ചോരയിൽ കുതിർന്ന സ്ട്രെച്ചർ കണ്ടപ്പോഴാണ് ശ്രീകൃഷ്ണ ബാജ്പേയ് ഭയന്നുപോയത്. “പ്രസവം എളുപ്പമാവില്ലെന്ന് ഞങ്ങൾക്ക് മുന്നറിയിപ്പ് തന്നിരുന്നു”, ഫെബ്രുവരി മാസത്തിലെ മരം കോച്ചുന്ന തണുത്ത ഉച്ചയ്ക്ക്, ഉത്തർപ്രദേശിലെ സീതാപുർ ജില്ലയിലെ തന്‍റെ വീടിന്‍റെ മുമ്പിൽ തീകാഞ്ഞുകൊണ്ടിരുന്ന 70 വയസ്സുള്ള ആ കർഷകൻ ഓർത്തെടുക്കുന്നു. “എന്‍റെ മകന്‍റെ ഭാര്യയുടെ ഗർഭത്തെ, ‘അപകടസാധ്യത കൂടിയ‘ ഒന്നായിട്ടാണ് ഗ്രാമത്തിലെ ആശ പ്രവർത്തക രേഖപ്പെടുത്തിയിരുന്നത്“.
2019 സെപ്റ്റംബറിൽ നടന്ന കാര്യമാണെങ്കിലും ഇന്നലെ നടന്നതുപോലെ ശ്രീകൃഷ്ണ അതിനെക്കുറിച്ച് ഓർത്തെടുക്കുന്നു. “പ്രളയജലം ഒഴുകിപ്പോയിരുന്നുവെങ്കിലും റോഡുകളൊക്കെ തകർന്നതിനാൽ, വീടിന്‍റെ മുന്നിലേക്ക് ആംബുലൻസിന് എത്താൻ കഴിഞ്ഞിരുന്നില്ല”, അദ്ദേഹം പറയുന്നു. ശാരദ, ഘാഘ്ര നദികളുടെ സമീപത്തുള്ള ലഹർപുർ ബ്ലോക്കിലെ ടാണ്ഡ ഖർദ് എന്ന കുഗ്രാമത്തിലായിരുന്നു ശ്രീകൃഷ്ണയുടെ വീട്. ഇടയ്ക്കിടയ്ക്ക് വെള്ളപ്പൊക്കെമുണ്ടാവുന്ന ഗ്രാമങ്ങളായതിനാൽ, അടിയന്തിരഘട്ടങ്ങളിൽ വാഹനങ്ങൾക്ക് എത്തിപ്പെടാൻ ബുദ്ധിമുട്ടുള്ള സ്ഥലമാണത്.
ടാണ്ഡ ഖർദിൽനിന്ന് സീതാപുരിലെ ജില്ലാ ആശുപത്രിയിലേക്കുള്ള 42 കിലോമീറ്റർ ദൂരം, പ്രസവമടുത്ത സ്ത്രീകളെ സംബന്ധിച്ചിടത്തോളം ദൈർഘ്യമേറിയതാണ്. അതിലെ, ആദ്യത്തെ അഞ്ച് കിലോമീറ്റർ ദൂരം ഇരുചക്രവാഹനങ്ങളിൽ, നിരപ്പല്ലാത്ത, വഴുക്കലുള്ള റോഡിലൂടെ പോവുക എന്നത് കൂടുതൽ ദുഷ്കരമായ ഒന്നാണ്. “പക്ഷേ ആംബുലൻസിലെത്താൻ ആ ഒരു മാർഗ്ഗമേ ഞങ്ങൾക്കുണ്ടായിരുന്നുള്ളു. പക്ഷേ ജില്ലാ ആശുപത്രിയിലെത്തിയപ്പോഴേക്കും സ്ഥിതി ഗുരുതരമാവാൻ തുടങ്ങി”, ശ്രീകൃഷ്ണ പറഞ്ഞു.
