“സ്കൂളിൽ പോവുന്നതിനുമുൻപ് എനിക്ക് ഈ പണികളൊക്കെ ചെയ്യണം. അല്ലെങ്കിൽ ആരാണ് ചെയ്യുക?”, തള്ളപ്പശുവിന്റെ പാൽ കുടിക്കാനായി പശുക്കുട്ടിയെ കെട്ടഴിച്ചുവിടുമ്പോൾ 15 വയസ്സുള്ള കിരൺ ചോദിക്കുന്നു. രാവിലെ 5 മണിയാണ് സമയം. ഒറ്റമുറി വീട്ടിനകത്ത്, സുഖമില്ലാത്ത അമ്മയും, ഇളയ സഹോദരൻ രവിയും അപ്പോഴും ഉറക്കത്തിലായിരുന്നു. വീട് വൃത്തിയാക്കുന്നതിനുമുൻപ്, പശുക്കിടാവിനെ തിരിച്ച് തൊഴുത്തിൽ കെട്ടണം അവൾക്ക്. അതിനുശേഷം അപ്പൂപ്പൻ വന്ന് പാൽ കറക്കും.
പതിവുപോലെ അന്നും അവൾ അതിരാവിലെ എഴുന്നേറ്റുവെങ്കിലും ജോലി ചെയ്യാനും സ്കൂളിൽ പോകാനും ഇന്നവൾക്ക് വലിയ ഉത്സാഹം തോന്നുന്നില്ല. അവളുടെ ആർത്തവചക്രത്തിന്റെ ആദ്യ ദിവസമാണ് ഇന്ന്. അന്ന് ക്ഷീണം അധികമായിരിക്കും. മഹാവ്യാധിക്കുശേഷം, അവളുടെ വയറുവേദനയും അസഹ്യമായിരിക്കുന്നു. എന്നാലും 6.30-ന് മുമ്പ് വീട്ടുജോലികളെല്ലാം തീർത്തേ പറ്റൂ. “രാവിലത്തെ അസംബ്ലി 7 മണിക്ക് തുടങ്ങും. ഇവിടെനിന്ന് സ്കൂളിലേക്ക് നടന്നെത്താൻ 20-25 മിനിറ്റ് വേണം”, അവൾ പറയുന്നു.
ഉത്തർ പ്രദേശിലെ ചിത്രകൂട ജില്ലയിലെ കാർവി തെഹ്സിലിലെ വീട്ടിൽനിന്ന് 2 കിലോമീറ്റർ അകലെയാണ് 11-ആം ക്ലാസ്സിൽ പഠിക്കുന്ന കിരൺ ദേവിയുടെ സർക്കാർ സ്കൂൾ. സഹോദരൻ രവി, 40 വയസ്സുള്ള അമ്മ പൂനം ദേവി, 67 വയസ്സുള്ള മുത്തച്ഛൻ ഖുശി റാം എന്നിവരാണ് വീട്ടിൽ അവളോടൊപ്പമുള്ളത്. വീടിന്റെ തൊട്ട് പിന്നിലുള്ള 800 ചതുരശ്രയടി സ്ഥലത്ത്, അവളുടെ മുത്തച്ഛൻ, ഗോതമ്പും, വെള്ളക്കടലയും കുറച്ച് പച്ചക്കറികളും മുത്തച്ഛൻ കൃഷി ചെയ്യുന്നുണ്ട്. കൈത്തണ്ടയിലും കാൽമുട്ടിലും കഠിനമായ വേദന അനുഭവിക്കുന്ന അമ്മ പൂനത്തിന് അധികം ജോലിയൊന്നും ചെയ്യാനാവാത്തത്, കിരണിന്റെ ചുമതലകൾ വർദ്ധിപ്പിക്കുന്നു
സാധാരണ ദിവസങ്ങളിൽ പതിവായി ചെയ്യുന്ന വീട്ടുജോലികൾ ഈ ദിവസങ്ങളിൽ കിരണിന് വലിയ ക്ലേശമുണ്ടാക്കുന്നു. “ഈ ചെറിയ ജോലികൾ ചെയ്യുന്നതിൽ എനിക്ക് ബുദ്ധിമുട്ടൊന്നുമില്ല. പക്ഷേ ആർത്തവസമയത്തെ വേദനയും മറ്റും വലിയ പ്രശ്നമാണ്”, അവൾ പറയുന്നു.












