"ഇവിടെ മദ്യനിരോധനമുണ്ടെന്നോ?" പുച്ഛവും അമർഷവും വഴിഞ്ഞൊഴുകുന്ന ശബ്ദത്തിൽ ഗൗരി പർമാർ ചോദിക്കുന്നു.
"ഒന്നുകിൽ ഇതൊരു കള്ളത്തരമാണ്, അല്ലെങ്കിൽ എന്റെ ഗ്രാമം ഗുജറാത്തിൽ ആയിരിക്കില്ല,", ഗൗരി കൂട്ടിച്ചേർക്കുന്നു. "എന്റെ ഗ്രാമത്തിലെ ആണുങ്ങൾ എത്രയോ വർഷങ്ങളായി മദ്യപിക്കുന്നുണ്ട്." ഗുജറാത്തിലെ ബോട്ടാദ് ജില്ലയിലെ റോജിദ് ഗ്രാമവാസിയാണ് ഗൗരി.
പൗരന്മാർക്ക് മദ്യം വാങ്ങാനോ ഉപയോഗിക്കാനോ അനുമതിയില്ലാത്ത, ഇന്ത്യയിലെ മൂന്ന് 'ഡ്രൈ സ്റ്റേറ്റ്സിൽ" (മദ്യനിരോധനം നിലവിലുള്ള സംസ്ഥാനങ്ങൾ) ഒന്നാണ് ഗുജറാത്ത്. 2017-ലെ ഗുജറാത്ത് പ്രൊഹിബിഷൻ (അമെൻഡ്മെന്റ്) ആക്ട് പ്രകാരം, മദ്യം നിർമ്മിക്കുകയും വിൽക്കുകയും ചെയ്യുന്നത് 10 വർഷംവരെ തടവ് ലഭിക്കാവുന്ന കുറ്റമാണ്.
എന്നാൽ 50 വയസ്സുകാരിയായ ഗൗരി, 30 കൊല്ലം മുൻപ് റോജിദ് ഗ്രാമത്തിൽ വധുവായെത്തിയ അന്ന് മുതൽ, ആളുകൾ യാതൊരു കൂസലുമില്ലാതെ ഈ നിയമം ലംഘിക്കുന്നത് കാണുന്നുണ്ട്. നാട്ടിൻപുറങ്ങളിൽ മദ്യം വാറ്റുന്നതും ആവശ്യക്കാർക്ക് പോളിത്തീൻ കവറുകളിൽ നിറച്ച് വിൽക്കുന്നതും അവർ കണ്ടിട്ടുണ്ട്.
ഇത്തരത്തിൽ മദ്യം വാറ്റുന്നതിന്റെ പ്രത്യാഘാതങ്ങൾ ദൂരവ്യാപകവും മാരകവുമാണ്. മദ്യം പെട്ടെന്ന് തയ്യാറാക്കാനായി വാറ്റുകാർ പലപ്പോഴും വിഷകരമായ പദാർത്ഥങ്ങൾ അതിൽ ചേർക്കാറുണ്ട്. "അവർ മദ്യത്തിൽ ദ്രവരൂപത്തിലുള്ള സാനിറ്റൈസറും യൂറിയയും മെഥനോളും ചേർക്കും.", ഗൗരി പറയുന്നു.
2022 ജൂലൈയിൽ, ഇത്തരത്തിൽ നിയമവിരുദ്ധമായി ഉത്പാദിപ്പിച്ച മദ്യം കുടിച്ച് ഗുജറാത്തിൽ 42 പേർ കൊല്ലപ്പെട്ടു; അഹമ്മദാബാദ്, ഭാവ്നഗർ, ബോട്ടാദ് എന്നീ ജില്ലകളിലായി നൂറോളംപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരണപ്പെട്ടവരിൽ 11 പേർ ഒരു ഗ്രാമത്തിൽനിന്നുള്ളവരായിരുന്നു: ബോട്ടാദിലെ ബർവാല താലൂക്കയിൽ ഉൾപ്പെടുന്ന റോജിദിൽനിന്നുള്ളവർ.