ഒരു പെൺകുഞ്ഞിനെ പ്രസവിച്ചുകഴിഞ്ഞിട്ടും മംതയ്ക്ക് ചോരപ്പോക്ക് നിലച്ചില്ല. എല്ലാം നല്ല രീതിയിൽ അവസാനിക്കണേയെന്ന് പ്രാർത്ഥിക്കുകയായിരുന്നു താൻ എന്ന് ശ്രീകൃഷ്ണ പറയുന്നു. “പ്രതീക്ഷിക്കാത്തതായിരുന്നില്ല. ഒരുപക്ഷേ പ്രശ്നങ്ങളുണ്ടായേക്കാമെന്ന് ഞങ്ങൾക്കറിയാമായിരുന്നു. എന്നാൽ, ഡോക്ടർമാർ അവളെ രക്ഷിക്കുമെന്ന് ഞങ്ങൾ കരുതി”.
വാർഡിലേക്ക് മംതയെ മാറ്റുമ്പോൾ സ്ട്രെച്ചറിലെ വെളുത്ത തുണിയിലേക്ക് ശ്രീകൃഷ്ണയ്ക്ക് നോക്കാനായില്ല. “അത്രമാത്രം ചോരയായിരുന്നു അതിൽ. എന്‍റെ വയറ്റിൽ കൊളുത്തിപ്പിടിക്കുന്നതുപോലെ തോന്നി. ചോര സംഘടിപ്പിക്കാൻ ഡോക്ടർമാർ പറഞ്ഞു. ഞങ്ങളത് വേഗം സംഘടിപ്പിക്കുകയും ചെയ്തു. പക്ഷേ ബ്ലഡ് ബാങ്കിൽനിന്ന് ഞങ്ങൾ ആശുപത്രിയിലെത്തുമ്പോഴേക്കും അവൾ മരിച്ചിരുന്നു”, ശ്രീകൃഷ്ണ പറയുന്നു.
മരിക്കുമ്പോൾ മംതയുടെ പ്രായം വെറും 25 വയസ്സ്.
മരിക്കുന്നതിന് മുൻപ് മംതയെ പരിശോധിച്ചപ്പോൾ 43 കിലോഗ്രാമായിരുന്നു ഭാരം. ഭാരക്കുറവിന് പുറമേ, മാംസ്യ ദൗർല്ലഭ്യവും 8 g/dl അളവിലുള്ള ഹീമോഗ്ലോബിനും, കടുത്ത വിളർച്ചയുമുണ്ടായിരുന്നു മംതയ്ക്ക്. (ഗർഭിണികളായ സ്ത്രീകൾക്ക് 11 g/dl, അല്ലെങ്കില്‍ അതിനുമുകളില്‍ ഹീമോഗ്ലോബിൻ സാന്ദ്രത ആവശ്യമാണ്).
ഉത്തർപ്രദേശിലെ ഒരു മുഖ്യ പൊതുജനാരോഗ്യപ്രശ്നമാണ് വിളർച്ച എന്ന് 2019-21-ലെ ദേശീയ കുടുംബാരോഗ്യ സർവ്വേ ( എൻ.എഫ്.എച്ച്.എസ്-5 ) ചൂണ്ടിക്കാട്ടുന്നു. വിശേഷിച്ചും, സ്ത്രീകൾക്കും കുട്ടികൾക്കുമിടയിൽ. 15-നും 49 വയസ്സിനുമിടയിലുള്ള 50 ശതമാനത്തിലേറെ സ്ത്രീകൾ സംസ്ഥാനത്ത് വിളർച്ച നേരിടുന്നു.
വിളർച്ചയുടെ ഒരു പ്രധാന കാരണം, പോഷകാഹാരക്കുറവാണ്. ആഗോളതലത്തിലെടുത്തുനോക്കിയാൽ, പകുതി ആളുകളിലെങ്കിലും, വിളർച്ചയ്ക്ക് കാരണമാകുന്നത്, ആഹാരത്തിലെ ഇരുമ്പിന്‍റെ അംശത്തിന്‍റെ അപര്യാപ്തതയാണ്. അതോടൊപ്പം ഫോളേറ്റിന്‍റെ (അഥവാ വൈറ്റമിൻ ബി9-ഉം, വൈറ്റമിൻ ബി12-ഉം) കുറവും സാംക്രമിക രോഗങ്ങളും, ജനിതകമായ അവസ്ഥയുമൊക്കെ പ്രധാന ഘടകങ്ങൾതന്നെയാണ്.
