൾ ഒരിക്കലും തോറ്റിട്ടില്ല. ദൈവം എന്റെ കൂടെയുണ്ട്”.
സോളാപ്പുർ സിവിൽ ആശുപത്രിയിൽവെച്ചുണ്ടായ ഒരു സംഭവം, ഗുണമയിയുടെ മകൾ വന്ദന ഓർമ്മിക്കുന്നു. സിസേറിയനിലൂടെ മൂന്ന് കുട്ടികളെ പുറത്തെടുക്കാൻ തയ്യാറായ ഡോക്ടർമാരോട്, താൻ ചെയ്യുന്നത് നോക്കി മനസ്സിലാക്കാൻ ഗുണമയി ഉപദേശിച്ചുവത്രെ. “അവർ പറഞ്ഞു, ‘മുത്തശ്ശീ, നിങ്ങൾ ഞങ്ങളെക്കാൾ പരിചയമുള്ളവരാണ്’”. അവരുടെ അത്ഭുതവും മുഖഭാവവും ഓർമ്മിച്ച് ഗുണമയി ചിരിച്ചു.
കുട്ടികളെ ജനിപ്പിക്കുന്നതിനും അപ്പുറത്തേക്ക് നീളുന്നു അവരുടെ വൈദഗ്ദ്ധ്യം. അതിനാൽ, സോളാപ്പുർ, കോലാപ്പുർ, പുണെ തുടങ്ങി, മഹാരാഷ്ട്രയുടെ വിവിധഭാഗങ്ങളിൽനിന്ന് അവരെ തേടി വിളികളെത്തുന്നു. “കുട്ടികളുടെ കണ്ണിലും, ചെവിയിലും മൂക്കിലുമൊക്കെ അബദ്ധത്തിൽ കുടുങ്ങിയ ചെറിയ സാധനങ്ങൾ - വിത്തും മുത്തും പോലെയുള്ളവർ - പുറത്തെടുക്കാൻ ആളുകൾ എന്റെ അമ്മൂമ്മയുടെയടുത്തേക്ക് കുട്ടികളെ കൊണ്ടുവരാറുണ്ടായിരുന്നു“, ഏതാനും മാസങ്ങൾക്കുമുമ്പ്, ഗുണമയിയുടെ ചെറുമകൾ ശ്രീദേവി അഭിമാനത്തോടെ പാരിയോട് പറഞ്ഞു. കുട്ടികളെ പുറത്തെടുക്കുന്നതുപോലെത്തന്നെ പ്രാധാന്യം ഗുണമയി ഈ ജോലികൾക്കും കൊടുത്തിരുന്നു. അതോടൊപ്പം,വയറുവേദന, മഞ്ഞപ്പിത്തം, പനി, ചുമ, എന്നിവയ്ക്കുള്ള പച്ചമരുന്നുകളെപ്പറ്റിയും അവർക്ക് നന്നായറിയാം.