ഗർഭകാലത്ത്, ഏറ്റവും ചുരുങ്ങിയത് 100 ദിവസമെങ്കിലും ഇരുമ്പിന്‍റെയും ഫോളിക് ആസിഡിന്‍റെയും പോഷകാനുബന്ധങ്ങൾ കഴിക്കാൻ സാധിച്ചിട്ടുള്ള ഉത്തർപ്രദേശിലെ അമ്മമാരുടെ എണ്ണം 22.3 ശതമാനമാണെന്ന് എൻ.എഫ്.എച്ച്.എസ്-5 ഡേറ്റകൾ കാണിക്കുന്നു. 2019-21-ൽ ഇവരുടെ ദേശീയ ശരാശരി ഏകദേശം ഇരട്ടിയായിരുന്നു. 44.1 ശതമാനം. സീതാപുർ ജില്ലയിലാകട്ടെ, 18 ശതമാനം പേർക്ക് മാത്രമാണ് ഇവ കഴിക്കാൻ സാധിച്ചത്.
വിളർച്ച, അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ദീർഘകാല പ്രശ്നങ്ങൾ സൃഷ്ടിക്കും. സമയമെത്താതെയുള്ള പ്രസവവും കുഞ്ഞിന്‍റെ ഭാരക്കുറവുമൊക്കെ ഇതിന്‍റെ ഫലങ്ങളാണ്. മാത്രമല്ല, അമ്മമാരുടെ മരണനിരക്കും, ഗർഭസ്ഥ ശിശുവിന്‍റെ മരണവും നവജാതശിശുമരണവുമൊക്കെയായി ഇതിന് പ്രത്യക്ഷമായ ബന്ധമുണ്ട്.
2017-19-ൽ ഇന്ത്യയിലെ ഗർഭിണികളുടെ മരണനിരക്ക്, അഥവാ മറ്റേണൽ മോർട്ടാലിറ്റി റേറ്റ്, (എം.എം.ആർ), 100,000 പ്രസവങ്ങളിൽ 103 ആയിരുന്നു . അതേ കാലഘട്ടത്തിൽ, ഉത്തർപ്രദേശിലെ എം.എം.ആർ 167-ഉം. സംസ്ഥാനത്തിലെ 2019-ലെ നവജാതശിശുമരണ നിരക്ക് 1,000 പ്രസവങ്ങളിൽ 41 ആയിരുന്നു . ദേശീയ ശരാശരിയായ 30-നേക്കാൾ 36 ശതമാനം അധികം.
ബാജ്പേയി കുടുംബത്തിലെ ഒരേയൊരു മരണമായിരുന്നില്ല മംതയുടേത്. 25 ദിവസങ്ങൾക്കുശേഷം അവരുടെ പെൺകുഞ്ഞും മരിച്ചു. “ആദ്യത്തെ ദുരന്തത്തിൽനിന്ന് കരകയറുന്നതിന് മുൻപ് രണ്ടാമത്ത അടി കിട്ടി. ഞങ്ങൾ ഞെട്ടിപ്പോയി”, ശ്രീകൃഷ്ണ പറയുന്നു.
മഹാവ്യാധി പൊട്ടിപ്പുറപ്പെടുന്നതിന് ആറ് മാസമുള്ളപ്പോഴാണ് ഏതാനും ദിവസത്തെ വ്യത്യാസത്തിൽ മംതയും കുഞ്ഞും മരിച്ചത്. എന്നാൽ, കോവിഡ്-19 വന്നതോടെ, രാജ്യമൊട്ടുക്കുള്ള പൊതുജനാരോഗ്യസംവിധാനങ്ങളെ അത് ബാധിച്ചു. അമ്മമാരുടെ ആരോഗ്യസൂചികയിൽ കാര്യമായ കുറവും അനുഭവപ്പെട്ടു.
2019-നെ അപേക്ഷിച്ച്, 2020 ഏപ്രിലിനും ജൂണിനുമിടയ്ക്ക്, പ്രസവത്തിന് മുൻപ് ചികിത്സ ലഭിച്ച ഗർഭിണികളുടെ എണ്ണത്തിൽ 27 ശതമാനം കുറവുണ്ടായതായി, പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യയുടെ ഹെൽത്ത് മാനേജുമെന്‍റ് ഇൻഫർമേഷൻ സിസ്റ്റത്തിന്‍റെ ഒരു വിശകലനം പറയുന്നു. പ്രസവപൂർവ്വ പരിശോധന നടത്തിയവരുടെ എണ്ണത്തിൽ 22 ശതമാനത്തിന്‍റെ കുറവ് വന്നു. “അമ്മമാരുടെ ആരോഗ്യസേവനങ്ങളിലുണ്ടായ തടസ്സങ്ങൾ, ആരോഗ്യം നിലനിർത്തുന്ന സ്വഭാവത്തിലുണ്ടായ കുറവുകൾ, ആരോഗ്യസേവകരിൽനിന്ന് ഉണ്ടായേക്കാവുന്ന രോഗങ്ങളെക്കുറിച്ചുള്ള ഭീതി എന്നിവ ഗർഭസംബന്ധമായ അപകടസാധ്യതകളെ വർദ്ധിപ്പിക്കുകയും കുട്ടികളുടേയും സ്ത്രീകളുടേയും ആരോഗ്യത്തെ ബാധിക്കുകയും ചെയ്തു” എന്ന് പി.എഫ്.ഐ.യുടെ പ്രസ്താവനയിൽ പറയുന്നു.
മഹാവ്യാധിയുടെ ദുരിതങ്ങൾ നേരിട്ട് അനുഭവിച്ചവരാണ് പപ്പുവും കുടുംബവും.
കോവിഡ്-19 അതിന്‍റെ മൂർദ്ധന്യത്തിൽ നിൽക്കുമ്പോൾ അദ്ദേഹത്തിന്‍റെ ഭാര്യ സരിത അഞ്ച് മാസം ഗർഭിണിയായിരുന്നു. നല്ല വിളർച്ചയും ബാധിച്ചിരുന്നു. 2021 ജൂണിൽ ഒരു സായാഹ്നത്തിൽ, ശ്വാസതടസ്സം നേരിട്ട് – ഹീമോഗ്ലോബിൻ അളവ് കുറയുന്നതിന്‍റെ ഒരു ലക്ഷണമാണത് – വീട്ടിൽ കുഴഞ്ഞുവീണു. “ആ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. ഞാൻ ജോലിയന്വേഷിച്ച് പുറത്ത് പോയിരുന്നു. അമ്മയും വീട്ടിലുണ്ടായിരുന്നില്ല”, 32 വയസ്സുള്ള പപ്പു പറയുന്നു.
രാവിലെ സരിതയ്ക്ക് ഒരു കുഴപ്പവുമില്ലായിരുന്നു. പപ്പുവിന്‍റെ അമ്മ 70 വയസ്സുള്ള മാലതി പറയുന്നു. “കുട്ടികൾക്കുവേണ്ടി ഉച്ചയ്ക്ക് അവൾ കിച്ചഡി ഉണ്ടാക്കുകപോലും ചെയ്തതാണ്”.
വൈകീട്ട് പപ്പു വീട്ടിലെത്തിയപ്പോൾ, 20 വയസ്സുള്ള സരിത ആകെ ക്ഷീണിച്ച്, വിളർത്തിരുന്നു. “അവൾക്ക് ശ്വാസമെടുക്കാൻ ബുദ്ധിമുട്ടനുഭവപ്പെട്ടു” ഭദോഹിയിലെ ആശുപത്രിയിലെത്തിക്കാൻ പപ്പു വേഗം ഒരു ഓട്ടോറിക്ഷ വിളിച്ചു. വാരാണസി ജില്ലയിലെ ബാരഗാംവ് ബ്ലോക്കിലെ ദാലിപുർ എന്ന അവരുടെ ഗ്രാമത്തിൽനിന്ന് 35 കിലോമീറ്റർ അകലെയായിരുന്നു ഭദോഹി. “ഇവിടെ ഈ ബാരാഗാംവിലെ ആശുപത്രികളിൽ എപ്പോഴും തിരക്കാണ്, സൗകര്യങ്ങളുമില്ല. അതുകൊണ്ട്, നല്ല ചികിത്സ കിട്ടുന്ന സ്വകാര്യാശുപത്രിയിൽ കൊണ്ടുപോകാം എന്ന് ഞങ്ങൾ കരുതി”, പപ്പു പറയുന്നു.
മഹാവ്യാധിയെ നേരിടാൻ അപര്യാപ്തമായ ആരോഗ്യസേവന സംവിധാനങ്ങൾ ആഗോളതലത്തിൽത്തന്നെ, അമ്മമാരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയുണ്ടായി. 17 രാജ്യങ്ങളിൽനിന്നുള്ള പഠനങ്ങളെ ആസ്പദമാക്കി, ദി ലാൻസറ്റ് 2021 മാർച്ചിൽ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ ( meta-analysis of studies ), മഹാവ്യാധി എങ്ങിനെയാണ് അമ്മമാരേയും ഭ്രൂണത്തേയും പ്രസവാനന്തര പ്രശ്നങ്ങളേയും ബാധിച്ചതെന്ന് വിശദീകരിക്കുന്നുണ്ട്. “അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും ഒഴിവാക്കാമായിരുന്ന മരണത്തിലേക്ക് അത് നയിച്ചുവെന്ന് റിപ്പോർട്ട് ഉപസംഹരിക്കുന്നു. ‘താഴ്ന്ന വരുമാനക്കാരുടെയിടയിലുള്ള അമ്മമാരുടേയും കുഞ്ഞുങ്ങളുടേയും മരണനിരക്ക് കുറയ്ക്കുന്നതിനുവേണ്ടി നടത്തിയിട്ടുള്ള നിക്ഷേപങ്ങൾക്ക് തിരിച്ചടിയുണ്ടാകാതിരിക്കാൻ’ അടിയന്തിരമായ നടപടി ആവശ്യമാണെന്ന് അത് ചൂണ്ടിക്കാട്ടുന്നു.”
പക്ഷേ ഗർഭിണികളായ അമ്മമാർക്കുവേണ്ടി സംസ്ഥാനം ഒന്നും ചെയ്തില്ല.
ആശുപത്രിയിലെത്തുന്നതിന് മുൻപ്, ഓട്ടോറിക്ഷയിൽവെച്ചുതന്നെ സരിത മരിച്ചു. “അടച്ചുപൂട്ടൽ മൂലം വഴിയിൽ തടസ്സങ്ങൾ നേരിട്ടു. പലയിടത്തും പരിശോധനകൾ ഉണ്ടായിരുന്നതിനാൽ, ഗതാഗതം തടസ്സപ്പെട്ടു”, പപ്പു പറഞ്ഞു.
സരിത മരിച്ചുവെന്ന് മനസ്സിലായപ്പോൾ, സങ്കടത്തേക്കാൾ, പൊലീസിനെ നേരിടുന്നതോർത്തുള്ള ഭയമാണ് പപ്പുവിനുണ്ടായത്. മൃതദേഹവുമായി യാത്ര ചെയ്യുന്നത് കണ്ടെത്തിയാൽ പൊലീസ് എന്തുചെയ്യുമെന്നോർത്ത് ഭയന്ന്, ഓട്ടോറിക്ഷാ ഡ്രൈവറോട് ഗ്രാമത്തിലേക്ക് തിരിച്ചുപോകാൻ പപ്പു പറഞ്ഞു. “മൃതദേഹത്തെ ഇരിക്കുന്ന വിധത്തിലാക്കിയാണ് ചെക്ക് പോയിന്‍റിലൂടെ കടന്നുപോയത്. ഭാഗ്യത്തിന് ആരും തടയുകയോ ചോദ്യങ്ങൾ ചോദിക്കുകയോ ചെയ്തില്ല”, പപ്പു പറഞ്ഞു.
അന്ത്യകർമ്മങ്ങൾക്കായി ദല്ലിപുരിലുള്ള ഒരു ഘാട്ടിലേക്ക് പപ്പുവും മാലതിയും മൃതദേഹം കൊണ്ടുപോയി. ബന്ധുക്കളുടെ കൈയ്യിൽനിന്ന് 2,000 രൂപ കടം വാങ്ങേണ്ടിവന്നു. “ഞാനൊരു ഇഷ്ടികച്ചൂളയിലാണ് ജോലി ചെയ്തിരുന്നത്, എന്നാൽ, 2020 മാർച്ചിനുശേഷം അത് അടച്ചുപൂട്ടി”, ഉത്തർപ്രദേശിലെ ഏറ്റവും പാർശ്വവത്ക്കരിക്കപ്പെട്ട പട്ടികജാതിയിലുൾപ്പെട്ട മുസഹർ സമുദായത്തിലെ അംഗമായ പപ്പു പറയുന്നു.
അടച്ചുപൂട്ടലിന് മുൻപ്, ഇഷ്ടികച്ചൂളയിലെ പണിയിൽനിന്ന് മാസം 6,000 രൂപ സമ്പാദിച്ചിരുന്നു അയാൾ. “ഇഷ്ടികച്ചൂള വീണ്ടും തുറന്നു. പക്ഷേ ഭാര്യയുടെ മരണശേഷം, ഞാൻ ആ പണി ഉപേക്ഷിച്ചു. കുട്ടികളെ നോക്കേണ്ടതുള്ളതിനാൽ, കൂടുതൽ നേരം പുറത്ത് പോയി പണിയെടുക്കാൻ പറ്റില്ല”, പപ്പു പറയുന്നു.
പരവതാനി നെയ്യുന്ന പുതിയ പണിയിൽ ഏർപ്പെട്ടിരിക്കുന്ന അയാളെ നോക്കി, മൂന്നും രണ്ടും വയസ്സുള്ള ജ്യോതിയും റാണിയും ഇരിക്കുന്നുണ്ടായിരുന്നു. “കുറച്ചുമാസം മുമ്പാണ് ഞാനീ തൊഴിൽ തുടങ്ങിയത്. എങ്ങിനെ പോവുമെന്ന് നോക്കാം. കുട്ടികളുടെ കൂടെ വീട്ടിൽ കഴിയാൻ സാധിക്കും. അമ്മയ്ക്ക് പ്രായമേറെയായതിനാൽ കുട്ടികളെ നോക്കാനാവില്ല. സരിത ഉണ്ടായിരുന്നപ്പോൾ അമ്മയേയും കുട്ടികളേയും അവൾ ശ്രദ്ധിച്ചിരുന്നു. എന്നാൽ അവൾ ഗർഭിണിയായപ്പോൾ അവളെ എങ്ങിനെ പരിചരിക്കണമെന്ന് ഞങ്ങൾക്കറിയില്ലായിരുന്നു. അവളെ ഒറ്റയ്ക്ക് വിടരുതായിരുന്നു“, പപ്പു പറഞ്ഞു.
കോവിഡ്-19 വന്നതോടെ, ബാരാഗാംവ് ബ്ലോക്കിലെ മാതൃപരിചരണം കൂടുതൽ അവഗണിക്കപ്പെട്ടുവെന്ന്, വാരാണസിയിലെ മനുഷ്യാവകാശങ്ങൾക്കുവേണ്ടിയുള്ള പീപ്പിൾസ് വിജിലൻസ് കമ്മിറ്റിയിലെ പ്രവർത്തകയായ മംഗള രാജ്ഭർ പറയുന്നു. “ഈ ബ്ലോക്കിലെ മിക്ക സ്ത്രീകൾക്കും വിളർച്ചാരോഗമുണ്ട്. അവർക്ക് കൂടുതൽ പരിചരണവും വിശ്രമവും ആവശ്യമാണ്”, രണ്ട് പതിറ്റാണ്ടിലേറെക്കാലമായി, ബാരാഗാംവിലെ പ്രാദേശികസമൂഹവുമായി ഇടപഴകി പ്രവർത്തിക്കുന്ന മംഗള പറയുന്നു. “പക്ഷേ ദാരിദ്ര്യം കാരണം പുരുഷന്മാർക്ക് മറ്റെവിടെയെങ്കിലും പോയി പണിയെടുക്കേണ്ടിവരുന്നു. അപ്പോൾ വീട്ടിലും പാടത്തുമൊക്കെ ജോലിയെടുക്കാൻ സ്ത്രീകൾ നിർബന്ധിതരാവുന്നു”, അവർ കൂട്ടിച്ചേർത്തു.
മാംസ്യവും, വൈറ്റമിനുകളും ഇരുമ്പുമൊക്കെ ഭക്ഷണത്തിൽ ആവശ്യമാണെങ്കിലും, പൊതുവിതരണകേന്ദ്രത്തിലൂടെ കിട്ടുന്ന റേഷൻ മാത്രമേ ഇവർക്ക് വാങ്ങാനാവൂ. പച്ചക്കറികൾ വാങ്ങാനൊന്നും അവർക്ക് ശേഷിയില്ല. “ആധുനികമായ ആരോഗ്യസേവനമൊന്നും അവർക്ക് പ്രാപ്യമല്ല. എല്ലാ സാഹചര്യങ്ങളും അവർക്കെതിരാണ്”, മംഗള പറഞ്ഞു.
സീതാപുരിലെ ടാണ്ഡ ഖർദിലെ ധാരാളം സ്ത്രീകൾ വിളർച്ചയും ഭാരക്കുറവും നേരിടുന്നുണ്ടെന്നും, അത് പ്രസവസമയത്ത് ബുദ്ധിമുട്ടുകളുണ്ടാക്കുന്നുണ്ടെന്നും ആരതി ദേവി എന്ന ആശാ പ്രവർത്തക സൂചിപ്പിക്കുന്നു. “ആളുകൾ പരിപ്പും ചോറും മാത്രമാണ് കഴിക്കുന്നത്. പോഷകവും പച്ചക്കറികളുമൊന്നും അവരുടെ ഭക്ഷണത്തിൽ ഉൾപ്പെടാറില്ല. ആരുടെ കൈയ്യിലും അതിനുള്ള പൈസയില്ല”, ആരതി ദേവി പറഞ്ഞു.
കൃഷിയിൽനിന്നുള്ള വരുമാനം ശോഷിക്കുകയാണെന്ന്, ശ്രീകൃഷ്ണയുടെ 55 വയസ്സുള്ള ഭാര്യ കാന്തി പറയുന്നു. “ഞങ്ങൾക്കാകെയുള്ളത് രണ്ടേക്കർ സ്ഥലമാണ്. അതിൽ അരിയും ഗോതമ്പും കൃഷിചെയ്യുന്നു. വിളകളൊക്കെ പതിവായി വെള്ളപ്പൊക്കത്തിൽ നശിച്ചുപോവുകയും ചെയ്യുന്നു”, അവർ പറഞ്ഞു.
കുടുംബത്തിന്‍റെ കൃഷിയിലുള്ള ആശ്രിതത്വത്തിൽനിന്ന് രക്ഷതേടാനായി, കാന്തിയുടെ മകനും മംതയുടെ ഭർത്താവുമായ 33 വയസ്സുള്ള വിജയ് സീതാപുരിൽ ഒരു ജോലി കണ്ടെത്തി. കോവിഡ്-19 ആരംഭിച്ചപ്പോൾ ആ ജോലി നഷ്ടമായെങ്കിലും, 2021-ൽ തിരിച്ചുകിട്ടി. “അവന്‍റെ ശമ്പളം 5,000 രൂപയാണ്. അടച്ചുപൂട്ടലിന് മുൻപ് ഞങ്ങളെ നിലനിർത്തിയത് ആ പണമായിരുന്നു. പക്ഷേ പച്ചക്കറികൾ കുറയ്ക്കേണ്ടിവന്നു. അടച്ചുപൂട്ടലിന് മുൻപുതന്നെ പരിപ്പും ചോറുമല്ലാതെ മറ്റൊന്നും ഞങ്ങൾക്ക് താങ്ങാൻ കഴിഞ്ഞിരുന്നില്ല. കോവിഡിന് ശേഷം ഞങ്ങളതിന് ശ്രമിക്കാറുപോലുമില്ല”, കാന്തി പറഞ്ഞു.
ഇന്ത്യയിലൊട്ടാകെ, 84 ശതമാനം കുടുംബങ്ങളേയും കോവിഡ്-19-ന് ശേഷമുണ്ടായ വരുമാനത്തിലെ നഷ്ടം ബാധിച്ചിട്ടുണ്ടെന്ന് ഒരു പഠനം ചൂണ്ടിക്കാട്ടുന്നു. ഭക്ഷണത്തെയും പോഷകാഹാരത്തെയും അത് പ്രതികൂലമായി ബാധിക്കുകയും ചെയ്തു.
വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, അപര്യാപ്തമായ മാതൃപരിചരണം, ഇരുമ്പും ഫോളിക് ആസിഡും ഉൾച്ചേർന്ന ആഹാരം എന്നിവ അപകടസാധ്യത കൂടുതലുള്ള ഗർഭാവസ്ഥകൾ വർദ്ധിക്കാൻ ഇടയാക്കിയെന്ന് രാജ്ഭാറും ആരതി ദേവിയും വിശ്വസിക്കുന്നു. പ്രത്യേകിച്ചും, പൊതുജനാരോഗ്യ സംവിധാനങ്ങൾ പ്രാപ്യമല്ലാത്ത ഇടങ്ങളിൽ.
മംതയുടെ മരണം കഴിഞ്ഞ് ഒന്നരവർഷത്തിനുശേഷം വിജയ് വീണ്ടും വിവാഹം കഴിച്ചു. 2021 ആദ്യം, രണ്ടാം ഭാര്യ പ്രിയ ഗർഭിണിയായി. അവരെയും വിളർച്ച ബാധിച്ചിരുന്നു. അവരുടെ ഗർഭവും അപകടസാധ്യത കൂടുതലുള്ള ഒന്നായി രേഖപ്പെടുത്തിയതായിരുന്നു. പക്ഷേ, 2021 നവംബറിൽ പ്രസവമടുത്തപ്പോഴേക്കും ടാണ്ഡ ഖർദിൽനിന്ന് പ്രളയജലം ഇറങ്ങിപ്പോയിരുന്നു.
മംതയെ ആശുപത്രിയിലേക്ക് കൊണ്ടുപോയ ദിവസത്തിന്‍റെ ഓർമ്മ ശ്രീകൃഷ്ണയെ പേടിപ്പിച്ചുവെങ്കിലും ഇത്തവണ പ്രളയം അത്രതന്നെ രൂക്ഷമാവാത്തതിനാൽ, ആംബുലൻസിന് വീട്ടുപടിയ്ക്കൽ വരാൻ കഴിഞ്ഞു. 15 കിലോമീറ്റർ അകലെയുള്ള ഒരു സ്വകാര്യാശുപത്രിയിലേക്ക് പ്രിയയെ കൊണ്ടുപോകാൻ വീട്ടുകാർ തീരുമാനിച്ചു. ഭാഗ്യവശാൽ, അവൾ രക്ഷപ്പെടുകയും സ്വാതിക എന്ന് പേരുള്ള ആരോഗ്യവതിയായ ഒരു പെൺകുഞ്ഞിന് ജന്മം നൽകുകയും ചെയ്തു. ഇത്തവണ എന്തായാലും, സാഹചര്യങ്ങൾ അവർക്കനുകൂലമായിരുന്നു.
താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ നല്‍കുന്ന സ്വതന്ത്ര ജേര്‍ണലിസം ഗ്രാന്‍റിന്‍റെ സഹായത്താല്‍ പാര്‍ത്ഥ് എം. എന്‍. പൊതു ആരോഗ്യത്തെക്കുറിച്ചും പൗര സ്വാതന്ത്ര്യത്തെക്കുറിച്ചും റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ റിപ്പോര്‍ട്ടിന്‍റെ ഉള്ളടക്കത്തില്‍ താക്കൂര്‍ ഫാമിലി ഫൗണ്ടേഷന്‍ ഒരു എഡിറ്റോറിയല്‍ നിയന്ത്രണവും നടത്തിയിട്ടില്ല.
പരിഭാഷ: രാജീവ് ചേലനാട്ട്